ഇന്ന് സെപ്റ്റംബര്‍ 23.
സഖാവ് അഴീക്കോടന്‍ രാഘവന്‍ ചരമദിനം.
53 വര്‍ഷം മുന്‍പ് 1972 സെപ്റ്റംബര്‍ 23 നാണ് സി.പി.എം ന്റെ ഉന്നതനായ തൊഴിലാളി നേതാവായ സഖാവ് അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ വെച്ച് ദാരുണമായി കൊലക്കത്തിക്ക് ഇരയായി കൊല്ലപ്പെടുന്നത്. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കൊലയാളി ആരെന്നോ, ആ കൊലയുടെ സൂത്രധാരന്‍ ആരാണെന്നോ ഇനിയും പുറത്ത് വരാത്ത ദുരൂഹതകള്‍ തുടരുന്ന അപൂര്‍വ്വമായ രാഷ്ട്രീയ കൊലപാതകമായി അഴീക്കോടന്‍ വധം മാറി.
കോളിളക്കം സൃഷ്ടിക്കേണ്ട ആ കത്ത് പിന്നീട് ഒരിക്കലും വായിക്കപ്പെട്ടില്ല, എന്ന് മാത്രമല്ല ഒരിക്കലും പുറത്ത് വന്നില്ല. ഒപ്പം ആ കത്തിന് വേണ്ടി എന്ന് നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ കൊലയാളി ആരാണെന്നും 53 വര്‍ഷം കഴിഞ്ഞിട്ടും പുറത്ത് വന്നില്ല.
തൃശൂരിലെ നഗരഹൃദയത്തിനടുത്ത സ്ഥലമായ ചെട്ടിയങ്ങാടിയില്‍ ഒരു വിളക്ക് കാലിനടിയില്‍ 1972 സെപ്റ്റംബര്‍ 23 ന് രാത്രി കൊലക്കത്തിക്ക് ഇരയായ സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് അഴിക്കോടന്‍ രാഘവന്‍ ചോരയില്‍ മുങ്ങി മരിച്ചു കിടന്നു. നിശ്ചലമായ, ബലിഷ്ഠമായ ആ കൈയ്യില്‍ കെട്ടിയ ഫേബര്‍ ലൂവ വാച്ചില്‍ അപ്പോള്‍ സമയം 9 മണി കഴിഞ്ഞിരുന്നു. കേരളം മുഴുവന്‍ ഞെട്ടിയ ദാരുണമായ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു അത്.
അഴീക്കോടന്‍ രാഘവന്‍
തൃശൂരിന്റെ ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്ന, ഒരിക്കലും മറക്കാന്‍ പറ്റാത്ത രണ്ട് കണ്ണൂര്‍ക്കാരാണ് അഴീക്കോടന്‍ രാഘവനും സുകുമാര്‍ അഴീക്കോടും. ഒരാള്‍ തൊഴിലാളി വര്‍ഗത്തിന് വേണ്ടി പടപൊരുതിയ സമുന്നത നേതാവും സമര കേരളത്തിന്റെ രക്തസാക്ഷിയും, മറ്റേയാള്‍ സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍ എന്ന നിലയില്‍ മാത്രമല്ല, അനീതിയ്ക്കും അഴിമതിയ്ക്കും അക്രമത്തിനും അനാചാരങ്ങള്‍ക്കും വര്‍ഗീയതയ്ക്കും സാമൂഹികതിന്മകള്‍ക്കും എതിരെ ഒറ്റയ്ക്ക് പോരാടിയ സാംസ്‌കാരിക നായകനും. ‘തൃശൂരിന്റെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിലെ സംഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട രണ്ട് വ്യക്തികളാണിരുവരും.
1919 ല്‍ ജൂലൈ 1ന് കണ്ണൂരിലെ തെക്കി ബസാറില്‍ ആധാര എഴുത്തുകാരനായ കുറുവന്റെയും പുക്കാച്ചിയുടേയും മകനായി ജനിച്ച അഴീക്കോടന്‍ രാഘവന്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബീഡി തെറുപ്പുകാരനായി ജീവിതം ആരംഭിച്ചു. 1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറെ താമസിയാതെ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ സെക്രട്ടറിയായി. പടിപടിയായി ഉയര്‍ന്നു. അഴിക്കോടന്റെ ആദ്യകാല സഹപ്രവര്‍ത്തകനായ തൊഴിലാളി നേതാവ് അനന്തന്‍ എഴുതി:
‘തൊഴിലാളി വര്‍ഗ്ഗസമരത്തിന്റെ സര്‍വകലാശാലയില്‍ നിന്നും പരിശീലനം നേടി, താഴ്ന്ന പടിയില്‍ നിന്ന് ഉന്നത പദവിയിലേക്ക് ചവിട്ടി കേറിയ ദുര്‍ലഭം ചില നേതാക്കന്മാരില്‍ ഒരാളാണ് സഖാവ് അഴിക്കോടന്‍’.
‘1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശാഭിമാനി പത്രം സി.പി.എം ന് വേണ്ടി പിടിച്ചെടുത്തത് കെ.പി.ആര്‍ ഗോപാലനായിരുന്നെങ്കിലും പിന്നീട് കേസ് ജയിക്കാന്‍ നിയമപരമായി കോടതിയില്‍ എത്തിയ രേഖ അഴീക്കോടന്‍ രാഘവനാണ് പാര്‍ട്ടിക്ക് നല്‍കിയത്. പത്രത്തിന്റെ ചീഫ് എഡിറ്ററായ വി.ടി. ഇന്ദുചൂഡന്‍ ദേശാഭിമാനിയുടെ ഉടമസ്ഥാവകാശം തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇ.എം.എസിനെഴുതിയ ഒരു കത്ത് സി.പി.എം. കോടതിയില്‍ ഹാജരാക്കിയതോടെ ചീഫ് എഡിറ്റര്‍ പോലും കരുതുന്നത് പത്രയുടമ ഇ. എം. എസ് ആണെന്ന വസ്തുത അംഗീകരിച്ച് സി.പി.ഐ കൊടുത്ത കേസ് കോടതി തള്ളി.
