June 26, 2026 |
Avatar
അമർനാഥ്‌
Share on

ദാ പൂരമെത്തി, പൊടി പൂരം, തൃശ്ശൂര്‍ പൂരം!

പൂരങ്ങളുടെ ഒക്കെ പൂരമായ തൃശൂര്‍ പൂരം ഇന്നാണ്

ഇന്നലെ രാവിലെ 11 ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് പൂര വിളംബരം കുറിച്ചതോടെയാണ് ഈ ആണ്ടിലെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായത്.

തൃശൂര്‍ പൂരത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി, തൃശൂര്‍ പൂരം തുടങ്ങാനുള്ള ശക്തന്‍ തമ്പുരാന്റെ കല്പന മുതല്‍, ഇലഞ്ഞിത്തറ മേളം ഉച്ചകഴിഞ്ഞ് 2.10ന് തുടങ്ങാന്‍ തീരുമാനിച്ച കാരണം വരെയുള്ള പൂരചരിത്രക്കാഴ്ചകളിലേക്ക്.

‘തൃശിവപേരൂര്‍ പൂരം കീഴാണ്ടുകളിലെന്ന പോലെ ഘോഷമായി നടന്നിരിക്കുന്നു. മുമ്പും പിമ്പുമുള്ള ദിവസങ്ങളില്‍ മഴ കലശലായിരുന്നെങ്കിലും അന്നേദിവസം നല്ല തെളിവായിരുന്നു. പൂച്ചുപണികള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലമാകയാല്‍ എഴുന്നെള്ളിച്ച ആനകളുടെ തലക്കെട്ടെല്ലാം സ്വര്‍ണ്ണം തന്നെ.’

മലയാള മനോരമ – മെയ് 25, 1890

227 ആണ്ടുകള്‍ക്കു മുന്‍പ്, ആറാട്ടുപുഴ പൂരത്തിന് കനത്ത പേമാരി മൂലം പങ്കെടുക്കാന്‍ കഴിയാതെ തൃശൂര്‍ ദേശക്കാരെ പിറ്റേകൊല്ലം ഉത്സവത്തിന് പങ്കെടുപ്പിക്കാതെ പടിക്ക് പുറത്ത് നിറുത്തിയപ്പോള്‍, മേടച്ചൂടിനേക്കാള്‍ ചൂടനായിരുന്ന അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ഒമ്പതാമന്‍ എന്ന കൊച്ചി രാജാവ്, എന്ന് വെച്ചാല്‍ സാക്ഷാല്‍ ശക്തന്‍ തമ്പുരാന്‍. ഇനി വടക്കുംനാഥന്‍ സാക്ഷിയായി മതി പൂരം, ഇനി തൃശൂര് മതി പൂരം. എന്ന് തീരുമാനമെടുത്തു! പൂരങ്ങളുടെ പൂരമായ തൃശുര്‍ പൂരത്തിന്റെ ഇരുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള, ചരിത്രം അങ്ങനെ തുടങ്ങുന്നു!

statue of sakthan thamburan

ശക്തൻ തമ്പുരാൻ്റെ പ്രതിമ. പിറകിൽ തൃശൂരിലെ ശക്തൻ തമ്പുരാൻ പാലസ്

മീന മാസത്തിലാണ് ആദ്യം പൂരം നടത്തിയത്. ഉത്സവകാലമായതിനാല്‍, വാദ്യക്കാരേയും ആനകളേയും കിട്ടാതെ വന്നപ്പോള്‍ അത് മേടമാസത്തിലെ മകം നാളിലേക്ക് മാറ്റി, തൃശൂര്‍ പട്ടണത്തിന് ചുറ്റുമുള്ള 10 ക്ഷേത്രങ്ങള്‍ പങ്കെടുക്കുന്നു. പ്രമുഖര്‍ പാറമേക്കാവും, തിരുവമ്പാടിയും തന്നെ! തൃശൂര്‍ പൂരത്തേക്കാള്‍ ആനകളെ അണിനിരത്തുന്ന ആറാട്ടുപുഴ പൂരമുണ്ട്. നെന്മാറ വല്ലങ്ങി വെടിക്കെട്ടിന്റെ പെരുമയോ പ്രകമ്പനമോ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനില്ല. പക്ഷേ, തൃശൂര്‍ പൂരത്തിന്റെ പിന്നിലെ ഇവയൊക്കെ നില്‍ക്കൂ. കാരണമെന്തെന്ന് ചോദിച്ചാല്‍ അത് അങ്ങനെയാണ്.

തൃശൂര്‍ പൂരം സര്‍വ്വ മതക്കാരുടെയും ഉത്സവമാണ്. ജാതി മതഭേദമില്ലാതെ, ഏതൊരാള്‍ക്കും പൂരത്തിന്റെ പ്രധാന സംഭവങ്ങള്‍ നടക്കുന്ന തേക്കിന്‍കാട് മൈതാനത്തില്‍ വന്ന് പങ്കുകൊള്ളാമെന്നതാണ് ഇതിന് കാരണം. തൃശൂര്‍ക്കാരുടെ ദേശീയോത്സവമായി മാറിയ തൃശൂര്‍ പൂരം കേരളത്തിലെ, മതസൗഹാര്‍ദ്ദത്തിന്റെ മനോഹര വേദി തന്നെ.

പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് കുടമാറ്റം. തൃശൂര്‍ പൂരമെന്ന് പറയുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ വരുന്ന ചിത്രവും കുടമാറ്റത്തിന്റെത് തന്നെ തെക്കോട്ടിറക്കത്തില്‍ പതിനായിരക്കണക്കിന് ഉത്സവപ്രേമികള്‍ തിങ്ങിനിറഞ്ഞ വര്‍ണ കുടകളുമേന്തിയുള്ള ഇരു വിഭാഗക്കാരുടെ ആ നില്‍പ്പാണ് തൃശൂര്‍ പൂരത്തിന്റെ ഐക്കണ്‍. സൂര്യാസ്തമയത്തിന്റെ സമയത്തെ ആ കാഴ്ച ആര്‍പ്പുവിളിയിലും മേളത്തിലും മുങ്ങിത്തീരുമ്പോള്‍ തൃശൂര്‍ക്കാര്‍ അഭിമാനത്തോടെ ഒരിക്കല്‍ക്കൂടി മനസിലുറപ്പിക്കുന്നു. ഈ മനോഹര വര്‍ണക്കാഴ്ച തൃശൂര്‍ പൂരത്തിന് മാത്രം സ്വന്തം!

ഒന്നാംലോക മഹായുദ്ധം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ പൂരത്തിനാണ് കുടമാറ്റം ആരംഭിച്ചത്. അന്ന് 14 ചുവപ്പ് കുടയും നടുവില്‍ ഒരു പച്ചക്കുടയുമായി 15 ആനകള്‍ അണിനിരന്നു. ആ കൊല്ലം തിരുവമ്പാടിക്കാര്‍ ഒരു പുതിയ ആശയം അവതരിപ്പിച്ചു. പച്ചക്കുടകള്‍ക്ക് നടുവില്‍ ഒരു ചുവന്ന കുടമാറ്റി ഉയര്‍ത്തി. മനോഹരമായ ഈ കാഴ്ചയില്‍ പകച്ചു പോയെങ്കിലും പാറമേക്കാര്‍ പതറിയില്ല, മൈതാനത്ത് വില്‍ക്കാന്‍ വെച്ചിരുന്ന ഓലക്കുടകള്‍ വാങ്ങി ഉയര്‍ത്തി മറുപടി നല്‍കി, വീറിലും വാശിയിലും വര്‍ണ്ണങ്ങള്‍ കൊണ്ട് കാഴ്ചക്കാരെ ആഹ്ലാദഭരിതമാക്കുന്ന തൃശൂര്‍പൂരം കുടമാറ്റത്തിന്റെ ആരംഭം അവിടെ നിന്നാണ്. 1500 ഓളം കുടകള്‍, ഇപ്പോള്‍ കുടമാറ്റത്തിന് ഉപയോഗിക്കുന്നുണ്ടത്രെ.

ഏതാണ്ട് 20 വര്‍ഷം മുന്‍പ്, കുടകള്‍ സംഭാവനയായി നല്‍കുന്ന ഒരു പദ്ധതി തുടങ്ങി, 20000 രൂപ കൊടുത്താല്‍ നിങ്ങളുടെ പേരില്‍ ഒരു കുട ഉയര്‍ത്തപ്പെടും. മാത്രമല്ല, പൂരത്തിന്റെ തലേന്നാള്‍ ചമയ കാഴ്ചയില്‍ കുട പ്രദര്‍ശിപ്പിക്കും. ഹാളില്‍ കുടയുടെ സ്‌പോണ്‍സര്‍ ആയി നിങ്ങളുടെ പേര് എഴുതി വെച്ചിരിക്കും. അര്‍ദ്ധരാത്രിക്ക് കുട പിടിക്കുകയാണെന്ന്, തെറ്റിദ്ധരിക്കേണ്ട, നിങ്ങള്‍ കാശ് കൊടുത്ത ‘കുട’ പ്രദര്‍ശിപ്പിക്കുക മാത്രമാണ് ഇതെന്ന് മനസിലാക്കുക!

തൃശൂര്‍ നഗരത്തിനെ വികസിപ്പിക്കാന്‍ ശക്തന്‍തമ്പുരാന്‍ പൂരം കൊണ്ടുവന്നു. പൂരത്തിന്റെ, വാണിജ്യ സാദ്ധ്യതകള്‍ നഗര വികസനത്തിന് ധനപരമായ നേട്ടം വരുമെന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അതിന് പിന്നില്‍. പൂരം എക്‌സിബിഷന്‍ അതിന്റെ, പിന്‍തുടര്‍ച്ചയായി നടത്തുന്ന ഒന്നാണ്. 1932 ലാണ് ആദ്യമായി പൂരം എക്‌സിബിഷന്‍ സംഘടിപ്പിച്ചത് ‘സ്വദേശി പ്രദര്‍ശനം’ എന്നറിയപ്പെട്ട ഇത് 1930 കളില്‍ പ്രശസ്തമായ ‘മദ്രാസ് പാര്‍ക്ക് എക്‌സിബിഷന്‍’ എന്ന വാണിജ്യമേളയെ അനുകരിച്ചാണ് തുടങ്ങിയത്. തൃശൂരിലെ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു ഇതിന്റെ പിന്നില്‍. അതിനാല്‍ സ്വദേശി പ്രദര്‍ശനം എന്നറിയപ്പെട്ടു. 1963 ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റി ഇത് പാറമേക്കാവിനും തിരുവമ്പാടിക്കും കൈമാറി. പിന്നീട് ‘പൂരം എക്‌സിബിഷന്‍’ എന്ന പേരില്‍ അറിയപ്പെട്ടു.

