നിശാവാനം ആസ്വദിക്കുന്ന ആരും വിട്ടുപോകാനും മറക്കാനും ഇടയില്ലാത്ത ഒരു കാഴ്ചയാണ് വേട്ടക്കാരന്റേത്. ശബരന്‍ എന്ന വേട്ടക്കാരന്റെ.
ഉത്തരായനകാലത്താണ് വേട്ടക്കാരന്റെ ദൃശ്യം അനുഭവപ്പെടുക. അതായത് ഡിസംബര്‍ മുതല്‍ മെയ് വരെ. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഡിസംബറില്‍ കിഴക്കന്‍ ആകാശത്തായിരിക്കും ആ കാഴ്ച. പിന്നീടുള്ള മാസങ്ങളില്‍ അതു പടിഞ്ഞാട്ടു നീങ്ങിക്കൊണ്ടിരിക്കും. ജൂണ്‍ പകുതിയാവുമ്പോഴേക്കും രാത്രി തുടങ്ങുമ്പോഴുള്ള സമയത്തെ ഈ കാഴ്ച പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഈ മാര്‍ച്ചുമാസത്തിലാകട്ടെ വേട്ടക്കാരനെ മിക്കവാറും നേരെ മുകളിലായാണ് രാത്രിയുടെ ആദ്യപകുതിയില്‍ കാണുക.
നക്ഷത്രനിരീക്ഷണത്തില്‍ ഒരു പക്ഷെ, ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് വേട്ടക്കാരന്‍ എന്നും പറയാം. അതിനാല്‍ നക്ഷത്രങ്ങളെ പഠിക്കുന്ന ഒരാള്‍ ആദ്യമായി പരിചയപ്പെടുന്നതും ഈ വേട്ടക്കാരനെത്തന്നെ.
നമുക്കു ശബരന്‍ ആണെങ്കിലും പാശ്ചാത്യര്‍ക്ക് പേര് വേറെയാണ്. ഒറിയോണ്‍, അറൈയന്‍ എന്നൊക്കെ അവര്‍ വിളിക്കുന്നു. പേരു വന്ന ഗ്രീക്കിലാകട്ടെ അത് ഒറീയൊണ്‍ എന്നും. ഗ്രീക്കുപുരാണത്തിലെ സുമുഖനും പ്രതിഭാശാലിയുമായ വേട്ടക്കാരനായിരുന്നു ഒറീയൊണ്‍. അദ്ദേഹമാകട്ടെ ഭൂമിയിലെ എല്ലാ മൃഗങ്ങളേയും പിടികൂടാന്‍ കെല്പുള്ള, ഒരു ഭീമാകായനും. ഒറീയൊണിന്റെ പ്രവൃത്തികളാല്‍ ഒടുവില്‍ മൃഗങ്ങള്‍ ഇല്ലാതായിപ്പോവുമോ എന്നു ഭയന്ന് ഗായ എന്ന ഭൂമീദേവി ഒരു വിഷത്തേളിനെ അയച്ച് ഒറീയൊണിനെ കൊന്നുവെന്നാണ് കഥ. ഇലിയഡിലും ഒഡിസ്സിയിലും തിയൊഗണിയിലുമെല്ലാം ഈ വേട്ടക്കാരനെക്കുറിച്ച് പറയുന്നുണ്ട്. മഹാഭല്ലൂകമെന്ന വമ്പന്‍ കരടിയെ വേട്ടയാടിയ ഒറീയോണിന് വെള്ളത്തിലൂടെ നടക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. പിന്നീട് ഒറീയൊണ്‍ ദേവസമാനനായി. ആ സ്മരണയില്‍ ആകാശത്തൊരു നക്ഷത്രസമൂഹവും സമര്‍പ്പിക്കപ്പെട്ടു.
ആകാശത്തേക്കു നോക്കുമ്പോള്‍ നമ്മള്‍ ആദ്യം കാണുക ഈ വേട്ടക്കാരന്റെ അരപ്പട്ടയാണ്. അവിടെ മൂന്നു നക്ഷത്രങ്ങള്‍. നമ്മള്‍ ഇന്ത്യക്കാര്‍ അതിനെ പൊതുവെ ത്രിമൂര്‍ത്തികള്‍ എന്നു പറയും. മിന്റാക്ക, അല്‍നിനം, അല്‍നിറ്റാക്ക് എന്നിവയാണ് ആ മൂന്നു നക്ഷത്രങ്ങള്‍. ആ അരപ്പട്ടയില്‍ നിന്നു തൂങ്ങിനില്ക്കുന്ന വാളിലാണ് ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞന്മാരുടെ ബദ്ധശ്രദ്ധ. കാരണം, ഏതാനും പേരുകേട്ട നെബുലകളുണ്ട് ആ വാള്‍ പ്രതീകത്തില്‍. വമ്പന്‍ ദൂരദര്‍ശിനികള്‍ ഇടവിടാതെ പരിശോധിച്ചു കൊണ്ടിരിക്കുന്ന അറൈയന്‍ നെബുല അഥവാ M42 ആണ് അതില്‍ ഏറ്റവും പ്രധാനം. പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമാര്‍ന്നതും ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമായിട്ടുള്ളതുമായ നെബുലയാണത്. അതിനു താഴെ, മെസ്സിയേ 44, ഓട്ടക്കാരന്‍ നെബുല എന്നിവരും.
