‘ഞാന്‍ ഫാസിസത്തില്‍ മുഴുകിയിട്ടില്ല.
എനിക്ക് കലാപങ്ങള്‍ വേണ്ട…
ഞാന്‍ ഒരിക്കലും ഫാസിസം പ്രചരിപ്പിച്ചിട്ടില്ല, പക്ഷേ അരാജകത്വം ഉണ്ടാകുകയും സൈന്യം ഭരണം ഏറ്റെടുക്കുകയും ചെയ്താല്‍ ഫാസിസം യാഥാര്‍ത്ഥ്യമാകും.’
ദി ടെലിഗ്രാഫിനോട് ബാല്‍ താക്കറെ
ഇന്ന് ബാല്‍ താക്കറെയുടെ നൂറാം ജന്മദിനമാണ്.
ബാല്‍ താക്കറെ ആദ്യമായി പ്രശസ്തിയിലേക്ക് ഉയര്‍ന്നപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ കെ. കാമരാജ് നയിക്കുകയായിരുന്നു. മഹാരാഷ്ട്രയെ നിയന്ത്രിച്ചിരുന്നത്
എസ്.കെ. പാട്ടീലും വി.പി. നായികും ആയിരുന്നു. ഈ രാഷ്ട്രീയക്കാരില്‍ പലരെക്കാളും, ജീവിതാവസാനം വരെ താക്കറെ മുംബൈയുടെ കിരീടം വയ്ക്കാത്ത രാജാവായി തുടര്‍ന്നു.
വ്യക്തിപരമായ ആകര്‍ഷണീയത, സൂക്ഷ്മത, സമയബോധം എന്നിവ കൂടിച്ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ഒന്ന്വാള്‍ട്ട് ഡിസ്‌നിയും, അഡോള്‍ഫ് ഹിറ്റ്‌ലറുമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങള്‍. (ഹിറ്റ്‌ലറെ ഇഷ്ടപ്പെട്ടത് ഒരു ചിത്രകാരന്‍ എന്ന നിലയിലാണാവോ?). വ്യക്തിപരമായ തലത്തില്‍, ബാല കേശവ് താക്കറെ തീര്‍ച്ചയായും ആകര്‍ഷകനും ഊഷ്മളനും വിശ്വസ്തനുമായിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ തലത്തില്‍, അദ്ദേഹം ശിവസേനയെ ഒരു നിയോഗം പോലെ നയിച്ചു. അന്നത്തെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കഥാഗതിയെ മാറ്റി. അദ്ദേഹത്തിന്റെ പോരാട്ടം ജന്മനഗരത്തിന്റെ സ്വഭാവം പുനര്‍നിര്‍മ്മിച്ചു, കോസ്മോപൊളിറ്റന്‍ ബോംബെയെ കൂടുതല്‍ മറാത്തി കേന്ദ്രീകൃത മുംബൈയാക്കി മാറ്റി.
ദി. ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ അവസാനത്തെ പ്രശസ്തനായ എഡിറ്റര്‍, പ്രതീഷ് നന്ദി. ബാല്‍ താക്കറെയെ വിശേഷിപ്പിച്ചത് -ദി കാര്‍ട്ടൂണിസ്റ്റ് എന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഴിവ് കാര്‍ട്ടൂണ്‍ വരയാണെന്ന് പ്രതീഷ് നന്ദി വിശ്വസിച്ചു. 40 വര്‍ഷം മുന്‍പ് ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ എഡിറ്റര്‍ പ്രതീഷ് നന്ദി ശിവസേന ചീഫിന്റ ഒരു കവര്‍ സ്റ്റോറി ചെയ്തു. ആ സമയത്ത് ഇരുവരും സൗഹാര്‍ദത്തിലായി. പ്രതീഷ് നന്ദി എഴുതി ‘എല്ലായ്‌പ്പോഴും രണ്ട് താക്കറെമാര്‍ ഉണ്ടായിരുന്നു. ഒന്ന് രാഷ്ട്രീയക്കാരന്‍- ദേഷ്യക്കാരനും, തനിക്ക് ചുറ്റുമുള്ള എല്ലാവരെയും കുറിച്ചും അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവനും. മറ്റൊരാള്‍ യഥാര്‍ത്ഥ താക്കറെ, എപ്പോഴും രസകരമായി ഒരു തമാശ പറയാനോ നിങ്ങളോടൊപ്പം ഇരുന്ന് ലഘു ഭക്ഷണം കഴിക്കാനോ ബിയര്‍ കുടിക്കാനോ മണിക്കൂറുകളോളം സംസാരിക്കാനോ തയ്യാറുള്ള ഒരു ഊഷ്മളനും നര്‍മ്മബോധമുള്ളവനുമായ മനുഷ്യന്‍, ആത്യന്തികമായി തന്നെ എല്ലാവരും വെറുക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യനാണ് അദ്ദേഹം.
