അമര്‍ ചിത്രകഥയുടെ ശില്‍പ്പിയായ അനന്ത് പൈയുടെ ജന്മദിനമാണ് ഇന്ന്
200 ദശലക്ഷത്തിലധികം കോപ്പികള്‍ ഇന്നുവരെ അമര്‍ ചിത്രകഥ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 20 ലധികം ഭാഷകളിലായി 400 ലധികം ടൈറ്റിലുകള്‍. അനന്ത് പൈ ആരംഭിച്ച അമര്‍ ചിത്രകഥയുടെ ജൈത്രയാത്ര തുടരുകയാണ്. ബഹുവര്‍ണ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ കുട്ടികളെ ചരിത്രവും സംസ്കാരവും പഠിപ്പിച്ച അമര്‍ ചിത്രകഥയുടെ ശില്പിയാണ് ഇന്ത്യന്‍ വാള്‍ട് ഡിസ്നിയെന്നറിയപ്പെട്ട അനന്ത് പൈ.
ബോംബെ നഗരത്തില്‍ നിന്നാരംഭിച്ച ഇന്ദ്രജാലമായിരുന്നു അമര്‍ ചിത്രകഥ. ഒരു മായാജാലക്കാരന് ചിത്രകഥകളിലൂടെ അനശ്വരമായ വായനാനുഭവമാക്കി മാറ്റിയ മാന്ത്രിക കഥകളായിരുന്നു അത്. അനന്തമായിരുന്നു അദ്ദേഹത്തിന്റെ കഥാലോകം. ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും നാടോടിക്കഥകളും ബഹുവര്ണങ്ങളില് മനോഹരമായി ചിത്രീകരിച്ച് മുതിര്‍ന്നവരെയും കുട്ടികളെയും നാല് പതിറ്റാണ്ട് ഇന്ത്യന്‍ സംസ്കാരവുമായി ചേര്‍ത്തു നിര്‍ത്തിയ ഇന്ത്യന്‍ ചിത്രകഥയുടെ പിതാവായിരുന്നു അമര്‍ ചിത്രകഥയുടെ ശില്‍പ്പിയും എഡിറ്ററുമായ അനന്ത് പൈ. ‘അങ്കിള്‍ പൈ’ എന്നു കുട്ടികളും മുതിര്‍ന്നവരും അനന്ത് പൈയെ ആദരത്തോടെ വിളിച്ചു; ചിത്രകഥാ ലോകം ‘ഇന്ത്യന്‍ വാള്‍ട്ട് ഡിസ്നി’യെന്നും.

ഗൂഗിൾ ഡൂഡിൽ -അനന്തപൈ – ഗൂഗിൾ അനന്ത പൈയേ ജന്മദിനത്തിൽ ആദരിച്ചപ്പോൾ
അന്‍പത്തിയെട്ട് വര്‍ഷം മുന്‍പു ബോംബെയില്‍ അനന്ത് പൈ തുടങ്ങിവച്ച അമര്‍ ചിത്രകഥാ പരമ്പരകളിലൂടെ ഇന്ത്യന്‍ വീരഗാഥകള്‍, മഹാന്മാരുടെ ജീവിതം, നാടോടിക്കഥകള്‍, ചരിത്ര പുരുഷന്മാര്, പഞ്ചതന്ത്രകഥകള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ഉപനിഷത്ത്, വേദങ്ങള്‍ ഇവയെല്ലാം സാധാരണ വായനക്കാരന് എളുപ്പം മനസ്സിലാവുന്ന ഭാഷയിലൂടെയും ദൃശ്യങ്ങളിലൂടെയും ‘അങ്കിള്‍ പൈ’ ഇന്ത്യന്‍ വായനാലോകത്തിന് നല്കി.
അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനെ കണ്ടെത്തിയത് എങ്ങനെ? ആരാണ് തെന്നാലി രാമന്? ആരാണ് മഹിരാവണന്‍? അജന്ത, എല്ലോറ ഗുഹകള്‍ക്ക് പിന്നിലെ പുരാണം എന്ത്? ഗണപതി ആനത്തലയന്‍ ആയതെങ്ങനെ? അമര്‍സിങ് റാഥോഡ് ആരാണ്? രാജാവായ വിശ്വാമിത്രന് എങ്ങനെ മഹര്‍ഷിയായി? എന്താണ് സെമന്തക രത്നത്തിന്റെ കഥ? ആദ്യമായി ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച വനിതാ ഭരണാധികാരി ആരാണ്? ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ആരാണ്? ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലാനെന്താണ് കാരണം?
ഇങ്ങനെ ചരിത്രത്തിലെയും പുരാണങ്ങളിലെയും നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് ഇന്ത്യയിലെ വായനക്കാര്‍ക്ക് ലളിതമായി ഉത്തരം ലഭിച്ചത് അമര്‍ ചിത്രകഥകളില്‍ നിന്നായിരുന്നു. വായിക്കാനറിയാവുന്നവര്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തെ അറിയാനുള്ള വര്‍ണചിത്രങ്ങള്‍ നിറച്ച സെര്‍ച്ച് എന്ജിന് ആയിരുന്നു അനന്ത് പൈയുടെ ചിത്രകഥകള്‍. പേരുപോലെ തന്നെ അമര്‍ ചിത്രകഥ ഇന്ത്യന്‍ ചിത്രകഥാ ലോകത്ത് അമരത്വം നേടി. 200 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ, ഇപ്പോഴും വിറ്റുപോകുന്ന അനശ്വരമായ ചിത്രകഥകള്‍!
കര്‍ണാടകയിലെ കര്‍ക്കലയിലാണ് 1929 സെപ്റ്റബര്‍ 17ന് അനന്ത് പൈ ജനിച്ചത്. രണ്ടു വയസ്സായപ്പോഴേക്കും മാതാപിതാക്കള്‍ മരിച്ചതിനാല്‍ മുത്തച്ഛന്റെ കൂടെയാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ നല്ല വായനക്കാരനായിരുന്ന പൈ ക്ഷേത്രത്തിലെ ‘ഹരികഥ’ എന്ന പരമ്പരാഗതമായ കഥാപാരായണം മുടങ്ങാതെ കേട്ടിരുന്നു. കഥകള്‍ ഗാനങ്ങള്‍ കലര്‍ത്തി വ്യത്യസ്ത വ്യാഖ്യാനങ്ങളില്‍ പറയുന്ന ഹരികഥയില്‍ അന്നേ പൈ ആകൃഷ്ടനായി. ആ മനസ്സില്‍ കഥകളുടെ ഫ്രെയിമുകള്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി.

