ഈ നൂറ്റാണ്ടിന്റെ ആദ്യം തൃശൂരില്‍ ക്യാമ്പ് ചെയ്ത ഒരു ബ്രിട്ടീഷ് കമ്പനി പട്ടാളത്തിലെ, പട്ടാളക്കാര്‍ തുടങ്ങിയ പുലി കെട്ടികളിയാണ് പിന്നീട് തൃശൂര്‍ക്കാരേറ്റെടുത്ത് സാസ്‌കാരിക നഗരത്തിന്റെ ദേശീയോത്സവമായി മാറിയ ‘പുലിക്കളി’യായി മാറിയെതെന്ന് ചരിത്രകാരനായ പുത്തേഴത്ത് രാമമേനോന്‍ പറയുന്നു. തൃശൂര്‍ പൂരത്തിനൊടൊപ്പം ജനപ്രീതി നേടിയ ആഘോഷമായി മാറിക്കഴിഞ്ഞു, തൃശൂരിന്റെ മാത്രമായ സ്വന്തം പുലിക്കളി.
ഇന്ന് തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ അരങ്ങേറും നാലോണനാള്‍ ഉച്ചതിരിഞ്ഞ് നടക്കുന്ന പുലിക്കളി. ചരിത്രവും പൈതൃകവും കഥയും കലയും കൂടിചേര്‍ന്ന കേരളത്തിന്റെ തനതു കലാരൂപമായി കേരള വിനോദസഞ്ചാരത്തിന്റെ ഭാഗമായി പുലിക്കളി വളര്‍ന്നു കഴിഞ്ഞു.
ത്രിസന്ധ്യ വിടചൊല്ലും നേരം
തൃശൂര്‍ നടക്കാവിനോരം
മൂന്നോണത്തിന് പുലിക്കളി കാണുവാന്‍
മുറപ്പെണ്ണു വന്നെന്നെ കാത്തു നിന്നു
എന്റെ മുറപ്പെണ്ണു വന്നെന്നെ കാത്തു നിന്നു.’
തൃശൂര്‍ക്കാരനായ യൂസഫലി കേച്ചേരിയെഴുതിയ
ഈ മനോഹര ഗാനം 1986 ല്‍ പുറത്തിറങ്ങിയ ‘ആവണിപ്പുൂക്കള്‍ ‘എന്ന തരംഗണിയുടെ ഓണപ്പാട്ടുകളിലേതാണ്. എം.എസ്. വിശ്വനാഥന്‍ ഈണമിട്ട് യേശുദാസ് ആലപിച്ച അതിലെ ഗാനങ്ങളെല്ലാം ഒന്നാന്തരം! ശരിക്കും ഓണത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന മലയാളത്തനിമയുള്ള വരിയും ഈണങ്ങളും.
തൃശൂര്‍ക്കാര്‍ക്ക് ഈ പാട്ട് ഒട്ടും രസിച്ചില്ല. കാരണം തൃശൂരില്‍ നടക്കാവില്‍ പുലിക്കളി നാലോണത്തിനാണ് മൂന്നോണത്തിനല്ല. ഡാ, അവന് എന്തൂട്ട് തൃശൂര്‍ക്കാരനാണ്ടാ ഈ പാട്ടിനെ പുച്ഛിച്ച് ഒരു തൃശൂര്‍ക്കാരന്‍ പറഞ്ഞു. മൂന്നോണത്തിനാണ്ടാ പുലിക്കളി? അന്ന് പുലിക്കളി കൊട്ടല്ലേടാ എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു അല്ലെങ്കിലും കേച്ചേരിക്കാര്‍ക്ക് എന്തൂട്ട് പുലിക്കളി. പുലിക്കളി ചരിത്രത്തെ വളച്ചൊടിച്ചത് അദ്ദേഹത്തിഷ്ടപ്പെട്ടില്ല.

