‘സാഹിത്യ സാര്‍വഭൗമന്‍’ എന്ന് കേരളീയര്‍ വിളിച്ചാദരിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്ന് 150-ാം ജന്മവാര്‍ഷികത്തിലെത്തിയ രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍. ‘കൈരളീദാസന്‍’ എന്ന് സ്വയം വിശേഷിപ്പിക്കാനേ അപ്പന്‍ തമ്പുരാന്‍ മുതിര്‍ന്നുളളൂ.
‘ഞാന്‍ ലോകത്തിന് വേണ്ടിയാണ് എഴുതുന്നത്. എനിക്ക് വേണ്ടിയല്ല…’
അപ്പന്‍ തമ്പുരാന്‍.
1934 ലെ തന്റെ കേരള സന്ദര്‍ശനത്തില്‍ തൃശൂര്‍ പൂങ്കുന്നം രാമകൃഷ്ണാശ്രമത്തിന്റെ വിദ്യാമന്ദിരത്തോട് ചേര്‍ന്ന ഹോസ്റ്റലിന് തറക്കല്ലിട്ടത് മഹാത്മാഗാന്ധിയായിരുന്നു.
തറക്കല്ലിടുന്നതിന് മുമ്പു തച്ചന്മാര്‍ മന്ത്രങ്ങള്‍ ചൊല്ലി ഒരു പൂജ നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. സംസ്‌കൃതത്തിലുള്ള അവരുടെ മന്ത്രത്തിന്റ അര്‍ഥമെന്താണെന്നോ, പൂജയുടെ ഉദ്ദേശ്യമെന്താണെന്നോ ആര്‍ക്കുമറിഞ്ഞ് കൂടായിരുന്നു. തച്ചന്മാര്‍ പൂജിക്കുന്ന കാഴ്ച കണ്ട് ഗാന്ധിജി അവര്‍ ചൊല്ലിയ മന്ത്രങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന സ്‌ക്കൂള്‍ മാനേജര്‍ ആര്‍ക്കും പിടിയില്ലാത്ത ആ പുരാതന മന്ത്രങ്ങള്‍ തച്ചന്‍മാരെ കൊണ്ട് വീണ്ടും ചൊല്ലിച്ച് എഴുതിയെടുത്തു. എന്നിട്ട് ഗാന്ധിജിയെ അതിന്റെ അര്‍ത്ഥം കേള്‍പ്പിച്ചു.

സംസ്‌കൃതത്തിലുള്ള മന്ത്രശ്ലോകങ്ങളുടെ അര്‍ത്ഥം ഇതായിരുന്നു:
”ഇവിടെ, അല്‍പം സ്ഥലത്ത്
ഒരു മനുഷ്യാലയം നിര്‍മ്മിക്കുന്നതുകൊണ്ട്
മുഖം അസുന്ദരമാക്കുന്നതില്‍, പ്രകൃതീശ്വരി, പൊറുക്കുക”.
ഇതിനുവേണ്ടി അകലെ കാടുകളില്‍
മരങ്ങള്‍ മുറിക്കുമ്പോള്‍
കൂടുകള്‍ നഷ്ടപ്പെട്ട പക്ഷികളേ, ക്ഷമിക്കുക!”
കെട്ടിടം പണിക്കുവേണ്ടി കാട്ടിലെ മരങ്ങള്‍ മുറിക്കുക, അതുവഴി മരങ്ങളിന്മേല്‍ അധിവസിക്കുന്ന പക്ഷികളേയും മറ്റു ജീവജാലങ്ങളെയും ശല്യപ്പെടുത്തുക. ഇങ്ങനെ പല വിധത്തിലും പ്രകൃതിയിലെ പരിതസ്ഥിതിയെ (eco-system) മാറ്റിമറിക്കുന്നതിന് പ്രകൃതിയോടു ക്ഷമായാചനം ചെയ്യുകയായിരുന്നു മന്ത്രം ചൊല്ലി നടത്തുന്ന ആ പൂജയുടെ ഉദ്ദേശ്യം ഗാന്ധിജിക്ക് സ്‌കൂള്‍ മാനേജര്‍ ഇക്കാര്യം വിവരിച്ചുകൊടുത്തു. അത്തരമൊരു പൂജ വേണ്ടതു തന്നെയാണെന്ന് ഗാന്ധിജി സമ്മതിക്കുകയും, കേരളത്തിലെ തച്ചന്മാരെ വളരെ പ്രശംസിക്കുകയും ചെയ്തു.
ആ സ്‌ക്കൂള്‍ മാനേജര്‍ അപ്പന്‍ തമ്പുരാനായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെക്കുറിച്ച് അപ്പന്‍ തമ്പുരാന്റെ ജീവചരിത്രകാരന്‍ കെ.ടി. രാമവര്‍മ്മ തന്റെ ഉറ്റ മിത്രമായ മാതൃഭൂമി പത്രാധിപര്‍ എം.ടി. വാസുദേവന്‍ നായരോട് പറഞ്ഞു.
എംടി. എഴുതി.
”ഞാന്‍ തമ്പുരാനെ നോക്കാതെ ഇരുന്നു. പ്രിയപ്പെട്ട തമ്പുരാന്‍,
പൊട്ടിപ്പൊടിയുന്ന വാക്കുകളിലൂടെ താങ്കള്‍ ഇപ്പോള്‍ ഉദ്ധരിച്ച വാചകങ്ങള്‍ കേട്ട് ഞാന്‍ അടിമുടി കോരിത്തരിച്ചിരിക്കുകയാണ്.”
മുഴുവന്‍ ശ്ലോകങ്ങള്‍ കിട്ടാന്‍ തമ്പുരാന്‍ ശ്രമിക്കുകയാണ്. പരിചയമുള്ള ആശാരിമാര്‍ക്കും വിവരമില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയെപ്പറ്റി ധാരാളം കേള്‍ക്കാന്‍ തുടങ്ങിയ ഈ ഘട്ടത്തില്‍, മൂത്താശാരിമാരേ നിങ്ങളീ അമൂല്യസൂക്തങ്ങള്‍ മറന്നുവച്ചത് എവിടെയാണ്?”
തമ്പുരാന്‍ ഇറങ്ങിപ്പോയപ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു. അന്വേഷണം തുടരും, മന്ത്രങ്ങള്‍ മുഴുവന്‍ പകര്‍ത്തിവാങ്ങി തമ്പുരാന്‍ വീണ്ടും വരും. ഇനി അതു മതി, കിട്ടിയ വരികള്‍കൊണ്ടുതന്നെ ഞാന്‍ ഹര്‍ഷോന്മാദത്തിലെത്തിക്കഴിഞ്ഞു; എങ്കിലും,
(എം.ടി. കിളിവാതിലുടെ 1983).
പിന്നീട് ഈ സംഭവം എം.ടി. തന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായ പെരുന്തച്ചനില്‍ ചേര്‍ത്തു.
കാട്ടില്‍ മരങ്ങള്‍ വെട്ടാന്‍ കൂലിക്കാര്‍ തയ്യാറാവുന്നു. മരം വെട്ടാന്‍ തുടങ്ങുമ്പോള്‍, പെരുന്തച്ചന്റെ ശബ്ദം: നിര്‍ത്ത്!
കൂലിക്കാര്‍ നിര്‍ത്തുന്നു.
മകന് അല്പം അലോസരം. (തന്ത ക്ഷണിക്കാതെ എന്തിനു വന്നു എന്ന ഭാവമാണ് മനസ്സില്‍)
നീലകണ്ഠന് നേര്‍ത്ത പരിഹാസം.
ഉണ്ണിത്തമ്പുരാന് സന്തോഷം.
ഉണ്ണിത്തമ്പുരാന്‍: ആ…രാമനും വന്നു! നന്നായി.
പെരുന്തച്ചന്‍: (മകനോട്) ഒരു നല്ല കാര്യം തുടങ്ങുകയായതു കൊണ്ട് ചോദിക്കയാണ്. വൃക്ഷപൂജ കഴിച്ച് അനുവാദം വാങ്ങിയോ?
മകന് മനസ്സിലാവുന്നില്ല.