നെബുലയെന്നാല്‍ നക്ഷത്രങ്ങള്‍ ഉണ്ടാവുന്ന പ്രപഞ്ചകേന്ദ്രമാണ്. പ്രപഞ്ച ചരിത്രത്തിന്റെ ആദിമകാലത്തെ വാതകങ്ങളും ധൂളികളും നിറഞ്ഞയിടം. ഇവിടെയാണ് പുതുനക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ കളിത്തൊട്ടിലാണ് ഓരോ നെബുലയും.
നമ്മള്‍ക്കു ഭൂമിയില്‍ നിന്നു കാണാവുന്ന ഏറ്റവും വലുതും പ്രകാശമാനവുമായ ചില നക്ഷത്രങ്ങള്‍ കൂടിയുണ്ട് ശബരനെന്ന വേട്ടക്കാരനില്‍. വേട്ടക്കാരന്റെ വലതുതോളിനെ സൂചിപ്പിക്കുന്ന തിരുവാതിര അഥവാ ബെറ്റല്‍ജസ് എന്ന ചുവന്ന ഭീമന്‍, വലതു കാലിലെ റീഗല്‍ എന്ന നീലഭീമന്‍ എന്നിവര്‍ തന്നെ അതിലേറ്റവും പ്രധാനം.വേട്ടക്കാരന്റെ തലയാകട്ടെ മകീര്യം നക്ഷത്രസമൂഹവും. ഞാനിത്രയും വിവരിച്ചു പറഞ്ഞത് തിരുവാതിരയിലേക്കെത്താനാണ്. അതാണ് ഈയാഴ്ചത്തെ വിഷയം.
ഭീമന്റെ തോള്‍ എന്നര്‍ത്ഥം വരുന്ന ബാത് അല്‍ ജവ്‌സ എന്ന അറബിപ്രയോഗത്തിന്റെ പാശ്ചാത്യവികലവല്ക്കരണമാണ് ബെറ്റല്‍ജസ് ആയി മാറിയത്. സംസ്‌കൃതത്തില്‍ ഈ നക്ഷത്രത്തെ ആര്‍ദ്രയെന്നും മലയാളത്തില്‍ തിരുവാതിരയെന്നും വിളിക്കുന്നു.
ഗ്രീക്കു പുരാണത്തിലെ രാക്ഷസാകാരനായ ടന്റാലസിന് പെലോപ്പി എന്നൊരു മകനുണ്ടായിരുന്നു. പെലോപ്പിയായും ഈ വേട്ടക്കാരനെ സങ്കല്പിക്കാറുണ്ട്. ഒരിക്കല്‍ അബദ്ധവശാല്‍ പെലോപ്പിയുടെ താേള്‍ ടന്റാലസ് കടിച്ചുതിന്നുവത്രെ. അതിനു പകരമായി ആനക്കൊമ്പുകൊണ്ടൊരു തോള്‍ ദൈവങ്ങള്‍ പിടിപ്പിച്ചു കൊടുത്തു എന്നൊരു കഥയുണ്ട്. ആ ആനക്കൊമ്പ് തോളാണത്രെ വേട്ടക്കാരന്റെ വലതു തോളിലെ ബെറ്റല്‍ജസ്. വടക്കേ അമേരിക്കയിലെ റെഡ് ഇന്ത്യക്കാരുടെ കഥകളിലും ആമസോണ്‍ കാടുകളിലെ ഗോത്രക്കാരുടെ കഥയിലും ഇത്തരത്തില്‍ മുറിച്ചു മാറ്റി പകരം വെച്ച അവയവം എന്ന നിലയില്‍ ബെറ്റല്‍ജസ് നക്ഷത്രത്തെ വിവരിക്കുന്നുണ്ട്. എന്തായാലും നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കുകയും ആ ആവേശിക്കുകയും ചെയ്ത നക്ഷത്രം തന്നെ ഈ തിരുവാതിരയെന്ന ചെമ്പന്‍ താരകം. ആ കഥകളിലെല്ലാം ഒരു ഇല്ലാതാവലും വീണ്ടും വരലും ഉണ്ടെന്നതും ശ്രദ്ധേയം. ഇത്രയും മനുഷ്യശ്രദ്ധ ഈ നക്ഷത്രത്തിനെങ്ങനെ വന്നു എന്നു ചോദിച്ചാല്‍ ഉത്തരം അതിന്റെ മാറിമറിയുന്ന നിറങ്ങള്‍കൊണ്ടു തന്നെയാവണം എന്നേ പറയാനാവൂ. വെറുതെയല്ല ക്ലോഡിയസ് ടോളമി എന്ന പുരാതനകാല ജ്യോതിശാസ്ത്രജ്ഞന്‍ ഇതിനെ ഹൈപ്പോകിറോസ് എന്നു വിളിച്ചത്. അതായത് ഇളം മഞ്ഞ മുതല്‍ ചുവപ്പു വരെ നിറം മാറുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ചാര്‍ത്തിക്കൊടുത്ത പേര്.
മാറിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് ബെറ്റല്‍ജസെന്ന വസ്തുത ഭൂമിയുടെ പല ഭാഗത്തുനിന്നുമുള്ള തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ജോണ്‍ ഹെര്‍ഷല്‍ എന്ന ജ്യോതിശാസ്ത്രജ്ഞനും ശരിവെച്ചു. 1839-ല്‍.
എന്തായാലും മിക്കവാറും ചുവപ്പു തന്നെ ബെറ്റല്‍ജസെന്ന തിരുവാതിരയുടെ നിറം. തിരുവാതിരയുടെ ചുവപ്പ് നിറം മനസ്സിലാക്കാന്‍ ദൂരദര്‍ശിനിയൊന്നും വേണ്ടതാനും.
നക്ഷത്രങ്ങളുടെ വളര്‍ച്ചാഘട്ടങ്ങള്‍ വെച്ചു നോക്കിയാല്‍ തിരുവാതിര ഒരു ചുവന്ന മഹാഭീമനാണ്. അതായത് താരകജീവിതദശകളിലെ അവസാനഘട്ടം. നെബുലയില്‍ നിന്ന് പ്രാഗ് നക്ഷത്രമായി, പിന്നെ സാധാരണ നക്ഷത്രമായി, ഒടുവില്‍ ചുവന്ന ഭീമനിലൂടെ കത്തിയെരിഞ്ഞവസാനം സൂപ്പര്‍നോവയെന്ന മഹാസ്‌ഫോടനത്തിലൂടെ നക്ഷത്രവലിപ്പമനുസരിച്ച് വെളുത്ത കുള്ളനോ ന്യൂട്രോണ്‍ നക്ഷത്രമോ തമോഗര്‍ത്തമോ ആയി മാറുന്നതാണ് ആ താരജീവിതചക്രം. അതില്‍ ചുവന്ന മഹാഭീമനെന്ന ഘട്ടത്തിന്റെ അവസാനത്തില്‍ നില്ക്കുകയാണ് തിരുവാതിര. ഏതു നിമിഷവും നക്ഷത്രമഹാസ്‌ഫോടനമെന്ന സൂപ്പര്‍നോവയിലേക്കു ദശ മാറാം. അതായത് തിരുവാതിര അപ്പാടെ പൊട്ടിത്തെറിച്ചേക്കാം. അതിലൂടെ പിണ്ഡം പരമാവധി കുറച്ച് എന്നാല്‍ അസാമാന്യമായ ഗുരുത്വാകര്‍ഷണം ബാക്കിവെക്കുന്ന തമോഗര്‍ത്തമായി നമ്മുടെ കാഴ്ചയില്‍നിന്ന് പാടെ മാഞ്ഞുപോകാന്‍ സമയമായി ഈ തിരുവാതിരയ്ക്ക്. സൂപ്പര്‍നോവയായാല്‍ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒരു പ്രപഞ്ചദീപ്തി നമുക്കു ദൃശ്യമായേക്കും. തുടര്‍ന്ന്, എല്ലാം കെട്ടണയും. പിന്നെയൊരിക്കലും ഈ വമ്പന്‍ നക്ഷത്രം ദൃശ്യഗോചരമായെന്നു വരില്ല.