ഫ്രെഡ് ഉര്‍ക്വാര്‍ട്ട്, ഹരോള്‍ഡ് നിക്കോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് 1955 ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കാരിക്കേച്ചര്‍ ജീവചരിത്രം ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചപ്പോള്‍, ചര്‍ച്ചിലിന്റെ ആറ് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ പ്രസാധകരായ കാസില്‍ ആന്റ് കമ്പനി താക്കറെയോട് ആവശ്യപ്പെട്ടു. അദ്ദേഹം വരയ്ക്കുകയും ചെയ്തു. അക്കാലത്ത് ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് പോലും കിട്ടാത്ത ബഹുമതിയായിരുന്നു അത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ റഷ്യയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ബാലാസാഹെബ് താക്കറെയെ സംബന്ധിച്ചിടത്തോളം ശരിയാണ്, ‘ഒരു പ്രഹേളികയ്ക്കുള്ളില്‍ ഒരു നിഗൂഢതയില്‍ പൊതിഞ്ഞ കടങ്കഥ”. ലോകമറിഞ്ഞ താക്കറെയുടെ ചിത്രത്തിന് പിന്നിലെ കഥയും ഒരു കടങ്കഥ പോലെയാണ്. വിചിത്രമെന്ന് പറയട്ടെ, പിന്നീട് രാഷ്ട്രീയക്കാരനായ ബാല്‍ താക്കറെയുടെ രീതികള്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെതായിരുന്നെങ്കിലും, ആദ്യകാലത്ത് അദ്ദേഹത്തിന്റെ ആരാധ്യ പുരുഷന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലായിരുന്നു.
തന്റെ കാര്‍ട്ടൂണ്‍ വര താക്കറെക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ബോംബെ അടക്കിഭരിച്ച നേതാവാകും മുന്‍പ് മറ്റൊരു തിളക്കമുള്ള അദ്ധ്യായമുണ്ടായിരുന്നു ബാല്‍ താക്കറെയുടെ ജീവിതത്തില്‍. ബാല്‍ താക്കറെയെന്ന പേര് ആദ്യം ഇന്ത്യയും ലോകവും കേള്‍ക്കുന്നത് സമര്‍ത്ഥനായ ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയ്ക്കായിരുന്നു. ഇന്ന് ലോകമറിയുന്ന, ശിവസേനയുടെ എല്ലാമെല്ലാം ആയിരുന്ന, ബോംബെയുടെ ഛത്രപതിയായി വിലസിയ താക്കറെയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ മറ്റൊരു താക്കറെ.
കാല്‍ നൂറ്റാണ്ട് മുന്‍പ് തന്റെ കാര്‍ട്ടൂണുകളുടെ സമാഹാരമായ ‘ഫട്ട്കാരെ’ (Fatkare) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ബാല്‍ താക്കറെ എഴുതി.
”ഈ കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. ആ ബ്രഷില്ലായിരുന്നെങ്കില്‍, ഞാന്‍ രാഷ്ട്രീയത്തില്‍ വിജയത്തിന്റെ പാരമ്യത്തിലെത്തില്ലായിരുന്നു.”
കാലക്രമേണ താക്കറെ ഒരു രാഷ്ട്രീയ താരമായി മാറി. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍; കടുത്ത ദേശീയവാദി, മാധ്യമങ്ങള്‍ നിരന്തരം അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും നിര്‍ഭയനായി രാജ്യത്തിനും പിന്നെ മഹാരാഷ്ട്രയ്ക്ക് വേണ്ടി സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വേണ്ടി പോരാടുന്ന നേതാവായി അദ്ദേഹം മാറി.
