April 20, 2025 |
Share on

വാ​ഗ്ദാനങ്ങളുടെ മൂന്ന് പതിറ്റാണ്ട്; ശാപമോക്ഷം കിട്ടാതെ തൃപ്പൂണിത്തുറ-പൂത്തോട്ട റോഡ്

തൃപ്പൂണിത്തുറയിലെ കണ്ണൻകുളങ്ങര ജംഗ്ഷൻ മുതൽ 7.50 കിലോമീറ്റർ ദൂരത്തിൽ നിലവിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി

തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻ -പൂത്തോട്ട റോഡ് വീതി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന വാഗ്ദാനത്തിന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ അതിർത്തികൾ നിശ്ചയിച്ചും പുതുക്കി നിശ്ചയിച്ചും മൂന്ന് തവണ അതിർത്തി കല്ലുകളിട്ടെങ്കിലും റോ‍‍ഡ് പണി തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഈ സ്ഥലത്ത് റോഡിന്റെ വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. എറണാകുളം-ഏറ്റുമാനൂർ സംസ്ഥാന പാതയിൽ ഉൾപ്പെട്ട എസ്എൻ ജംഗ്ഷൻ മുതൽ പൂത്തോട്ട വരെ നാലുവരി പാതയായി വികസിപ്പിക്കുന്നതാണ് പദ്ധതി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാതയുടെ അതിർത്തി കല്ലിടുന്നതിനെ എതിർത്തുകൊണ്ട് ഭൂവുടമകൾ പ്രതിഷേധം നടത്തിയിരുന്നു. പാത നിർമ്മിക്കുന്നതിനായി 672 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചിരുന്നത്. 450 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും അനുവദിച്ചിരുന്നു. Widen SN Junction-Poothotta Road

അതിർത്തി കല്ലിടുന്ന സ്ഥലത്ത് ഭൂവുടമകളായ ആളുകളുടെ പ്രതിഷേധങ്ങളും ശക്തമായിരുന്നു. റോഡ് പണി ആരംഭിക്കുന്നതിന് റോഡരികിലെ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ ഭൂവുടമകളുടെ പ്രതിഷേധം ശക്തമായി നിലനിന്നിരുന്നു. പ്രതിഷേധം വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കെആർഎഫ്ബി ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ സ്ഥാപിച്ച് മടങ്ങിപ്പോയത്.

വീതി കൂട്ടുന്നതിനും ബസ് ബേ വരുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിന്റെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു, ഇതിനെതിരെ പ്രതിഷേധവുമായാണ് ഭൂവുടമകൾ രംഗത്തെത്തിയത്. 2017ൽ നിർമാണത്തിനായി 300 കോടിയുടെ ഭരണാനുമതിയും 2020ൽ 450 കോടിയുടെ സാമ്പത്തിക അനുമതിയും നൽകിയ പദ്ധതിയാണ് എവിടെയുമെത്താതെ നിൽക്കുന്നത്.

തൃപ്പൂണിത്തുറയിലെ കണ്ണൻകുളങ്ങര ജംഗ്ഷൻ മുതൽ 7.50 കിലോമീറ്റർ ദൂരത്തിൽ നിലവിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

”ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ പോയതെന്നും എന്നാൽ റോഡിന്റെ അലൈൻമെന്റ് മാറി ക്കിടക്കുന്ന ചില സ്ഥലങ്ങളിൽ ഭൂവുടമകളുടെ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നുവെന്നും കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.

”അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് മുൻപ് എല്ലാ ഭൂവുടമകളെയും മുൻകൂട്ടി അറിയിക്കണമെന്നതാണ് അവരുടെ ആവശ്യം. വളരെ അപകട സാധ്യതയുള്ളതും ഇടുങ്ങിയതുമായ സ്ഥലത്ത് വികസനം വരണമെങ്കിൽ ഭൂവുടമകൾ ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ടതുണ്ട്.” ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തുടക്കത്തിൽ 20 മീറ്റർ വീതി കൂട്ടുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, വേഗത്തിലും, സുരക്ഷിതമായതുമായ യാത്ര ഉറപ്പാക്കുന്നതിനായി വീതി 2 മീറ്റർ കൂടി ഉയർത്തി 22 മീറ്ററാക്കി. മതിയായ വീതിയുള്ള നടപ്പാത ഒരുക്കുന്നതിനും ഈ വീതിയിലുള്ള സ്ഥലം ആവശ്യമാണ്. പക്ഷെ ഭൂവുടമകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ പോലീസ് സംരക്ഷണം ആവശ്യമാണെന്നാണ് കെആർബിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്.

എറണാകുളം- ഏറ്റുമാനൂർ റോഡിന്റെ വീതികൂട്ടൽ ഏറ്റവും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയാണ് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ (ട്രൂറ). എസ്എൻ ജംഗ്ഷൻ പൂത്തോട്ട റോഡിലെ വീതി കൂട്ടി അപകടങ്ങൾ കുറയ്ക്കുന്നതിനും, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും റോഡിന്റെ വീതി കൂടുന്നത് സഹായിക്കും, ഈ പ്രവർത്തനം കഴിവതും വേഗത്തിൽ തീർക്കണമെന്നാണ് ഇവരുടെ ആവശ്യം.