trissur pooram

പൂരത്തിൻ്റെ തലേ നാളത്തെ ചമയക്കാഴ്ച

പൂരം വെടിക്കെട്ട് എന്നും ആവേശം കൊള്ളിച്ച പകിട്ടാണ്. നേരത്തെ സൂചിപ്പിച്ച മദ്രാസ് പാര്‍ക്ക് എക്‌സിബിഷനില്‍, കരിമരുന്ന് വിദ്ഗധനായിരുന്ന പൊന്നു വീട്ടില്‍ ഗോപാലന്‍ നായരാണ് തൃശൂര്‍ പൂരം വെടിക്കെട്ടില്‍ തിരുവമ്പാടിക്കാര്‍ക്ക് വേണ്ടി മിന്നല്‍ അമിട്ട് ആദ്യമായി അവതരിപ്പിച്ചത്. 1925 ല്‍, നൂറു വര്‍ഷം മുന്‍പ് നടന്ന, ആ വെടിക്കെട്ടില്‍ തൃശൂരിന്റെ തൊടുതിലകമായ തേക്കിന്‍ക്കാട് മൈതാനത്ത് തെളിഞ്ഞ ആകാശത്തിന്റെ വിരിമാറില്‍ വിവിധ വര്‍ണ്ണങ്ങളില്‍ അമിട്ട് വിരിഞ്ഞപ്പോള്‍ പൂരത്തിന് കൂടിയ ജനസഹസ്രങ്ങള്‍ ആഹ്ലാദത്തോടെ, അത്ഭുതത്തോടെ നോക്കി നിന്നു.

ആ വര്‍ണ്ണങ്ങള്‍ മനസില്‍ വിരിയിച്ച ആഹ്ലാദനിമിഷങ്ങളെ കുറിച്ച് കുട്ടിയായിരുന്നപ്പോള്‍ അത് നേരിട്ട് കണ്ട, തൃശൂര്‍ക്കാരനായ, അന്ന് 12 വയസുകാരനായ സി. അച്ച്യുതമേനോന്‍ എഴുതിയിട്ടുണ്ട്. അന്നാണ് മിന്നല്‍ പടക്കവും മിന്നല്‍ അമിട്ടും തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ആദ്യമായി ആകാശത്ത് പൊട്ടി വിരിഞ്ഞത്. ഗോപാലന്‍ നായര്‍ക്ക് മാത്രമറിയാമായിരുന്ന ഈ മിന്നല്‍ പ്രയോഗം അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പൂരനാള്‍ തുടങ്ങി, വെളുപ്പിന് വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ മാത്രമാണ് തിരുവമ്പാടിക്കാരുടെ വെടിക്കെട്ടില്‍ ഈ പുതിയ വിദ്യ ആകാശത്ത് നിറങ്ങളുടെ പൂരം തീര്‍ത്തത്. ഈ പുതിയ അത്ഭുത നിറങ്ങളുടെ ശബ്ദകാഴ്ചയില്‍ എതിര്‍പക്ഷമായ പാറമേക്കാവുകാര്‍, മറുപടിയില്ലാതെ നിശബ്ദരായി നോക്കി നിന്നു. പക്ഷേ, പിറ്റേ വര്‍ഷം തന്നെ അവര്‍ ഈ വിദ്യ പഠിച്ച് അവതരിപ്പിച്ചെങ്കിലും ആദ്യമായി വെടിക്കെട്ടില്‍ അമിട്ടിലൂടെയും, കുഴിമിന്നലിലൂടേയും വര്‍ണ്ണ ഗോളങ്ങള്‍ ആകാശത്ത് വിരിയിച്ച മികവ് തിരുവമ്പാടിക്കാര്‍ക്കു തന്നെയായി.