”ഒരു എഡിറ്റര്‍ എന്ന നിലയില്‍, എനിക്കെതിരെ നിരവധി മാനനഷ്ട കേസുകള്‍ ഉണ്ടായിരുന്നു. വധഭീഷണികളും ഉണ്ടായിരുന്നു. കോപാകുലരായ മുഖ്യമന്ത്രിമാര്‍, അധോലോക കൊള്ളക്കാര്‍, കുറ്റവാളികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരില്‍ നിന്ന് എനിക്ക് സംരക്ഷണ നല്‍കാമെന്ന് താക്കറെ വാഗ്ദാനം ചെയ്തു. ഞാന്‍ അത് വിസമ്മതിച്ചു, അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. എന്തെന്നാല്‍ താക്കറെ ധൈര്യശാലികളെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്ന ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു താക്കറെ, ലോകം കാണുന്നതുപോലെ ബുദ്ധിമാനും ജ്ഞാനിയുമായ ഒരു മനുഷ്യന്‍, പക്ഷേ തെറ്റിദ്ധരിക്കപ്പെടുന്നതില്‍ അദ്ദേഹം ആഹ്ലാദിക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തു” പ്രീതീഷ് നന്ദി എഴുതി.
എന്നാല്‍ പ്രീതീഷ് നന്ദിയുടെ മുന്‍ഗാമിയായ, ദി. ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ ഏറ്റവും പ്രശസ്തനായ എഡിറ്റര്‍ ഖുഷ് വന്ത് സിംഗ് അതേ വീക്കിലിയില്‍ ഒരു അമേരിക്കന്‍ മാസികയില്‍ വന്നത് ഉദ്ധരിച്ച് ബാല്‍ താക്കറെയെ വിശേഷിപ്പിച്ചത് ‘ഹിറ്റ്‌ലര്‍’ എന്നാണ്. ‘മെയിന്‍ കാഫ്’ ആണ് അദ്ദേഹം വായിച്ചിട്ടുള്ള ഏക പുസ്തകം’ ഖുഷ് വന്ത് കൂട്ടിചേര്‍ത്തു.
എല്ലാറ്റിനുപരി ‘ഇത് ദേശസ്‌നേഹമല്ല’ എന്ന ശീര്‍ഷകത്തില്‍ ഖുഷ് വന്ത് ട്രിബ്യൂണ്‍ ദിനപത്രത്തില്‍ എഴുതി. ‘ബോംബെയെ ഇന്ത്യയിലെ ആദ്യത്തെ നഗരമാക്കുന്നതില്‍ എല്ലാ സമൂഹങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ സംഭാവന നല്‍കിയത് ബ്രിട്ടീഷുകാരാണ്; രണ്ടാമത്തെ വലിയ സംഭാവന നല്‍കിയത് പാഴ്സികള്‍, ഗുജറാത്തികള്‍, മാര്‍വാഡികള്‍ എന്നിവരാണ്.
ഏറ്റവും ചെറിയ സംഭാവന മഹാരാഷ്ട്രക്കാരുടേതാണെന്ന് വിലയിരുത്തുന്നതില്‍ ഞാന്‍ അനീതി കാണിക്കുന്നില്ല, കാരണം അവര്‍ പ്രബല ഭൂരിപക്ഷമാണ്. ചില മഹാരാഷ്ട്രക്കാര്‍ക്ക് അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സ്‌ഫോടക വസ്തുവായിരുന്നു അയാള്‍. ശിവസേനയുടെ സ്ഥാപക പിതാവായ ബാല്‍ താക്കറെ, ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ടുമുട്ടി. ദുര്‍ബലനായ, താടിയുള്ള, കണ്ണട ധരിച്ച, കാവി കുര്‍ത്ത ധരിച്ച, കഴുത്തില്‍ മാലയുള്ള, ഒരു മറാത്ത യോദ്ധാവിനെക്കുറിച്ചുള്ള എന്റെ ആശയത്തില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരുന്നു.
പക്ഷേ അയാള്‍ തീവ്രവാദത്തിന്റെ ചിഹ്നങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ടിരുന്നു. മുരളുന്ന കടുവകളുടെ ചിത്രങ്ങള്‍, ഛത്രപതി ശിവജിയുടെ പ്രതിമകള്‍, സായുധ ഗാര്‍ഡുകള്‍. അദ്ദേഹം അധികം പഠിക്കാത്ത ആളായിരുന്നു, ഒരു രണ്ടാംനിര കാര്‍ട്ടൂണിസ്റ്റ്, അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആരാധകന്‍, ആര്യന്മാര്‍ ദൈവം തിരഞ്ഞെടുത്ത വംശമാണെന്ന് ഹിറ്റ്‌ലര്‍ വിശ്വസിച്ചു. താക്കറെ തിരഞ്ഞെടുത്ത വംശം മറാത്തകളായിരുന്നു. അതിനാല്‍ അദ്ദേഹം മറാത്തകളുടെ അഭിമാനത്തെ ചൂഷണം ചെയ്തു. ഹിറ്റ്‌ലറുടെ ഇരകള്‍ ജൂതന്മാരും ജിപ്‌സികളുമായിരുന്നു. താക്കറെയുടെ ആദ്യ ഇരകള്‍ ദക്ഷിണേന്ത്യക്കാരായിരുന്നു, പ്രധാനമായും നഗരത്തിലുടനീളം ഇഡ്ഡലി-ദോശ ഭക്ഷണശാലകള്‍ നടത്തിയിരുന്നവര്‍. തന്റെ ശിവസേനയെന്ന സൈന്യത്തെ അയച്ച് അവരെ തല്ലിച്ചതയ്ക്കുകയും അവരുടെ റെസ്റ്റോറന്റുകള്‍ തകര്‍ക്കുകയും ചെയ്തു.
തന്റെ അനുയായികളെ അവര്‍ക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. അവര്‍ തമിഴരെയും കന്നഡികരെയും മലയാളികളെയും ക്രൂരമായി പീഡിപ്പിക്കുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു നായകനായി.
മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച അദ്ദേഹം, ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ തന്റെ സൈനികര്‍ നേതൃപാടവം വഹിച്ചിട്ടുണ്ടെന്ന് വീമ്പിളക്കി. അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. നേരെമറിച്ച്, മറാത്തികളല്ലാത്ത മുംബൈക്കാര്‍, പ്രത്യേകിച്ച് ദത്ത് കുടുംബം പോലുള്ള രാഷ്ട്രീയ അഭിലാഷങ്ങളുള്ളവര്‍, അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങി.
മഹാരാഷ്ട്രയിലെ ഒരു അതിശക്തനായ വ്യക്തിയാകാന്‍ വാചാലത അദ്ദേഹത്തെ സഹായിച്ചു. ബാല്‍ താക്കറെയുടെ വിദ്വേഷ പാരമ്പര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധവ് താക്കറേയും അനന്തരവന്‍ രാജ് താക്കറേയുമാണ്. അവര്‍ ബാലാ സാഹിബിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ട് പോയി. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സെലിബ്രിറ്റി അമിതാഭ് ബച്ചനെ അപമാനിക്കുകയും അദ്ദേഹത്തിന്റെ വസതി ആക്രമിക്കുകയും ചെയ്ത ഉദ്ധവ്, കുപ്രസിദ്ധിയിലേക്കുള്ള എളുപ്പവഴി സ്വീകരിച്ചു. രാജ് ഒരുപടി കൂടി മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ഗുണ്ടകള്‍ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള സ്വന്തം നാട്ടുകാരെ ആക്രമിക്കുകയും ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത ദിവസം തന്നെ അദ്ദേഹത്തെ കൈകളില്‍ വിലങ്ങിടേണ്ടതായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ അത് ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടു.
അന്നത്തെ പ്രധാനമന്ത്രിയോ, സോണിയ ഗാന്ധിയോ അദ്ദേഹത്തിന്റെ പ്രവൃത്തികളെ അപലപിച്ചില്ല. എല്‍ കെ അദ്വാനി അദ്ദേഹത്തിന്റെ പ്രവൃത്തികളെ ‘ഭരണഘടനാ വിരുദ്ധം’ എന്ന് വിശേഷിപ്പിക്കാന്‍ സമയമെടുത്തു. എന്നാല്‍ അത് ദേശവിരുദ്ധവും വര്‍ഗീയവുമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു പരോക്ഷമായ പരാമര്‍ശം മാത്രമായിരുന്നു.