പരിഹാസത്തില്‍, നീലകണ്ഠന്‍: ദാ, (ഉണ്ണിത്തമ്പുരാനെ ചൂണ്ടി) അനുവാദം തന്നിട്ടുണ്ട്. ഇത് ആരാന്റെ പരിഹാസത്തില്‍, നീലകണ്ഠന്‍: ദാ, (ഉണ്ണിത്തമ്പുരാനെ ചൂണ്ടി) അനുവാദം തന്നിട്ടുണ്ട്. ഇത് ആരാന്റെ കാട്ടിലെ മരമല്ല.
പെരുന്തച്ചന്‍: (അല്പം വിനയത്തോടെ) വൃക്ഷങ്ങളുടെ അനുവാദം വാങ്ങിയോ എന്നാണ് ചോദിച്ചത്!
മകനും നീലകണ്ഠനും ചിരിക്കുന്നു. തന്തയ്ക്ക് ഭ്രാന്തായോ എന്ന് നിഗൂഢ സംശയം. ഉയര്‍ന്ന ചിരി ഒതുക്കി കണ്ണന്‍: മരത്തിന്റെ സമ്മതം ചോദിക്കാറുണ്ടോ മുറിക്കുന്നതിന് മുമ്പേ? (നീലകണ്ഠനോട്) ഉവ്വോ, തിരുമേനി?
നീലകണ്ഠന് സംശയം. ഇല്ലെന്ന് തീര്‍ത്തു പറയാനാവുന്നുമില്ല.
പെരുന്തച്ചന്‍: ഉവ്വ്.
‘ജീവിച്ചു തീര്‍ന്ന് എല്ലാം നേടിക്കഴിഞ്ഞ മരം വെട്ടിയെടുക്കാന്‍ സന്തോഷത്തോടെ സമ്മതിക്കുന്നു. പ്രാര്‍ഥിക്കുമ്പോള്‍ അനുഗ്രഹിക്കുന്നു. അതില്‍ തീര്‍ക്കുന്ന ശില്പങ്ങള്‍ എന്നും ജ്വലിക്കുമെന്ന് ശാസ്ത്രം.’ (പെരുന്തച്ചന്‍ 1990).

മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലായ ‘ഭാസ്‌ക്കരമേനോന്റെ രചയിതാവ്, കേരളത്തിലെ ആദ്യകാല ചലച്ചിത്ര കമ്പനി സിനിടോണിന്റെ സ്ഥാപകന്‍. അപൂര്‍ണ്ണമായ ആദ്യകാല ചലചിത്രം ഭൂതരായരുടെ സംവിധായകന്‍, ചരിത്രകാരന്‍, നോവലിസ്റ്റ്, കവി, വിവര്‍ത്തകന്‍, സാഹിത്യസൈദ്ധാന്തികന്‍ -അങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍
അദ്ദേഹം ആരംഭിച്ച ‘രസിക രഞ്ജിനി’ മാസികയിലാണ് പ്രാചീന സന്ദേശകാവ്യമായ ‘ഉണ്ണുനീലി സന്ദേശം’ ആദ്യമായി അച്ചടിക്കപ്പെട്ടത് പ്രാചീന സൗന്ദര്യശാസ്ത്ര ഗ്രന്ഥമായ ‘ലീലാതിലകം’ ആദ്യമായി അച്ചടിക്കപ്പെട്ടത് അദ്ദേഹം സ്ഥാപിച്ച ‘മംഗളോദയം’ മാസികയിലും, മലയാളത്തിലെ ആദ്യത്തെ ലേഖന സമാഹാരം എന്ന് പറയാവുന്ന ‘ഗദ്യമാലിക’ (1906) പ്രസിദ്ധീകരിച്ചതും അപ്പന്‍ തമ്പുരാനാണ്. ‘ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും’ എന്ന കൃതിയിലൂടെ ദ്രാവിഡവൃത്തങ്ങളെക്കുറിച്ചുള്ള ശാസ്ത്രീ പഠനത്തിനും തുടക്കമിട്ടത് അപ്പന്‍ തമ്പുരാനാണ്.
1875 നവംബര്‍ ഒമ്പതിന് തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ വാഴൂര്‍ തുപ്പന്‍ നമ്പൂതിരിയുടെയും സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ സഹോദരിയും കവയിത്രിയും സംഗീതവിദൂഷിയുമായ കൊച്ചിക്കാവമ്മത്തമ്പുരാട്ടിയുടെയും അഞ്ചാമത്തെ മകനായി രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ ജനിച്ചു. അമ്മയില്‍നിന്ന് ചെറുപ്പത്തിലേ തന്നെ സാഹിത്യത്തിലും സംഗീതത്തിലുമുള്ള താത്പര്യം രാമവര്‍മ്മയ്ക്കു പകര്‍ന്ന് കിട്ടിയിരുന്നു. 1892-ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് ചെന്നൈ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു പഠനം നടത്തി. എം.എ.യ്ക്ക് സംസ്‌കൃതവും ബി.എ.യ്ക്ക് മലയാളവുമായിരുന്നു വിഷയങ്ങള്‍. പക്ഷേ, ബിരുദ പഠനം പൂര്‍ത്തിയാക്കിയില്ല.
മലയാള സാഹിത്യത്തിനും, ഭാഷക്കും, ചരിത്രത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ രാമവര്‍മ്മ അപ്പന്‍ തമ്പുരാന് ഒരു അത്ഭുത പ്രതിഭാസം തന്നെയായിരുന്നു. ‘സാഹിത്യ സര്‍വ്വഭൗമന്‍’ എന്നാണ് കേരളീയര്‍ അദ്ദേഹത്തെ വിളിച്ചാദരിച്ചത്. ചിത്രമെഴുത്ത്, ശില്‍പ്പകല, സംഗീതം, അഭിനയം, സംവിധാനം, കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റേതായ ഈടുറ്റ സംഭാവനകള്‍ നല്‍കി. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ‘ഭാസ്‌കരമേനോന്‍’ (1905), ചരിത്രനോവലായ ‘ഭൂതരായര്‍’ (1923) എന്നിവയിലൂടെ അദ്ദേഹം മലയാള ആഖ്യായികാസാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കി.
തൃശ്ശൂരിന്റെ സാംസ്‌കാരിക ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍. സംസ്‌കൃതം മുന്‍ഷിയായും സര്‍വ്വ വകുപ്പിലും സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം പൂര്‍ണ്ണമായും സാഹിത്യലോകത്ത് സജീവമാകുന്നത്.
മദ്രാസില്‍ കോളേജ് പഠനം കഴിഞ്ഞ് വന്ന അപ്പന്‍ തമ്പുരാന്‍ മലയാള ഭാഷയ്ക്ക് കൂടുതല്‍ വികാസവും ശക്തിയും നല്‍കാന്‍ ആരംഭിച്ച മാസികയാണ് ‘രസിക രഞ്ജിനി’ 1902 ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പത്രാധിപരായി ‘രസിക രഞ്ജിനി’ ആദ്യ ലക്കം പുറത്തിറങ്ങി. രസിക രഞ്ജിനിയില്‍ അപ്പന്‍ തമ്പുരാന്‍ എഴുതിയ ‘ദുര്‍മരണം’ എന്ന തുടര്‍ക്കഥയാണ് ‘ഭാസ്‌കരമേനോന്‍’ എന്ന മലയാളത്തിലെ ആദ്യത്തെ ഡിക്റ്ററ്റീവ് നോവല്‍. മലയാള ഭാഷയില്‍ നന്നായി എഴുതാന്‍ കഴിവുള്ളവര്‍ അന്ന് വിരളമായിരുന്നു. വിജ്ഞാനവും പ്രതിഭയുമുളളവര്‍ക്ക് അനുകൂലമായ സാഹചരും ഉണ്ടാക്കിക്കൊടുത്താല്‍ കഴിവുള്ള എഴുത്തുകാരെ വാര്‍ത്തെടുക്കാമെന്ന് അപ്പന്‍ തമ്പുരാന്‍ മനസിലാക്കി.

രസിക രഞ്ജിനി ഭാഷാ സാഹിത്യത്തിന് ചെയ്ത സേവനങ്ങള്‍ അമൂല്യമാണ് ‘ഉണ്ണുനീലി സന്ദേശം’ സന്ദേശകാവ്യം ആദ്യം പ്രസിദ്ധീകരിച്ചത് മാസികയിലൂടെയാണ്. എന്നാല്‍ സാമ്പത്തികക്ലേശം മൂലം 1907-ാമാണ്ടോടുകൂടി അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. ആ വര്‍ഷം തന്നെ തൃശ്ശൂരേക്ക് താമസം മാറ്റുകയും അയ്യന്തോളില്‍ ‘കുമാരമന്ദിരം’ കോവിലകം പണികഴിപ്പിച്ച് അവിടെ താമസമാരംഭിച്ചു.