pooram vedikkett

വെടിക്കെട്ട്, ആകാശത്തെ വിസ്മയം

തിരുവമ്പാടിക്കാരുടെ മഠത്തില്‍ നിന്നുള്ള വരവ്, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം ഈ രണ്ടുമാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മികച്ച മേള മുഹൂര്‍ത്തങ്ങള്‍ ! പ്രശസ്ത സംസ്‌കൃത ഗവേഷണ കേന്ദ്രമായ ബ്രഹ്‌മസ്വം മഠത്തിന്റെ മുന്നിലാണ് മഠത്തില്‍ നിന്നുള്ള വരവ് – പഞ്ചവാദ്യം നടത്തുന്നത്. പണ്ട് മഠത്തിന്റെ അധിപനായ സ്വാമിയാര്‍ക്ക് മൂന്ന് സ്വര്‍ണ നെറ്റിപട്ടം ഉണ്ടായിരുന്നു. പൂരത്തിന് തിരുവമ്പാടിക്കാര്‍ക്ക് ആ നെറ്റിപട്ടം ഉപയോഗിക്കണമെന്ന് തോന്നി. സ്വാമിയാര്‍ സമ്മതിച്ചു, ഒരു വ്യവസ്ഥയില്‍. എഴുന്നള്ളത്ത് വരുമ്പോള്‍ മഠത്തിന്റെ മുന്നില്‍ നിറുത്തി വാദ്യം നടത്തണം. പകരം നെറ്റിപ്പട്ടം തരും. അങ്ങനെ, മഠത്തില്‍ വരവ് ഇറങ്ങി എഴുന്നള്ളി. പൂരം കഴിഞ്ഞ് മടക്കത്തില്‍ നെറ്റിപ്പട്ടം തിരികെ കൊടുക്കും. സ്വര്‍ണ നെറ്റിപ്പട്ടം ഇല്ലാതെ ഇന്നും മഠത്തില്‍ നിന്നുള്ള വരവ് നടക്കുന്നു.

ഏറ്റവും അധികം വാദ്യക്കാര്‍ പങ്കെടുക്കുന്ന മേളമാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം – ശരിക്കും കേരളത്തിന്റെ, തൃശൂരിന്റെ സിംഫണി! മേളം മുറുകുമ്പോള്‍ പഴയ ഇലഞ്ഞിയുടെ ഇലകള്‍ പോലും താളം പിടിക്കും ! ഡല്‍ഹിയിലുള്ള ഓള്‍ ഇന്ത്യ റേഡിയോയുടെ വാര്‍ത്ത കഴിഞ്ഞ് 2:10 ന് ആരംഭിക്കും; ലൈവ് മേളം, ടി.വി ചാനലുകള്‍, വെബ് സൈറ്റുകള്‍ ഇല്ലാത്ത കാലത്ത്, ആ ശിലായുഗത്തില്‍, റേഡിയോ താരമായിരുന്ന കാലത്ത്, ശ്രോതാക്കളുടെ ആവശ്യം അനുസരിച്ച്, വാര്‍ത്ത കഴിഞ്ഞ് മാത്രം ഇലഞ്ഞിത്തറമേളം പ്രക്ഷേപണം ചെയ്യണം എന്ന അപേക്ഷ റേഡിയോക്കാര്‍ കൈകൊണ്ടതിന്റെ പ്രകാരമാണ്, വാര്‍ത്താ ശല്യം ഒഴിവാക്കി ഇന്നും റേഡിയോ തുടരുന്ന ഇലഞ്ഞിത്തറമേളം ലൈവ്. ഇന്ന് ടി വി ചാനലും മറ്റു സാമൂഹിക മാധ്യമങ്ങളും പൂരം ലൈവാക്കി കയ്യടക്കി. പൂര വിശേഷം പറയാന്‍ ലൈവായി, ചാനലുകളില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍, വി.കെ. ശ്രീരാമന്‍, ജയരാജ് വാര്യര്‍ എന്നീ പ്രശസ്തരും എത്തി.

പഞ്ചവാദ്യം എന്ന വാദ്യകലയ്ക്ക് വേണ്ടി ഒരൊറ്റ രാത്രി. മുഴുവന്‍ മാറ്റി വെച്ച ഒരേ ഒരു പൂരം തൃശൂര്‍ പൂരമാണ്. പൂരപ്പകലില്‍, ചെണ്ടമേളവും, പഞ്ചവാദ്യവും പകുതിയോളം. പാറമേക്കാവിന് പാണ്ടിമേളവും, തിരുവമ്പാടിക്ക് തുടക്കത്തില്‍ പഞ്ചവാദ്യവും, പിന്നീട് പാണ്ടിമേളവും. രാത്രിയില്‍ 4 മണിക്കൂര്‍, പഞ്ചവാദ്യം അരങ്ങ് വാഴുന്നു. തൃശൂര്‍ പൂരത്തിന്റെ അരങ്ങിലാണ് ആധുനിക പഞ്ചവാദ്യം രൂപം കൊണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ളവര്‍ പറയുന്നു. പഴയ പഞ്ചവാദ്യത്തില്‍, മരം, തൊപ്പിമദ്ദളം, ചേങ്കില, ഇടയ്ക്ക, ശംഖ് എന്നിവയായിരുന്നു. പിന്നീട് മരം മാറ്റി തിമില വന്നു. കൊമ്പും കൂടെയെത്തി. മദ്ദള കലയിലെ ആചാര്യന്‍ വെങ്കിച്ചന്‍ സ്വാമിയാണ് പഞ്ചവാദ്യത്തിന്റെ ഘടന മാറ്റിയത്; ഒരു കൊല്ലം, മഠത്തില്‍ നിന്നുള്ള വരവില്‍ കഴുത്തില്‍ കെട്ടി കൊട്ടുന്ന പതിവ് രീതി ഉപേക്ഷിച്ച്, മദ്ദളം അരയില്‍ കെട്ടി. അന്നമനട അച്ചുത മാരാര്‍, പീതാംബരമാരാര്‍, പരമേശ്വരമാരാര്‍ എന്നീ തിമിലയിലെ ത്രിമൂര്‍ത്തികളുടെ സഹായത്തോടെയാണ് വെങ്കിച്ചന്‍ സ്വാമി ഇന്ന് നാം ആസ്വദിക്കുന്ന പഞ്ചവാദ്യം അരങ്ങില്‍ കേള്‍പ്പിച്ചത്. എന്നും മുഴങ്ങുന്ന കേളി കൊട്ടായ് നിലനിന്ന ആ പ്രതിഭകളുടെ സംഭാവനയാണ് ഇപ്പോഴത്തെ പഞ്ചവാദ്യം!