ശരിയാണ്, മുന്നോണത്തിന്റെ അന്ന് രാത്രിയിലൊക്കെ ചെണ്ടകൊട്ടി നടക്കും അന്ന് രാത്രിയോ പിറ്റേന്ന് വെളുപ്പിനോ വേഷമിടും. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ടൗണില്‍ നടക്കാവില്‍ പുലികളിറങ്ങും. ശ്രീലങ്കയിലെ പഴയ എല്‍.ടി.ടി.ഇ പുലികളെ പോലെ തൃശൂര്‍ നഗരം അപ്പോള്‍ പുലികള്‍ നിറഞ്ഞ മറ്റൊരു ജാഫ്‌നയാകും. തൃശൂരെ പുലികള്‍ പ്രഭാകരന്റെ ചാവേര്‍പുലികളെ പോലെ പൊട്ടിത്തെറിക്കില്ല പകരം കൊട്ടിന്റെ താളത്തില്‍ തകര്‍ത്താടും, അപ്പോള്‍ പുലികള്‍ തൃശൂര്‍ നഗരം കയ്യടക്കും!
മൈസൂര്‍ കടുവ ടിപ്പുവിന്റ ആക്രമത്തിന് ശേഷമാണ് ഓണത്തിന് പുലിക്കളി തൃശൂരില്‍ ആരംഭിച്ചതെന്നൊരു കഥയുണ്ട്. ടിപ്പുവിനെ പരിഹസിക്കാന്‍ ആരംഭിച്ചതാണെന്ന കഥയാണ് പുലിക്കളിയുടേത്. മലബാറില്‍ നിന്ന് ടിപ്പു നേരെ വന്നത് തൃശൂരിലേക്കാണല്ലോ.
എന്നാല്‍ കഥക്കപ്പുറം മറ്റൊന്നാണ് ചരിത്രത്തിലെ പുലിക്കളിയുടെ ഉത്ഭവമെന്ന് തൃശൂരിന്റെ പഴയ തലമുറ സാഹിത്യകാരനും ചരിത്രകാരനുമായ പുത്തേഴത്ത് രാമമേനോന്‍ പറയുന്നു.
കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റും പ്രബന്ധകാരനും, ശക്തന്‍ തമ്പുരാന്റെ ജീവചരിത്രമെഴുതിയ, തൃശൂരിന്റെ ആധികാരിക ചരിത്രകാരനുമായ പുത്തേഴത്ത് രാമമേനോന്‍ തന്റെ ‘തൃശൂര്‍ ട്രിച്ചൂര്‍’ (1974) എന്ന കൃതിയില്‍ പറയുന്നത് പ്രകാരം ‘മുഹറം’ ആഘോഷിക്കുന്ന പട്ടാളത്തിലെ മുഹമ്മദിയര്‍ പുലിവേഷം കെട്ടിയതാണ് പിന്നിട് തൃശൂരുകാര്‍ ജാതിമതഭേദമില്ലാതെ ഏറ്റെടുത്ത പുലിക്കളി. തൃശൂരില്‍ തമ്പടിച്ചിരുന്ന ഒരു ബ്രിട്ടീഷ് പട്ടാള കമ്പനി(1921 ലെ മലബാര്‍ കലാപത്തിന് മുന്‍പ് തൃശൂരില്‍ ഒരു ലഹള നടന്നു. അതിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ ഒരു സൈനിക കമ്പനി തൃശൂരില്‍ നില നിറുത്തിയിരുന്നു.)അവര്‍ തമ്പടിച്ച സ്ഥലം പട്ടാളം റോഡ് എന്ന്, പണ്ട് അറിയപ്പെട്ടതും ഇപ്പോള്‍ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റും ബസ് സ്റ്റാന്റും നില്‍ക്കുന്ന വിശാലമായ ഏരിയയായിരുന്നു. ഈ കമ്പനി പട്ടാളത്തില്‍ ഉണ്ടായിരുന്ന പട്ടാളക്കാരിലെ മുഹമ്മദീയര്‍ (മുസ്ലിം മതസ്ഥര്‍) ‘ മുഹറം’ ആഘോഷക്കാലത്ത് പുലിവേഷം കെട്ടി വിവിധ മെയ്യഭ്യാസം കാണിക്കുമായിരുന്നു. ഇത് ജനങ്ങളെ വല്ലാതെ ആകര്‍ഷിച്ചു.
തൃശൂര്‍ ടൗണിലെ പടിഞ്ഞാറെ നടക്കാവിലുള്ള വെളുത്തേടന്‍ ശങ്കരന്‍ എന്ന തല്ലുകാരനും ഒരു അഭ്യാസിയുമായ ഒരാള്‍ പട്ടാളക്കാരോട് കൂടി ചേര്‍ന്ന് ഈ പുലിക്കളി ഒരു മനോഹര കാഴ്ചയാക്കി മാറ്റി. ശങ്കരനെ പട്ടാളക്കാര്‍ തങ്ങളുടെ ഈ ആഘോഷങ്ങളുടെ നായകനാക്കി അംഗീകരിച്ചു.