ആദ്യത്തെ അമർ ചിത്രകഥ കൃഷ്ണ(1969)
അനന്ത് പൈക്ക് 12 വയസ്സുള്ളപ്പോള്‍ കുടുംബം ബോംബയിലേക്കു താമസം മാറ്റി. ബോംബെ സര്‍വകലാശാലയില്‍ നിന്നു കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ അനന്ത് പൈ രാസവസ്തുക്കളോടു മല്ലിടാന്‍ ഇഷ്ടപ്പെട്ടില്ല. പക്ഷേ, കുടുംബത്തെ നോക്കേണ്ടതിനാല്‍ ഷിംലയില്‍ ഒരു ഭക്ഷ്യനിര്‍മാണ സ്ഥാപനത്തില്‍ ജോലിയില്‍ ചേരേണ്ടി വന്നു. ഷിംലയിലെ സുഖകരമായ കാലാവസ്ഥയും മികച്ച വേതനവും പൈയുടെ പ്രായത്തിലുള്ള മിക്ക യുവാക്കള്‍ക്കും സംതൃപ്തികരമായ ഒരു ജീവിതം സമ്മാനിക്കാന്‍ മതിയായ കാരണങ്ങളായിരുന്നു. എന്നാല്‍ പൈയുടെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു. അതിനിടയില്‍ അദ്ദേഹം ബംഗാളി ഭാഷ പഠിച്ചു, പ്രാചീന പാലി ഭാഷ വശത്താക്കി, ബുദ്ധമത ഗ്രന്ഥങ്ങള്‍ പഠിച്ചു. ഭാരതീയ വിദ്യാഭവനില്‍ നടക്കുന്ന സംവാദങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നതിനാല്‍ മറാഠിയും ഒരുവിധം വശമായി.
കഥകളുടെ ലോകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു അനന്ത് പൈയുടെ മനസ്സ്. തന്റെ നിയോഗം കഥാലോകമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവച്ച് ബോംബെയില്‍ തിരിച്ചെത്തി. ബോബെയില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ എക്സിക്യൂട്ടീവായി പുതിയ ജോലി നേടി. അന്നു ഇന്ത്യയിലെ ഏറ്റവും മികച്ച അച്ചടി സംവിധാനങ്ങള്‍ ടൈംസിന് സ്വന്തമായിരുന്നു. സ്ഥാപനത്തിലെ അച്ചടിയന്ത്രങ്ങള് പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താതെ വെറുതെ പൊടിപിടിച്ചു കിടന്നു. അത് ഉപയോഗപ്പെടുത്താന്‍ ഉടമകള്‍ പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു: കോമിക്സ് പുസ്തകങ്ങള്‍ അച്ചടിച്ചു വില്‍ക്കുക.
ഇന്ത്യയില്‍ അക്കാലത്ത് ചിത്രകഥാ പുസ്തകങ്ങള്‍ വിരളമായിരുന്നു. 1952ല്‍ ബോബെയിലെ ഇന്ത്യ ബുക്ക് ഹൗസ് ടിന് ടിന്, ആസ്ട്രിക്സ്, ആര്‍ച്ചി തുടങ്ങിയ ലോകപ്രസിദ്ധമായ വിദേശ ചിത്രകഥകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റിരുന്നത്. വര്ണചിത്രങ്ങളോടു കൂടിയ കുട്ടികള്‍ക്കുള്ള ഒരു കഥാപുസ്തകം ഇന്ത്യയില്‍ ആദ്യം പുറത്തിറക്കിയത് തെലുങ്കിലാണ്. പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാക്കളായ ബി. നാഗറെഡ്ഡിയും അലൂരി ചക്രപാണിയും ചേര്‍ന്ന് ഇന്ത്യന്‍ പുരാണങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ ഉള്‍പ്പെടുത്തി 1947ല്‍ ‘ചന്ദമാമ’ എന്ന സചിത്ര മാസിക തെലുങ്കിലും തമിഴിലും പുറത്തിറക്കി. പിന്നീട് ഇംഗ്ലിഷ്, ഗുജറാത്തി, ഒറിയ, സിന്ധി, ബംഗാളി, പഞ്ചാബി, ആസാമീസ്, സിംഹള, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളില്‍ വരാന്‍ തുടങ്ങി. ശങ്കര്‍ എന്ന ചിത്രകാരന് വരച്ച ‘വിക്രമാദിത്യനും വേതാളവും’ എന്ന കഥയുടെ ചിത്രം ലക്ഷക്കണക്കിനു വായനക്കാരുടെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ കഥാചിത്ര ഐക്കണ്‍ ആയി മാറി. അപ്പോഴും ഒരു ഇന്ത്യന്‍ ചിത്രകഥ ഈ രംഗത്ത് അവതരിച്ചിരുന്നില്ല.

അമർ ചിത്രകഥയുടെ ആശയം അദ്യം ചിന്തിച്ച ജി.കെ. അനന്ത റാം
ഈയൊരു പശ്ചാത്തലത്തിലാണു ‘ടൈംസ് ഓഫ് ഇന്ത്യ’ മാനേജ്മന്റ് ചിത്രകഥകള്‍ അച്ചടിച്ച് വില്ക്കാന് തീരുമാനിച്ചത്, അതിന്റെ ചുമതല അനന്ത് പൈ ക്കായിരുന്നു. അമേരിക്കയില്‍ വളരെ ജനപ്രീതി നേടിയ ‘സൂപ്പര്മാന്’ കോമിക്സ് പ്രസിദ്ധീകരിക്കാനായിരുന്നു മേധാവികളുടെ തീരുമാനം. തങ്ങളുടെ തന്നെ പ്രസിദ്ധീകരണമായ ‘ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി’യില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ഫാന്റം’ കോമിക് സ്ട്രിപ്പ് ആണ് കൂടുതല്‍ ജനപ്രിയമെന്ന് തിരിച്ചറിഞ്ഞ അനന്ത് പൈ ഫാന്റം മതിയെന്ന് തീരുമാനിച്ചു. 1964 മാര്‍ച്ചില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ‘ഫാന്റം’ ചിത്രകഥ ആദ്യമായി ‘ഇന്ദ്രജാല്‍ കോമിക്സ്’ എന്ന പേരില്‍ പുറത്തിറങ്ങി.
