ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ച് യുഎസ് സർക്കാർ. നാളെ മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ച താരിഫാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്.
ഇന്ത്യൻ ഇറക്കുമതിക്ക് നിലവിലുണ്ടായിരുന്ന താരിഫിന് പുറമെയാണ് ഈ അധിക തീരുവ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന ആകെ താരിഫ് 50 ശതമാനമായി ഉയരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലുള്ള നടപടിയുടെ ഭാഗമായാണ് ഈ താരിഫ് ഏർപ്പെടുത്തുന്നതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
റഷ്യൻ ഫെഡറേഷൻ സർക്കാരിന്റെ അമേരിക്കൻ ഐക്യനാടുകൾക്ക് നേരെയുള്ള ഭീഷണികൾക്ക് മറുപടിയായാണ് പുതിയ താരിഫ് ഏർപ്പെടുത്തിയതെന്നും ഈ നയത്തിന്റെ ഭാഗമായി ഇന്ത്യയെ ലക്ഷ്യമിടുന്നതായും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
നോട്ടീസിന്റെ അനുബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധ തരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈ താരിഫ് ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്ക് ശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു സാധനത്തിനും താരിഫ് ബാധകമാകും.
യുക്രെയ്ൻ – റഷ്യ സമാധാനകരാർ ലക്ഷ്യം കാണാത്ത സാഹചര്യംകൂടി വന്നതോടെയാണ് ഇന്ത്യക്കെതിരെ കടുത്ത നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി യുഎസ് മുന്നോട്ട് പോയത്. റഷ്യയുമായുള്ള കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുകയോ മോസ്കോയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. ഒരു പുരോഗതിയും ഉണ്ടായില്ലെങ്കിൽ വരും ആഴ്ചകളിൽ വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്രംപിന്റെ താരിഫ് നയം അന്യായവും, നീതിരഹിതവും, യുക്തിരഹിതവുമാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തെ ട്രംപിന്റെ പുതിയ തീരുമാനം സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നുകൊണ്ടിരുന്ന വ്യാപാര ചർച്ചകളെയും ബാധിച്ചിരുന്നു. ഈ മാസം 25 ന് ഇന്ത്യ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന യുഎസ് പ്രതിനിധി സംഘം യാത്ര റദ്ദാക്കിയിരുന്നു. ജൂലൈ 14 മുതൽ 18 വരെ വാഷിംഗ്ടൺ ഡി.സി.യിൽ വെച്ച് നടന്ന ചർച്ച ഉൾപ്പെടെ ഇരു രാജ്യങ്ങളും ഇതുവരെ അഞ്ച് തവണ ചർച്ചകൾ നടത്തിയിരുന്നു.
നികുതി വർദ്ധനവിനെതിരെ ശക്തമായ രീതിയിലാണ് ഇന്ത്യ പ്രതികരിച്ചത്. ലോകം സ്വന്തം സാമ്പത്തിക താൽപര്യത്തിന്റെ പുറത്ത് രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്നും ഇന്ത്യയ്ക്കുമേലുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെറുകിട കർഷകർ, സംരംഭകർ, ക്ഷീരകർഷകർ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും മോദി അഹമ്മദാബാദിൽ പറഞ്ഞു.
എത്ര സമ്മർദ്ദം വന്നാലും എൻ്റെ സർക്കാർ നിങ്ങളുടെ താൽപര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും, അഹമ്മദാബാദിലെ ഒരു യോഗത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
സ്വദേശി ഉൽപ്പന്നങ്ങളുടെ വ്യാപകമായ ഉപയോഗത്തിനും മോദി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക എന്ന ആശയം പിന്തുടരണമെന്നും മോദി പ്രഖ്യാപിച്ചിരുന്നു.
Content Summary: The US issues notice detailing plans to impose a 25% tariff on Indian products
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.