സ്വന്തമായി പ്രസ്സ് ഇല്ലാത്തതാണ് രസിക രഞ്ജിനിയുടെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ പുതിയൊരു പ്രസ്സ് തുടങ്ങണമെന്ന് ലക്ഷ്യമിട്ടു. 1911 ല്‍ അപ്പന്‍ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ മംഗളോദയം കമ്പനി സ്ഥാപിച്ചു. അച്ചടിക്കും ലിപികളുടെ ഭംഗിക്കും ഏറെ പേരെടുത്ത ‘കേരള കല്‍പ്പദ്രുമം’ പ്രസ്സ് വിലയ്ക്ക് വാങ്ങി. മികച്ച ഗ്രന്ഥങ്ങള്‍ അച്ചടിക്കാന്‍ മംഗളോദയത്തിന് ഇത് മൂലം കഴിഞ്ഞു.
മംഗളോദയത്തില്‍ നിന്ന് അദ്ധ്യാത്മരാമായണം തുടങ്ങിയ ഉത്തമ ഗ്രന്ഥങ്ങള്‍ ‘മംഗളോദയം ഗ്രന്ഥാവലി എന്ന പേരില്‍ ആകര്‍ഷകമായ രീതിയില്‍ അച്ചടിച്ച് ഒന്നാന്തരം ചിത്രങ്ങള്‍ ചേര്‍ത്തു, അക്ഷരപിശകില്ലാതെ, വരിതിരിച്ച് വൃത്തിയായി അച്ചടിച്ച് ബയന്റ് ചെയ്ത് മികച്ചതായി പുറത്തിറക്കിയ ആ എട്ട് പുസ്തകങ്ങളില്‍ ചിലത് രണ്ടും മൂന്നും പതിപ്പുകള്‍ അച്ചടിച്ചു.
തൃശൂരില്‍ താമസം തുടങ്ങിയത് മുതലാണ് അദ്ദേഹത്തിന്റെ സര്‍വമുഖമായ കഴിവുകള്‍ വികാസം പ്രാപിച്ചത്. മംഗളോദയം മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. മലയാളത്തിലെ പ്രഥമ ലക്ഷണഗ്രന്ഥമായ ലീലാതിലകം ആദ്യം പ്രസിദ്ധീകരിച്ചത് ഈ മാസികയിലാണ്. ഗ്രന്ഥങ്ങളുടെ മുദ്രണത്തിലും പ്രസാധനത്തിലും ഗണനീയമായ പല പരിഷ്‌കാരങ്ങളും അദ്ദേഹം വരുത്തി. അമൂല്യങ്ങളായ പ്രാചീനഗ്രന്ഥങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പ്രാചീന ഗ്രന്ഥമാല എന്നൊരു പ്രസിദ്ധീകരണപരമ്പര മംഗളോദയം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്. തൃശൂര്‍ വിലങ്ങന്‍ കുന്നിലെ ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ചിരുന്ന പ്രബുദ്ധ കേരളം മാസികയുടെ പത്രാധിപത്യവും അപ്പന്‍ തമ്പുരാന്‍ പോലും കുറച്ചുകാലം വഹിച്ചു. ഏറെക്കാലം മംഗളോദയം കമ്പനിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം.

നൂറുവര്‍ഷം മുന്‍പ് അപ്പന്‍ തമ്പുരാന്‍ എഴുതിയ ഭൂതരായര്‍ എന്ന നോവല്‍ ഐതിഹ്യവും ചരിത്രവും സംയോജിപ്പിച്ചിട്ടുള്ള ഒരു സാമൂഹികരാഷ്ടീയ ആഖ്യായികയാണ്. നദികള്‍, കുന്നുകള്‍, കൊള്ളക്കാര്‍ താമസിക്കുന്ന ഇടതൂര്‍ന്ന വനങ്ങള്‍, പ്രാദേശിക കളരി പട്ടാളക്കാര്‍, വിവിധ കലാരൂപങ്ങള്‍, ഇടുങ്ങിയ വഴികളിലൂടെ പല്ലക്കില്‍ സഞ്ചരിക്കുന്ന രാജകുമാരന്മാര്‍ തുടങ്ങിയവരുടെ വാസസ്ഥലമായ പുരാതന കേരളമാണ്… വീരമാര്‍ത്താണ്ഡ പെരുമാള്‍ രാജാവിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളായ പള്ളിബാണര്‍, ഭൂതരായര്‍ എന്നിവരെക്കുറിച്ചുമാണ് കഥ. പ്രാദേശിക നായര്‍ പ്രമാണിമാരും പട്ടാളക്കാരുമടക്കം നിരവധി പ്രധാന കഥാപാത്രങ്ങളും അതിലുണ്ട്. 1800 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളത്തിലെ രാജവംശങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും കുറിച്ച് വിവരിക്കുന്ന നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന സാംസ്‌കാരിക വ്യവസ്ഥ പതിനെട്ടാം നൂറ്റാണ്ടിലേതാണെന്നും അതിനപ്പുറമുള്ളതല്ലെന്നും ആമുഖത്തിന്‍
1923-ല്‍ എഴുതിയ ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ശുദ്ധ മലയാളമാണ്.
1926 ല്‍ ഭൂതരായര്‍ നാടകമായി എറണാകുളം മഹാരാജാസ് കോളേജില്‍ അവതരിപ്പിച്ചു. കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമഭിനയിക്കുന്ന ഈ നാടകത്തിന്റെ മുഴുവന്‍ ചുമതലയും അപ്പന്‍ തമ്പുരാന്‍ ഏറ്റെടുത്തു. ഒരു നാടക സംവിധായകന്‍ എന്ന നിലയില്‍ അപ്പന്‍ തമ്പുരാന്റെ കഴിവ് മുഴുവന്‍ തെളിഞ്ഞ് കണ്ടത് നാടകം അരങ്ങില്‍ കളിച്ചപ്പോഴാണ്. റിഹേഴ്‌സലിന് മുന്‍പ് നാടകത്തിലെ കഥാപാത്രങ്ങളായി അഭിനയിക്കാന്‍ പറ്റിയ ആളുകളെ തിരഞ്ഞെടുക്കലായിരുന്നു ആദ്യം ചെയ്തത്. ഈയാവശ്യത്തിന് അഭിനയിക്കാന്‍ തയ്യാറുണ്ടായിരുന്നവരെയെല്ലാം ഒരു ഹാളില്‍ വിളിച്ചുകൂട്ടി തമ്പുരാന്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഓരോത്തര്‍ക്കും ‘റോള്‍’ നിശ്ചയിച്ചത്. ഓരോ വ്യക്തിയുടെയും അഭിനയ സാമര്‍ത്ഥ്യം കൂടി കണക്കിലെടുത്തിരുന്നു. ഒരാളുടെ മുഖത്തിന്റെ വടിവും, ആകസ്മികമായി മുഖത്തു പുറപ്പെടുന്ന ഭാവങ്ങളും നിരീക്ഷിക്കുന്നതുകൊണ്ടു മാത്രം അയാള്‍ക്ക് എത്രകണ്ട് അഭിനയസാമര്‍ത്ഥ്യമുണ്ടായിരിക്കുമെന്നു തീരുമാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒന്നരമാസം എറണാകുളത്ത് താമസിച്ച് അപ്പന്‍ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ നാട് റിഹേഴ്‌സല്‍ നടത്തി. നാലര മണിക്കൂറായിരുന്നു അദ്ദേഹം എഴുതിയ നാടകസ്‌ക്രിപ്റ്റിന്റെ ദൈര്‍ഘ്യം.