അത് ഇന്ത്യയൊട്ടുക്ക് പ്രചാരം നേടിയതോടെ മാന്‍ഡ്രേക്ക്, ഫ്ലാഷ് ഗോര്‍ഡന്‍, റിപ്പ് കിര്‍ബി, ഇന്ത്യന്‍ നായകന് ബഹാദൂര്‍ തുടങ്ങിയ ടൈറ്റിലുകള്‍ പിന്നാലെ വന്നു. പിന്നീട് പുറത്തിറക്കിയ ഇവയുടെ പ്രാദേശിക ഭാഷാ പതിപ്പുകളും വന്‍തോതില്‍ വിറ്റഴിഞ്ഞു. പിന്നീട് ബഹുവര്ണങ്ങളില് മനോഹരമായ അച്ചടിയില്‍ 2.50 രൂപയ്ക്ക് ചിത്രകഥയുടെ ഒറ്റ കോപ്പി വിപണിയില്‍ ലഭ്യമായി.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലയാളത്തില്‍ ഇന്ദ്രജാല്‍ കോമിക്സ് അവതരിപ്പിക്കുന്നത്. 1982ല്‍ ഓണക്കാലത്ത് വന്‍ പരസ്യങ്ങളോടെ മലയാളത്തില്‍ കളറില്‍ ഇന്ദ്രജാല്‍ കോമിക്സ് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രകഥകളായ സിഐഡി മൂസയും പറക്കും മഹേഷും ഠമാറും പടാറും ഇരുമ്പു കൈ മായാവിയുമൊക്കെ എന്നന്നേക്കുമായി അപ്രത്യക്ഷമായി.
പക്ഷേ, ഈ വിജയങ്ങളൊന്നും അനന്ത് പൈയെ തൃപ്തനാക്കിയില്ല. നമ്മുടെ സംസ്കാരവും ചരിത്രവും പറയുന്ന ചിത്രകഥകളുടെ ഇന്ത്യന്‍ മാതൃക ഇല്ലെന്നത് അനന്ത് പൈയെ പുതിയ പ്രസിദ്ധീകരണമെന്ന ആശയത്തിലേക്ക് എത്തിച്ചു.

ഇന്ദ്രജാൽ കോമിക്സ്
1967ല്‍ ഡല്‍ഹിയില്‍ തന്റെ ഭാര്യ ലളിതയോടൊപ്പം ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അവസരത്തില്‍ ഒരു കടയില്‍ ടിവിയില്‍ കുട്ടികള്‍ക്കായി ദൂരദര്ശന് നടത്തുന്ന ഒരു ക്വിസ് കണ്ടു. ഗ്രീക്ക് പുരാണത്തില്‍ നിന്നായിരുന്നു ആദ്യ ചോദ്യം. കുട്ടി ശരിയുത്തരം പറഞ്ഞത് അനന്ത് പൈയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ചോദ്യം, രാമായണത്തിലെ ശ്രീരാമന്റെ മാതാവ് ആരാണ് എന്നതായിരുന്നു. കുട്ടിക്ക് ഉത്തരമില്ലായിരുന്നു. ഒരു ഇന്ത്യന്‍ കഥാപാത്രത്തെ അറിയാത്ത തലമുറയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിഞ്ഞ അനന്ത് പൈ അസ്വസ്ഥനായി. ഇതിന് ഒരു ക്രിയാത്മക പരിഹാരം ചിന്തിച്ചുകൊണ്ടാണ് അനന്ത് പൈ ബോംബെയിലേക്കു മടങ്ങിയത്.
ഇതിനു രണ്ടുവര്‍ഷം മുന്‍പ് ബോംബെയിലെ ഇന്ത്യ ബുക്ക് ഹൗസിന്റെ ബാംഗ്ലൂരിലെ ശാഖ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഉടമയായ ജി.എല്‍. മിര്‍ച്ചന്ദാനി. ബാംഗ്ലൂരിലെ ഐബിഎച്ച് ശാഖയുടെ ചുമതല വഹിച്ചിരുന്ന ജി.കെ. അനന്ത റാം എന്ന കന്നടക്കാരന് മിര്ച്ചന്ദാനിയോട് ഒരു പദ്ധതി അവതരിപ്പിച്ചു. കന്നടയില്‍ കുറച്ചു പുസ്തകങ്ങള്‍ ഇറക്കുക. ആദ്യം ആ ആശയത്തിന് സമ്മതംമൂളിയില്ലെങ്കിലും അനന്ത റാമിന്റെ ആവേശം കണ്ടു മിര്‍ച്ചന്ദാനി സമ്മതംമൂളി. മൂലധനമായി 10,000 രൂപ നല്കി. കന്നഡ സംസ്കാരത്തിലും ഭാഷയിലും അഭിമാനം കൊള്ളുന്ന അനന്ത റാം കുട്ടികള്‍ക്കു വേണ്ടി കന്നഡ ഭാഷയില്‍ പുസ്തകങ്ങള്‍ നല്‍കുന്നത് ആ ഭാഷയ്ക്കു നല്കുന്ന വലിയ അംഗീകാരവും സേവനവുമാണെന്നു വിശ്വസിച്ചു.
അക്കാലത്ത് ബോംബെ ഐ.ബി.എച്ച് ഇല്ലസ്ട്രേറ്റഡ് ക്ലാസിക്സ് എന്ന പേരില്‍ വിദേശ ചിത്രകഥകള്‍ ഇറക്കുമതി ചെയ്ത് വിറ്റിരുന്നു. അതില്‍ 10 കഥകള്‍ കന്നഡയില്‍ പരിഭാഷ ചെയ്തു കുട്ടികള്‍ക്കായി നല്കാന് അനന്ത റാം തീരുമാനിച്ചു. പിനാക്കിയോ, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ജാക്ക് ആന്റ് ബീന്‍സ്റ്റാക്ക്, സ്ലിപ്പിങ് ബ്യൂട്ടി, അലാഡിന്‍ ആന്റ് ഹിസ് ലാംപ് തുടങ്ങിയ പത്തു ചിത്രകഥകള്‍ അദ്ദേഹം തിരഞ്ഞെടുത്തു. ഭാഷ വളരെ പ്രധാനമായിരുന്നതിനാല്‍ അക്കാലത്തെ കന്നടയിലെ ഏറ്റവും പ്രശസ്തനായ, ജ്ഞാനപീഠ ജേതാവായ കെ. ശിവറാമ കാന്തിനെ പരിഭാഷയ്ക്കായി സമീപിച്ചു. അദ്ദേഹം സമ്മതംമൂളി. ഒറിജിനല്‍ ചിത്രങ്ങളോടു കൂടിയ അമേരിക്കന്‍ ഇല്ലസ്ട്രേറ്റഡ് ക്ലാസിക്സ് എന്ന 10 ചിത്രകഥകള്‍ കന്നട ഭാഷയില്‍ പുറത്തുവന്നു. ഇതു ക്രൗണ്‍ ¼ വലുപ്പത്തില്‍ 32 പേജുള്ള 75 പൈസ വിലയിട്ട ചിത്രകഥയായിരുന്നു. ഓരോ ലക്കത്തിലും കവര്‍ പേജില്‍ ടൈറ്റിലിനു താഴെ പരിഭാഷ ശിവറാമ കാരന്ത് എന്നു നല്‍കിയിരുന്നു.