നിര്‍ണായകമായ ഈ കത്ത് പാര്‍ട്ടി ഫയലില്‍ നിന്ന് സി പി എം ന് കിട്ടിയത് സഖാവ് അഴീക്കോടന്‍ രാഘവന്‍ വഴിയായിരുന്നു. സി പി എം കൂറുള്ള അഴിക്കോടന്‍ പാര്‍ട്ടി പിളര്‍ന്നതിനു ശേഷവും സി പി ഐ സെക്രട്ടറിയേറ്റില്‍ രാജിവെയ്ക്കാതെ തുടര്‍ന്നിരുന്നു. കൂറ് മറുപുറത്തായിട്ടും പാര്‍ട്ടി അഴീക്കോടനെ പുറത്താക്കിയുമില്ല. അതിന്റെ ഫലമായിരുന്നു ഈ കത്ത് അദ്ദേഹത്തിന് ലഭിച്ചത്. കൂടാതെ പിടിച്ചടക്കിയതിന്റെ പിറ്റേന്നാള്‍ ദേശാഭിമാനി അച്ചടിക്കാന്‍ ന്യൂസ് പ്രിന്റ് ഇല്ലാതെ വന്നപ്പോള്‍ തൃശൂര്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ നിന്ന് ന്യൂസ് പ്രിന്റ് ദേശാഭിമാനിക്ക് സംഘടിപ്പിച്ചത് അഴീക്കോടന്റെ സ്വാധീനം മൂലമായിരുന്നു. അങ്ങനെ പല വിഷമ ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ അഴീക്കോടന്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നു.
1967 ല്‍ അഴീക്കോടന്‍ ഐക്യമുന്നണി ഏകോപന സമിതി കണ്‍വീനറായിരിക്കെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം 52 സീറ്റ് നേടിയതില്‍ അഴീക്കോടന്റെ സംഘടനാ പാടവം നിര്‍ണായക പങ്ക് വഹിച്ചു. 1956 ല്‍ കണ്ണുര്‍ ജില്ലാ സെകട്ടറിയായിരിക്കെയാണ് അഴീക്കോടന്‍ മീനാക്ഷിയെ വിവാഹം കഴിച്ചത്. രണ്ട് ജോഡി വസ്ത്രവുമായി ബസ്സിലും കാല്‍നടയുമായി യാത്രചെയ്ത് തൊഴിലാളികളെ സംഘടിപ്പിച്ചിരുന്ന യഥാര്‍ത്ഥ ജനനേതാവായിരുന്നു സഖാവ് അഴീക്കോടന്‍ രാഘവന്‍.
1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷം തൃശൂരില്‍ സി.പി.എം ന്റെ ആദ്യ ജില്ലാ സെകട്ടറിയായത് എ.വി. ആര്യനായിരുന്നു. സി.പി.എം. ഒല്ലൂര്‍ എം.എല്‍.എ. ആയ ആര്യന്‍ തൃശൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതീവ കമ്യൂണിസ്റ്റ് സ്വാധീനമുള്ള ജനകീയനായിരുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ വിപ്ലവകാരിയായിരുന്ന ആര്യന്റെ മനക്കാര്‍ തൃശൂരിലെ അളവറ്റ ഭൂസ്വത്തുക്കള്‍ക്കുടമകളായിരുന്നു. സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്ഷാകേന്ദ്രമായിരുന്നു എന്നും ആ മന. ഭക്ഷണവും താമസൗകര്യവും എപ്പോഴും റെഡി. ആര്യന്റെ ഇല്ലമായ ആയക്കാട്ട് മനയില്‍ വെച്ചാണ് പിളര്‍പ്പിന് ശേഷമുള്ള തൃശൂരിലെ സി.പി.എം ന്റെ ആദ്യ യോഗം ചേരുന്നത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തൃശൂരിലെ സമുന്നത നേതാക്കളായ സി അച്യുതമേനോന്‍, കെ. കെ. വാര്യര്‍, സി.ജനാര്‍ദ്ദനന്‍ എന്നിവരെല്ലാം സി.പി.ഐയിലായിരുന്നു..
എന്നാല്‍ ആര്യന്റെ ജനസമ്മതിയില്‍ അണികള്‍ ഏറെയും സി.പി.എം ല്‍ തന്നെ ഉറച്ച് നിന്നു. ഏറെ താമസിയാതെ ആര്യന്‍ പാര്‍ട്ടി നേതൃത്വമായി തെറ്റി. പ്രത്യേകിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി.
‘അഴീക്കോടനെ കൊന്നത് ഞങ്ങളല്ല’ (2022) എന്ന അഴീക്കോടന്‍ രാഘവന്റെ കൊലപാതകം അനാവരണം ചെയ്യുന്ന പത്രപ്രവര്‍ത്തകനായ ഉണ്ണി ബേപ്പൂര്‍ എഴുതിയ കൃതിയില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
‘എ.വി. ആര്യനും ഇ.എം.എസ് നമ്പൂതിരിപ്പാടും തമ്മില്‍ എന്തായിരുന്നു പ്രശ്‌നം?
മലയാള മനോരമ ദിനപത്രത്തിന്റെ സപ്ലിമെന്റ് ഞായറാഴ്ചയില്‍ (2001 ഡിസംബര്‍ 23) വന്ന ഒരു അഭിമുഖത്തില്‍ എ.വി. ആര്യന്‍ ഇങ്ങനെ പറയുന്നു:
‘സഖാവ് പി കൃഷ്ണപിള്ളയോടൊപ്പം ഞാന്‍ പാര്‍ട്ടിയില്‍ സജീവമായിരുന്ന കാലത്ത് കൂറ്റന്‍ ജന്മിയായിരുന്നു ഇ.എം.എസ്സ്. അദ്ദേഹം പ്രഭാതം എന്നൊരു പത്രം നടത്തുന്നുണ്ടായിരുന്നു. പാര്‍ട്ടിയിലേക്കുള്ള കുറുക്കു വഴിയായി പത്രത്തെ ഉപയോഗിച്ചു തുടങ്ങി.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്ന് യോഗക്ഷേമ സഭയില്‍ നല്ല ആധിപത്യമുണ്ടായിരുന്നു. പാര്‍ട്ടി കര്‍ഷക പ്രസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ച സമയത്ത് പൂമുള്ളി ഇല്ലത്ത് ചേര്‍ന്ന യോഗത്തില്‍ ഇ.എം.എസ്സ് യോഗക്ഷേമ സഭാംഗങ്ങളോട് പറഞ്ഞു. ‘ഇനി പാട്ടം പിരിച്ച് ജീവിക്കാം എന്ന് പ്രതീക്ഷിക്കേണ്ട. കൃഷിക്കാര്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. ഉള്ളതെല്ലാം വിറ്റ് വ്യവസായത്തില്‍ മുടക്കിക്കൊള്ളുക’. ആ രഹസ്യാഹ്വാനത്തിലൂടെ ഇ. എം. എസ്സ് പാര്‍ട്ടി രേഖ ചോര്‍ത്തുകയാണുണ്ടായത്. ഈ കാര്യം ഞാന്‍ പി. കൃഷ്ണപിള്ളയെ അറിയിച്ചു. പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. അന്ന് മുതലാണ് ഞാന്‍ നമ്പൂതിരിപ്പാടിന്റെ കണ്ണിലെ കരടായത്’
ഇ. എം. എസ്സ്
