തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ആറ് കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടമ്മ പ്രസന്ന അശോകന്‍ വെളിപ്പെടുത്തുന്നു.
തങ്ങള്‍ താമസിക്കുന്ന 4സി ഫ്‌ളാറ്റില്‍ കൂടാതെ വേറെ പലരുടെയെും വോട്ടുകള്‍ കൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന പറയുന്നു. ഇതോടെ തൃശൂര്‍ കോര്‍പ്പറേഷനിലും പാര്‍ലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നുള്ളവര്‍ക്ക് വ്യാജ മേല്‍വിലാസം ഉണ്ടാക്കി വോട്ട് ചേര്‍ത്തു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്‌ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
ബൂത്ത് നമ്പര്‍ 37 ല്‍ ഫോറം 6 പ്രകാരം വോട്ടര്‍ പട്ടികയില്‍ പുതുതായി ഇടം നേടിയ 190 പേരില്‍ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്.
ഫ്ലാറ്റിന്റെ പേരില്‍ കള്ളവോട്ട് ചേര്‍ത്തതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിവില്ലെന്നും പ്രസന്ന പറഞ്ഞു.
അതേസമയം, പ്രസന്ന അശോകനെ പിന്തുണച്ച് പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ അയല്‍വാസികളും. വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയ ആളുകളെ കണ്ടിട്ടേയില്ലെന്നാണ് ക്യാപിറ്റല്‍ വില്ലേജിലെ താമസക്കാരന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍, സുരേഷ്‌ഗോപിക്കെതിരെ ഗുരുതര ആരോപണമാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉന്നയിച്ചിരിക്കുന്നത്. ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെയും അനിയന്റെ കുടുംബത്തിന്റെതായി ചേര്‍ത്തത്. സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേര്‍ക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരില്‍ എല്‍ഡിഎഫും, യുഡിഎഫും പരാതികള്‍ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിജെപിക്കാര്‍ അവരുടെ പലയിടങ്ങളിലുള്ള വോട്ടര്‍മാരെ തൃശൂരിലേക്ക് കൊണ്ടുവന്ന് കള്ള മേല്‍വിലാസം ഉണ്ടാക്കി ഇഷ്ടംപോലെ വോട്ട് ചേര്‍ത്തുവെന്നത് വസ്തുതയാണെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂര്‍ ചേലക്കരയിലെ ബിജെപി നേതാവ് കെആര്‍ ഷാജിക്കും ഭാര്യയ്ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരിലായിരുന്നു വോട്ട്. തൃശൂരിലെ ഒരു ഫ്‌ളാറ്റായിരുന്നു അന്ന് മേല്‍വിലാസമായി നല്‍കിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വരവൂരിലെ നടത്തറയിലാണ് ഇരുവര്‍ക്കും വോട്ട്. തൃശൂരില്‍ വോട്ട് ചെയ്യുന്നതിനായി ഇവര്‍ ഐഡി കാര്‍ഡ് വരെ മാറ്റിയിട്ടുണ്ടെന്നും സുനില്‍ കുമാര്‍ വെളിപ്പെടുത്തല്‍ നടത്തി.
തൃശൂരിലെ വ്യാജ വോട്ടുകള്‍ക്കെതിരെ ഇതിനോടകം പ്രതിഷേധം ശക്തമായി കഴിഞ്ഞു. ബിജെപി നേടിയ വിജയത്തില്‍ സംശയം ഉന്നയിച്ച് സിപിഐ രംഗത്തെത്തി. തൃശൂരില്‍ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി പരാതി തെരഞ്ഞെടുപ്പ് വേളയിലും ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.
തൃശൂര്‍ തെരഞ്ഞെടുപ്പ് വേളയിലും വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി ആരോപണം അന്നേ ഉന്നയിച്ചിരുന്നെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അത് ലാഘവത്തോടെയാണ് കണ്ടത്. പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും തൃശൂരിലും ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാവണം എന്നും സിപിഐ നേതാവ് ആവശ്യപ്പെടുന്നു. Thrissur voter list scam: shocking evidence comes to light
Content Summary: Thrissur voter list scam: shocking evidence comes to light
This post was last modified on August 11, 2025 12:20 pm
Leave a Comment