Thekkinkad ground

പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം

തേക്കിന്‍കാട് മൈതാനമാണ് തൃശൂര്‍ നഗരത്തിന്റെ ആത്മാവ്. ഈ മൈതാനമറിയാത്ത ഒരു ചലനവും തൃശൂരില്ല. ഒരു പുരാതനമായ ക്ലോക്കിന്റെ ഡയല്‍ പോലെ, നഗരത്തിന്റെ ചലനങ്ങള്‍ അതിലൂടെ കടന്നുപോകുന്നു.

സാധാരണ ദിവസങ്ങളില്‍ അടഞ്ഞുകിടക്കുന്ന, വാക്കുംനാഥന്റെ തെക്കേ ഗോപുരം പൂരത്തിന്റെ ആവശ്യത്തിനായ് തലേദിവസത്തിന് മുന്‍പുള്ള ദിവസം തുറക്കുന്നു. നൈതലക്കാവ് ഭഗവതിക്കാണ് ഇതിനുള്ള അവകാശം. ഭഗവതിയുടെ എഴുന്നെള്ളത്ത് അന്നേദിവസം തൃശൂരിലെത്തി, വടക്കുനാഥന്റെ പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന്, തെക്കേ ഗോപുരം വഴി പുറത്തേക്ക് വരുന്നു അതോടെ തെക്കേ ഗോപുരം തുറന്നിടുന്നു.

തൃശൂര്‍ പൂരം എന്നാല്‍ യഥാര്‍ഥത്തില്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളായ പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും പൂരമാണ്. രണ്ട് ദേശ ക്ഷേത്രങ്ങളുടെ പൂരം. പാറമേക്കാവുകാര്‍ 15 ആനകളോട് ഉച്ചക്ക് വടക്കുംനാഥന്റെ കിഴക്കേ ഗോപുരത്തില്‍ കൂടി മതില്‍കെട്ടിനകത്ത് പടിഞ്ഞാറെ ഭാഗത്തുള്ള ഇലഞ്ഞിത്തറയില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നു. അതാണ് അവരുടെ പകല്‍പൂരം. ആ സമയത്ത് തിരുവമ്പാടിക്കാരുടെ മഠത്തില്‍ നിന്ന് ആനകളെ എഴുന്നെള്ളിപ്പ് പടിഞ്ഞാറെ പ്രദക്ഷിണ വഴി ചുറ്റി നായ്ക്കനാല്‍ വഴി ശ്രീമൂലസ്ഥാനത്തെത്തി (വടക്കുനാഥന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ മുന്നിലുള്ള സ്ഥലം) പതിനഞ്ച് ആനകളുമായി മഠത്തില്‍ നിന്നുള്ള വരവ് തിരുവമ്പാടിയുടെ മേളം, പകല്‍പ്പൂരം ആരംഭിക്കുന്നു. ഇത് കഴിഞ്ഞാല്‍ തെക്കോട്ടിറക്കം – തെക്കേ ഗോപുരത്തില്‍ രണ്ട് വിഭാഗങ്ങളും 15 ആനകളെ അഭിമുഖമായി നേര്‍ക്കുനേര്‍ അണിനിരത്തുന്നു. പിന്നെ വര്‍ണ്ണക്കുടകളുടെ ലോകം തെളിയുകയായി. പൂരത്തിന്റെ എറ്റവും മനോഹരമായ സായന്തന കാഴ്ച്ച, ആരുടേയും കണ്ണിനും കരളിനും പകരുന്ന ആ വര്‍ണ്ണക്കുടകളുടെ കാഴ്ചയാണ് ലോക പ്രശസ്തമായ കുടമാറ്റം. 50 സെറ്റ് കുടകളെങ്കിലും 15 ആനകള്‍ക്ക് ഇരുവിഭാഗത്തിലും കാണും. സ്‌പെഷ്യല്‍ കുടകള്‍ വേറേയും. 20,000 മുതല്‍ 22,000 വരെ വില വരുന്നതാണ് ഒരു വര്‍ണ്ണക്കുട എന്നറിയുക.