ജോസഫ് സ്റ്റാലിന്റെ കത്ത് മറച്ചു വെച്ച സംഭവത്തോട് കൂടി ആര്യനെ ഇ. എം. എസ്സ് പകയോടെ കാണാന്‍ തുടങ്ങി. 1942 ല്‍ സ്റ്റാലിന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവായ ഹാരി പോളിറ്റ് വഴി ഒരു കത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ചു. സോവിയറ്റ് യൂണിയനെ നിങ്ങള്‍ സഹായിക്കേണ്ട. ബ്രിട്ടനാണ് നിങ്ങളുടെ മുഖ്യ ശത്രു. അവര്‍ക്കെതിരെ പോരാടി സ്വാതന്ത്ര്യം നേടുക ഇതായിരുന്നു ആ കത്തിലെ ഉള്ളടക്കം… ക്വിറ്റ് ഇന്ത്യാ സമരത്തെ അനുകൂലിക്കാതിരുന്ന പാര്‍ട്ടിയിലെ
ഇ. എം. എസ്സ് അടക്കമുള്ള ഒരു വിഭാഗം ഈ കത്ത് പൂഴ്ത്തി. 1956 ലെ പാലക്കാട്ടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ സമ്മേളനം അലങ്കോലപ്പെടുമെന്ന് വന്നപ്പോള്‍ പ്രത്യേക ക്ഷണിതാവായ വിദേശ ഡെലിഗേറ്റ് ഹാരി പോളിറ്റ് എഴുന്നേറ്റ് ’42ലെ തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കുകയാണോ’ എന്ന് ചോദിച്ചു. സഖാക്കള്‍ എന്ന് അറിയാതെ നിന്നപ്പോള്‍ അപ്പോഴാണ് മറച്ചുവെച്ച കത്തിന്റെ കാര്യം കെ. ദാമോദരന്‍ വെളിപ്പെടുത്തുന്നത്. അത് ചര്‍ച്ചയായി ഒടുവില്‍ കത്ത് മറച്ചുവെച്ചവര്‍ മാപ്പ് പറഞ്ഞു.’ അന്ന് ഞാന്‍ സത്യത്തിന്റെ കൂടെ നിന്നതു കൊണ്ട് ഇ.എം.എസ്സിന്റെ പക വര്‍ദ്ധിക്കുകയാണുണ്ടായത്.’ ആര്യന്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. ‘അഴീക്കോടനെ കൊന്നത് ഞങ്ങളല്ല’ എന്ന ഉണ്ണി ബേപ്പൂര്‍ എഴുതിയ പുസ്തകമാണ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
1970 അവസാനം എ.വി. ആര്യനെ സി.പി.എം. പുറത്താക്കി. ആര്യന്‍ ഒറ്റപ്പെടുമെന്ന് കരുതിയ പാര്‍ട്ടിക്ക് തെറ്റ് പറ്റി. പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമ്പോള്‍ ആര്യന്‍ മുന്‍ എം എല്‍ എ യും കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കര്‍ഷക തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ആര്യന് അവരുടെ ഇടയില്‍ വന്‍ സ്വാധീനമുണ്ടായിരുന്നു. ആര്യന്‍ പുറത്തായപ്പോള്‍ അദ്ദേഹത്തിനോട് അടുപ്പുള്ള കുറെ പേര്‍ പാര്‍ട്ടി വിട്ട് ആര്യനെ പിന്‍തുണച്ചു. 1971 ല്‍ കൊല്ലത്ത് വെച്ച് ആര്യന്‍ ‘കമ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍’ (CUC) എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആര്യന്‍ സംസ്ഥാന സെക്രട്ടറി. പി.കെ. ബാലന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി.
ആര്യന്റെ തട്ടകമായ തൃശൂരില്‍ സി.യു.സി., സി പി.എം ന് കനത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് തൃശൂരിലെ ട്രേഡ് യൂണിയനുകളിലെ ചുമട്ട് കയറ്റിയിറക്ക്, ഉന്തുവണ്ടി തൊഴിലാളികള്‍ സി.യു.സിയില്‍ കൂട്ടത്തോടെ ചേര്‍ന്നു. ആര്യനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഘട്ടത്തില്‍ തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ സജീവമാകുന്നത്. പുതിയ യൂണിയന്റെ വരവോടെ സി.ഐ.ടി.യുവുമായി ആര്യന്റെ യൂണിയന്‍ ഉരസലാരംഭിച്ചു. രണ്ട് യൂണിയനിലുള്ളവരും തമ്മില്‍ തൃശൂരില്‍ കൊലവിളികളും സംഘട്ടനങ്ങളും ആരംഭിച്ചു.
ഇതേ സമയത്താണ് കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് മണ്ണുത്തിയില്‍ തട്ടില്‍ എസ്റ്റേറ്റ് വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അഴിമതി നടന്നു എന്നാരോപിക്കുന്ന ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റ് തൃശൂരിലെ ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വരുന്നത്. ഈ ഇടപാടില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നും, തൃശൂരെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ എ.വി. അബൂബക്കറിന് 15,000 രൂപ നല്‍കണമെന്ന് തട്ടില്‍ എസ്റ്റേറ്റ് മാനേജറായ ജോണിനോട് കരുണാകരന്‍ നിര്‍ദേശിക്കുന്നതായ കരുണാകരന്റെ പി.എ. ഗോവിന്ദന്‍ എഴുതി അയച്ച ഒരു കത്തിന്റെ പകര്‍പ്പായിരുന്നു വാരികയില്‍ അച്ചടിച്ചത്.
അഴീക്കോടന്റെ വധത്തെ വിശകലനം ചെയ്ത് എഴുതിയ ബുക്ക്
അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന തൃശൂരിലെ ഒറ്റയാള്‍ പട്ടാളമാണ് കെ.വി. കുഞ്ഞിരാമ പൊതുവാള്‍. ജന്മഭൂമി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായ ഇദേഹം കൊച്ചി രാജ്യത്ത് നടക്കുന്ന അഴിമതികള്‍ക്കെതിരെ തേക്കിന്‍കാട് മൈതാനിയില്‍ മണികണ്ഠനാല്‍ത്തറയില്‍ കേറി നിന്ന് പ്രസംഗിക്കും. മുഖം നോക്കാതെ, അഴിമതിക്കാരുടെ പേര് വിളിച്ച് പറഞ്ഞ് നിശിത വിമര്‍ശനം നടത്തുന്ന ഇദ്ദേഹത്തെ പോലീസ് പിടിച്ച് കൊണ്ടുപോയി നല്ല തല്ല് കൊടുക്കും. ഇത് പതിവായപ്പോള്‍ ആവേശം കൊണ്ട തൃശൂര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു പേര് കല്‍പ്പിച്ചു നല്‍കി. ‘തല്ലുകൊള്ളിപ്പൊതുവാള്‍’.