അമർ ചിത്രകഥ വരയിലുടെ പ്രശസ്തനായ പ്രതാപ് മല്ലിക്ക്
പില്ക്കാലത്ത് പ്രശസ്തമായ ‘അമര്‍ ചിത്രകഥ’ എന്ന് അറിയപ്പെട്ട പ്രശസ്ത ചിത്രകഥകള്‍ക്കു വഴിയൊരുക്കിയത് അനന്ത റാമിന്റെ ഈ ശ്രമമാണ്. അതിനാല്‍ ഈ പത്തു ചിത്രകഥാ പുസ്തകങ്ങളെ ആദ്യത്തെ ഇന്ത്യന്‍ അമര്‍ ചിത്രകഥകളായി കണക്കാക്കുന്നു. 3000 കോപ്പികള്‍ വീതം പത്ത് കന്നഡ ചിത്രകഥകള്‍ അന്ന് അച്ചടിച്ചത് മുഴുവന്‍ വിറ്റുപോയി. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ ഒരൊറ്റ കോപ്പി പോലും ഇന്ന് കിട്ടാനില്ല. 1994 ഏപ്രിലില്‍ ബോംബെയിലെ ഐബിഎച്ചിന്റെ ലൈബ്രറിയില്‍ ഉണ്ടായ അഗ്നിബാധയില്‍ അമര്‍ചിത്രകഥാ ശേഖരം മുഴുവന്‍ കത്തിനശിച്ച കൂട്ടത്തില്‍ ഈ കന്നഡ ചിത്രകഥകളും ചാരമായി.
അനന്ത റാമിന്റെ അടുത്തശ്രമം ഐബിഎച്ച് വഴി നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലുമുള്ള ചിത്രകഥകള്‍ പുറത്തിറക്കുക എന്നതായിരുന്നു. അതിനു പിന്നിലുമുണ്ടായിരുന്നു ഒരു കഥ. ഒരിക്കല്‍ അനന്ത റാം ബാംഗ്ലൂരിലെ പ്രസിദ്ധമായ നൃപതുംഗ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ സംഭാഷണം ശ്രദ്ധിക്കാനിടയായി. ആരാണീ നൃപതുംഗ? ഒരു ആണ്‍കുട്ടി മറ്റേ കുട്ടിയോടു ചോദിച്ചു. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ രാജാക്കന്മാരില് ഒരാളാണു രാഷ്ട്രകൂട രാജവംശത്തിലെ അമോഘവര്‍ഷ നൃപതുംഗ. അതുപോലും അറിയാത്ത തലമുറയാണ് ഇവിടെ വളരുന്നത്. ഇത്തരം അജ്ഞത മാറ്റി നമ്മുടെ തിളക്കമാര്‍ന്ന ചരിത്രത്തെക്കുറിച്ച് അവരെ ബോധവന്മാരാക്കണമെന്ന് ആ നിമിഷം അനന്ത റാം ഉറപ്പിച്ചു. ഡല്‍ഹിയില്‍ അനന്ത് പൈ ചിന്തിച്ചതും ബാംഗ്ലൂരില്‍ അനന്ത റാം ചിന്തിച്ചതും ഒരേ ആശയമായിരുന്നു.
അനന്ത റാം ബോംബയിലെ ഐ.ബി.എച്ച് ഓഫീസിലേക്ക് ചിത്രകഥകളുടെ ഒരു പദ്ധതി തയാറാക്കി അയച്ചു. നമ്മുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ചിത്രകഥകള്‍ ഐബിഎച്ച് പുറത്തിറക്കണമെന്നായിരുന്നു അതിലെ സന്ദേശം. ബാംഗ്ലൂരിലെ ചിത്രകഥകളുടെ വിജയകഥ ഇതിനകം ഐ.ബി.എച്ചിന്റെ ഉടമ മിര്ച്ചന്ദാനിയെ മറ്റൊരു തീരുമാനത്തിലെത്തിച്ചിരുന്നു. അനന്ത റാമിന്റെ ആശയം കൂടി ലഭിച്ചതോടെ മിര്‍ച്ചന്ദാനി ഉറപ്പിച്ചു. കുറെക്കൂടി വിപുലമായ രീതിയില്‍ ചിത്രകഥകള്‍ പ്രസിദ്ധീകരിക്കുക. അനന്ത് പൈ അപ്പോഴേക്കും ടൈംസ് ഓഫ് ഇന്ത്യയിലെ ചിത്രകഥാ വിഭാഗത്തലവന്‍ എന്ന ജോലി രാജിവച്ച് തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ ഒരു പ്രസാധകനെ തേടുകയായിരുന്നു.
വൈകാതെ രണ്ടുപേരും പരസ്പരം കണ്ടുമുട്ടി. ഇതിനകം അനന്ത് പൈയെക്കുറിച്ചു നന്നായി മനസ്സിലാക്കിയിരുന്ന മിര്‍ച്ചന്ദാനി ഒരു ചോദ്യം മാത്രം ചോദിച്ചു: ‘താങ്കളുടെ ചിത്രകഥ ഭാവിയില്‍ ഏത് ദിശയിലേക്കായിരിക്കും എത്തുക?’ ഒരു നിമിഷം പോലും വൈകാതെ, അത്യന്തം ആത്മവിശ്വാസത്തോടെ അനന്ത് പൈ പ്രതികരിച്ചു.