മഹാരാജാസ് കോളേജില്‍ അന്ന് അദ്ധ്യാപകനായിരുന്ന പ്രൊഫ നാരായണമേനോന്‍ ഈ നാടകത്തില്‍ ചെറിയ വേഷം അഭിനയിച്ചിരുന്നു. അദ്ദേഹം റിഹേഴ്‌സല്‍ സമയത്തെ അപ്പന്‍ തമ്പുരാന്റെ നിര്‍ദേശങ്ങള്‍ ഓര്‍മിക്കുന്നു. ”റിഹേഴ്സല്‍ സമയത്തു ഓരോ കഥാപാത്രത്തിന്റെയും, സംഭാഷണത്തിലെ ഓരോ വരിയും തമ്പുരാന്‍ തന്നെ അഭിനയിച്ചു കാണിച്ചുകൊടുക്കുകയായിരുന്നു പതിവ്. അഭിനയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന തന്മയത്വം നിരതിശയം തന്നെയായിരുന്നു ‘ഭൂതരായരിലെ ആനന്ദവല്ലിയുടെ ഭാഗമഭിനയിക്കുമ്പോഴത്തെ കവിളില്‍ ചൂണ്ടാണിവിരല്‍ കുത്തി കുഴഞ്ഞാടിക്കൊണ്ടുള്ള ആ നില്‍പ്പും, ഭൂതരായരുടെ ഭാഗമഭിനയിക്കുമ്പോഴത്തെ ധാര്‍ഷ്ട്യവും പൗരുഷവും, ഓമലയുടെ ഭാഗമഭിനയിക്കുമ്പോഴത്തെ കുലീന സ്ത്രീയുടെ ഭാവവും തനിക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ലെന്നാണ് നാരായണ മേനോന്‍ ഓര്‍ക്കുന്നത്.

അഭിനയത്തിന്റെ കാര്യത്തില്‍ തമ്പുരാന്‍ ഒരു ‘പെര്‍ഫെക്ഷണിസ്റ്റ് ആയിരുന്നു. മുഖത്തെ ഓരോ ഭാവത്തിന്റെയും ഉച്ചരിക്കുന്ന ഓരോ വാക്കിന്റെയും സൂക്ഷ്മമായ അംശങ്ങള്‍പോലും ശ്രദ്ധിച്ചിരുന്നു. പല്ലക്കും തോളത്തുവെച്ചു മൂളിക്കൊണ്ടുപോകുന്ന അമാലന്റെ ഭാഗവും, കുറവനും കുറത്തിയും പാടിയാടുന്ന ഭാഗവും അഭിനയിച്ചു കാണിച്ചുകൊടുത്തതാണ് റിഹേഴ്‌സല്‍ സമയത്ത് അവിടെ ഉണ്ടായിരുന്ന പ്രേംജിയ്ക്ക് (അന്ന് നാടക നടന്‍, പിന്നീട് ചലചിത്രനടനും) ഏറ്റവും അത്ഭുതകരമായി തോന്നിയത്.
മഹാരാജാസ് കോളജില്‍ ഭൂതരായര്‍’ അവതരിപ്പിച്ചപ്പോള്‍ അപ്പന്‍ തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരം രംഗപടം തയ്യാറാക്കിയത് എറണാകുളത്തെ ഏറ്റവും മുതിര്‍ന്ന ആര്‍ട്ടിസ്റ്റ് കുഞ്ഞന്‍ മേനോനായിരുന്നു. ഓരോ സീനും തമ്പുരാന്‍ പറഞ്ഞ സൂക്ഷ്മ നിര്‍ദ്ദേശങ്ങളനുസരിച്ചു തയ്യാറാക്കിയത്. കഥാപാത്രമായ പെരുമാള്‍ക്ക് ഇരിക്കാന്‍ ഒരു സിംഹാസനത്തിന്റെ ആവശ്യമുണ്ടായിരുന്നു. അതിനു ഡര്‍ബാര്‍ ഹാളിലെ ഏതെങ്കിലും ഇരിപ്പിടം മതിയാകുമെന്ന് സംഘാടകര്‍ വിചാരിച്ചു. എന്നാല്‍ അവിടത്തെ കസേരകളിലൊന്നു പോലും അപ്പന്‍തമ്പുരാന് ഇഷ്ടമായില്ല. ഒടുവില്‍ കനകക്കുന്ന് കൊട്ടാരത്തില്‍നിന്ന് ഒരു സിംഹാസനം വരുത്തി അപ്പന്‍ തമ്പുരാനെ കാണിച്ച് തൃപ്തി വരുത്തിയാണ് അത് പരിഹരിച്ചത്.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന് മുമ്പിലാണ് നാടകമവതരിപ്പിച്ചത്. സാധാരണയായി രണ്ടു മണിക്കൂര്‍ നേരത്തെ നാടകം കാണുമ്പോള്‍ പോലും അക്ഷമ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നവരാണ് എറണാകുളത്തെ സദസ്യര്‍. എന്നാല്‍ അവരെല്ലാം പൂര്‍ണ്ണനിശ്ശബ്ദത പാലിച്ചുകൊണ്ടു നാടകം വീക്ഷിച്ചു കൊണ്ടിരുന്നത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. ഒരു നടനേയും ‘പ്രോംപ്ട് ചെയ്യേണ്ട ആവശ്യം തന്നെയുണ്ടായില്ല. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ സന്ദര്‍ഭാനുസൃതമായ ഉച്ചാരണഭേദങ്ങളോടെ തന്നെ മനഃപാഠമാക്കിയിരുന്നു
അത്ര ഗംഭീരമായ ഒരു നാടകം തങ്ങള്‍ അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ലെന്ന് അന്നു മഹാരാജാസ് കോളേജില്‍ സന്നിഹിതരായിരുന്ന സദസ്യര്‍ ഒന്നൊഴിയാതെ ഉറപ്പിച്ചു പറഞ്ഞു.
ആ നാടകത്തിന്റെ അരങ്ങേറ്റ സ്മരണയ്ക്ക് അപ്പന്‍ തമ്പുരാന് ഒരു ഉപഹാരം സമര്‍പ്പിക്കേണ്ടതാണെന്ന് നാടകത്തില്‍ പങ്കെടുത്തവര്‍ക്കും കോളേജ് സംഘാടകര്‍ക്കും മോഹമുണ്ടായിരുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ തമ്പുരാന് ശുണ്ഠി വന്നു. നിങ്ങളുടെ പ്രീതിയ്ക്ക് വേണ്ടിയല്ല. എന്റെ പ്രീതിയ്ക്ക് വേണ്ടിയാണ് ഞാന്‍ നാടകമരങ്ങേറിയത് ഉപഹാരം! ഉപഹാരം തന്നാല്‍ ഞാനതു നിങ്ങളുടെ മുഖത്തു വലിച്ചെറിയും!’ എന്നാണ് അദ്ദേഹം പറഞ്ഞത്
എന്നിട്ട് അദ്ദേഹം പറഞ്ഞു. ‘തൃശൂര്‍ വിവേകോദയം സ്‌കൂളിനു പണം പിരിക്കാന്‍ വേണ്ടി ഈ നാടകം ടിക്കറ്റുവെച്ചു തൃശ്ശൂരില്‍ അരങ്ങേറാനുദ്ദേശ്യമുണ്ട്. തീയതി പിന്നീടറിയിക്കാം. ആ ദിവസം വരാന്‍ കഴിയില്ലെന്നൊന്നും ആരും പറയരുത്.’
എറണാകുളം മഹാരാജാസ് കോളേജില്‍ ‘ഭൂതരായര്‍’ നാടകരൂപത്തില്‍ അവതരിപ്പിച്ചു കണ്ടപ്പോഴാണ് ഗദ്യനാടകത്തിന്റെ സാധ്യതകള്‍ അപ്പന്‍ തമ്പുരാന് മനസ്സിലായത്. അന്നുവരെ പദ്യനാടകങ്ങളായിരുന്നു നാടക രംഗത്ത് അവതരിപ്പിച്ചത്. നാടകരംഗത്ത് ഗദ്യനാടകങ്ങള്‍ക്ക് പിന്നീട് ലഭിച്ച പ്രചാരത്തിന് കാരണക്കാരനായതും അപ്പന്‍ തമ്പുരാനാണ്.