Ilanjithara melam

ഇലഞ്ഞിത്തറ മേളം

സാമ്പിള്‍ വെടിക്കെട്ട്, തൃശൂര്‍ പൂരത്തിന് മാത്രം ഉള്ള പ്രതിഭാസമാണ്. പൂരത്തിന് രണ്ട് നാള്‍ മുന്‍പ്, ശക്തി തെളിക്കുന്ന, രണ്ട് വിഭാഗക്കാരുടെയും കരിമരുന്ന് പ്രയോഗത്തിന്റെ മുന്നറിവ്. വന്‍ ജനാവലിയാണ് ഇതിനും വരുന്നത്. ദേശക്കാരുടെ പൂര മത്സരം ആവേശം നിറച്ച ഒരു കാലമുണ്ടായിരുന്നു. അതേക്കുറിച്ച് തൃശൂരിന്റെയും ശക്തന്‍ തമ്പുരാന്റെയും ചരിത്രമെഴുതിയ പ്രശസ്തനായ എഴുത്തുകാരന്‍ പുത്തേഴത്ത് രാമന്‍ മേനോന്‍ 50 വര്‍ഷം മുന്‍പ് എഴുതിയിരുന്നു.

‘നാട്ടുകാരുടെ പൂരമത്സരം കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള മത്സരം അതിന്റെ മൂര്‍ധന്യത്തിലെത്തി, തല്ലും തള്ളും കൊല വരെ ഉണ്ടാക്കാറുണ്ട്. തിരുവമ്പാടിക്കാര്‍ പാറമേക്കാവുഭാഗത്തും മറിച്ചും, സംബന്ധമര്യാദ കൂടി പൂരക്കാലത്ത് പുലര്‍ത്തിയിരുന്നത്രെ. ആനക്കും, വെടിക്കും, വെടിക്കെട്ടിനും ഒരു ക്ലിപ്തയും ഉണ്ടായിരുന്നില്ല. വടക്കേ ഭാഗക്കാര്‍ വാണക്കമ്പം തെക്കോട്ട് തിരിച്ചും, തെക്കേ ഭാഗക്കാര്‍ അതുപോലെ വടക്കോട്ട് ചാച്ചും കത്തിച്ച് അനവധി അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കാറുണ്ട്. കൂട്ടു വെടിക്ക് തീ കൊളുത്തിയാല്‍ ഇടത് കതിന വാരുന്ന സാഹസം കൂടി നടന്നിരുന്നു. അനിയന്ത്രിതമായ ഈ മത്സരത്തില്‍ ഗവണ്‍മെന്റിന് ഇടപെടേണ്ടി വന്നു’ പുത്തേഴന്‍ രേഖപ്പെടുത്തി.

puthezhath raman menon

പുത്തേഴത്ത് രാമൻ മേനോൻ

1978 ലെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടപകടത്തില്‍ എട്ടുപേര്‍ മരിച്ചതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (PESO) നിബന്ധന വ്യവസ്ഥകള്‍ പാലിച്ച് അനുമതി പത്രം കിട്ടിയാല്‍ മാത്രമെ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ കഴിയൂ.

ആനച്ചമയം, പൂരത്തിന്റെ പന്തലുകള്‍, ഉയരുന്നതോടെ നഗരം പൂരത്തിരക്കിലേക്ക് നീങ്ങുന്നു. ബാഹുബലി പോലെ ഒരു മെഗാ ചലചിത്രം നിര്‍മ്മിക്കുന്ന പ്രയത്‌നം തൃശൂര്‍പൂരം നടത്തിപ്പിനുണ്ട് എന്ന സത്യം ആരുമോര്‍ക്കാറില്ല. കൊടിമരം തയ്യാറാക്കുന്ന പണിക്കാര്‍ തൊട്ട്, പൂരമവസാനിക്കുന്ന ഉച്ചയ്ക്ക്, പാറമേക്കാവ് ക്ഷേത്രത്തിലെ നടപന്തലില്‍ ഉച്ചക്കഞ്ഞി വിളമ്പുന്നവര്‍ വരെയുള്ളവരുടെ അദ്ധ്വാനം വരെ തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിലുണ്ട്. ആ കൂട്ടായ്മയുടെ പുണ്യഫലമാണ് നാളുകള്‍ പിന്നിടുമ്പോഴും പ്രശസ്തിയും പകിട്ടും വര്‍ദ്ധിച്ച് മുന്നേറുന്ന തൃശൂര്‍ പൂരം.