‘ഓരോ ഇന്ത്യന്‍ ഭവനത്തിലും’…

‘ചന്ദാമാമ’ യിലെ വിക്രവും വേതാളവും വരച്ച ശങ്കർ
ഇന്ത്യന്‍ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, പുരാതന ചരിത്ര കഥകള്‍, പഞ്ചതന്ത്രം, നാടോടിക്കഥകള്‍ എന്നിവയായിരുന്നു അനന്ത് പൈ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ടത്. ഈ ചിത്രകഥാ പരമ്പരയെ ക്ലാസിക് എന്നു വിളിക്കാന്‍ അദ്ദേഹമിഷ്ടപ്പെട്ടില്ല. ഒരു ഭാരതീയമായ ബ്രാന്‍ഡ് പേരുതന്നെ വേണം എന്ന് അനന്ത് പൈക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലരുമായി പല ദിവസം ഇതേക്കുറിച്ച് ചര്‍ച്ചചെയ്തിട്ടും തൃപ്തികരമായ ഒരു പേര് ലഭിച്ചില്ല. ഒരു സായാഹ്നത്തില്‍ തന്റെ ചിത്രകഥാ സംരംഭത്തെക്കുറിച്ച് ഒരു പുസ്തക വില്‍പ്പനക്കാരനോട് വാചാലനായി. എല്ലാം കേട്ടുകഴിഞ്ഞ് ആ പുസ്തക വില്പ്പനക്കാരന് നിസ്സംഗനായി അനന്ത് പൈയോടു പറഞ്ഞു:
‘നമ്മുടെ പൈതൃകത്തില്‍ നിന്നു മഹത്തായ കഥകള്‍ പുനര്നിര്മ്മിക്കാനൊരുങ്ങുന്ന നിങ്ങളുടെ ഈ പദ്ധതിക്ക് എന്തു പേരിട്ടാലും അത് അമര്‍ (അനശ്വരം) ആയിരിക്കും.’ അമര്‍ – അനശ്വരം! അനന്ത് പൈയുടെ മനസ്സില്‍ ഇടിമിന്നല്‍ പോലെ ആ പേര് മിന്നിത്തെളിഞ്ഞു. അതുമതി. അങ്ങനെ അമര്‍ ചിത്രകഥ എന്ന
നാമം ജനിച്ചു.
രാജ്യമെങ്ങുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട ഭഗവാന് കൃഷ്ണനെ ആയിരുന്നു തന്റെ അമര്‍ ചിത്രകഥയിലെ ആദ്യ ലക്കത്തിന് അനന്ത പൈ തിരഞ്ഞെടുത്തത്. സ്ക്രിപ്റ്റിനേക്കാള്‍ വിഷമകരം ചിത്രീകരണമാണെന്ന് അറിയാവുന്ന അനന്ത് പൈ മാസങ്ങളോളം പറ്റിയ ചിത്രകാരനെ തേടി അലഞ്ഞു. ഇന്ത്യന്‍ സങ്കല്പ്പത്തിന് യോജിച്ച വരയാകണം, വ്യത്യസ്തവുമാകണം; അമ്പിളിയമ്മാവന്റെ ചിത്രങ്ങളുമായി ഒരു സാമ്യവും പാടില്ല. അതായിരുന്നു ചിത്രകാരന് നല്‍കാനുണ്ടായിരുന്ന അനന്ത പൈയുടെ മാര്‍ഗനിര്‍ദേശം.
അങ്ങനെ അനന്ത് പൈ, രാം വയീക്കറെ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയില്‍ ചിത്രീകരണം നടത്തിയിരുന്ന രാം വയീക്കര്‍ ഒരു ശിവകാശി കലണ്ടറിന് വേണ്ടി ശ്രീരാമന് – സീത എന്നീ ചിത്രങ്ങള്‍ വരച്ചത് അനന്ത് പൈയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അടിസ്ഥാനപരമായി രാം വയീക്കര്‍ ഒരു കാര്ട്ടൂണിസ്റ്റാണെങ്കിലും തന്റെ ലക്ഷ്യത്തിന് യോജിച്ചയാളാണെന്ന് അദ്ദേഹത്തിന് തോന്നി.

അമേരിക്കൻ അനിമേറ്ററായ ജെഫ്രി ഫൗളറുടെ അമർ ചിത്രകഥയിലെ വര- പഞ്ചതന്ത്രം കഥ
ഒടുവില്‍ ‘കൃഷ്ണന്’ എന്ന അമര്‍ ചിത്രകഥ ജനിച്ചു. എഴുത്തിലും ചിത്രീകരണത്തിലും വളരെ ജാഗ്രതയോടെയാണ് അനന്ത് പൈ പ്രവര്‍ത്തിച്ചത്. ഒരു ചെറിയ തെറ്റു മതിയായിരുന്നു എല്ലാം അവസാനിക്കാന്‍. ഒരു ഹിന്ദു പുരാണ ദൈവത്തിന്റെ എല്ലാ അംശവും ഉള്‍ക്കൊണ്ട് 32 പേജുകളില്‍ ശ്രീകൃഷ്ണ കഥ ആദ്യമായി വര്‍ണചിത്രങ്ങളായി അവതരിച്ചു. 1969 ല്‍ ലക്കം 11 ആയാണ് ശ്രീകൃഷ്ണന് പുറത്തിറങ്ങിയത്. എന്തുകൊണ്ട് ആദ്യ ലക്കം ഒന്നിന് പകരം 11 ആയി? ഹിന്ദു വിശ്വാസമനുസരിച്ച് ഈ അക്കം മംഗളകരമാണ് എന്നതായിരുന്നു വിശദീകരണം. അനന്ത റാമിന്റെ ആദ്യ പത്ത് പുസ്തകങ്ങളാണ് അമര്‍ ചിത്രകഥയായി ഐബിഎച്ച് നിര്വചിച്ചിരിക്കുന്നതെന്ന വസ്തുത അന്ന് അപൂര്‍വം പേര്‍ക്കേ അറിയാമായിരുന്നുള്ളൂ.
ആദ്യലക്കം ഇറങ്ങി പിന്നീട് വായനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചിത്രീകരണത്തില്‍ മാറ്റം വരുത്തി. കവര്‍ പോലും മാറ്റി പുതിയ പതിപ്പ് ഇറക്കി. എന്നിട്ടും വില്‍പ്പന മന്ദഗതിയിലായിരുന്നു. അനന്ത് പൈ നേരിട്ടുപോയി സ്റ്റേഷനറി കടകളിലും ഭക്ഷണശാലകളിലും പെട്രോള്‍ പമ്പിലും വരെ തന്റെ ചിത്രകഥയ്ക്ക് വിപണി കണ്ടെത്തി. ഇന്ത്യയില്‍ പെട്രോള്‍ പമ്പ് വഴി വില്‍ക്കുന്ന ആദ്യ പുസ്തകം അമര്‍ ചിത്രകഥയാണ്. ഇന്ധനം നിറയ്ക്കുന്ന സമയത്തു വാഹന ഉടമ ഒരു നിമിഷം അമര്‍ചിത്രകഥ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാന്‍ഡ് ശ്രദ്ധിക്കും എന്ന അനന്ത് പൈ ആശയമായിരുന്നു അത്.
