13 ശരീരഭാഗങ്ങള്‍ കണ്ടെത്തി, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

ഏഴ് പേരുടെ മരണം മാത്രമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്‌

Thrissur Firecracker unit explosion

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ സാധിക്കാത്ത സാഹചര്യമാണ്. 13 മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏഴ് പേരെ മാത്രമാണ് അതില്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. ബാക്കിയുള്ളവരെ തിരിച്ചറിയുകയെന്നതാണ് ദുസ്സഹമായിരിക്കുന്നത്. മോര്‍ച്ചറിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടിയെത്തുന്നവരും നിസ്സഹായരായി നില്‍ക്കുകയാണ്.

മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിഎന്‍എ സാംപിളുകളും ശേഖരിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന വഴി മാത്രമെ കൃത്യമായ കണക്കുകള്‍ അറിയാന്‍ കഴിയൂ എന്നാണ് കളക്ടര്‍ പ്രതികരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളതില്‍ 10 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവര്‍ക്ക് 50 ശതമാനത്തിലേറെ പൊളളലേറ്റതായി പറയുന്നുണ്ട്. ഇതില്‍ മൂന്നു പേരുടെ നിലഗുരുതരമാണെന്നും പറയുന്നു.

ഇന്നലെ വെളിച്ചക്കുറവ് മൂലം നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചയോടെ തന്നെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപകട സ്ഥലത്ത് മൃതദേഹാവിശിഷ്ടങ്ങള്‍ ബാക്കിയുണ്ടോയെന്നറിയാന്‍ കഡാവര്‍ നായ്ക്കളെ കൊണ്ടുവന്ന് പരിശോധിപ്പിക്കുന്നുണ്ട്. അതുപോലെ സ്‌ഫോടകവസ്തുകള്‍ ഇപ്പോഴും മറഞ്ഞു കിടക്കുന്നുണ്ടോയെന്നറിയാനും വൈദഗ്ധ്യം കിട്ടിയ നായ്ക്കളെ എത്തിക്കും. ഏകദേശം 40 പേര്‍ പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കൃത്യമായ കണക്ക് വ്യക്തമല്ല. ചിലര്‍ അപകടത്തിന് തൊട്ടു മുമ്പായി വെള്ളം കുടിക്കാനും മറ്റുമായി അവിടെ നിന്നും പോയിരുന്നതായും പറയുന്നു. ആരെങ്കിലും ഇപ്പോഴും അപകടസ്ഥലത്ത് അവശേഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. നിര്‍മാണം നടന്നിരുന്നത് അഞ്ച് ഷെഡ്ഡുകളില്‍ എന്നും 12 ഷെഡ്ഡുകളിലെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്. ഈ വെടിപ്പുരകള്‍ക്ക് ഫയര്‍ സേഫ്റ്റ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രമെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അടക്കം പുറത്തു വരൂ.

കടുത്ത ചൂടാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനമുണ്ട്. ഉണക്കാനിട്ട വെടിമരുന്നിലാണ് ആദ്യം തീപിടിച്ചതെന്നും, അവിടെ നിന്നും നിറച്ചു വച്ചിരുന്ന അമിട്ടിലേക്ക് തീപടരുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. വെടിക്കോപ്പുകള്‍ അഞ്ച് ഷെഡ്ഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ഷെഡ്ഡുകള്‍ അത്രയും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ചില മൃതദേഹങ്ങള്‍ അര കിലോമീറ്റര്‍ ദൂരേക്ക് വരെ തെറിച്ചു പോയി. പ്രദേശമാകെ തീ പടര്‍ന്നിരുന്നു. മരങ്ങള്‍ കത്തിനശിച്ചു. കന്നത്ത പൊടിയും പുകയും നിറഞ്ഞു നില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയ വെല്ലുവിളികളായിരുന്നു അവ.

Content Summary: Thrissur Mundathikode Firecracker units Explosion; DNA tests will be conducted to identify the bodies. 13 remains have been found

This post was last modified on April 22, 2026 7:49 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment