July 17, 2026 |

‘തസ്തികകളിലെ പേരുമാറ്റം പ്രയോ​ഗങ്ങളിലും വരണം, ലിം​ഗസമത്വം സാധ്യമാകണമെങ്കിൽ അത് ശീലമാകണം’

സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ നിലവിലുണ്ട്

സംസ്ഥാനത്തെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി. പകരം ഇനി മുതൽ ചെയര്‍പേഴ്‌സണ്‍ എന്ന പദം ഉപയോഗിച്ചാൽ മതിയെന്ന ഉത്തരവുമായി രംഗത്തു വന്നിരിക്കയാണ് സംസ്ഥാന സർക്കാർ. ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്.

സമൂഹത്തിൽ ലിം​ഗസമത്വമെന്ന ആശയം വേരുപിടിപ്പിക്കാൻ പല തലങ്ങളിലും ഇത്തരം മാറ്റങ്ങൾ ഇക്കഴിഞ്ഞ കാലയളവിൽ നടപ്പിലായിട്ടുണ്ട്. സ്കൂളുകളിലെ ടീച്ചർ വിളിയും, കളിക്കളത്തിലെ ബാറ്റർ വിളിയും, ക്യാമറ പേഴ്സണെന്ന് പ്രയോ​ഗവുമെല്ലാം ഇത്തരത്തിൽ പരിഷ്കരിച്ചതാണ്.
ലിംഗ സമത്വത്തിനു വേണ്ടി ഇനിയും പരിഷ്‌കരണം ആവശ്യമായ സ്ഥാനപ്പേരുകളും പ്രയോ​ഗങ്ങളും നിരവധിയാണ്. ചെയര്‍മാനെന്നും ചെയര്‍പേഴ്‌സണെന്നും വേ‍ർതിരിച്ച് വിളിച്ചിരുന്നിടത്ത് നിന്നാണ് ചെയർപേഴ്സണെന്ന പ്രയോ​ഗത്തിലേക്കെത്തുന്നത്.

ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് 2023ലാണ് വരുന്നത്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചറെന്നായിരുന്നു അന്ന് ഈ ഉത്തരവിനെ പിന്തുണച്ച് കൊണ്ട് ഉയർന്നുവന്ന വാദം. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നത്. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലവകാശ കമ്മീഷൻ നിര്‍ദ്ദേശം നൽകിയിരുന്നു.

ക്രിക്കറ്റില്‍ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായാണ് മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി). ബാറ്റ്‌സ്മാന്‍ എന്ന വാക്കിന് പകരം ബാറ്റര്‍ എന്ന് ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. വനിത ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു മാറ്റം. ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്സ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്ലബ്ബുമായ എംസിസിയാണ് ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങള്‍ രൂപപ്പെടുത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ‘ദി ഹണ്ട്രഡ്’ ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ഈ ആശയം എംസിസി സ്വീകരിക്കുകയായിരുന്നു. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലവില്‍ കുറച്ച് മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമാണ് ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കാറുള്ളത്. വനിത ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ ബാറ്റര്‍ എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും പുരുഷ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ എന്നാണ് ഉപയോഗിച്ചിരുന്നത്.