1970 കളോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അമര്‍ ചിത്രകഥയുടെ വീരഗാഥ ആരംഭിച്ചു. വില്‍പ്പന കുതിച്ചുയര്‍ന്നു. ആദ്യകാലങ്ങളില്‍ വിറ്റ ഇരുപതിനായിരം കോപ്പികള്‍ സങ്കല്‍പ്പത്തിനപ്പുറം കടന്ന് 50 ലക്ഷം കോപ്പികളായി. ഒരുമാസം ഏഴു ലക്ഷം കോപ്പി വില്‍ക്കുമെന്ന നാഴികക്കല്ലിലെത്തി. എന്നാല്‍ അമര്‍ ചിത്രകഥ ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നില്ല. പ്രതിഭകള്‍ക്ക് നേരെ കണ്ണുവയ്ക്കാന്‍ അനന്ത് പൈ എന്നും തയ്യാറായിരുന്നു. ഒരു സംഘം എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മ അനന്ത് പൈ രൂപപ്പെടുത്തി. സ്ക്രിപ്റ്റ് എഴുതാന്‍ പ്രതിഭാശാലിയായ കമല ചന്ദ്രകാന്ത്, സുബറാവു, ലൂയിസ് ഫെര്‍ണാണ്ടസ് എന്നിവരും ചിത്രീകരണത്തിനായി രാം വയീക്കര്‍, പ്രതാപ് മല്ലിക് തുടങ്ങിയവരും ചേര്‍ന്ന് അടുത്ത 20 കൊല്ലത്തില്‍ ഇന്ത്യന്‍ ചിത്രകഥാ രംഗത്തെ സമ്പന്നമാക്കി.
ഇന്ത്യയിലെ 13 ഭാഷകളിലും ഇംഗ്ലിഷിലും ചരിത്രവും പുരാണങ്ങളും ഇതിഹാസങ്ങളും പഞ്ചതന്ത്രവും നാടോടിക്കഥകളും അമര്‍ചിത്രകഥ നല്കി. 1975ല്‍ യുനെസ്കോ അമര്‍ ചിത്രകഥയെ കുറിച്ച് വിശദമായി അവരുടെ പ്രസിദ്ധീകരണത്തില്‍ എഴുതി. ഇന്ത്യയിലെ കുട്ടികള്‍ക്ക് അതു നല്കുന്ന സാംസ്കാരിക മൂല്യം ഉയര്‍ന്നതാണെന്ന് ലേഖനം പ്രശംസിച്ചു. അതോടെ അമര്‍ ചിത്രകഥയ്ക്ക് ആഗോള അംഗീകാരം ലഭിച്ചു.

അമർ ചിത്രകഥകൾ
അനന്ത് പൈക്ക് ചരിത്രം വെറും തീയതികളല്ലായിരുന്നു. അവ കാലഘട്ടത്തിന്റെ പശ്ചാത്തലവും സാംസ്കാരിക ധര്‍മവും മനസ്സിലാക്കാനുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ അമര്‍ ചിത്രകഥകള്‍ വിഷയവൈവിധ്യത്തിലും വിപുലമായിരുന്നു. നാനൂറിലധികം അമര്‍ ചിത്രകഥകള്‍ അതു വ്യക്തമാക്കുന്നുണ്ട്. 90 പുരാണകഥകള്‍, 12 സംസ്കൃത ക്ലാസിക്കുകള്‍, 24 ബുദ്ധകഥകള്‍, ആറ് ജാതക കഥകള്‍, 10 മുഗള്‍ രാജവംശ കഥകള്‍, ഏഴ് രജപുത്രകഥകള്, അഞ്ച് ഇന്ത്യന്‍ വിപ്ലവകാരികള്‍ എന്നിവ അമര്‍ ചിത്രകഥ ലക്കങ്ങളായി പുറത്തിറങ്ങി. കൂടാതെ കവികള്‍, സംഗീതജ്ഞര്‍, സിഖ്, മറാത്താ വീരന്മാര് ഒക്കെ വിവിധ ലക്കങ്ങളില്‍ നായകരായി. ആദരണീയരായ 13 ഇന്ത്യന്‍ വനിതകളെയും ചിത്രകഥയിലൂടെ വായനക്കാര്‍ അറിഞ്ഞു. ഇന്ത്യന്‍ വ്യവസായത്തിന്റെ നെടുംതൂണായ ടാറ്റയുടെയും ബിര്‍ളയുടെയും വിജയഗാഥയും അമര്‍ ചിത്രകഥ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, മംഗള്‍ പാണ്ഡെ എന്നിവയും അമര്‍ചിത്രകഥ ടൈറ്റിലുകള്‍ ആയിരുന്നു. കാളിദാസന്, ബാണഭട്ടന് തുടങ്ങിയവരുടെ കൃതികള്‍ അമര്‍ ചിത്ര കഥയായിട്ടുണ്ട്. കൂടാതെ ഐന്സ്റ്റൈന്, മാഡം ക്യൂറി എന്നീ ശാസ്ത്രജ്ഞരുടെ കഥകളും.
‘ഇതിലുള്ളതു മറ്റെവിടെയും ഉണ്ടായേക്കാം. ഇതിലില്ലാത്തത് മറ്റൊരിടത്തും ഉണ്ടാകില്ല’ – മഹാഭാരതത്തെ കുറിച്ച് പറയുന്ന വാക്യമാണ്.
അത് ആലേഖനം ചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നായ ‘മഹാഭാരതം’ ആദ്യമായി ചിത്രകഥാ രൂപത്തില്‍ അനന്ത് പൈ പുറത്തിറക്കി. 1985 ല്‍, 18 പര്‍വങ്ങളായി ഒന്നേകാല്‍ ലക്ഷം ശ്ലോകമുള്ള ബൃഹദ് ഗ്രന്ഥം 42 പുസ്തകങ്ങളിലൂടെ ചിത്രീകരിച്ച് അമര്‍ ചിത്രകഥ ഒന്നിടവിട്ട് ഓരോ ലക്കമായി പുറത്തിറക്കി. ആദ്യ ലക്കം ‘വേദവ്യാസന്റെ’ സ്ക്രിപ്റ്റ് എഴുതിയത് കമല ചന്ദ്രകാന്തും ടി.എം.പി. നെടുങ്ങാടിയും ചേര്‍ന്നാണ്. മലയാളികള്‍ക്കു സുപരിചിതനായ ‘നാദിര്‍ഷ’ എന്ന പേരില്‍ സിനിമാ നിരൂപണങ്ങള്‍ എഴുതിയിരുന്ന ബോംബെ മലയാളി എഴുത്തുകാരനായിരുന്നു ടി.എം.പി. നെടുങ്ങാടി.