ഇദ്ദേഹത്തിന്റെ മകനായിരുന്നു രാജേന്ദ്രന്‍, തിരിയില്‍ നിന്ന് കൊളുത്തിയ പന്തം തന്നെ!
22 കാരനായ രാജേന്ദ്രന്‍ ഒരു 1971 ല്‍ ഒരു ടാബ്ലോയ്ഡ് വാരിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി ‘നവാബ്’ എന്ന് പേരുള്ള വാരികയുടെ 1972 ഏപ്രില്‍ 1 ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഈ വിവാദ കത്തിന്റെ ഫോട്ടോസ്റ്റാറ്റ് അച്ചടിച്ച് വന്നത്. ഇതിനകം നവാബ് രാജേന്ദ്രന്‍ എന്ന് പേര് ലഭിച്ച ആ യുവ പത്രപ്രവര്‍ത്തകന് കിട്ടിയത് കേരളം ഞെട്ടാന്‍ പോകുന്ന അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്ന ഏറ്റവും വലിയ വാര്‍ത്താ സ്‌കൂപ്പായിരുന്നു. കാര്യം കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് കണ്ട കെ. കരുണാകരന്‍ തന്റെ വിശ്വസ്തനായ പോലീസ് ഉദ്യോഗസ്ഥന്‍ എസ്.പി. ജയറാം പടിക്കലിനെ വരുത്തി. വിവാദമായ കത്ത് നവാബ് രാജേന്ദ്രനില്‍ നിന്ന് പിടിച്ചിടുക്കണമെന്ന് നിര്‍ദേശിച്ചു. ഒരു കാരണവശാലും ഒറിജിനല്‍ കോടതിയില്‍ എത്തരുത് അതായിരുന്നു കരുണാകരന്റെ കല്‍പ്പന.
അതിനിടയില്‍ പ്രശ്‌നം ചൂടുപിടിച്ചു തുടങ്ങിയിരുന്നു. അന്നത്തെ സംഘടനാ കെ.പി.സി.സി. പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറുമായ കെ. ശങ്കരനാരായണന്‍ തൃശൂരില്‍ പത്ര സമ്മേളനം നടത്തി കരുണാകരന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചു. 1972 മെയ് 7 ന് ഐ.എന്‍.ടി.യു.സിയുടെ സമ്മേളനത്തില്‍ അങ്ങേയറ്റം പ്രകോപിതനായ ആഭ്യന്തര മന്ത്രി കൂടിയായ കെ. കരുണാകരന്‍ പ്രസംഗത്തില്‍ പൊട്ടിത്തെറിച്ചു. ‘എനിക്കെതിരെ തേക്കിന്‍ കാട്ടില്‍ പിറന്ന ചില തന്തയില്ലാത്ത ജാര സന്തതികളും ഒരു ഉടഞ്ഞ സംഘടനയുടെ പ്രസിഡന്റും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇവരെയൊന്നും ഞാന്‍ വെറുതെ വിടാന്‍ പോകുന്നില്ല.’ കരുണാകരന്റെത് വെറും വാക്കല്ല എന്ന് ഏറെ താമസിയാതെ കേരളം കണ്ടു.
ജയറാം പടിക്കല്‍ തന്ത്രപൂര്‍വ്വം പോലീസുകാരെ അയച്ച് നവാബ് രാജേന്ദ്രനെ പൊക്കി. കത്ത് തന്റെ കയ്യില്‍ ഇല്ലെന്നും, അത് അഴീക്കോടനെ ഏല്‍പ്പിച്ചു എന്നും രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് രാജേന്ദ്രനെയും കൊണ്ട് ജീപ്പില്‍ ആദ്യം ഒരു യോഗത്തിന് എറണാകുളത്ത് പോയി എന്നറിഞ്ഞ് അഴീക്കോടനെ കാണാന്‍ എറണാകുളത്തേക്ക് പോയി. അവിടെയില്ലെന്നും അറിഞ്ഞു നേരെ കണ്ണൂര്‍ക്ക് വിട്ടു.
ഇതിനിടയില്‍ തന്റെ സഹോദരന്‍ രാജേന്ദ്രനെ കാണാനില്ല എന്ന് കാണിച്ച് കുഞ്ഞിരാമ പൊതുവാളിന്റെ മറ്റൊരു സഹോദരനായ രാംദാസ് പോലീസില്‍ പരാതി നല്‍കി. പത്രങ്ങളില്‍ പിതാവ് കുഞ്ഞിരാമ പൊതുവാളിന്റെ രോദനം അച്ചടിച്ചു വന്നു. ‘എന്റെ മകനെ കാണാനില്ല. ഒരു പക്ഷേ, പോലീസുകാര്‍ അവനെ കൊന്നിട്ടുണ്ടാകും. അല്ലെങ്കില്‍ കരുണാകരന്റെ ആളുകള്‍ തല്ലിച്ചതച്ചു കായലില്‍ തള്ളിക്കാണും’ തന്റെ പഴയ സമരവീര്യത്തിന്റെ നിഴലിലാണെങ്കിലും തീപ്പൊരി കെടാത്ത, വൃദ്ധനായ പൊതുവാള്‍ ഒന്നുകൂടി പറഞ്ഞു.’ കൈക്കൂലി വാങ്ങിയതിനെതിര ശബ്ദമുയര്‍ത്തിയതിനല്ലേ? സത്യം പറയുന്നവര്‍ക്ക് തൂക്കുമരമാണ് വിധിച്ചിരിക്കുന്നത്. ഗാന്ധിജിയേപ്പോലും വെടിവെച്ച് കൊന്ന കാപാലികരുടെ നാടാണിത്’
അഴീക്കോടൻ്റെ ഭാര്യ മീനാക്ഷി രാഘവൻ മൃതശരീരം വീട്ടിൽ കൊണ്ടു വന്നപ്പോൾ
നവാബിന് പിന്നീട് പോലീസില്‍ നിന്ന് ക്രൂര മര്‍ദനം നേരിട്ടു. തൃശൂര്‍ പോലീസ് ക്ലബില്‍ വെച്ച് ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ മര്‍ദ്ദനത്തില്‍ രാജേന്ദ്രന്റെ മുന്‍വരിയിലെ രണ്ട് പല്ല് നഷ്ടപ്പെട്ടു. പോലീസ് ക്ലബ്ബില്‍ വെച്ച് പടിക്കല്‍ രാജേന്ദ്രന് മദ്യം നല്‍കി കത്തിനെ കുറിച്ച് മനസിലാക്കുകയും രാജേന്ദ്രനോടൊപ്പം പോയി കത്ത് ഒരു പ്രസ്സില്‍ നിന്ന് തപ്പിയെടുക്കുകയും ചെയ്‌തെന്ന് വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എഴുതിയ ‘ജയറാം പടിക്കലിന്റെ ക്രൈം ഡയറി’ (1997) എന്ന പുസ്തകത്തില്‍ പറയുന്നു.
‘എന്നെയും കൂട്ടി ആ രാത്രിയില്‍ അയാള്‍ ഒരു പഴയ പ്രസ്സിലേക്ക് പോയി. അവിടെ പല പെട്ടികള്‍ക്കിടയില്‍ നിന്നും അയാള്‍ ആ കത്തെടുത്തു കാണിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി. അത് ശരിക്കും ഒറിജിനല്‍ കത്തായിരുന്നു. കത്തുമായി ഞാനും രാജേന്ദ്രനും തിരികെ പോലീസ് ക്ലബിലെത്തി. രാജേന്ദ്രന്‍ പലതും പറഞ്ഞു കൊണ്ടിരിക്കെ ആ കത്ത് ഞാന്‍ കീറി കഷ്ണങ്ങളാക്കി. എന്നിട്ട് രാജേന്ദ്രന്‍ കഴിച്ചു കൊണ്ടിരുന്ന ചിക്കന്‍ കറിയില്‍ ആ കഷ്ണങ്ങള്‍ വിതറിക്കൊടുത്തു. ഇതൊന്നും പാവം രാജേന്ദ്രനാകട്ടെ അറിഞ്ഞുമില്ല. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിക്കന്‍ കറി വെച്ചിരുന്ന പാത്രം മാത്രം അവശേഷിച്ചു. ഇതിനിടയില്‍ കത്തു മുഴുവന്‍ രാജേന്ദ്രന്റെ വയറ്റിലായിരുന്നു.
പിന്നീട് ജയറാം പടിക്കല്‍ പശ്ചാത്താപ വിവശനായി കുറ്റസമ്മതം നടത്തുന്നതും പുസ്തകത്തില്‍ ഉണ്ട്. ‘അന്ന് ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവ് ഉയര്‍ന്നു വരുമായിരുന്നില്ല. അത്രയും നീചമായി ചെയ്തതു കൊണ്ട് ഇന്ത്യയാകെ പടര്‍ന്നു പന്തലിക്കാവുന്ന ഒരു യുവ പത്രപ്രവര്‍ത്തകന്റെ അന്ത്യവും കുറിച്ചു’ പടിക്കല്‍ പറഞ്ഞു.
പടിക്കല്‍ പറഞ്ഞ സംഭവം സത്യമാണെങ്കില്‍ ഒറിജിനല്‍ കത്തിന്റെ കഥ അവിടെ അവസാനിക്കുന്നു. പടിക്കലിന്റെ കഥ സത്യമാണോ? 1997 ലാണ് ജയറാം പടിക്കലിന്റെ ജീവചരിത്രം എന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ ഈ സംഭവം പരാമര്‍ശിക്കപ്പെടുന്നത്. ‘പടിക്കലിന്റെ വെളിപ്പെടുത്തലിനോട് സാദൃശ്യം ഉള്ളതല്ല രാജേന്ദ്രന്‍ പിന്നീട് പറഞ്ഞ കഥകള്‍ എന്ന് ഇതേ പുസ്തകം പറയുന്നു.
കത്ത് പിടിച്ചെടുക്കാനായി പോലീസ് രാജേന്ദ്രനേയും കൂട്ടി കണ്ണൂരിലെ അഴീക്കോടന്‍ രാഘവന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ വെച്ച് അഴീക്കോടന്‍ രാഘവന്‍ പോലീസിനോട് പറഞ്ഞു. ‘ഇത്തരം കത്തുകളും രേഖകളൊന്നും ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ വീട്ടില്‍ സൂക്ഷിക്കാറില്ല. അതൊക്കെ ഓഫീസിലാണ്. വേണമെങ്കില്‍ എന്നെയും ഇ. എം.എസിനേയും അറസ്റ്റ് ചെയ്യട്ടെ.’
പിറ്റേന്നാള്‍ അഴീക്കോടന്‍ പത്രസമ്മേളനം നടത്തി നവാബ് രാജേന്ദ്രന്റെ അവസ്ഥ വിവരിച്ചു. നവാബ് രാജ്രേന്ദ്രന്‍ അവശനായി ട്രിച്ചൂര്‍ നഴ്‌സിങ്ങ് ഹോമില്‍ ചികിത്സയിലായിരുന്നു. നവാബിലെ വാര്‍ത്തക്കെതിരെ കരുണാകരന്റെ പി.എ., സി. കെ. ഗോവിന്ദന്‍ ഒരു മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. സെപ്റ്റംബര്‍ 25 ന് കത്തിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ തൃശൂര്‍ മജിസ്ട്രറ്റ് കോടതി ജഡ്ജി ബി. മാധവ മേനോന്‍ ഉത്തരവിട്ടു.
സെപ്റ്റംബര്‍ 15 ന് അഴീക്കോടന്‍ കത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രസ്താവന പുറപ്പെടുവിച്ചതോടെ തട്ടില്‍ എസ്റ്റേറ്റ് കേസ് പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി.
ഈ കത്ത് നിയമസഭയില്‍ ചര്‍ച്ചക്കായി വെയ്ക്കാന്‍ ഇ. എം.സുമായി അഴീക്കോടന്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കള്‍ കത്തിന്റെ പിന്‍വശത്ത് ഒപ്പിട്ട് നിയമസഭയില്‍ ഹാജരാക്കാനായിരുന്നു ആദ്യം ആലോചിച്ചത്. സോഷ്യലിസ്റ്റ് നേതാവായ എം.പി. വീരേന്ദ്രകുമാര്‍ കത്ത് കോടതിയില്‍ ഹാജരാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് ഇ.എം.എസും അതു തന്നെ ശരിവെച്ചു. ഈ വിവാദ കത്ത്, ഒറിജിനലോ പകര്‍പ്പോ അപ്പോള്‍ അഴീക്കോടന്റെ കയ്യില്‍ ഉണ്ട് എന്നതിന് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ സ്ഥിരമായി തങ്ങിയിരുന്നത് ചെട്ടിയങ്ങാടിക്കടുത്തെ പ്രീമിയര്‍ ലോഡ്ജിലെ 14-ാം നമ്പര്‍ മുറിയിലായിരുന്നു. 22-ാം തീയതി സി.പി.എം. ജില്ലാ സെക്രട്ടറി മാമക്കുട്ടി, സെക്രട്ടറിയേറ്റംഗം പി.കെ കൃഷ്ണന്‍ എന്നിവരുമായി വിവാദ കത്ത് ഹാജരാക്കുന്നതിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പിറ്റേന്ന് എറണാകുളത്ത് പോയി രാത്രി 9 മണിയോടെ തിരികെ വരാന്‍ തീരുമാനിച്ചു. പ്രീമിയര്‍ ലോഡ്ജില്‍ അന്ന് രാത്രി വീരേന്ദ്രകുമാറുള്‍പ്പെടെ സോഷ്യലിസ്റ്റ് നേതാക്കളുമായി ഒരു ചര്‍ച്ചയും തീരുമാനിച്ചിരുന്നു.