‘മുഹറക്കാലത്ത് പട്ടാളത്തിലെ മുഹമ്മദീയര്‍ക്കെല്ലാം ഒഴിവുകാലവും നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ഓണക്കാലവും ആയിരുന്നു! ആ ദിവസങ്ങളില്‍ പുലി കെട്ടിക്കളിയുടെ സകല മേല്‍നോട്ടവും നായകത്വവും വഹിച്ചിരുന്നത് മേല്‍പറഞ്ഞ ശങ്കരനാണ്’ പുത്തേഴത്ത് രാമമേനോന്‍ എഴുതുന്നു. ‘അന്നത്തെ പുലി കെട്ടിക്കളിയുല്‍പാദിപ്പിച്ച തിക്കും തിരക്കും ആകര്‍ഷകത്വവും മറ്റും ആലോചിച്ചാല്‍ ഏതായാലും ഇദം പ്രഥമമായി പുലിക്കളി ഉണ്ടായത് അക്കാലത്താണ്’ (1900 കള്‍ ആദ്യം). ”ആ സംഘത്തെ നയിച്ചതും നിയന്ത്രിച്ചതും തൃശൂര്‍ക്കാരനും പൂത്തോള്‍ ദേശവാസിയായിരുന്ന വെളുത്തേടന്‍ ശങ്കരന്‍ എന്ന കൈയ്യാങ്കളിക്കാരനായിരുന്നു’.

അന്നത്തെ പുലിക്കളിക്കാര്‍ അവരുടെ ആശാന്റെ വീടായ പൂത്തോള്‍ വെളുത്തേടത്ത് ശങ്കരന്റെ ഗൃഹത്തില്‍ നിന്ന് പുറപ്പെട്ട്. നേരെ പടിഞ്ഞാറെ നടക്കാവ് വഴിയില്‍ പ്രവേശിച്ച് അങ്ങനെ തന്നെ കളിച്ചു കൊണ്ട് കിഴക്കോട്ട് നീങ്ങി നടുവിലാലുക്കലെത്തി, കളിയവസാനിച്ച് പിരിയുകയാണ് പതിവ്” പുത്തേഴന്‍ പറയുന്നു.”
”മുഹറം കാലത്തെ ‘പുലി കെട്ടിക്കളി’ തൃശൂരിലെ ജനങ്ങള്‍ കണ്ട് പഠിച്ച് ഭ്രമിച്ച് ആകൃഷ്ടരായി, ആചാര പദ്ധതിയില്‍ ഓണപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത് മാത്രമാണ്” തൃശൂരിലെ പുലിക്കളി – പുത്തേഴന്‍ എഴുതുന്നു.
തൃശൂര്‍ക്കാര്‍ പണ്ടേ പുലികളാണ്. പുലികളെ ഇഷ്ടപ്പെടുന്നവരും. പഴയ കൊച്ചി രാജ്യത്തെ രാഷ്ട്രീയരംഗത്തെ നേതാവായിരുന്നു ഡോ. എ.ആര്‍. മേനോന്‍. കേരളസംസ്ഥാനത്തിന്റെ പ്രഥമ ആരോഗ്യ മന്ത്രി. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏറ്റവും സീനിയര്‍ മന്ത്രി. അദ്ദേഹം വൈദ്യം പഠിച്ചത് ലണ്ടനിലാണ്. എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍. അത് കഴിഞ്ഞ് തൃശൂരില്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്ത സമയത്താണ് പ്രശസ്തനും പൊതുജന സമ്മതനുമായി മാറിയത്. രാഷ്ട്രീയത്തില്‍ ആരെയും വകവെയ്ക്കാത്ത പ്രകൃതമായതിനാല്‍ പുലി’യെന്നായിരുന്നു അദ്ദേഹത്തെ തൃശൂരെ ജനങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഒരു ഇലക്ഷനില്‍ അദ്ദേഹം തോറ്റപ്പോള്‍ എതിരാളികള്‍ ഒരു പുലിയുടെ ചിത്രം വരച്ച് പ്രദര്‍ശിപ്പിച്ച് തീ കൊളുത്തി ആഘോഷിച്ചത് അദ്ദേഹത്തിന്റെ പുലിയെന്ന പേരിനുളള അംഗീകാരമായിരുന്നു. അന്നേ തൃശൂര്‍ക്കാര്‍ക്ക് ‘പുലി ‘യെന്ന പേര് എന്നും പ്രിയപ്പെട്ടതാണെന്ന് ചരിത്രം.