”റോഡിന്റെ വീതി കൂട്ടുന്നതിന് ഇത് മൂന്നാം തവണയാണ് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നീക്കങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. നിലവിൽ ജനങ്ങളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും കൂടിയ സാഹചര്യത്തിൽ സുഗമമായ യാത്രയ്ക്ക് റോഡ് വികസനം അത്യാവശ്യമാണ്.” ട്രൂറയുടെ ചെയർമാൻ വിപി പ്രസാദ് പറഞ്ഞു.

ബിഎംബിസി നിലവാരത്തിലുള്ള റോഡിൽ മതിയായ വീതിയില്ലാത്തതാണ് ഇവിടെ നടക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം. പോലീസ് നൽകുന്ന കണക്കുകൾ പ്രകാരം ഒരു മാസത്തിൽ എട്ട് റോഡപകടങ്ങളെങ്കിലും ഇവിടെ നടക്കാറുണ്ട്. റോഡിന് വീതിയില്ലാത്തതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. പുത്തൻകാവ്, പുതിയകാവ്, നടക്കാവ്, ചൂരക്കാട് ഭാഗത്തെല്ലാം പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. റോഡിന് വീതി കുറവുള്ള ഭാഗത്തുള്ള സ്റ്റോപ്പുകളിൽ ബസ് നിർത്തിയാൽ പിന്നാലെ എത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല എന്നതും പ്രശ്നമാണ്.

13.40 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയെ 22 മീറ്റർ വീതിയുള്ള നാലുവരി പാതയാക്കി മാറ്റുന്നതും, വൈക്കം വഴി എറണാകുളത്തിനും കോട്ടയത്തിനും ഇടയിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

എസ്എൻ ജംഗ്ഷൻ മുതൽ പൂത്തോട്ട വരെ റോഡിന് വീതി കൂട്ടുന്നതിനുള്ള നിർദേശം പുറപ്പെടുവിച്ചിട്ട് 30 വർഷങ്ങൾക്ക് മുകളിലായി. എന്നാൽ പല കാരണങ്ങളാൽ പദ്ധതി നീണ്ടുപോവുകയായിരുന്നു. ഈ പദ്ധതിയാണ് 5 വർഷങ്ങൾക്ക് മുൻപ് പുനരാരംഭിച്ചത്. തൃപ്പൂണിത്തുറയിലെ ഒരു പ്രധാന വികസന പദ്ധതിയായാണ് റോഡ് നവീകരണത്തെ കണക്കാക്കുന്നത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ. എന്നാൽ നഗരം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് വീതിക്കുറവുള്ള റോഡും ഗതാഗതക്കുരുക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്, എന്നാൽ ഇവ നടപ്പിലാക്കപ്പെടാത്തതിന്റെ പ്രശ്നങ്ങളുണ്ട്.

തൃപ്പൂണിത്തുറ ബൈപ്പാസ് പദ്ധതി, മാമല-ചിത്രപ്പുഴ ബണ്ട് റോഡ്, എസ്എൻ ജംഗ്ഷൻ പൂത്തോട്ട നാലുവരി പാത എന്നിവയെല്ലാം കടലാസിൽ മാത്രം അവശേഷിക്കുന്ന പദ്ധതികളായി മാറിയിരിക്കുകയാണ്.

കളമശ്ശേരിയിലെ എച്ച്എംടി റോഡിൽ നിന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് വരെയുള്ള 14.3 കിലോമീറ്റർ നീളമുള്ള സീപോർട്ട് എയർപോർട്ട് റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള (ആർബിഡിസികെ) നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) നിർദ്ദിഷ്ട അങ്കമാലി-നെട്ടൂർ ഹൈവേ പദ്ധതിയിലേക്ക് കരിങ്ങാച്ചിറയിൽ നിന്ന് സീപോർട്ട്-എയർപോർട്ട് റോഡ് നീട്ടുന്നതിനുള്ള നിർദ്ദേശം ആർബിഡിസികെയെ ഏൽപ്പിച്ചിട്ടില്ലെന്നാണ് ട്രൂറ സെക്രട്ടറി വി സി ജയേന്ദ്രൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്.

നിലവിൽ, സീപോർട്ട്-എയർപോർട്ട് റോഡ് കരിങ്ങാച്ചിറയിൽ അവസാനിക്കുന്നു, ഇത് സമീപ പ്രദേശങ്ങളായ ഹിൽപാലസ്, തിരുവാങ്കുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കുള്ള വഴിയിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്.

അതേസമയം, തിരക്കേറിയ ഹിൽപാലസ്-തിരുവാങ്കുളം റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി വിഭാവനം ചെയ്ത രണ്ട് കിലോമീറ്ററിലധികം നീളമുള്ള മാമല-ചിത്രപ്പുഴ ബണ്ട് റോഡ് പദ്ധതിയും അനിശ്ചിതത്വത്തിലാണ്. Widen SN Junction-Poothotta Road

content summary; Three decades Since Promise to Widen Tripunithura SN Junction-Poothotta Road

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×