അഭിശപ്തമായ ആ ദിവസം, സെപ്റ്റംബര്‍ 23 ന് രാത്രി 9 മണിയോടെ എറണാകുളത്ത് നിന്ന് കെ.എസ്.ആര്‍.ടി സിയില്‍ വന്നിറങ്ങിയ അഴീക്കോടന്‍ രാഘവന്‍ ചെട്ടിയങ്ങാടിയില്‍ ബസ്സ് ഇറങ്ങി പ്രീമിയര്‍ ലോഡ്ജിലേക്ക് നടന്നു. കയ്യില്‍ എപ്പോഴും കൊണ്ടു നടക്കുന്ന ഒരു കറുത്ത ബാഗ് ഉണ്ടായിരുന്നു. പി.എം.എ ഫ്രൂട്ട് സ്റ്റാളില്‍ മുന്‍വശത്ത് എത്തിയപ്പോള്‍ അഞ്ചാറു പേര്‍ ചാടി വീണു ആക്രമിച്ചു. രണ്ട് പേര്‍ കൈ ബലമായി പിന്നില്‍ കെട്ടി മറ്റൊരാള്‍ കത്തികൊണ്ട് പല കുത്തു കുത്തി. ചോരയില്‍ കുളിച്ച് ഓവു ചാലിനു മുകളില്‍ അഴീക്കോടന്‍ രാഘവന്‍ വീണു കിടന്നു. ചോര വാര്‍ന്ന് ഷര്‍ട്ടില്‍ പടര്‍ന്നിരുന്നു. വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകി കണ്ണുകള്‍ തുറിച്ച നിലയില്‍ അഴീക്കോടന്‍ രാഘവന്‍ അവിടെ മരിച്ച് കിടന്നു.
സെപ്റ്റംബര്‍ 24 ന് വൈകുന്നേരം നാലുമണിയോടെ അഴീക്കോടന്റെ മൃതശരീരം വന്‍ ജനാവലിയുടെ അകമ്പടിയോടെ കണ്ണൂര്‍ക്ക് കൊണ്ടുപോയി. പിന്നീട് കണ്ണൂര്‍ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് ശേഷം പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം നല്‍കി.
കെ. കരുണാകരനും നവാബ് രാജേന്ദ്രനും
എ.വി. ആര്യന്റെ യൂണിയനാണ് അഴീക്കോടനെ വകവരുത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ആദ്യം തന്നെ ശ്രമം നടന്നത്. അതിന്റെ തിരിച്ചടിയായി വധത്തില്‍ പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് ആര്യന്റെ യൂണിയനില്‍ പെട്ട ഡേവിസ് എന്ന തൊഴിലാളിയെ സിപിഎം പിടികൂടി മര്‍ദ്ദിച്ചു. പിറ്റേന്നാള്‍ ഡേവീസിന്റെ മൃതശരീരം മുള്ളൂര്‍ കായലില്‍ പൊന്തി. തൃശൂരില്‍ ആര്യന്റെ യൂണിയന്‍ കനത്ത സമ്മര്‍ദത്തിലായി. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേലാണ് വന്നു പതിക്കുക എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. അഴീക്കോടന്‍ കേസില്‍ എട്ട് പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഴീക്കോടന്‍ കൊല്ലപ്പെടുമ്പോള്‍ എ.വി. ആര്യന്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായിരുന്നതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
അഴീക്കോടന്‍ വധം ഉണ്ടാകാനുള്ള സാഹചര്യത്തെക്കുറിച്ച് കേസിലെ പ്രതികളിലൊരാളായ വടക്കുംപുറത്ത് ശശി പറയുന്നത് തികച്ചും വ്യത്യസ്തമാണ്. ‘കരുണാകരന്റെ മുന്നില്‍ അഴീക്കോടന്‍ പ്രതിബന്ധത്തിന്റെ ഒരു വന്‍ മലയായി തീരുന്നു. കോടതിയില്‍ കത്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശം ഏറ്റെടുത്ത അഴീക്കോടന്‍ സെപ്റ്റംബര്‍ 23 ന് രാത്രി 9 മണിക്ക് ചെട്ടിയങ്ങാടിയില്‍ വന്നിറങ്ങിയപ്പോള്‍, അഴിക്കോടനെ തീര്‍ക്കേണ്ട ആവശ്യം ആര്‍ക്കാണ് ഉണ്ടായിരുന്നത്? കരുണാകരനാണ് ഉത്തരമെങ്കില്‍ എന്തിനാണ് കമ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ പ്രവര്‍ത്തകരേയും ആര്യനേയും ബലിയാടാക്കിയത്? സി.യു.സിയെ തീര്‍ത്ത് കിട്ടേണ്ടത് കരുണാകരന്റെ ആവശ്യമല്ലല്ലോ? സി.പി.എം നെ എതിരിടാനായി വന്ന സി.യു.സി. പോലുള്ള ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ രാഷ്ട്രീയക്കാരനായ കരുണാകരന്‍ ശ്രമിക്കുമെന്ന് കരുതുന്നുണ്ടോ?’ (അഴിക്കോടനെ കൊന്നത് ഞങ്ങളല്ല, പേജ് 58).
അഴീക്കോടന്‍ വധത്തില്‍ പ്രതികളായ എട്ട് പ്രതികളും മോചിതരായ ശേഷം തങ്ങള്‍ നിരപരാധികളാണെന്നും, അഴീക്കോടന്‍ വധം പുനരന്വേഷണം വേണമെന്ന് പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.എം ന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല എന്ന് പ്രതിയായ ശശി പറയുന്നു. വിവാദമായ ആ കത്തിന് എന്ത് പറ്റി? അഴീക്കോടനെ വധിച്ചത് ആരാണ്? ഒരാള്‍ക്ക് ജീവപര്യന്തവും, ആറ് പ്രതികള്‍ക്ക് രണ്ടു വര്‍ഷവും ഏഴു മാസം തടവും ശിക്ഷയായി കോടതി വിധിച്ചു. എ.വി. ആര്യനെ വെറുതെ വിട്ടു.
