മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ വേനൽക്കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ചൂടിനെ ചെറുക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആഹാരക്രമം. ഈ ചൂട് കാലത്ത് ശരിയായ ഭക്ഷണം കഴിച്ച് ശരീരം പാകപ്പെടുത്തേണ്ടത്ത് അനിവാര്യമാണ്. അതിവേഗം നിർജ്ജലീകരണം നടക്കുന്നതിനാൽ ജലാംശം നിലനിർത്താനും ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ സന്തുലിതാവസ്ഥയിലുമായിരിക്കാൻ നാം അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വെള്ളം കുടിക്കുന്നതിനോടപ്പം, ജലാംശം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ശരീരത്തെ തണുപ്പിക്കുകയും അവശ്യ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് എത്തിക്കുകയും ചെയ്യും. ശരീര താപം നില നിർത്താൻ സഹായിക്കുന്നതും വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. അവയിൽ ഒന്നാമത് നിൽക്കുന്നതാണ് തൈര്. ചൂട് കാലത്ത് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരപദാർത്ഥമാണ് തൈര്. ശരീരത്തിന് തണുപ്പ് കിട്ടുന്നതിനായി മോര്, സംഭാരം, സലാഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, മെച്ചപ്പെട്ട ദഹനപ്രക്രിയക്കും തൈര് ഉപകരിക്കും. ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തിന് മെച്ചപ്പെട്ട ദഹനം തൈര് പ്രധാനം ചെയ്യും. അതോടപ്പം ചൂട്കാലത്ത് ഉണ്ടാകാൻ ഇടയുള്ള വയറിളക്കം, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.
തൈര് പോലെ തന്നെ ശരീരത്തെ ചൂട് കാലത്ത് സംരക്ഷിക്കുന്ന ഒന്നാണ് ഇളനീർ. ശരീരത്തിലെ ഊർജം വർദ്ധിപ്പിക്കുകയും ജലാംശം നിലനിർത്താനും ഇളനീർ സഹായിക്കുന്നു. രുചികരവും പ്രകൃതിദത്തവുമായ ഇളനീർ ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് നിലനിർത്താൻ ആവശ്യമായ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്. അടുത്തത് ചോളം ആണ് നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ വേനൽ കാലത്ത് ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ പറ്റിയ ഒന്നാണ് ചോളം (സ്വീറ്റ് കോൺ). ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചർമ്മത്തിൻ്റെയും മുടിയുടെയും കണ്ണുകളുടെയും ആരോഗ്യവും ചോളം സംരക്ഷിക്കും.
സംഭാരം ശരീരത്തിൽ താപം തണുപ്പിക്കാനുള്ള കഴിവ് സംഭാരത്തിനുണ്ട്. ജലാംശം നില നിർത്തുന്നതിനാൽ ഹീറ്റ് സ്ട്രോക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സംഭാരത്തിന് സാധിക്കും.
ഈ വേനലിൽ സുലഭമായി ലഭിക്കുന്ന പഴവർഗ്ഗമാണ് മാങ്ങ. വേനലിൽ വേണ്ട പ്രതിരോധശേഷി നൽകാൻ മാമ്പഴത്തിന് സാധിക്കും. ഇരുമ്പ് സത്തിന്റെയും മഗ്നീഷ്യത്തിൻ്റെയും കലവറയാണ് ഓരോ മാമ്പഴവും.
മാമ്പഴം പോലെ തന്നെ ശരീരത്തെ തണുപ്പിക്കുന്നതിലും ജലാംശം നില നിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. 92 ശതതമാനത്തോളം ജലമടങ്ങിയിരിക്കുന്ന ഫലവർഗ്ഗമാണ് തണ്ണിമത്തൻ. മാത്രമല്ല ഉപയോഗമില്ലാത്ത കളയാൻ തണ്ണിമത്തനിൽ യാതൊന്നുമില്ല താനും. തളർച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാൻ തണ്ണിമത്തന് കഴിയും. വൈറ്റമിൻ ബി 6, വിറ്റമിൻ ബി 1, വിറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഈ പഴം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇവയിൽ ഫ്ലവനോയിഡുകളും, ഫൈബറുകളും ധാരാളമടങ്ങിയിട്ടുമുണ്ട്. അമിനോ ആസിഡും ആവശ്യത്തിനടങ്ങിയ തണ്ണിമത്തൻ ജ്യൂസ് ഇനി സ്ഥിരം കുടിക്കുന്നത് ഈ വേനലിൽ അത്യുത്തമമാണ്.
ഇവയോടൊപ്പം കഴിക്കേണ്ട മറ്റൊന്നാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ പോഷകങ്ങളുടെ ആരോഗ്യകരമായ ഒഴുക്കിനും പിന്തുണയ്ക്കാനും സഹായിക്കുന്നു, നെല്ലിക്ക പ്രകൃതിദത്ത വിഷ ഹാരി കൂടിയാണ്.
വേനലിൽ ദാഹമകറ്റാൻ എല്ലാവരും ഒരു പോലെ ആശ്രയിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. വേനൽക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കു പ്രതിവിധിയാണ് നാരങ്ങാവെള്ളം. ശരീരത്തിൽനിന്ന് ഏറ്റവും കൂടുതൽ മൂലകങ്ങളും, ജലാംശവും നഷ്ടപ്പെടുന്നത് വേനൽക്കാലത്താണ്. അതിനാൽ, നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരാമാകാൻ സാധിക്കും.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും മറ്റു സൂക്ഷ്‌മമൂലകങ്ങളുമാണു നാരങ്ങയെ അത്രയേറെ ഗുണമുള്ളതാക്കുന്നത്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണു നാരങ്ങ. പ്രായപൂർത്തിയായ ഒരു വ്യക്‌തിയിൽ കുറഞ്ഞതു 40 മി.ഗ്രാം വൈറ്റമിൻ-സിയാണ് വേണ്ടത്. നൂറ് ഗ്രാം നാരങ്ങാനീരിൽ ഏകദേശം 63 മി.ഗ്രാം വൈറ്റമിൻ-സി അടങ്ങിയിട്ടുണ്ട്.
content summary : Beat the heatwave with essential summer food tips