കേരളത്തിലെ ഉത്സവങ്ങളിലെല്ലാം മതപരവും ക്ഷേത്രസബന്ധികളുമായ പല ചടങ്ങുകളുമുണ്ട്. എന്നാല്‍ തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ഒരു ക്ഷേത്രത്തിന്റെയും ഒരു ചടങ്ങും പൂരപ്പറമ്പില്‍ വെച്ച് നടത്തപ്പെടുത്തില്ലെന്ന അപൂര്‍വത തൃശൂര്‍ പൂരത്തിന് മാത്രം അവകാശപ്പെട്ടതാണ്. പൂരം ഒരു പ്രദര്‍ശനം മാത്രമാണെന്ന് സാരം. വടക്കുംനാഥന്റെ അമ്പലപ്പറമ്പിലാണ് നടക്കുന്നത്. പക്ഷേ, വടക്കുംനാഥ ക്ഷേത്രത്തില്‍ പൂരനാള്‍ വിശേഷാല്‍ പൂജയോ വഴിപാടൊ ഇല്ല. വടക്കുംനാഥന് അത് സാധാരണ ഒരു ദിവസം മാത്രം. വടക്കുംനാഥന്‍ പൂരത്തില്‍ പങ്കെടുക്കുന്നില്ല! എല്ലാറ്റിനും സാക്ഷിയായി, പൂരത്തിനെ അനുഗ്രഹിച്ച് ആശീര്‍വദിക്കുന്നു!
ഒരു വര്‍ഷത്തെ പൂരം സമാപിച്ച് കൊടിയിറങ്ങുമ്പോള്‍ ഉത്സവത്തിനായി രണ്ട് വിഭാഗക്കാരും ചേര്‍ന്ന് രണ്ടരക്കോടി രൂപയോളം ചിലവാക്കി കഴിഞ്ഞിരിക്കും. ആനകള്‍ക്കും ചമയത്തിനും കൂടി മാത്രം 50 ലക്ഷം രൂപ വരും. വെടിക്കെട്ടിന് ശരാശരി ഒരു വിഭാഗത്തിന് 30 ലക്ഷം രൂപ വരും. തൃശൂര്‍ പൂരത്തിന്റെ സാമ്പത്തിക വശം ചെറുതല്ല.

തൃശൂര്‍ പൂരത്തിന് ജാതിയോ മതമോ ഇല്ല. രാഷ്ട്രീയവും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി പൂരം മനുഷ്യ നിര്‍മിതമായ തടസ്സം നേരിട്ടു. ഒന്നാം ലോകമഹായുദ്ധക്കാലത്തും, കോവിഡുകാലത്തുമാണ് ഇതിന് മുന്‍പ് പൂരം നടക്കാതിരുന്നത്. പൂരം രാഷ്ട്രീയവല്‍ക്കരിക്കാനും ഒരു ശ്രമം നടന്നു. അതിന്റെ കാരണക്കാരാരായാലും അത് അത്ര ശുഭകരമല്ല.

രണ്ട് വര്‍ഷം മുന്‍പ് തൃശൂര്‍ പൂരത്തിന് കുടമാറ്റത്തില്‍ തിരുവമ്പാടിക്കാര്‍ ഫുട്‌ബോള്‍ താരം മെസ്സിയുടെ കട്ടൗട്ട് കുടമാറ്റത്തില്‍ ഉയര്‍ത്തി. തികഞ്ഞ അനൗചിത്യമായി അത്. മെസ്സിക്കോലവും ഭാവിയില്‍ റൊണാള്‍ഡോയും സച്ചിനും, വിരാട് കോഹ്‌ലിയും രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളും മതനേതാക്കളുമെല്ലാം ഇങ്ങനെ പൂരത്തിന് ആനപ്പുറത്ത് കണ്ട് തുടങ്ങിയാല്‍ അത് തികഞ്ഞ അരോചകമാണെന്ന് കമ്മറ്റിക്കാര്‍ ഓര്‍ത്തില്ല.

ഇത് തുടര്‍ന്നാല്‍ വരാന്‍ പോകുന്നത്, മള്‍ട്ടി നാഷണല്‍, കമ്പനികളുടെ പരസ്യമായിരിക്കും. സാനിറ്ററി നാപ്കിന്റെയും, ഗര്‍ഭനിരോധന ഉറകളുടെയും പരസ്യം കുടയില്‍ പ്രതൃക്ഷപെട്ടാല്‍ എന്തായിരിക്കും അവസ്ഥ. ലോകം മുഴുവന്‍ മലയാളികള്‍ ഉള്‍പ്പെടെ കാണുന്ന പൂരം കുടമാറ്റം ചുരുങ്ങിയ ചിലവില്‍ പരസ്യം കാണിക്കുന്ന വേദിയാക്കരുത്. കാശ് കിട്ടുമെന്ന് വിചാരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന്റെ ഭാഗമാക്കരുത്.

പുതുമയാകാം എന്നാല്‍ അത് പൈതൃകത്തെയും പാരമ്പര്യത്തെയും അധിക്ഷേപിച്ചു കൊണ്ടാവരുത്. അന്ന് പ്രദര്‍ശിപ്പിച്ച മെസ്സിക്കോലം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കായിക മേളയിലോ ഘോഷയാത്രയിലോ ഏതു കോലവും കെട്ടാം. തൃശൂര്‍ പൂരം അത് പോലെയല്ല. വെറും ആഘോഷം മാത്രമല്ല, കേരളത്തിന്റെ ഒരു പുരാതന സാംസ്‌കാരിക ബിംബമാണ്.

