പാകിസ്ഥാനെതിരെ വൻ രോഷം, ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം

പഹൽഗാം ആക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും രോഷം അണപൊട്ടിയൊഴുകുന്നു.

പഹൽഗാം ആക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും രോഷം അണപൊട്ടിയൊഴുകുന്നു. സിന്ധൂനദീജല കരാർ റദ്ദാക്കിയും നയതന്ത്രബന്ധ ബന്ധം താത്കാലികമായി വിച്ഛേദിക്കുന്ന ‘പേഴ്‌സോണ നോൺ ഗ്രാറ്റ’ പ്രഖ്യാപിച്ചും ഇന്ത്യ പ്രതിഷേധം അറിയിച്ചുവെങ്കിലും കൂടുതൽ ശക്തമായ നടപടിവേണമെന്നാണ് പലരുടേയും ആവശ്യം. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് കനത്ത പ്രതിഷേധം ഇന്ന് നടന്നു. ഡൽഹിയിലെ നയതന്ത്ര മേഖലയായ ചാണക്യപുരിയിലെ പാകിസ്ഥാൻ ഹെക്കമ്മീഷന് മുന്നിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിനിടെ പാകിസ്താൻ ഹൈക്കമ്മീഷണിലേയ്ക്ക് അജ്ഞാനായ ഒരാൾ കേക്കുമായി എത്തിയത് കൂടുതൽ സംശയങ്ങൾക്കിടയാക്കി. ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണം പാകിസ്താൻ ആഘോഷിക്കുകയാണ് എന്ന രീതിയിലും ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നു.

ആക്രമണത്തെ തുടർന്ന്, പ്രതികാര നടപടികൾ സ്വീകരിച്ചതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധക്കാർ വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് ഗുണം ചെയ്യും, സർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ തൃപ്തമാണെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഹൈക്കമ്മീഷന് മുൻപിൽ പോലീസ് കടുത്ത സുരക്ഷ സന്നാഹങ്ങൾ ഒരുക്കുകയും, ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും, ഡൽഹിയിലെ പാകിസ്ഥാൻ നയതന്ത്രജ്ഞൻ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി പേഴ്സണ നോൺ ഗ്രാറ്റ നോട്ട് കൈമാറുകയും ചെയ്തിരുന്നു. പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്നുവെന്നും പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്നുവെന്നുമുള്ള ഔദ്യോഗിക അറിയിപ്പാണ് പിഎൻജി അല്ലെങ്കിൽ പേഴ്സണ നോൺ ഗ്രാറ്റ എന്നത്. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ നടപടി.

നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാൻ ഉടൻ തിരിച്ച് വിളിച്ചില്ലെങ്കിൽ ഇവരെ ഇന്ത്യ അംഗീകരിക്കില്ല എന്നതാണ് പേഴസണ നോൺ ഗ്രാറ്റ അർത്ഥമാക്കുന്നത്.

പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ സ്വീകരിച്ച ഏറ്റവും വലിയ നടപടികളിലൊന്നാണ് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ പ്രവർത്തനം വെട്ടിക്കുറയ്ക്കൽ. ഇതിന് പിന്നാലെ എല്ലാ പാകിസ്ഥാൻ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെയും പുറത്താക്കിയിരുന്നു. ഇവർക്ക് രാജ്യം വിടാൻ ഒരാഴ്ച്ചത്തെ സമയമാണ് ഇന്ത്യ നൽകിയിരിക്കുന്നത്.

ഇസ്ലാമാബാദിൽ നിന്ന് ഇന്ത്യൻ നയപ്രതിനിധികളെയും പൂർണമായും പിൻവലിക്കും. ഹൈക്കമ്മീഷൻ പൂർണമായും അടച്ചുപൂട്ടുന്നതിന് മുന്നോടിയായി കാണപ്പെടുന്ന ഈ നീക്കം, ഇന്ത്യ നയതന്ത്രപരമമായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ, അവരെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) എടുത്ത തീരുമാനങ്ങൾ ആദ്യപടിയാണെന്നും വളരെ നന്നായി ആലോചിച്ച് തയ്യാറാക്കിയ തീരുമാനമാണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ ശക്തമായ നടപടികൾ പാകിസ്ഥാനെതിരെ സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

സിന്ധു നദിയിലെയും, പോഷക നദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട സിന്ധു നദിജല കരാർ ഇന്ത്യ റദ്ദാക്കി. ഈ തീരുമാനം പാകിസ്ഥാനിലെ ജലലഭ്യതയിൽ കുറവുണ്ടാക്കാൻ കാരണമാകും. ഇത് പാകിസ്ഥാനിലെ കൃഷി, വ്യവസായം എന്നിവയെയും അതിലൂടെ സമ്പദ് വ്യവസ്ഥയെയും കാര്യമായി ബാധിക്കും. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങളും, നിരവധി സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായിട്ട് പോലും സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് കരാർ റദ്ദാക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നത്. പാക് പൗരന്മാരോട് 48 മണിക്കൂറിനകം ഇന്ത്യ വിടാൻ പറഞ്ഞ ഇന്ത്യ, പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാക് പിന്തുണയോടെയാണ് പഹൽഗാമിൽ ക്രൂരമായ ഭീകരാക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ കർശന നടപടികൾ. എന്നാൽ ഇന്ത്യയ്ക്ക് ഇതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്നാണ് പാകിസ്ഥാന്റെ മറുപടി. പഹൽഗാമിൽ നടന്ന സംഭവത്തിൽ പാകിസ്ഥാന് പങ്കില്ലെന്നും അവർ വ്യക്തമാക്കി.

Content summary; There is widespread anger against Pakistan, with protests happening in front of the High Commission

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment