നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും അമിത് ചക്കാലക്കലിന്‍റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷണം നടത്തുന്നത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ രജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളുടെയും രജിസ്റ്റർ നടത്തിയിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വില്പന നടത്തിയത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്.
ഇത്തരം വാഹനങ്ങൾ കേരളത്തിൽ എത്തിച്ച് 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Content Summary: Customs raids Dulquer and Prithviraj’s homes over a vehicle smuggling complaint from Bhutan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.