മതപരമായ ഒരു ചിഹ്നവും ഇതുവരെ, കുടമാറ്റത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ആനപ്പുറത്ത് കാണുന്ന തിടമ്പിലെ ദേവന്‍ അല്ലെങ്കില്‍ ദേവി ആരാണെന്ന് നോക്കിയിട്ടല്ല, ജനലക്ഷങ്ങള്‍ കുടമാറ്റം കാണുന്നത്. അതിന് ഒരു പ്രസക്തിയും ഇല്ല എന്നതാണ് ഈ ഉത്സവത്തിന്റെ മേന്മ. മത വിശ്വാസങ്ങള്‍ പരസ്പരം ഒരു കാരണവുമില്ലാതെ കലഹിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇത് അനുവദിച്ചാല്‍, ഇനി വരാന്‍ പോകുന്നത് ആദ്യം രാഷ്ട്രീയ നേതാവിന്റെ പടമോ, മതപരമായ, ചിഹ്നമോ ആയിരിക്കാം. കാശ് കൊടുത്താല്‍ കുടമാറ്റത്തില്‍ എന്തും സ്വീകരിക്കുന്ന, കറക്കു കമ്പനിയാവരുത് പൂരത്തിന്റെ നടത്തിപ്പുകാര്‍.

trissur pooram

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പൂരക്കാഴ്ച തൃശൂർ പൂരത്തിൻ്റെ കുടമാറ്റം

ഇനി ഇലഞ്ഞിത്തറമേളത്തിനും മഠത്തില്‍ വരവിനും ബാന്റ് സെറ്റും, സിനിമാറ്റിക്ക് ഡാന്‍സും ആകാമെന്ന് തീരുമാനിച്ചാല്‍? എന്തായിരിക്കും? ബിഗ് ബോസ് പോലെ ഒരു ടിവി എപ്പിസോഡല്ല തൃശൂര്‍ പൂരം. രണ്ട് ശതാബ്ദങ്ങളായി, ചിട്ടയായ് നടക്കുന്ന, കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ മനോഹര വേദിയാണ്. ഇതിലെ ആചാരങ്ങളെയോ, നടത്തിപ്പിനേയോ, ആരും ചോദ്യം ചെയ്യാറില്ല. പൂരം ഭംഗിയായി നടക്കാന്‍, വെടിക്കെട്ടിന്റെ സമയത്ത് മഴ പെയ്യാതിരിക്കാന്‍, ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍, തൃശൂര്‍ പൂരം നടക്കുന്ന നാളില്‍ പാറമേക്കാവുകാര്‍ താമരമാല വഴിപാട് കഴിക്കുന്ന, ഒരു പതിവുണ്ട്. കാലങ്ങളായി തുടര്‍ന്ന് വന്ന ഒരു വിശ്വാസം മാത്രമാണ് അത്.

വര്‍ഷങ്ങളായി, തൃശൂരില്‍ താമസിച്ചിരുന്ന, യുക്തിവാദികളുടെ മാര്‍പ്പാപ്പയായ, യശ്ശശരീരനായ, പവനന്‍ പോലും തന്റെ ജീവിത കാലത്ത് ഇതിനെ ചോദ്യം ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. സര്‍വ്വമത സംഗമമായ ഒരു ഉത്സവ വേദിയാണ് തൃശൂര്‍ പൂരം. അതിനെ ഇത്തരം രീതിയില്‍ വാണിജ്യവല്‍ക്കരിക്കുന്നത് തികഞ്ഞ അവഹേളനമാണ്. ഭാവിയില്‍ ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പാറമേക്കാവുകാരും തിരുവമ്പാടിക്കാരും, പൂരം നടത്തിപ്പുകാരുമാണ് മുന്‍ കൈയ്യെടുക്കേണ്ടത്. പണമുണ്ടാക്കലല്ല പൂരത്തിന്റെ ആദ്യന്തികലക്ഷ്യം എന്ന് തിരിച്ചറിയലാണ് ആദ്യം വേണ്ടത്.

മെസ്സിക്കും, റൊണാള്‍ഡോക്കും, സൂപ്പര്‍ താരങ്ങള്‍ക്കും വേദികള്‍ വേറെയുണ്ട്. പൂരത്തിന്റെ കുടകളില്‍ വരേണ്ടവരല്ല, അവര്‍ എന്ന് മനസിലാക്കുക. ഐ.പി.എല്‍ വേദിയല്ല തേക്കിന്‍കാട്ടില്‍ നടക്കുന്ന പൂരം. കേരളത്തിന്റെ സാംസ്‌കാരിക ശിലകളിലൊന്നാണ് ഈ തൃശൂര്‍ പൂരം. അതിനെ ഒരു കാര്‍ണിവലാക്കരുത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പൂരക്കമ്മറ്റിക്കാരും ഓര്‍ക്കേണ്ടതും അതാണ്.

വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെടുത്തി തൃശൂര്‍ നഗര രൂപവല്‍ക്കരണത്തില്‍ പ്രാദേശിക സംസ്‌കാരങ്ങളെ സംയോജിപ്പിക്കാന്‍ സംഘടിപ്പിച്ച ശക്തന്‍ തമ്പുരാന്റെ പരിഷ്‌ക്കാരം ലോക പ്രശസ്തമായ ഒരു സാംസ്‌കാരിക മേളയായ് ഉയര്‍ന്നു കഴിഞ്ഞു എന്നത് തൃശൂര്‍ക്കാരുടെ, മാത്രമല്ല, മലയാളികളുടെ അഭിമാനമാണ്! Today is thrissur pooram; the festival of poorams 

Content Summary: Today is trissur pooram; the festival of poorams

Leave a Reply

Your email address will not be published. Required fields are marked *

×