നാടകത്തിന്റെ മേക്കപ്പില്‍ പുതുമയേറിയ പലതും അപ്പന്‍ തമ്പുരാന്‍ രംഗത്ത് അവതരിപ്പിച്ചു. ‘ഭൂതരായ’രിലെ മിക്ക കഥാപാത്രങ്ങള്‍ക്കും കുടുമയുള്ളതിനാല്‍ കൃത്രിമമായ കുടുമയുണ്ടാക്കാന്‍ തമ്പുരാന്‍ ഒരു വിദ്യ കണ്ടുപിടിച്ചു. കറുത്ത നിറമുള്ള കട്ടിക്കടലാസ്സ് വട്ടത്തില്‍ മുറിച്ച് അതിന്മേല്‍ നീണ്ട കൃത്രിമമുടികള്‍ തുന്നിപ്പിടിപ്പിക്കുക, ഈ കൃത്രിമ മുടികള്‍ തലയുടെ ഇടത്തുവശത്തോ, വലത്തുവശത്തോ മുന്നിലോ, പിറകിലോ, എവിടെ വേണമെങ്കിലും കുടുമ്മയാക്കിക്കെട്ടാന്‍ കഴിഞ്ഞിരുന്നു. കട്ടിക്കടലാസ്സിന്റെ രണ്ടറ്റങ്ങളില്‍ ഘടിപ്പിച്ചിരുന്ന നേരിയ കറുത്ത ചരടുകള്‍ ചെവിയ്ക്കു പിന്നില്‍ കൂടിക്കൊണ്ടുവന്ന് താടിയ്ക്ക് കീഴില്‍ കെട്ടുക വഴിയാണ് മുടി തലയിലുറപ്പിച്ചിരുന്നത്.
നഗ്‌നമായ കൃത്രിമസ്തനങ്ങള്‍ ധരിച്ച കഥാപാത്രങ്ങള്‍ ആദ്യമായി വേദിയില്‍ പ്രതൃക്ഷപ്പെട്ടതും തമ്പുരാന്‍ സംവിധാനം ചെയ്ത നാടകങ്ങളിലാണെന്ന് ഇത്തരം സംരംഭങ്ങള്‍ നേരിട്ട് കണ്ട തമ്പുരാന്റെ സുഹൃത്തായ മൂത്തേടത്ത് കൊച്ചുണ്ണി മേനോന്‍ അനുസ്മരിക്കുന്നു.
മൂന്നു വര്‍ഷത്തിന് ശേഷം കോഴിക്കോട്ടുകാരനായ പി. കെ. മേനോന്‍ എന്നൊരാള്‍ അപ്പന്‍ തമ്പുരാനെ സമീപിച്ചു. മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ഒരു കമ്പനി തുടങ്ങണമെന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഇതിന് ഒരു വര്‍ഷം മുന്‍പ് മാത്രമായിരുന്നു മലയാളത്തിലെ ആദ്യ സിനിമ, (നിശബ്ദ ചിത്രം ) കെ.സി. ഡാനിയലിന്റെ ‘വിഗതകുമാരന്‍’ പുറത്ത് വന്നത്. അപ്പന്‍ തമ്പുരാനും മേനോനും കേരളാസിനിട്ടോണ്‍ എന്ന കമ്പനി രൂപീകരിക്കുകയും, അതിന്റെ മാനേജിങ്ങ് ഏജന്റുമാരായി പി കെ മേനോനെയും, അപ്പന്‍ തമ്പുരാന്റെ മകന്‍ കുട്ടികൃഷ്ണമേനോനേയും നിയമിക്കുകയും ചെയ്തു. കമ്പനിയുടെ ആദ്യ ചിത്രം ‘ഭൂതരായര്‍’ ആയിരിക്കമെന്ന് ഇവര്‍ തീരുമാനിച്ചു.

ഭൂതരായര്‍’ സിനിമയാക്കാന്‍ സിനിട്ടോണ്‍ കമ്പനി വിപുലമായ രീതിയില്‍ ശ്രമം നടത്തി. ‘ഭൂതരായര്‍’ സിനിമയാക്കാന്‍ പോകുന്നുവെന്നും, അതില്‍ അഭിനയിക്കാന്‍ നടീനടന്മാരെ ആവശ്യമുണ്ടെന്നും മറ്റും കാണിച്ച് പത്രങ്ങളില്‍ ഒരു പരസ്യം കൊടുത്തു. പിന്നീട് സിനിമാരംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന പല വ്യക്തികളും അതു കണ്ടു അപേക്ഷ അയച്ചു. തിക്കുറിശ്ശി, എസ്. പി. പിള്ള, പ്രേംജി, എം. എസ്. നമ്പൂതിരി. എന്നിവര്‍ അവരില്‍ ചിലരാണ്. ‘ബാലന്‍’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച, മലയാള സിനിമയിലെ ആദ്യത്തെ നായികയെന്നു പേരെടുത്ത എം കമലവും, തലശ്ശേരിക്കാരിയായ നെട്ടൂര്‍ ലക്ഷ്മിയും ഈ സിനിമയില്‍ നടികളാകാന്‍ തയ്യാറായി.
അച്ചടിച്ച തിരക്കഥ കൂടാതെ ഭൂതരായര്‍ സിനിമാരംഗങ്ങള്‍” സിനിമയ്ക്കുവേണ്ടി നോവലിനെ 142 രംഗങ്ങളായി വിഭജിച്ചിരിക്കുന്നു പാട്ടുകള്‍ അടക്കം. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ക്കു വേണ്ട സ്‌കെച്ചുകള്‍ വിശദമായി വരപ്പിച്ചിരുന്നു. പഴയ പടയാളി നായരുടെ വസ്ത്രധാരണം എങ്ങനെയായിരുന്നു? തമ്പുരാക്കന്മാര്‍ ഏതെല്ലാം ആയുധങ്ങള്‍ ധരിച്ചിരുന്നു എന്നു കൃത്യമായി ഈ സ്‌കെച്ചുകള്‍ ഉപകരിച്ചു.
ചിരുതക്കുട്ടി കോമക്കുറുപ്പി കുറവന്‍ കുറത്തി, തുടങ്ങിയ ഓരോ കഥാപാത്രത്തിന്റെയും ദേഹവടിവും വേഷവിധാനവും ചില പ്രധാനപ്പെട്ട സീനുകളും, ചായപ്പെന്‍സില്‍ ഉപയോഗിച്ചു തമ്പുരാന്‍ തന്നെ കടലാസ്സില്‍ സ്‌കെച്ചു വരച്ച് സൂക്ഷിച്ചുയെന്നതാണ് മറെറാന്ന്. ചലചിത്ര ലോകത്ത്, പില്‍ക്കാലത്ത് സത്യജിത് റേ, ജി. അരവിന്ദന്‍ തുടങ്ങിയ ചലച്ചിത്ര സംവിധായകര്‍ മാത്രമേ ഇത്തരം രീതികള്‍ സ്വീകരിക്കാറുള്ളൂ. കൂടാതെ അപ്പന്‍ തമ്പുരാന്‍ ചില കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഒരു ചിത്രകാരനെ കൊണ്ട് വരപ്പിക്കുകയും ചെയ്തു. 96 വര്‍ഷം മുന്‍പ് ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണെന്ന് ഓര്‍ക്കുക! അതായിരുന്നു അപ്പന്‍ തമ്പുരാന്‍ എന്ന പ്രതിഭ.
അന്നു കേരളത്തില്‍ സിനിമാ സംവിധായകന്മാര്‍ ഇല്ലായിരുന്നു. ഒരു സംവിധായകന്‍ കേരളത്തില്‍ ഒരു നിര്‍മ്മാതാവിന്റെ ആവശ്യപ്രകാരം ഒരു സിനിമ സംവിധാനം ചെയ്യാന്‍ വന്നിരുന്നു. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ‘ബാലന്‍’ സംവിധാനം ചെയ്ത ഷെവക്രം നൊട്ടാണിയായിരുന്നു അത്. സിനിമയെടുക്കേണ്ടതെങ്ങനെയെന്നു നന്നായറിയാമായിരുന്ന പാഴ്‌സിയായ നൊട്ടാണിക്ക് മലയാളഭാഷ തീരെ വശമുണ്ടായിരുന്നില്ല. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായവും ആചാരങ്ങളും എല്ലാം അദ്ദേഹത്തിന് പുതുമയായിരുന്നു. അതിനാല്‍ നൊട്ടാണിയുടെ ഉപയോഗത്തിനുവേണ്ടി രംഗങ്ങള്‍ തിരിച്ചുള്ള സ്‌ക്രിപ്റ്റിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടി വന്നു. വിചിത്രമായ ഏതോ ലോകം സന്ദര്‍ശിച്ച പ്രതീതിയാണ് ഈ സ്‌ക്രിപ്റ്റ് കണ്ടപ്പോള്‍ തനിയ്ക്കുണ്ടായതെന്നാണ് നൊട്ടാണി അപ്പന്‍ തമ്പുരാനോടു പറഞ്ഞത്!