അതായത്, ദൃശ്യായുസ്സ് തീരാന്‍ പോകുന്ന നക്ഷത്രമാണ് തിരുവാതിര എന്ന്. അത്രയ്ക്കും വയസ്സായോ ഈ ചുവന്ന ഭീമന്? രസകരമെന്നു പറയട്ടെ, ഇല്ല എന്നാണതിന്റെ ഉത്തരം. 460,30,00,000 വര്‍ഷം പ്രായമുള്ള സൂര്യനെ അപേക്ഷിച്ച് സത്യത്തില്‍ തിരുവാതിരയ്ക്ക് വളരെ പ്രായക്കുറവാണ്. അതെങ്ങനെയെന്ന് നിങ്ങള്‍ തീര്‍ച്ചയായും സംശയിക്കുന്നുണ്ടാവും. പറയാം. സൂര്യന്‍ താരതമ്യേന വളരെ ചെറിയ നക്ഷത്രമാണ്. അതു കത്തിത്തീരുന്ന വേഗതയും കുറവാണ്. അതിനാല്‍ സൂര്യന് ഇനിയും ഇത്ര തന്നെ വര്‍ഷങ്ങള്‍ ബാക്കി ആയുസ്സ് ഉണ്ടായിരിക്കും. ചുരുങ്ങിയത്, നാനൂറുകോടി വര്‍ഷങ്ങള്‍ കൂടി. എന്നാല്‍ തിരുവാതിര അങ്ങനെയല്ല. വ്യാസം വെച്ചു നോക്കിയാല്‍ സൂര്യന്റെ 950 ഇരട്ടി വലിപ്പം. 700 ഇരട്ടി വ്യാപ്തവും. അതായത്, സൂര്യനൊപ്പം നിന്നാല്‍ തിരുവാതിരയുടെ ഉപരിതലം ശനിഗ്രഹത്തിനടുത്തു വരെ എത്തിയെന്നു വരും. എന്നിട്ടുമെന്തേ തിരുവാതിരയിത്ര വയസ്സനായി. കത്തിത്തീരുന്നതിന്റെ ഭയങ്കരമാം വേഗത തന്നെ കാരണം. അതിനാല്‍ പ്രകാശമാനം സൂര്യനേക്കാള്‍ പതിനായിരം ഇരട്ടിയും. എന്തായാലും ഇക്കാരണത്താല്‍ തിരുവാതിരയുടെ ആയുസ്സ് തീരെ കുറഞ്ഞു. പെട്ടെന്നു വാര്‍ദ്ധക്യത്തിലുമെത്തി. മാത്രമോ മരണം തൊട്ടുമുന്നിലും.
ആ കത്തിയെരിയലിന്റെ ഫലമാവാം സൂര്യനേക്കാള്‍ ഉപരിതലോഷ്മാവ് കുറവാണ് തിരുവാതിരയ്ക്ക്. 5500 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള സൂര്യനെ അപേക്ഷിച്ച് അതിന്റെ പകുതിയേ തിരുവാതിരയ്ക്കുള്ളൂ.
ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് തിരുവാതിര. അതായത് തിരുവാതിരയില്‍ നിന്നു പറപ്പെടുന്ന പ്രകാശകിരണങ്ങള്‍ ഭൂമിയിലെത്താന്‍ 700 വര്‍ഷങ്ങള്‍ എടുക്കുമെന്ന്. ഈ 700 പ്രകാശവര്‍ഷം എന്നാല്‍ പ്രപഞ്ചവ്യാപ്തി വെച്ചു നോക്കിയാല്‍ വളരെ കുറവാണ്. നമ്മുടെ അടുത്തുള്ള നക്ഷത്രം എന്നു തന്നെ പറയാം. ഒന്നുകൂടി പറഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ രാത്രിയില്‍ കാണുന്ന തിരുവാതിര സത്യത്തില്‍ 700 വര്‍ഷം മുമ്പത്തെയാണ്. 1325-ലെ കാഴ്ചയാണ് ഇന്നത്തെ തിരുവാതിരദൃശ്യമെന്നാല്‍.
2019-ല്‍ തിരുവാതിരയുടെ പ്രകാശത്തില്‍ വലിയൊരു മങ്ങലുണ്ടായി. മാസങ്ങള്‍ക്കകം ആ മഹാപ്രകാശം 60 ശതമാനമായി കുറഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ഈ ചുവന്ന ഭീമന്‍ സൂപ്പര്‍നോവ എന്ന നക്ഷത്രമരണത്തിലേക്കുള്ള ചുവടുവെച്ചു കഴിഞ്ഞു എന്നാണ്. വമ്പന്‍ നക്ഷത്രങ്ങളുടെ അന്ത്യമായ സൂപ്പര്‍നോവയെന്ന വമ്പന്‍ പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇന്നു മുതല്‍ ഏതു നിമിഷവും അതു സംഭവിക്കാം. എന്തായാലും ആദ്യം പ്രതീക്ഷിച്ചപോലെ ഒരു ലക്ഷം വര്‍ഷമെന്നും പോയെന്നു വരില്ല.