അഴീക്കോടന്റെ മൃതശരീരത്തിനരികില്‍ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് തുറന്ന നിലയിലായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിവാദമായ കത്തിനെ കുറിച്ച് വടക്കും പുറത്ത് ശശി പറയുന്നത് ആ നിര്‍ണായകമായ കത്ത് അഴീക്കോടന്റെ കൈവശം ഉണ്ടായിരുന്നില്ല എന്നാണ്.
‘കത്തിനാസ്പദമായ കരുണാകരന്റെ അസിസ്റ്റന്റ് ഗോവിന്ദന്‍ തന്റെ ലെറ്റര്‍ പാഡ് അച്ചടിച്ചിരുന്നത് ജോസ് തിയേറ്ററിന്റെ പടിഞ്ഞാറുള്ള ചിന്താമണി പ്രസ്സിലാണ്. അതില്‍ നിന്നും ഒന്നോ രണ്ടോ താളുകള്‍ നവാബ് രാജേന്ദ്രന് കിട്ടാന്‍ വലിയ പ്രയാസമുണ്ടാകില്ല. അയാള്‍ ഉണ്ടാക്കിയെടുത്തതാണീ കത്ത്.
കരുണാകരന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സാധ്യതയുള്ള ആ കത്ത് എവിടെപ്പോയി? കോടതിയില്‍ കത്ത് ഹാജരാക്കാന്‍ അഴിക്കോടന് ആയുസ്സ് ഉണ്ടായില്ല. പിന്നീട് കോടതി നിശ്ചയിച്ച തീയതിയായ ഒക്ടോബര്‍ 3 ന് നവാബ് രാജേന്ദ്രനും കഴിഞ്ഞില്ല. ഫോട്ടോസ്റ്റാറ്റിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാത്തോളം കാലം പ്രതിയുടെ വാദം സത്യമാണെന്ന് അംഗീകരിക്കാനാവില്ല കോടതി പറഞ്ഞു. കരുണാകരന്റെ പേഴ്‌സണല്‍ സെക്രട്ടറി സി.കെ. ഗോവിന്ദന് മാനനഷ്ടം സംഭവിച്ചതായി കോടതി അംഗീകരിച്ചു.’ പ്രതി രാജേന്ദ്രന്‍ നൂറു രൂപ പിഴ അടയ്ക്കാത്ത പക്ഷം രണ്ടാഴ്ച വെറും തടവ് അനുഭവിക്കണം. കോടതി വിധിച്ചു.
കരുണാകരന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് പരസ്യങ്ങള്‍ തടഞ്ഞതോടെ നവാബ് രാജേന്ദ്രന്റെ വാരികയുടെ പ്രസിദ്ധീകരണം അവസാനിച്ചു. ആറ് മാസത്തെ പ്രസിദ്ധീകരണത്തിന് ശേഷം വാരിക നിന്നു. പക്ഷേ നവാബ് എന്ന പേര്‍ രാജേന്ദ്രന്റെ പേരിന് മുന്‍പില്‍ ഉറച്ചു. പിതാവ് കുഞ്ഞിരാമ പൊതുവാള്‍ 1973 ല്‍ അന്തരിച്ചു.
പക്ഷേ, നവാബ് രാജേന്ദ്രന്‍ അവസാനിച്ചില്ല. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഒറ്റയാള്‍ പട്ടാളമായി സമൂഹത്തിലേക്കിറങ്ങി. പത്രാധിപര്‍ നവാബിനെക്കാള്‍ ശക്തിയോടെ, പൊതുപ്രവര്‍ത്തകന്‍ നവാണ് പ്രവര്‍ത്തിച്ചു. ഉത്തരങ്ങള്‍ കണ്ടെത്തുകയല്ല ചോദ്യങ്ങള്‍ ചോദിക്കുകയാണ് വേണ്ടത് എന്ന സിദ്ധാന്തവുമായി സമൂഹത്തില്‍ ജനങ്ങളുടെ വ്യവഹാരിയായി. ഒരു മന്ത്രി പുത്രിയുടെ വിവാഹം പ്രായത്തിന് മുന്‍പാണെന്ന് കോടതിയില്‍ തെളിവ് നല്‍കി. മന്ത്രിക്ക് രാജി വെയ്ക്കണ്ടി വന്നു. റെയിവേ പാന്‍ട്രിയില്‍ പാക്കറ്റില്‍ എഴുതിയ വിലയ്ക്ക് നല്‍കാതെ ട്രെയിനില്‍ വില കൂട്ടി വില്‍ക്കുന്നത് വിശദീകരിക്കാന്‍ നവാബ് നല്‍കിയ ഹര്‍ജിയില്‍ സതേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. നവാബിന്റെ ശരങ്ങള്‍ക്ക് ലക്ഷ്യമാകുന്നത് ആരുമാകാം.
‘അഴീക്കോടന്റെ വധത്തില്‍ കരുണാകരന് പങ്കില്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. രണ്ട് ദിവസം കൂടി അഴീക്കോടന്‍ ജീവിച്ചിരുന്നെങ്കില്‍ കരുണാകരന്‍ അഴിമതി കേസില്‍ അന്നേ പ്രതിയായി ഒന്നുമല്ലാതായേനെ’ നവാബ് രാജേന്ദ്രന്‍ വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പെട്ടെന്ന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അഴീക്കോടന്‍ ജീവിച്ചിരുന്നേനെ എന്ന് നവാബ് രാജേന്ദ്രന്‍ ഇന്നും വിശ്വസിക്കുന്നു.
അഴീക്കോടന്റെ കൊലപാതകത്തോടെ എ.വി. ആര്യന്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ് യുണിറ്റി സെന്റര്‍ പാര്‍ട്ടി നാമാവശേഷമായി. പ്രവര്‍ത്തിക്കാനും സംഘടിപ്പിക്കാനും നേതാക്കള്‍ ഇല്ലാതെയായി. തൊഴിലാളികള്‍ സി.ഐ.ടി.യുവിലേക്ക് തിരിച്ച് പോയതോടെ സി.യു.സി. കൊടികള്‍ തൃശൂരില്‍ അപ്രതൃക്ഷമായി. പിന്നീട് രാഷ്ട്രീയ രംഗത്ത് നിന്ന് നിഷ്‌ക്രമിച്ച എ.വി. ആര്യന്‍ 82 വയസ്സില്‍ തൃശൂരില്‍ വെച്ച് അന്തരിച്ചു.