ദിലീപ് കദം എന്ന ചിത്രകാരനാണ് മഹാഭാരതത്തിന് ചിത്രങ്ങള്‍ വരച്ചത്. സുബ്ബറാവു ഉള്‍പ്പെടെ ഏഴ് എഴുത്തുകാര്‍ പരിശ്രമിച്ചാണ് പിന്നീട് ഇതിന് സ്ക്രിപ്റ്റ് എഴുതിയത്. ഈ എഴുത്തുകാരുടെ പരിശ്രമഫലമായി ഇതു സമ്പൂര്‍ണ ചിത്രകഥയായി പുറത്തു വന്നു. അവസാന പുസ്തകം നാല്പത്തി രണ്ടാം വാല്യം ‘സ്വര്‍ഗാരോഹണം’, മാര്‍ഗി ശാസ്ത്രിയെന്ന എഴുത്തുകാരന് പൂര്‍ത്തിയാക്കി.
കുട്ടികള്‍ക്ക് എഴുതുന്നത് കുട്ടിക്കളിയല്ല എന്നു ലോകത്തെ കാണിച്ചുകൊടുത്ത ഒരു എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. ഇതിഹാസമായ മഹാഭാരത്തിന് തന്നെ ഏറ്റവും മികച്ച വ്യാഖ്യാനങ്ങളാണ് റഫറന്‍സ് ആയി അമര്‍ ചിത്രകഥയ്ക്ക് ഉപയോഗിച്ചത്. ഗോരഖ്പൂരിലെ ഗീതാ പ്രസ് അച്ചടിച്ച പണ്ഡിറ്റ് ആര്.എസ്. പാണ്ഡെയുടെ സംസ്കൃതത്തിലുള്ള മഹാഭാരതം ഹിന്ദി വ്യാഖ്യാനം തൊട്ട് മലയാളത്തിലുള്ള കുഞ്ഞുക്കുട്ടന് തമ്പുരാന്റെ വ്യാസമഹാഭാരതം വരെ ചിത്രകഥയ്ക്ക് അടിസ്ഥാനമായി ഉപയോഗിച്ചു. പ്രതാപ് ചന്ദ്ര റോയിയുടെ പ്രശസ്തമായ ഇംഗ്ലിഷിലുള്ള മഹാഭാരതവും റഫറന്‍സായിരുന്നു. ആ മഹാകാവ്യത്തോട് നീതി പുലര്‍ത്താന്‍ വാക്കിലും ചിത്രങ്ങളിലും വളരെ ജാഗ്രത പാലിച്ചു സാക്ഷാല്‍ക്കരിച്ചതാണ് 1344 പേജുകളിലായി മഹാഭാരതമെന്ന അമര്‍ ചിതകഥ ഇതിഹാസം.

പ്രതാപ് മല്ലിക്കിൻ്റെ അനശ്വരമായ വരകൾ ‘ദശാവതാരത്തിലെ ഹിരണ്യകശിപുവും, രാമായണത്തിലെ രാവണനും
ചിത്രകഥകളുടെ പൂര്‍ണതയ്ക്കു വേണ്ടി അനന്ത് പൈ നടത്തുന്ന ശ്രമങ്ങളെ കുറിച്ചു ‘മാര്‍ത്താണ്ഡ വര്‍മ’ യെന്ന അമര്‍ ചിത്രകഥ വരച്ച ഇരിഞ്ഞാലക്കുടക്കാരന്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ഒരിക്കല്‍ പറഞ്ഞു: ‘മാര്‍ത്താണ്ഡ വര്‍മയ്ക്കായി വരയ്ക്കാന്‍ എന്നെ ബോംബെയില്‍ നിന്നു തിരുവനന്തപുരത്തേക്ക് അയച്ചു. കൊട്ടാരവും കഥയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കുകയും തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങളെ കണ്ട് വേഷവിധാനങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്തു. വരയ്ക്കും മുന്‍പ് ബോംബെയില്‍ ഒരു സന്ദര്‍ശനത്തിനെത്തിയ തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴി ശ്രീ ചിത്തിര തിരുനാളുമായി സംസാരിക്കാന്‍ അനന്ത് പൈ എനിക്ക് അവസരമൊരുക്കി. ഇത്രയും വിശദമായ തയ്യാറെടുപ്പിന് ശേഷമാണ് മാര്‍ത്താണ്ഡവര്‍മ എന്ന അമര്‍ ചിത്രകഥ വരച്ചത്.’
നേരത്തേ ‘കപീഷ്’ വരച്ചു പ്രശസ്തനായ മാരാത്ത് മോഹന്‍ദാസ് അമര്‍ ചിത്രകഥയ്ക്കായും വരച്ചു. ആദ്യം വരച്ചത്… സ്വാമി അയ്യപ്പന്. 1975ല്‍ ആയിരുന്നു അത്. പിന്നീട് തച്ചോളി ഒതേനന്, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ മലയാള ചരിത്രവുമായി ബന്ധപ്പെട്ട അമര്‍ ചിത്രകഥകള്‍ വരച്ചു.
പ്രശസ്തനായ അമേരിക്കന്‍ അനിമേറ്ററായ ജെഫ്രി ഫൗളറുടെ പ്രതിഭ പോലും ഒരിക്കല്‍ അനന്ത് പൈ അമര്‍ ചിത്രകഥയില്‍ ഉപയോഗിച്ചു. പഞ്ചതന്ത്ര കഥകളില്‍ ജെഫ്രി വരച്ച ചിത്രങ്ങള്‍ അനിമേഷന്‍ ഛായ ഉള്ള വ്യത്യസ്തമായ അമര്‍ ചിത്രകഥയായിരുന്നു.