നാലോണനാളിലാണ് പുലികള്‍ കാടിളക്കി വരുക. തലേനാള്‍ ചെണ്ട കൊട്ട് ആരംഭിക്കുമ്പോള്‍ അറിയാം വേഷമിടല്‍ തുടങ്ങിയെന്ന്. പുലിമടകളില്‍ തിരുവോണം കഴിഞ്ഞ് രണ്ടാം നാളില്‍ വൈകിട്ട് പുലികള്‍ ഒരുങ്ങും! ഫോട്ടോഗ്രാഫര്‍മാരേയോ കളിയുമായി ബന്ധപ്പെട്ടവരേയോ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ. ആദ്യം തന്നെ, പുലിവേഷത്തിന്റെ പ്രാരംഭമായി ഒരു കോട്ട് ചായം പുലിയുടെ ദേഹത്ത് പൂശും. രോമമെല്ലാം കളഞ്ഞ് വൃത്തിയാക്കിയിട്ടാണ് ചായം പുരട്ടുക. ഒരു തരം പൊടിയാണ് ചായം. ഇത് തിളക്കുന്ന വാര്‍ണിഷില്‍ മുക്കിയാണ് ചായക്കൂട്ട് ഉണ്ടാക്കുക. ഈ പൊടി അര കല്ലില്‍ അരച്ച് മൃദുസ്വഭാവത്തിലാക്കും. മണിക്കൂറുകള്‍ ഇത് അരച്ചിട്ടാണ് പൊടി സ്മൂത്താക്കുന്നത്.
ആദ്യം പൂശിയ ചായം ശരീത്തിലുണങ്ങിക്കഴിയുമ്പോള്‍ ശരിക്കുള്ള പുലി വര തുടങ്ങുകയായി ഇതിനുള്ള കലാകാരന്മാര്‍ ബ്രഷില്‍ ചാലിച്ച ചായക്കുട്ട് വെച്ച് മനോഹരമായി പുലിവേഷം വരക്കുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പുലി കളിയിലെ ശൈലിയിലും രൂപത്തിലും നിറങ്ങളുടെ എണ്ണം കൂടി എന്നതൊഴിച്ചാല്‍ പുലിവേഷത്തില്‍ വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ല.
സിനിമയിലെ പുലികളിലും സൂപ്പര്‍ താരങ്ങളുണ്ടെന്നറിയുക. അവരുടെ നിറത്തിലും വരയിലും കുറെക്കൂടി അസാധാരണത്വം ഉണ്ടാകും. മുഖത്ത് ഒരു മാസ്‌ക്, ചിലപ്പോള്‍ മീശ അരയില്‍ ചേങ്ങില, രണ്ട് ചെവിയിലും പൂവ്, ഗില്‍റ്റ് വെച്ച ടൗസര്‍ കൂടിയായാല്‍ പുലിയായി. ദോഷം പറയരുതല്ലോ തൃശൂരെ പുലികള്‍ക്ക് വാലില്ല. അത് കൊണ്ട് ആരും പുലിവാല് പിടിക്കാറില്ല!
കാല്‍ നൂറ്റാണ്ട് മുന്‍പ് വേഷമിടുന്നത് നല്ല ആരോഗ്യമുള്ള മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരായിരുന്നു. ഇന്നത് മാറി. നല്ല നല്ല കുടവയറുള്ളവര്‍ക്കാണിപ്പോള്‍ മാര്‍ക്കറ്റ്. രൂപ പതിനായിരമാണ് ഈ കുടവയറുകാര്‍ വേഷമിടുന്നതിന് ഇപ്പോള്‍ വാങ്ങുന്നത്. അതും നേരത്തെ ബുക്ക് ചെയ്യണം.