അങ്ങനെ ചിന്തിച്ചിരിക്കവെയാണ്, അത്ഭുതമെന്നു പറയട്ടെ, 2020 ഏപ്രില്‍ ആയപ്പോഴേക്കും തിരുവാതിര പഴയ പ്രകാശത്തിലേക്കു തിരിച്ചുവന്നത്. അതിനു കാരണം ആര്‍ക്കും ആദ്യം മനസ്സിലായില്ല. നാസയുടെ ഹബ്ബ്ള്‍ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള പഠനങ്ങള്‍ പറയുന്നത് 2019-ല്‍ തിരുവാതിരയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചുപോയി എന്നാണ്. ഉപരിതല പിണ്ഡ പുറന്തള്ളല്‍ എന്ന പ്രക്രിയയാണത്. പുറത്തേക്കു തള്ളിവന്ന ഈ നക്ഷത്രപിണ്ഡം പ്രകാശത്തെ മറച്ചതുകൊണ്ടാണത്രെ ആ മങ്ങല്‍ ഉണ്ടായത്. ലോകത്തിലാദ്യമായിട്ടായിരുന്നു മനുഷ്യന്‍ അങ്ങനെയൊന്നു കാണുന്നത്.
എന്തായാലും, ഒരു മഹാപ്രപഞ്ചനാടകത്തിനു രംഗമൊരുക്കി നില്ക്കുകയാണ് നമ്മുടെ നിശാവിഹായസ്സിലെ വേട്ടക്കാരനെന്ന നക്ഷത്രസമൂഹം എന്നതില്‍ സംശയമില്ല. ഇനിയുള്ള കാലം എല്ലാവരുടെ കണ്ണുകളും ആ വേട്ടക്കാരന്റെ വലതു തോളിലേക്കാണ്. ഏതു നിമിഷവും അവിടെയൊരു ഗംഭീരസ്‌ഫോടനം നടക്കും. ആകാശമെങ്ങും പ്രകാശം പരക്കും. പിന്നെ തിരുവാതിരയെന്ന പ്രകാശക്കാഴ്ച നമ്മുടെ ആകാശങ്ങളില്‍ നിന്നപ്രത്യക്ഷമാവും. ഓര്‍മ്മയില്‍ മാത്രമായി അതവശേഷിക്കും. ആകാശത്തിലെ വേട്ടക്കാരന്റെ വലതു തോള്‍ ഇല്ലാതാവും. പുരാണകഥ ഒരിക്കല്‍ക്കൂടി സത്യമാവും. പെലോപ്പിയുടെ വലതു തോള്‍ ഭക്ഷിച്ച ടന്റാലസിന്റെ കഥ. അന്നു ദൈവങ്ങള്‍ ചേര്‍ന്നുണ്ടാക്കിക്കൊടുത്ത ആനക്കൊമ്പു തോള്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ ഇനിയാരുണ്ടാവും? അങ്ങനെയൊരു തോള്‍ ഇല്ലാതായേക്കാമെന്ന് പുരാതനമനുഷ്യരെ തോന്നിപ്പിച്ച സംഗതി എന്തായിരുന്നിരിക്കും? കൗതുകം തന്നെ ഈ ശാസ്ത്രസത്യത്തെ പുരാണകഥകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍.
പിന്നെയൊന്നുണ്ട്. നമ്മള്‍ കാണുന്ന തിരുവാതിരക്കാഴ്ച 700 വര്‍ഷം മുമ്പത്തെയാണെന്നത്. അപ്പോള്‍ സത്യത്തില്‍ തിരുവാതിര ഇപ്പോള്‍ത്തന്നെ അപ്രത്യക്ഷമായി തമോഗര്‍ത്തമായി മാറിക്കഴിഞ്ഞിട്ടുണ്ടാവുമോ? അതു സംഭവിച്ച് 700 കൊല്ലങ്ങള്‍ കഴിയണ്ടേ നമ്മള്‍ക്കതു കാണാന്‍? കൂടുതല്‍ ആലോചിക്കുന്തോറും വിസ്മയത്തുമ്പിലെത്തിപ്പോവുന്നു നമ്മള്‍. Thiruvathira or Betelgeuse, the right shoulder of Orion
Content Summary; Thiruvathira or Betelgeuse, the right shoulder of Orion