രാമായണവും ദശാവതാരവും യേശുക്രിസ്തുവും അമര്‍ ചിത്രകഥയായി പ്രത്യേക പതിപ്പുകളായി പിന്നീട് പുറത്തുവന്നു. വാക്കിലും വരയിലും അനന്ത് പൈ പുലര്‍ത്തിയ സൂക്ഷ്മത അതിശയകരമായിരുന്നു. ഒരിക്കല്‍ മാത്രം അമര്‍ ചിത്രകഥയില്‍ ഒരു പിഴവു പറ്റി, വാക്കിലല്ല, കവര്‍ ചിത്രത്തില്‍ തന്നെ. ദ്രൗപദി എന്ന ചിത്രകഥയിലെ കവറില്‍ ഒരു കൗരവന്റെ കയ്യില്‍ ലോഹവളയ്ക്കു പകരം റിസ്റ്റ് വാച്ച് കെട്ടിയത് തെറ്റായി ചിത്രകാരന് പ്രതാപ് മല്ലിക് വരച്ചു. അനന്ത് പൈയുടെ കണ്ണുകളെ വെട്ടിച്ച് അതു പുറത്തിറങ്ങി. ഈ അമര്‍ ചിത്രകഥ ‘ബെന്ഹര് പതിപ്പ്’ എന്നറിയപ്പെടുന്നു. വിഖ്യാത ചലച്ചിത്രമായ ‘ബെന്‍ഹറി’ല്‍ രണ്ടു യോദ്ധാക്കള്‍ വാച്ച് കെട്ടിയിരിക്കുന്നത് ചിത്രീകരിച്ചിരുന്നത് ഓര്‍മിക്കുന്ന ചിത്രകഥാ പതിപ്പായി ഇന്നും ആ ചിത്രവുമായി ദ്രൗപദി ഇറങ്ങുന്നു.
ജര്‍മന്‍, ഫ്രഞ്ച്, അറബി തുടങ്ങിയ ഭാഷകളില്‍ അമര്‍ ചിത്രകഥ വന്നതോടെ അന്താരാഷ്ട്ര പ്രചാരമുള്ള ഏക ഇന്ത്യന്‍ ചിത്രകഥയായി മാറി. 90കളില്‍ ദൂരദര്ശന് മെഗാ ഹിറ്റായ രാമായണത്തിന്റെ സെറ്റ് ഡിസൈനുകള്‍ക്കും വേഷങ്ങള്‍ക്കും മാതൃക അമര്‍ ചിത്രകഥയില്‍ നിന്നു ലഭിച്ചതാണെന്നു രാമാനന്ദ സാഗര്‍ ഒരു ചടങ്ങില്‍ കണ്ടുമുട്ടിയ അനന്ത് പൈയോടു പറഞ്ഞു. അങ്ങനെ അനന്ത് പൈയും അമര്‍ ചിത്രകഥയും ദൃശ്യമാധ്യമത്തിനും വഴികാട്ടിയായി എന്നതു ചരിത്രം.
അമര്‍ ചിത്രകഥ കൊണ്ട് അവസാനിച്ചില്ല അനന്ത് പൈയുടെ ചിത്രകഥാ പ്രണയം. 1970ല്‍ മുംബൈയില്‍ ‘രംഗ്രേഖാ ഫീച്ചേസ്’ എന്ന കോമിക്സ് സിന്ഡിക്കേറ്റിങ് സംരംഭം അനന്ത് പൈ ആരംഭിച്ചു. പിന്നീട് കുട്ടികളുടെ പ്രിയകഥാപാത്രമായ ‘കപീഷ്’ ചിത്രകഥ ഇതിലൂടെ പ്രചരിച്ചു. 1976ല്‍ ആദ്യത്തെ കപീഷ് ലക്കം പ്രസിദ്ധീകരിച്ചത് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്ഥാപിച്ച ‘ചില്‍ഡ്രന്‍സ് വേള്‍ഡ്’ എന്ന ഇംഗ്ലിഷ് ബാലമാസികയിലാണ്. പിന്നീട് ഇത് ഇന്ത്യയിലെങ്ങുമുള്ള വിവിധ ഭാഷകളിലുള്ള ബാലമാസികകളില്‍ പരിഭാഷപ്പെടുത്തി അച്ചടിച്ചു വന്നു.

ലൂയിസ് ഫെർണാണ്ടസ്
1980 ല്‍ അനന്ത് പൈ ‘ട്വിങ്കിള്‍’ എന്ന സചിത്ര ഇംഗ്ലിഷ് മാസിക തുടങ്ങിയതോടെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട കുറെ കഥാപാത്രങ്ങള്‍ കൂടി എത്തി. രാം വയീക്കറുടെ ശുപ്പാണ്ടിയും വസന്ത് ബി. ഹാല്‍ബെ, ലൂയിസ് ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ശിക്കാരി ശംഭുവും ലൂയിസും പ്രദീപ് സാഥേയും ഒരുമിച്ച കാലിയയുമൊക്കെ ട്വിങ്കിളിലൂടെ വായനക്കാരെ ആകര്‍ഷിച്ചു.
57 വര്‍ഷം മുന്‍പ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വര്‍ണങ്ങളിലൂടെയും വാക്കുകളിലൂടെയും അനന്ത് പൈ വായനക്കാര്‍ക്ക് നല്കിയ അമര്‍ ചിത്രകഥ ഇന്നും ഹൃദ്യമായ വായനാനുഭവമായി തുടരുന്നു. വായനാലോകം ഡിജിറ്റല്‍ ആയതോടെ അമര്‍ ചിത്രകഥയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറങ്ങി. ഒരു കോടി കോപ്പികള്‍ വിറ്റഴിഞ്ഞ അമര്‍ ചിത്രകഥ പുതിയ തലമുറ ടാബിലും മൊബൈല്‍ ഫോണിലും വായിച്ച് ആസ്വദിക്കുകയാണ് ഇപ്പോള്‍. അവസാന കാലം വരെ പ്രസിദ്ധീകരണ വ്യവസായത്തിലെ ചലനങ്ങള്‍ ശ്രദ്ധിച്ചിരുന്ന അനന്ത് പൈ 2011 ഫെബ്രുവരി 24ന് അന്തരിച്ചു. ബോംബെയിലെ അജ്ഞാതനായ പുസ്തക വില്പ്പനക്കാരന് നേരത്തെ പ്രവചിച്ച പോലെ അനന്ത് പൈ ആരംഭിച്ച ചിത്രകഥാ പരമ്പര അമരത്വം നേടി ഇന്നും വായിക്കപ്പെടുന്നു. Today is the birthday of Anant Pai, the man behind Amar Chitra Katha
Content Summary: Today is the birthday of Anant Pai, the man behind Amar Chitra Katha
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.