തൃശൂരുകാരുടെ പുലികളിഭ്രമം ചരിത്ര പ്രസിദ്ധമാണ്. പുലിവേഷം ഇടാനായി മാത്രം ഗള്‍ഫില്‍ നിന്ന് ലീവ് എടുത്തു വരുന്നവരുണ്ട്. ഐ.ടി.ക്കാര്‍ തൊട്ട് സാധാരണ ചുമട്ടു തൊഴിലാളി വരെ നാലോണത്തിന് പുലിവേഷമിട്ട് ‘മാനുഷ്യരെല്ലാം പുലി പോലെ’ എന്ന തൃശൂര്‍ക്കാരുടെ ഓണ സന്ദേശം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

പുലികള്‍ ഓണത്തിന്റെ ചെണ്ടകൊട്ടായ പുലിക്കളി കൊട്ടിനനുസരിച്ച് താളത്തില്‍ കളി തുടങ്ങുന്നു. കൈകള്‍ മുന്നോട്ട് കുനിച്ച് മുഷ്ടി ചുരുട്ടി നെഞ്ചിലേക്ക് ഉയര്‍ത്തുന്നു. വലതു കാല്‍ ഉപയോഗിച്ച് മുന്നോട്ടായുമ്പോള്‍ വീണ്ടും കൈകള്‍ ഉയര്‍ത്തി നീങ്ങും. വ്യക്തമായ നൃത്ത ചുവടാണിത്. കൊട്ടിന്റെ താളവും ചുവടുകളും ഒന്നിച്ച് നീങ്ങുന്നു.’ കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ എന്ന ഭാസ്‌കരന്‍ മാസ്റ്ററുടെ പ്രശസ്ത ഗാനത്തിന്റെ ഈണത്തിന്റെ ഒരു സ്വാധീനം ചെണ്ടകൊട്ടിനുണ്ട്. ശരിക്കും ശ്രദ്ധിച്ചാല്‍ അതറിയാം.
നാലോണനാളില്‍ മദ്ധ്യാഹ്നത്തോടെ നഗരമൊരു മനുഷ്യമഹാസമുദ്രമായി മാറും. സ്വരാജ് റൗണ്ടിന്റെ ഇരുകരകളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞ സമയം. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ നഗരത്തിലെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇത്. മുപ്പത് കൊല്ലങ്ങള്‍ക്കു മുന്‍പ് തൃശൂരിന്റെ പരിസരങ്ങളില്‍ നിന്ന് 20 പുലി സംഘങ്ങള്‍ തൃശൂര്‍ ടൗണിന്റെ കേന്ദ്ര ഭാഗമായ നടുവിലാലില്‍ എത്തിയിരുന്നു. തൃശൂര്‍ പൂരം തുടങ്ങുന്നത് ഇതേ പോലെ ദേശത്തെ ചെറു പൂരങ്ങള്‍ സന്ധിച്ചാണല്ലോ ആ രീതി തന്നെ. നടുവിലാലില്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ കളി ആരംഭിക്കുന്നു. ആദ്യ കാലത്ത് കാല്‍നടയായി ടൗണില്‍ വന്നിരുന്ന പുലി സംഘം പിന്നീട് ലോറികളില്‍ വരവായി. സര്‍ക്കാര്‍ 1962 ല്‍ ഓണാഘോഷം ഔദോഗികമാക്കിയതോടെ ടാബ്ലോകള്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തി. ലോറിയിലെ ടാബ്ലോകള്‍ അതോടെ പുലിക്കളിയുടെ അവിഭാജ്യമായി. ലോറികളില്‍ എത്തുന്ന പുലിപ്പടക്ക് മുന്‍പില്‍ കാല്‍ നടയായി പുലികളും കുട്ടിപ്പുലികളും. ലോറി പതുക്കെ നീങ്ങുമ്പോള്‍ കൊട്ടിന്റെ താളത്തില്‍ പുലികള്‍ ഇളകിയാടുന്നു അരയില്‍ കെട്ടിയ അര മണിയുടെ ശബ്ദവും ജനക്കൂട്ടത്തിന്റെ ആരവും കൂടിയാകുമ്പോള്‍ തൃശൂര്‍ നഗരം പുലികള്‍ അന്നാള്‍ കീഴടക്കിയിരിക്കും.

എല്ലാ പുലി സംഘങ്ങള്‍ക്കും ‘പുലിക്കുടം’ എന്നൊരു അംശവടിയുണ്ടായിരിക്കും. പത്തടി നീളത്തിലുള്ള ഒരു ചെറിയ മുളവടിയുടെ അറ്റത്ത് ഗോളാകൃതിയില്‍ പൂക്കള്‍ കൊണ്ട് പൊതിഞ്ഞ ഒരു പന്ത് പോലെ ഉള്ളതാണ് ‘പുലിക്കുടം’ ഇത് സ്പ്രിംഗ് പോലെ ലോറിയില്‍ വെച്ച് ആടിക്കൊണ്ടിരിക്കും.
ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ രൂപാനോട്ട് നിരത്തില്‍ വെച്ച് പുലികളെ ക്ഷണിക്കും. അവിടെയാണ് കുട്ടിപ്പുലികള്‍ തങ്ങളുടെ റോള് അഭിനയിക്കുന്നത്. ‘ഇത് കുട്ടിപ്പുലി മലക്കം മറഞ്ഞ് നിലത്ത് കൈ കുത്തി വായ കൊണ്ട് നോട്ട് കടിച്ചെടുക്കും. ഈ കലാരൂപത്തെ തൃശൂര്‍ക്കാര്‍ ‘ബെല്‍റ്റ് അടിച്ച്’ നോട്ട് എടുക്കുക എന്ന് വിളിക്കുന്നു. ആത്മ സുഹൃത്തിന് ‘സോള്‍ ഗഡി’ എന്ന പേരിട്ട തൃശൂര്‍ക്കാരന്റെ അന്യം നിന്ന് പോയ പഴയ ഒരു വാക്കാണ് ‘ബെല്‍റ്റടി’.

ഒരിക്കല്‍ പുലികള്‍ ഓണത്തിന് ഇറങ്ങിയപ്പോള്‍ പുറകു വശത്ത് ഫുട്‌ബോള്‍ കളിക്കാരുടേത് പോലെ അക്കങ്ങള്‍ എഴുതിയിരുന്നു. ഒരു സ്ഥാപനത്തിന്റെ പേരാണ്. ‘തങ്കരാജ് വൈറ്റ് ഹാള്‍’- വൈറ്റ് ഹാള്‍ എന്നാല്‍ കളള് ഷാപ്പ്. മലയാളത്തില്‍ എഴുതിയാല്‍ ഒരു സ്‌റ്റൈല്‍ ഇല്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ തന്നെ കാച്ചി. ആ പുലികളെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് നഗരത്തിനടുത്തുള്ള ചെട്ടിയങ്ങാടിയിലെ ഒരു കളള്ഷാപ്പ് ഉടമയാണ് അദ്ദേഹത്തിന്റെ കടയുടെ പരസ്യമാണത്. ലോകത്താദ്യമായി കള്ള് ഷാപ്പിന്റെ പരസ്യം മനുഷ്യശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തിയത് തൃശൂര്‍ക്കാരായിരിക്കും. ഒരു ഒറിജിനല്‍ എഡിയ.
നഗരത്തെ വലം വെച്ച് പുലി സംഘങ്ങള്‍ പുലിക്കളിയാരംഭിക്കും. മനോഹരമായ ഈ ശബ്ദക്കാഴ്ചയില്‍ സന്ധ്യ വരെ പുലികള്‍ നിറഞ്ഞാടും. പുലിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായി 2016 ല്‍ അക്കൊല്ലം ‘പെണ്‍ പുലികള്‍’ കളത്തിലിറങ്ങി. കോഴിക്കോട്ടെ ഒരു ഫാഷന്‍ ഡിസൈനറായ സക്കീന, തൃശൂരിലെ പൊലീസിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ വിനയ, മലപ്പുറംകാരിയായ ടീച്ചര്‍ ദിവ്യ എന്നീ മൂന്ന് യുവതികള്‍ പുതിയൊരു കാല്‍ വെപ്പ് നടത്തി. വിയ്യൂര്‍ പുലി സംഘത്തിനോടൊപ്പം പുലിവേഷമിട്ട് പെണ്‍പുലികളായി തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
പുലിക്കളിയെന്ന കലാരൂപത്തില്‍ ഒരിക്കലും സ്ത്രീകളുടെ സാന്നിധ്യത്തിന് നിയന്ത്രണങ്ങള്‍ ആരും ഏര്‍പ്പെടുത്തിയിട്ടില്ല. അവരുടെ ഭാഗത്തുനിന്നുണ്ടായ മടിയാണ് അതില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നതില്‍ നിന്ന് അവരെ ഇത്രയും നാള്‍ തടഞ്ഞിരുന്നത്.
അന്നത്തെ പുലിക്കളി കോ-ഓര്‍ഡിനേറ്റര്‍ അനൂപ് ഇതേ കുറിച്ച് പറഞ്ഞത് ‘സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് സ്വാഗതാര്‍ഹമായ ഒരു സംരംഭമായി കാണുന്നു, അത് ഈ സാംസ്‌കാരിക മഹോത്സവത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും.’