തൃശൂര്‍ നഗരത്തിനടുത്തുള്ള അയ്യന്തോള്‍ക്ക് പോകുന്ന വഴിയില്‍ ഓവര്‍ബ്രിഡ്ജിന് സമീപമുണ്ടായിരുന്ന ‘ദില്‍കുഷ്’ എന്നു പേരായ വലിയ ബംഗ്ലാവില്‍ നടീനടന്മാരുടെ താമസത്തിന്നേര്‍പ്പാടു ചെയ്തു. നൊട്ടാണി കേരളത്തിലേയ്ക്കു വന്നിരുന്നതു കുടുംബസമേതമാണ്. അദ്ദേഹത്തിനും കുടുംബത്തിനും താമസത്തിനായി ഒരു പ്രത്യേക ബംഗ്ലാവ് ഏര്‍പ്പാടു ചെയ്തിരുന്നു. നടന്മാരുടെയും നൊട്ടാണി കുടുംബത്തിന്റെയും ചെലവു വഹിച്ചിരുന്നത് ‘കേരളാ സിനിട്ടോണ്‍ കമ്പനി’യായിരുന്നുവെങ്കിലും, പണത്തിനു മുട്ടുവന്നിരുന്ന സന്ദര്‍ഭങ്ങളില്‍ അപ്പന്‍ തമ്പുരാന്‍ സ്വന്തം കൈയില്‍ നിന്നു പണമിറക്കിയിരുന്നു.
റോളുകള്‍ക്ക് ആളുകളെ തിരഞ്ഞെടുക്കുക, റിഹേഴ്സ് ചെയ്യിക്കുക എന്നിവ തന്റെ ചുമതലകളായിട്ടാണ് തമ്പുരാന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ റോളുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ നൊട്ടാണിയുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. റോളുകള്‍ നല്‍കുന്നത് രൂപസാദൃശ്യത്തിനു മുന്‍തൂക്കം കല്്പിച്ചിരുന്നു. പില്‍ക്കാലത്തു പ്രസിദ്ധ സിനിമാനടന്മാരായിത്തീര്‍ന്ന എസ്.പി. പിള്ളയ്ക്കും തിക്കുറിശ്ശിയ്ക്കും നിശ്ചയിച്ചിരുന്നത് ചെറിയ റോളുകളാണ്. തിക്കുറിശ്ശിക്ക് അക്കാലത്ത് പതിനേഴോ പതിനെട്ടോ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എം. എസ്. നമ്പൂതിരിക്കും ഒരു ചെറിയ റോളാണ് നിശ്ചയിച്ചിരുന്നത്. പ്രേംജിക്കും ഒരു വേഷമുണ്ടായിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധനായ നാടക നടനായ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാനായിരുന്നു പ്രധാന വേഷമായ വീരമാര്‍ത്താണ്ഡപ്പെരുമാളായത്.

കഥാപാത്രങ്ങള്‍ക്ക് റിഹേഴ്‌സല്‍ ആരംഭിച്ചപ്പോള്‍ അപ്പന്‍ തമ്പുരാന്‍ തന്നെയായിരുന്നു നിയന്ത്രിച്ചത്. പടത്തിന്റെ ഡയറക്ടറായ നൊട്ടാണിക്കു തമ്പുരാന്‍ വലിയ സ്വാതന്ത്ര്യമൊന്നുമനുവദിച്ചിരുന്നില്ല. റിഹേഴ്‌സലിനിടയില്‍ നൊട്ടാണിയുടെ അഭിപ്രായങ്ങളില്‍ മിക്കവയും തള്ളിക്കളയുകയായിരുന്നു പതിവ്. ഭൂതരായറും ജ്യേഷ്ഠന്‍ പള്ളിബാണരും തമ്മില്‍ വാക്കേറ്റം നടക്കുന്ന രംഗത്തില്‍, ആ പ്രതിയോഗികളുടെ ഉള്ളിലെ രോഷം സൂചിപ്പിക്കാന്‍ കൈകള്‍ കൊണ്ടു ചില ചേഷ്ടകള്‍ കാണിക്കേണ്ടതാണെന്നു നൊട്ടാണി അഭിപ്രായപ്പെട്ടപ്പോള്‍ തമ്പുരാന്‍ പറഞ്ഞു. ‘കേരളത്തിലെ തമ്പുരാക്കന്മാര്‍ തമ്മില്‍ വാക്കേറ്റം നടക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറുകയെന്നു നിങ്ങളേക്കാള്‍ എത്രയോ നന്നായി എനിക്കറിയാം. അവരുടെ കോപം ജ്വലിക്കും പക്ഷേ കൈകള്‍ കൊണ്ട് നിങ്ങള്‍ പറയുന്നതുപോലുള്ള ചേഷ്ടകളൊന്നും അവര്‍ കാണിക്കുകയില്ല. അവര്‍ കൈകള്‍ ഉപയോഗിക്കും – കോപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഉറയില്‍ നിന്നു വാളൂരി വെട്ടാന്‍ വേണ്ടി മാത്രം.’
ദൂതരായരുടെ റിഹേഴ്സലും മറ്റും പൂര്‍ത്തിയാകാന്‍ നാലഞ്ചു മാസമെടുത്തു. അക്കാലമത്രയും സകല ചെലവുകളും വഹിച്ചിരുന്നത് കേരളാ സിനിട്ടോണ്‍ കമ്പനിയായിരുന്നു. ഒടുവില്‍ നിര്‍മ്മാണത്തിനുവേണ്ട പണമിറക്കാമെന്നേറ്റിരുന്നവര്‍ പിന്‍വാങ്ങി.
‘പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ താമസം നേരിടുമെന്നറിവായപ്പോള്‍ തുടങ്ങിയാല്‍ വിവരമറിയിക്കാമെന്നു… അപ്പോള്‍ എല്ലാവരും വീണ്ടും എത്തണം എന്ന കരാറിന്മേല്‍ നടന്മാരെ പിരിച്ചുവിട്ടു. പിന്നീട് കൊച്ചി രാജകുടുംബത്തിലെ ചില തമ്പുരാക്കന്മാര്‍ തന്നെ പണമിറക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു, ഒന്നും നടന്നില്ല.
ഇത്രയുമായപ്പോള്‍ ‘ഭൂതരായര്‍’ സിനിമയാക്കാന്‍ കഴിയുമെന്ന പ്രത്യാശ തമ്പുരാന്‍ തന്നെ ഉപേക്ഷിച്ചു. ആ ശ്രമം കൊണ്ടു അപ്പന്‍ തമ്പുരാന് വന്‍ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിച്ച് കടം കേറി. മലയാള സിനിമയുടെ ചരിത്രസംഭവമാകേണ്ട ഭൂതരായര്‍ ഒരു രംഗം പോലും ചിത്രീകരിക്കാതെ അങ്ങനെ അവസാനിച്ചു. മലയാളത്തിലെ അച്ചടിക്കപ്പെട്ട ആദ്യത്തെ തിരക്കഥയെഴുതിയ, മലയാള സിനിമയില്‍ ഭൂതരായര്‍ക്ക് വേണ്ടി ആദ്യത്തെ വണ്‍ലൈന്‍ സ്റ്റോറിയെഴുതിയ അപ്പന്‍തമ്പുരാന്റെ മഹത്തായ സംരംഭം ഒരു വര്‍ണ്ണശബള സ്വപ്നം മാത്രമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
എറണാകുളം – കോട്ടയം റെയില്‍വേ പാതയുടെ നിര്‍മ്മാണ ചിലവിന് പണമില്ലാതെ വന്നപ്പോള്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രീശന്റെ ക്ഷേത്രത്തിലെ സ്വര്‍ണ്ണ തിടമ്പും കിരീടവും വിറ്റ് പണം സംഭരിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ പാരമ്പര്യമുള്ള കൊച്ചി രാജ്യത്തെ രാജ ഭരണകുടുംബാംഗമായിട്ടും തന്റെ സംരംഭം പൂര്‍ത്തിയാക്കാന്‍ അവിഹിതമായി തന്റെ സ്വാധീനം ഉപയോഗിക്കാനോ സഹായം തേടാനോ അപ്പന്‍ തമ്പുരാന്‍ മുതിര്‍ന്നില്ലായെന്നതാണ്’ ഭൂതരായര്‍ എന്ന നടക്കാത്ത സ്വപ്നത്തെ അനശ്വരമാക്കുന്നത്.