അഴീക്കോടനെ കൊലപ്പെടുത്തിയത് ആരാണ്? വിവാദമായ ആ കത്ത് പിന്നെ എന്തുകൊണ്ട് പുറത്ത് വന്നില്ല? അഴീക്കോടന്റെ പക്കല്‍ കത്ത് ഇല്ലായിരുന്നു.
താന്‍ അത് കീറി ഭക്ഷണത്തില്‍ കലര്‍ത്തി ഇല്ലാതാക്കിയെന്ന് ജയറാം പടിക്കല്‍.
നവാബ് എന്തുകൊണ്ട് പിന്നീട് ആ കത്തിന്റെ പിന്നാലെ അന്വേഷിച്ച് പോയില്ല?
നിരവധി തവണ ഭരണം കൈയ്യാളിയിട്ടും സിപിഎം അഴീക്കോടന്‍ കേസ് എന്തുകൊണ്ട് പുനഃരന്വേഷണം നടത്തുന്നില്ല? ചോദ്യങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു, ഉത്തരം കിട്ടാതെ!
ഈ ദുരൂഹതകള്‍ അഴീക്കോടന്‍ രാഘവന്‍ വധം ഒരിക്കലും ചുരുളഴിയാത്ത രഹസ്യങ്ങളുള്ള രാഷ്ട്രീയ കൊലപാതകമായി ഇന്നും നിലനില്‍ക്കുന്നു. ഈ ചോദ്യങ്ങള്‍ നിലനില്‍ക്കെ തന്നെ അവയെ ഒന്നുകൂടി ശക്തിപ്പെടുത്തിക്കൊണ്ട്, 2019 ജൂലൈ 4 അഴീക്കോടന്റെ ജന്മശതാബ്ദി പാര്‍ട്ടി ആഘോഷങ്ങള്‍ ഇല്ലാതെ കടന്നു പോയി. ‘അഴീക്കോടന്‍ വധം’: വസ്തുതകളും വ്യാഖ്യാനങ്ങളും’ എന്നൊരു പുസ്തകം (2022) എഴുതിയ വിന്‍സെന്റ് പുത്തൂര്‍ ഇങ്ങനെ ആ പുസ്തകത്തില്‍ എഴുതുന്നു.
‘1919 ജൂലൈ ഒന്നിന് ജനിച്ച അഴീക്കോടന്റെ ജന്മശതാബ്ദി വര്‍ഷമായിരുന്നു 2019-2020. സി.പി.ഐ. (എം) സംസ്ഥാന വ്യാപകമായി ഒരു ശതാബ്ദി പോലും ആചരിച്ചില്ല. അദ്ദേഹം രാഷ്ട്രീയ കളരിയില്‍ പ്രവേശിച്ച കണ്ണൂരിലും രക്തസാക്ഷിത്വം വഹിച്ച തൃശൂരിലെങ്കിലും ആചരിക്കേണ്ടതായിരുന്നു. ദേശാഭിമാനിയും കൈരളി ചാനലും സഖാവിനെ മറന്നപ്പോള്‍ സഖാവിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് ഒരു ഗ്രന്ഥം രചിക്കണമെന്ന് എന്റെ മനസാക്ഷി എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഈ ഗ്രന്ഥം രചിക്കുവാനുള്ള കാരണം ഇതാണ്.
സോഷ്യലിസ്റ്റുകാരനായ വിന്‍സെന്റ് പുത്തൂര്‍ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുത്ത കാലത്ത് നടന്നതാണ് ഈ സംഭവങ്ങള്‍. യു.യു.സി പ്രവര്‍ത്തകരുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയുമാണ്. ആ കാലത്ത് നടന്ന സംഭവങ്ങള്‍ രേഖകളുടെ വെളിച്ചത്തില്‍ അഴീക്കോടന്‍ വധവും അനുബന്ധ സംഭവങ്ങളും വിശകലനം ചെയ്യുകയാണ് 120 പേജ് മാത്രമുള്ള ‘അഴീക്കോടന്‍ വധം – വസ്തുതകളും വ്യാഖ്യാനങ്ങളും’.
അനാഥമായ അഴീക്കോടന്റെ കുടുംബത്തെ സഹായിക്കാനായി പാര്‍ട്ടി ഫണ്ട് രണ്ട് ലക്ഷത്തിലേറെ തുക ജനങ്ങളില്‍ നിന്ന് സ്വരൂപിച്ചു. 1972 ഡിസംബറില്‍ ഫണ്ട് കൈമാറുന്ന ചടങ്ങില്‍ എ.കെ.ജി. ഒരു കത്ത് സദസ്സിനെ വായിച്ച് കേള്‍പ്പിച്ചു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി രാഘവന്‍ ഇ.എം.എസ്സ് ന് അയച്ച കത്തായിരുന്നു.
‘സഖാവെ,
‘എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് രണ്ടു ലക്ഷത്തില്‍പ്പരം രൂപ പിരിഞ്ഞു കിട്ടിയതായി അറിഞ്ഞു. ഞങ്ങള്‍ക്ക് ജീവിക്കുവാന്‍ ഒരു ലക്ഷം രൂപ തന്നെ അധികമാണെന്ന് തോന്നുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അവസാനാഭിലാഷമനുസരിച്ച് പാര്‍ട്ടി പത്രമായ ദേശാഭിമാനിക്ക് വേണ്ടി ബാക്കി വരുന്ന തുക വിനിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.’
‘പി. കൃഷ്ണ പിള്ളയുടെ നേരിട്ട ശിക്ഷണത്തില്‍ കമ്യൂണിസ്റ്റായി വളരുകയും സഖാവിന്റെ മാതൃകയനുസരിച്ച് സ്വന്തം വര്‍ഗ്ഗത്തിനും രാഷ്ട്രത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവകാരിയായിരുന്നു അഴീക്കോടന്‍ രാഘവന്‍. പി. കൃഷ്ണപിള്ളയുടെ ജീവന്‍ അപഹരിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നെങ്കില്‍ അഴീക്കോടന്റെ ജീവന്‍ അപഹരിച്ചത് രാഷ്ട്രീയ മൂര്‍ഖന്മാരുടെ കരമായിരുന്നു എന്നേയുള്ളൂ വ്യത്യാസം. അഴീക്കോടന്‍ രാഘവന്റെ ത്യാഗപൂരിതമായ ജീവിതവും പ്രവര്‍ത്തനവും എക്കാലത്തേക്കും ഒരു പ്രചോദനമായി നിലകൊള്ളും’ ഇ.എം.എസ് നമ്പൂതിരിപ്പാട് അഴീക്കോടന്‍ രാഘവനെ അനുസ്മരിച്ചു കൊണ്ടെഴുതി.
Content Summary: Today is Comrade Azhikodan Raghavan’s death anniversary
This post was last modified on September 23, 2025 3:11 pm
Leave a Comment