13 വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷമാണ് തൃശൂര്‍ നഗരത്തിനടുത്ത സ്ഥലമായ വെളിയന്നൂര്‍ ദേശക്കാര്‍ ഇത്തവണ 50 പുലികളുമായി 2025 ലെ പുലിക്കളിക്ക് ഇറങ്ങുന്നത്. ദേശത്തിന് വേണ്ടി പുലികളെ വരക്കുന്ന 50 കാരനായ ഒരു ചിത്രകാരന്‍ സുരേഷ് പറയുന്നു; ‘പുലിക്കളി തൃശൂര്‍ പൂരത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കാണുന്ന അഘോഷമാണ്.’

40 വർഷമായി പുലി വേഷം വരയ്ക്കുന്ന ചിത്രകാരൻ വി.എം. സുരേഷ്
കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പുലികളെ ഒരുക്കുന്ന സുരേഷിന്റെ വീട്ടില്‍ പുലിവര തലമുറകളായി കൈമാറിയ കലയാണ്. അച്ഛനപ്പൂപ്പന്‍മാരൊക്കെ പേര് കേട്ട പുലിവേഷ വരക്കാരായിരുന്നു. പുലിക്കളി പോലെ ആവേശമുള്ളതാണ് പുലികളെ ഒരുക്കുന്നതും.
ആ ആവേശം ചെറുതല്ല. ‘പുലി വേഷം വരയ്ക്കാന്‍ മാത്രം, ഇന്നലെയാണ് ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് ലീവിന് വന്നത്’ സുരേഷ് പറഞ്ഞു. ‘ഒന്നര മണിക്കൂര്‍ വേണം ഒരു പുലിവേഷം വരച്ച് പൂര്‍ത്തിയാക്കാന്‍ – ചായം ഉണങ്ങാനും വേണം അത്ര നേരം.’ വേഷം വരയ്ക്കുന്ന പുലികളെ തിരഞ്ഞെടുക്കുന്നതിനും ഒരു വ്യവസ്ഥയുണ്ട്. മെലിഞ്ഞ ശരീര പ്രകൃതമുള്ളവരെ പുള്ളിപ്പുലികളാക്കും. തടിച്ചവരെ വരയന്‍ പുലികളും. പിന്നെ കരുത്തുള്ള കരിമ്പുലികള്‍ ,കൂടാതെ കുട്ടിപ്പുലികളും ഉണ്ട്.’
പുലിവേഷത്തിന് ഉപയോഗിക്കുന്ന ചായം – ടെമ്പറ പൗഡര്‍ എന്ന് പറയും. അത് അമ്മിക്കല്ലില്‍ വെച്ച് അരച്ച് നേര്‍ത്തതാക്കി ഇനാമല്‍ ക്ലിയര്‍ വാര്‍ണിഷ് കലര്‍ത്തിയാണ് പുലിവേഷത്തിന് വരയ്ക്കാന്‍ ചായം തയാറാക്കുന്നത്.’ അതീവ ശാരീരിക അദ്ധ്വാനം വേണ്ടതാണ് പുലി വേഷ വരയും പിന്നെ കളിയും’ പുലിവരയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള സുരേഷ് പറയുന്നു. ‘നല്ല വിലപിടിപ്പുള്ള ഈ ചായങ്ങള്‍ തൃശൂരില്‍ മാത്രമേ വിപണിയിലുള്ളൂ. പുലിക്കളി തൃശൂരില്‍ മാത്രമേ ഉള്ളൂ എന്നതാണ് അതിന് കാരണം. ചായത്തിന് 250 ഗ്രാമിന് 400 രൂപയോളം വരും’. സുരേഷ് പറയുന്നു.

സുരേഷ് പുലിവേഷം വരയ്ക്കുന്നു
വേഷം, അച്ചടക്കം, നിറങ്ങള്‍, സമയ നിഷ്ഠ, പിന്നെ പുലിക്കളി കളിക്കുന്നത് ഇവയൊക്കെ ഓരോ ഇനവും പ്രത്യേകം നിരീക്ഷിച്ച് ഓരോ ജഡ്ജിമാര്‍ വിലയിരുത്തിയാണ് മത്സര വിജയികളെ പ്രഖ്യാപിക്കുന്നത്.