അപ്പന്‍ തമ്പുരാന്‍ എഴുതിയ മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്‌ക്കര മേനോന്‍ 1905 ല്‍ പുറത്ത് വന്നു. ഒരു നായര്‍ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീര്‍ഷകകഥാപാത്രമായ ഭാസ്‌ക്കരമേനോന്‍, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താന്‍ ഭാസ്‌ക്കരമേനോന്‍ സ്വീകരിക്കുന്ന രീതികള്‍, ഷെര്‍ലക് ഹോംസിന്റെ ശൈലിയോട് സാദൃശ്യമുള്ളതാണ്.

കേരളത്തിലെ പ്രസിദ്ധരായ ആദ്യകാല പ്രസാധകരില്‍ ബി.വി. ബുക്ക് ഡിപ്പോവിന്റെ സ്ഥാപകനായ മായന്നൂര്‍ക്കാരനായ കെ. എസ്. രാമന്‍മേനോന്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ തുടങ്ങിയ പല പട്ടണങ്ങളിലും ബ്രാഞ്ചുകളോടുകൂടിയ ഒരു പുസ്തക പ്രസാധനസാമ്രാജ്യം തന്നെ സ്ഥാപിച്ചു. രാമന്‍ മേനോന്റെ അഭ്യര്‍ത്ഥനയനുസരിച്ച്. രസിക രഞ്ജിനിയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്ന ‘ഭാസ്‌ക്കര മേനോന്‍’ പ്രസിദ്ധീകരിക്കാന്‍ അപ്പന്‍ തമ്പുരാന്‍ രാമന്‍ മേനോനു നല്കി. രണ്ടു മൂന്നു വര്‍ഷം കൊണ്ട് ‘ഭാസ്‌കരമേനോന്‍’ ഏഴോ എട്ടോ പതിപ്പുകള്‍ പുറത്ത് വന്നു. അതിന്റെ വില്പന വഴി രാമന്‍മേനോന് മുപ്പത്തയ്യായിരം രൂപയോളം (1905 ലെ 30000 രൂപ!) ലഭിച്ചു. ഈ പുസ്തകം തിരുവിതാംകൂറില്‍ ‘മലയാളം പാഠപുസ്തകമായി’. കൂടാതെ, രാമന്‍മേനോന്‍ തന്റെ സ്വാധീനം വഴി ‘ഭാസ്‌കരമേനോ’നെ മദിരാശി സര്‍വകലാശാലയിലെയും പാഠപുസ്തകമാക്കിച്ചു.
തനിക്ക് ലഭിച്ച വലിയ വരുമാനത്തിന് കാരണക്കാരനായ അപ്പന്‍ തമ്പുരാനോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ രാമന്‍ മേനോന്‍ 8000 രൂപ വെള്ളിനാണയങ്ങളാക്കി മാറ്റിച്ച്, ഒരു ചാക്കിലാക്കി തൃശൂര്‍ അപ്പന്‍ തമ്പുരാന്റെ ഗൃഹമായ കുമാരമന്ദിരത്തില്‍ ചെന്ന് ആ നാണയച്ചാക്ക് കാഴ്ചവെച്ചു: ‘ഇത്ര വലിയ ലാഭം എനിയ്ക്കുണ്ടായത് അവിടുത്തെ ഒറ്റയാളുടെ കാരുണ്യം കൊണ്ടല്ലേ. അതിനാല്‍ ഈ ലാഭത്തിന്റെ ഒരംശം അവിടുത്തേയ്ക്കവകാശപ്പെട്ടതാണ്.’ രാമന്‍മേനോന്‍ പറഞ്ഞു.
‘ഹേയ്! അതൊന്നും ഇവിടെ വേണ്ട’ എന്നായിരുന്നു അപ്പന്‍ തമ്പുരാന്റെ മറുപടി. ‘ആ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു തന്നതാണ്. അതുകൊണ്ട് വല്ല ലാഭവുമുണ്ടായിട്ടുണ്ടെങ്കില്‍, അതു നിങ്ങളുടെ സാമര്‍ത്ഥ്യം കൊണ്ട് എന്നു കരുതിയാല്‍ മതി. അതില്‍ എനിയ്ക്ക് ഒരവകാശവുമില്ല”
”എന്നാലും എന്തെങ്കിലുമൊരു തിരുമുല്‍ക്കാഴ്ച സ്വീകരിച്ചാലും”
”ഓഹോ! അങ്ങനെയാകാമല്ലോ. അതിനെന്താ വിരോധം? രാമന്‍മേനോന്‍ തെക്കന്‍ ദിക്കില്‍ കൂടെക്കൂടെ പോയിവരുന്ന ആളല്ലേ. ആ ദിക്കില്‍ നല്ല മെത്തപ്പായ കിട്ടും. ഇനി തെക്കോട്ടു പോയി വരുമ്പോള്‍ എനിയ്ക്കു വേണ്ടി നാലു മെത്തപ്പായ കൊണ്ടു വന്നോളൂ.’ അതാണ് ഭാസ്‌ക്കരമേനോന്‍ എഴുതിയതിന് അപ്പന്‍ തമ്പുരാന് ലഭിച്ച പ്രതിഫലം നാല് മെത്ത പായ !
പണച്ചാക്കു വാങ്ങാന്‍ താന്‍ വിസമ്മതിച്ചതിനെ കുറിച്ച് പറഞ്ഞത് കൈരളിയുടെ അഭിവൃദ്ധിയ്ക്കു നല്ല എഴുത്തുകാരുണ്ടായാല്‍ മാത്രം പോരാ,. രാമന്‍മേനോനെപ്പോലുള്ള നല്ല പ്രസാധകരും വേണം. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് എഴുത്തുകാരുടെ കടമയാണ്.
മലയാളത്തില്‍ ഇംഗ്ലീഷില്‍ നിന്ന് സാങ്കേതിക പദങ്ങള്‍ മൊഴിമാറ്റിയ ആദ്യത്തെയാള്‍ ഒരു പക്ഷേ, കേരളവര്‍മ്മ അപ്പന്‍ തമ്പുരാനായിരിക്കും… കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് ചിന്തിക്കുന്നതിന് അര നൂറ്റാണ്ട് മുന്‍പ് അദ്ദേഹം അത് ചെയ്തിരുന്നു. തമ്പുരാന്‍ മദിരാശിയിലെ ചില വ്യവ്യസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചില എഴുത്ത് ജോലികള്‍ ചെയ്തിരുന്നു. ഒരു കമ്പനിക്ക് വേണ്ടി, അലുമിനിയം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വേണ്ട ഒരു പൊടിയുടെ കാറ്റ് ലോഗിലെ നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് തമ്പുരാന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ദീര്‍ഘമായ ഒരു പദം വന്നു.

‘ജലാകര്‍ഷണാനേകദ്വാര സഹിത ജലധിജന്യം’
നമ്മുടെ Sponge. സ്‌പോഞ്ച് തന്നെ ! സ്‌പോഞ്ചിന് ഇത്ര കഠിന പദം ശരിയല്ല എന്ന് തോന്നിയ തമ്പുരാന്‍ പിന്നീട് അത് മാറ്റി വെറെ ഒരു പദം കണ്ടുപിടിച്ചു.