ഇത്തരം മാറ്റങ്ങൾ നിലവിൽ വന്നെങ്കിലും സ്കൂളുകളിലെല്ലാം പഴയ രീതിയിൽ തന്നെയാണ് ഇപ്പോഴും അ​ധ്യാപകരെ അഭിസംബോധന ചെയ്ത് വരുന്നതെന്ന് അധ്യാപകനും മലയാള ഐക്യവേദിയുടെ പ്രസിഡന്റുമായ ഹരികുമാർ അഴിമുഖത്തോട് പ്രതികരിച്ചു. പുരുഷന്മാരെ സാറെന്നും സ്ത്രീകളെ ടീച്ചറെന്നും അഭിസംബോധന ചെയ്ത് വരുന്ന ശീലം ഇപ്പോഴുമുണ്ട്. അതൊന്നും പൂർണ്ണ തോതിൽ മാറിയിട്ടില്ല. മാറാൻ ഇനിയും സമയമെടുക്കും. പുതിയ തലമുറ എല്ലാ തലങ്ങളിലേക്കും എത്തി തുടങ്ങിയാലേ ഇതിനൊരു മാറ്റം വരൂ. ഭാഷാപ്രയോ​ഗത്തിൽ മാറ്റം വരുന്നതിന് ഇനിയും ഒരുപാട് ചർച്ചകൾ നടക്കേണ്ടതുണ്ട്. വസ്ത്രത്തിലാണോ പ്രയോ​ഗത്തിലാണോ ശമ്പളത്തിലാണോ ഈ മാറ്റം വരേണ്ടതെന്ന് നമ്മൾ തന്നെ തീരുമാനിക്കേണ്ടതുണ്ട്. പദപ്രയോ​ഗങ്ങളിൽ പരിഷ്കരണം വന്നാലും അവ പ്രോത്സാഹിപ്പിക്കാൻ നമ്മൾ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. ബാറ്റ്സ്മാൻ എന്നുള്ള പ്രയോ​ഗം മാറ്റി പൊതുവായി ബാറ്റർ എന്നാണ് ഇപ്പോൾ പ്രയോ​ഗിക്കുന്നത്. ക്യാമറാമാൻ എന്നുള്ള പ്രയോ​ഗത്തിന് പകരമായി ഇപ്പോൾ ക്യാമറ പേവ്സൺ എന്നാണ് പ്രയോ​ഗിക്കുന്നതെന്നും ഹരികുമാർ കൂട്ടിച്ചേർത്തു

കേരളത്തിന് വെളിയിലുള്ള രീതിശാസ്ത്രങ്ങളാണ് നമ്മൾ ഇപ്പോൾ ഉപയോ​ഗിച്ച് പോരുന്നത്. അതിന്റെ പ്രതിഫലനമാണ് പ്രയോ​ഗങ്ങളിലെ ആം​ഗലേയ ഭാഷയുടെ അതിപ്രസരം. ശബ്ദത്തിന് മാത്രമാണ് പലപ്പോഴും പ്രാധാന്യം നൽകുന്നത് പദാർത്ഥത്തിന് നൽകുന്നില്ല. ബാറ്ററെന്ന പ്രയോ​ഗമെല്ലാം നമ്മുക്ക് ശീലമായത് ദിവസവും സ്പോർട്സ് പേജിലൂടെ കണ്ട് പരിചയിച്ചത് കൊണ്ടാണെന്നും ഹരികുമാർ വ്യക്തമാക്കി. വാർത്തകൾ പ്രൂഫ് നോക്കി തിരുത്തിയാണ് പ്രസി​ദ്ധീകരിക്കുന്നത്. സ്കൂളുകളിൽ ഈ തിരുത്തലിനുള്ള ആളില്ലാത്തത് കൊണ്ടാണ് അവിടെ ഈ വിളി ഒരു ശീലമാകാത്തതും. വ്യവഹാരങ്ങളിലൊക്കെ സ്ഥാനപ്പേര് നൽകിയിരിക്കുന്നത് ടീച്ചറെന്നാണ്. തസ്തികയിൽ ഉണ്ടെങ്കിലും ആശയമവിനിമയങ്ങളിൽ ഈ രീതിശാസ്ത്രം തുടരുന്നില്ലെന്ന് ഹരികുമാർ പറഞ്ഞു

ചർച്ചകൾക്ക് ഇടം കൊടുക്കാതെ ഈ വിഷയം വിട്ടുകളഞ്ഞാൽ അത് എങ്ങുമെത്താതെ നിൽക്കും. വസ്ത്രധാരണത്തിലെ ചർച്ചകൾ പോലും ഇതിന് ഉ​ദാഹരണമല്ലേ. ബിഎഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇപ്പോഴും സാരിയാണ് ധരിക്കുന്നത് അതിനൊരു മാറ്റം വന്നിട്ടില്ല. ഈ ദൗത്യങ്ങൾ സൊസൈറ്റിയെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കണമെന്നും ഹരികുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×