പഴയത് പോലെയല്ല, ഇപ്പോള്‍ പുലിക്കളി ഒരു മത്സരമായി മാറി. ഇത്തവണ 9 പുലിക്കളി സംഘം മത്സരിക്കുന്നുണ്ട്. പുലികളി ഇപ്പോള്‍ കുട്ടിക്കളിയല്ല. 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പുലികളിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തവണ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ അപകടം പറ്റി പുലിക്കളി കാരണം പുലിവാല് പിടിക്കരുതല്ലോ.
പുലി സംഘങ്ങളുടെ കൂടെ ഓരോ നിശ്ചല ദൃശ്യവും ഉണ്ടാകും. കുട്ടംകുളങ്ങര ദേശം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ട് രായ്ക്കല്‍ ദേശം, കൂടാതെ വെളിയന്നൂര്‍ ദേശം എന്നീ ഒന്‍പത് പുലി കൂട്ടങ്ങള്‍ ഇത്തവണ മത്സരത്തിനുണ്ട്.
ഇന്ന് വൈകീട്ട് 4.30 ന് തൃശൂരിലെ തൃശൂര്‍ പുരത്തിന്റെ കുടമാറ്റം നടക്കാറുള്ള തെക്കേ ഗോപുര നടയില്‍ പുലിക്കളി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ 5 മണിക്കൂര്‍ നീളുന്ന പുലിക്കളി ആരംഭിക്കും.
ഒന്നാം സ്ഥാനക്കാര്‍ക്കും, രണ്ടാം സ്ഥാനക്കാര്‍ക്കും മുന്നാം സ്ഥാനക്കാര്‍ക്കും സമ്മാനമായി കാഷ് പ്രൈസും ട്രോഫിയും സംഘാടകരായ തൃശൂര്‍ കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ട്.

വെളിയന്നൂർ ദേശക്കാരുടെ ടാബ്ലോ
തൃശൂര്‍ നഗരത്തില്‍ പുലികള്‍ വെട്ടി തിളങ്ങുന്ന വേഷങ്ങളില്‍ നിറഞ്ഞാടുകയാണ്, ആകാശം ചുവന്നു തുടുത്തു ത്രിസന്ധ്യ നേരം. പുലിക്കളി കൊട്ടിക്കലാശത്തിലേക്ക് , ,ഉച്ചസ്ഥായിലായില്‍ പുലിക്കളിക്കൊട്ടിന്റെ താളം മുറുകുകയാണ്. പുലിക്കുട്ടം സംഗമിക്കുന്നത് തൃശൂര്‍ക്കാരുടെ എല്ലാറ്റിനും സാക്ഷിയായ പ്രിയപ്പെട്ട വടക്കുംനാഥന്റെ നേരെയുള്ള നായ്ക്കനാലിലാണ്.
അസ്തമയ സൂര്യന്‍ പ്രകാശിച്ച് ചുവന്ന് മാനം തുടുക്കുന്ന നേരമാണ്. ഈ പുരുഷാരത്തില്‍ ആരെങ്കിലും യൂസ്ഫലിയുടെ വരികള്‍ പതുക്കെ മനസില്‍ മുളുന്നുണ്ടാവും, ഒരിക്കല്‍ കൂടി ആ വരികള്‍ …
‘കളി കണ്ടു മടങ്ങുമ്പോള്‍
വടക്കുനാഥനെ കൈ കൂപ്പി ഒരു ഞൊടി നിന്നു
അവള്‍ കണ്ണടച്ചൊരു ഞൊടി നിന്നു
പൂജിച്ച നറുനെയ്യ് സ്വല്‍പ്പം തന്നു.
പൂവൊത്ത മനസ്സവള്‍ മുഴുവനും തന്നു’.
ത്രിസന്ധ്യ വിടചൊല്ലും നേരം
തൃശൂര്‍ നടക്കാവിനോരം.
………..പുലിക്കളി കാണാന്‍
മുറപ്പെണ്ണു വന്നെന്നെ കാത്തു നിന്നു
എന്റെ മുറപ്പെണ്ണു വന്നെന്നെ കാത്തു നിന്നു.
ത്രിസന്ധ്യ വിടചൊല്ലും നേരം
തൃശൂര്‍ നടക്കാവിനോരം. Thrissur Pulikali celebration and history
Content Summary; Thrissur Pulikali celebration and history
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.