1940 ല്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി ജയില്‍വാസമനുഭവിച്ചിരുന്ന കാലത്താണ് സി. അച്യുതമേനോന്‍ എച്. ജി. വെല്‍സിന്റെ പ്രസിദ്ധമായ ‘A short History of the world’,
‘ലോക ചരിത്രസംഗ്രഹം’ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്. അതിലെ സാങ്കേതികപദങ്ങള്‍ പരിഭാഷപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം അന്നു കുറെ ക്ലേശമനുഭവിച്ചു. ജയില്‍മോചിതനായ ഉടനെ അദ്ദേഹം താന്‍ തയ്യാറാക്കിയ പരിഭാഷ പ്രൊ: ജോസഫ് മുണ്ടശ്ശേരിയെ കാണിച്ചു. സാങ്കേതികപദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ തനിയ്ക്കനുഭവപ്പെട്ട വിഷമത്തെ കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തു. ‘സാങ്കേതികപദങ്ങളുടെ കാര്യത്തില്‍ പോംവഴി നല്കാന്‍ പറ്റിയ ആള്‍ അപ്പന്‍ തമ്പുരാനാണ് എന്നു മുണ്ടശ്ശേരി മാസ്റ്റര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അച്യുതമേനോന്‍ 1941-ന്റെ തുടക്കത്തില്‍ കുമാരമന്ദിരത്തില്‍ച്ചെന്നു തമ്പുരാനെ കണ്ടു. അപ്പോഴേയ്ക്കും അപ്പന്‍ തമ്പുരാന്‍ രോഗബാധമൂലം അവശനായിരുന്നുവെങ്കിലും, ‘ലോകചരിത്രസംഗ്രഹ’ത്തിന്റെ കൈയെഴുത്തുപ്രതി പൂര്‍ണ്ണമായി പരിശോധിക്കുകയും, ചില സാങ്കേതിക പദങ്ങളുടെ പരിഭാഷ പറഞ്ഞുകൊടുക്കുകയും, താന്‍ തയ്യാറാക്കിയിരുന്ന പട്ടിക അച്യുതമേനോനെ ഏല്പിക്കുകയും ചെയ്തു. തമ്പുരാന്റെ പട്ടികയിലെ പല പദങ്ങളും സ്വീകരിച്ചാണ് അച്യുതമേനോന്‍ ‘ലോകചരിത്ര സംഗ്രഹം’ പരിഭാഷ പൂര്‍ത്തിയാക്കിയത്.
വ്യക്തി ജീവിതത്തില്‍ അവസാന നാളുകളില്‍ കുടുംബത്തിലേക്ക് കടന്നുവന്ന ദുരന്തങ്ങള്‍ അദ്ദേഹത്തെ രോഗിയാക്കി. രണ്ട് പുത്രന്മാരും രണ്ട് സഹോദരന്മാരും അടുത്ത നാളുകളില്‍ അകാലത്തില്‍ മരണമടഞ്ഞു. മകള്‍ രോഗബാധിതയായി. 1941 നവംബര്‍ 19-ന് തൃശ്ശൂരിലെ വീട്ടില്‍ വച്ച് പ്രമേഹരോഗം മൂര്‍ച്ഛിച്ച് അപ്പന്‍ തമ്പുരാന്‍ അന്തരിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തൃശൂര്‍ നിവാസികള്‍ തമ്പുരാനെ അറിഞ്ഞിരുന്നത് സാഹിത്യനായകനെന്നതിനെക്കാള്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. അന്നാട്ടിലെ ഏതു സംരംഭത്തിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. വിവേകോദയം സമാജത്തിന്റെ അധ്യക്ഷന്‍, രണ്ടു വിദ്യാലയങ്ങളുടെ മാനേജര്‍ എന്നീ നിലകളില്‍ പതിനെട്ടു കൊല്ലക്കാലം പൊതുജന വിദ്യാഭ്യാസരംഗത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു. വിലങ്ങന്‍ ശ്രീരാമകൃഷ്ണ ഗുരുകുലത്തിന്റെ സ്ഥാപകരില്‍ ഒരാളെന്ന നിലയ്ക്കും ‘ഗുരുകുലവിദ്യാലയ’ത്തിന്റെ മാനേജരെന്ന നിലയ്ക്കും ഹരിജനോദ്ധാരണത്തിനായി പരിശ്രമിച്ചിട്ടുണ്ട്.

1915-ല്‍ തൃശ്ശൂര്‍ വച്ചുനടന്ന കാര്‍ഷിക പ്രദര്‍ശനത്തിന്റെയും തുടര്‍ന്നു നടന്നുവരുന്ന അഖിലേന്ത്യാ പ്രദര്‍ശനങ്ങളുടെയും മത്സര വിധി കര്‍ത്താവ് അപ്പന്‍ തമ്പുരാനായിരുന്നു. സീതാറാം മില്‍ കമ്പനിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖന്‍, ചെറുതുരുത്തി ‘കേരളീയ ആയുര്‍വോ വൈദ്യശാല’യുടെ സ്ഥാപകന്‍, മദിരാശി ആയുര്‍വേദക്കമ്മീഷനിലെ അംഗം, സമസ്തഭാരത ആയുര്‍വേദ മഹാസഭയിലെ കേരള പ്രതിനിധി, മദ്രാസ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗം, സര്‍വകലാശാലാ പരീക്ഷകന്‍, കൊച്ചി പാഠപരിഷ്‌കരണക്കമ്മിറ്റി അധ്യക്ഷന്‍ എന്നിങ്ങനെ തമ്പുരാന്‍ വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ പലതാണ്.
ചിത്രമെഴുത്തും ശില്പവിദ്യയും സംഗീതവും തമ്പുരാന് വശമായിരുന്നു. അഭിനയകലയിലുള്ള പാടവവും അസാധാരണമായിരുന്നു. എങ്കിലും സാഹിത്യത്തെ അദ്ദേഹം സര്‍വോപരി ആരാധിച്ചു. ‘സാഹിത്യ സാര്‍വഭൗമന്‍’ എന്ന പദവി നല്കി കേരള സമൂഹം ആദരിച്ചപ്പോഴും ‘കൈരളിദാസന്‍’ എന്നു സ്വയം വിശേഷിപ്പിക്കുവാനേ അദ്ദേഹം മുതിര്‍ന്നുളളൂ. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ആ കാലത്തു പോലും പത്രങ്ങള്‍ അപ്പന്‍ തമ്പുരാന്റെ ചരമവാര്‍ത്തയ്ക്ക് പ്രാമുഖ്യം നല്കി റിപ്പോര്‍ട്ടു ചെയ്തു. ‘കര്‍മ്മനിരതമായ ജീവിതത്തിന്റെ പര്യവസാനം’ എന്നതാണ് ‘മാതൃഭൂമി ദിനപത്രം’ കൊടുത്ത വലിയ അക്ഷരങ്ങളിലെ തലക്കെട്ട്.
മഹാകവി ഉള്ളൂര്‍ വിലപിച്ചത് ഇങ്ങനെയാണ്: ‘സതതോത്ഥിതനായ സാഹിത്യനായകന്‍ തന്റെ ഫലഭൂയിഷ്ഠമായ ജീവിതയാത്ര അവസാനിപ്പിച്ചിരിക്കുന്നു. കലകളുടെ ഉപഘ്നവൃക്ഷം നിലംപതിച്ചു; കൈരളിയുടെ കണ്ഠസൂത്രം ഛിന്നഭിന്നമായി.”
അപ്പന്‍ തമ്പുരാന്റെ ഗൃഹം കുമാരമന്ദിരം സ്ഥിതിചെയ്തിരുന്ന സ്ഥലം തൃശൂര്‍ കളട്രേറ്റ് പണിയുന്നതിനുവേണ്ടി ഗവണ്മെന്റ് ഏറ്റെടുത്തു. പറമ്പിന്റെ ഒരു ഭാഗത്തു നശിപ്പിക്കാതെ സൂക്ഷിച്ചിരുന്ന കുമാരമന്ദിരം കോവിലകം 1976-ല്‍ ഗവണ്മെന്റ് കേരള സാഹിത്യ അക്കാദമിക്ക് കൈമാറി. അവിടെ ‘അപ്പന്‍തമ്പുരാന്‍ സ്മാരകം’ എന്ന പേരില്‍ ഒരു സാഹിത്യമ്യൂസിയമാക്കി മാറ്റി. സാഹിത്യ ഗവേഷകര്‍ക്കും വായനക്കാര്‍ക്കും അമൂല്യമായ സേവനം നല്‍കുന്ന, കേരളത്തിലെ ഏറ്റവും മികച്ച ആനുകാലിക ലൈബ്രറി ഈ സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്നു.
Content Summary: Today is the 150th birth anniversary of Appan Thampuran