‘ഭീഷണിപ്പെടുത്തുന്നവരെ നേരിടാനുള്ള ഏക മാര്‍ഗം അവരുടെ പൊള്ളത്തരം തുറന്നു കാണിക്കുകയും അവരെ കഴിയുന്നത്ര ശക്തമായി തിരിച്ചടിക്കുകയും ചെയ്യണമെന്നായെന്ന് അവര്‍ അറിയണമായിരുന്നു.’ ഖുഷ് വന്ത് എഴുതി.
സുഭാഷ് ചന്ദ്രബോസ് ജനിച്ച അതേ ദിവസം, ജനുവരി 23 ന് പൂനെയിലെ ഒരു കായസ്ത, മദ്ധ്യവര്‍ഗ കുടംബത്തിലാണ് നൂറുവര്‍ഷം മുന്‍പ് ബാല്‍ കേശവ് താക്കറെ ജനിച്ചത്. പിതാവ് കേശവ് സീതാറാം താക്കറെ കടുത്ത മഹാരാഷ്ടവാദിയും പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. മറാഠി സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനം വേണമെന്ന് വാദിക്കുന്ന സംയുക്ത മഹാരാഷ്ട്ര സമിതിയുടെ സ്ഥാപകനായിരുന്നു കെ എസ് താക്കറെ. പ്രസംഗങ്ങള്‍ക്ക് നൂറ് രൂപ വെച്ച് പ്രതിഫലം കിട്ടിയിരുന്നതായിരുന്നു പ്രധാന വരുമാനം.
‘പ്രബോധന്‍’ എന്നൊരു പ്രസിദ്ധീകരണം അദ്ദേഹം എഡിറ്റ് ചെയ്തിരുന്നതിനാല്‍ ക്രമേണ ‘പ്രബോധാങ്കര്‍’ എന്നറിയപ്പെട്ടു. ദാദറിലായിരുന്നു താമസവും പ്രവര്‍ത്തനവും. വരയ്ക്കാന്‍ കഴിവുണ്ടായിരുന്ന പ്രബോധാങ്കര്‍ അക്കാലത്തെ ടോംഗകളുടെ (കുതിരവണ്ടി) നമ്പര്‍ പ്ലേറ്റുകള്‍ എഴുതിയും പ്രതിഫലം വാങ്ങിയിരുന്നു. ഇടയ്ക്ക് ഛായാചിത്രങ്ങളും കാര്‍ട്ടുണുകളും വരച്ചു.
കേശവ് സീതാറാം കുറെക്കാലം ഇന്ത്യയില്‍ ജീവിച്ച ബ്രിട്ടീഷ് എഴുത്തുകാരനായ വില്യം മേക്കപ്പ് പീസ് താക്കറെയിലെ – താക്കറെ സ്വന്തം പേരിനോട് ചേര്‍ത്ത് മാറ്റിയപ്പോള്‍ കേശവ് സീതാറാം താക്കറെയായി. മകന്‍ ബാല്‍ താക്കറെ, പില്‍ക്കാലത്ത് പോര്‍ച്ചുഗീസ്/ബ്രിട്ടീഷ് നാമമായ ബോംബെ എന്നത് മുംബൈ എന്നാക്കി മാറ്റുന്നതിനായി സധീരം പോരാടി എന്ന വൈരുദ്ധ്യവും ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ മക്കളില്‍ മഹാരാഷ്ട്രവാദവും വരയ്ക്കാനുള്ള കഴിവും പകര്‍ന്ന് കിട്ടിയത് ബാല്‍താക്കറെക്കായിരുന്നു. ചെറുപ്പത്തില്‍ താക്കറെ കണ്ട ഡിസ്‌നി ചിത്രമായ ‘ബാംബി’ യിലെ കഥാപാത്രങ്ങള്‍ വരയ്ക്കുന്നതും ടൈംസ് ഓഫ് ഇന്ത്യയിലെ കോമിക്ക് സ്ട്രിപ്പുകള്‍ക്ക് നിറം കൊടുക്കുന്നതും ശ്രദ്ധിച്ച പ്രബോധാങ്കര്‍ തന്റെ മകന്റെ വഴി ഏതാണെന്ന് തിരിച്ചറിഞ്ഞു.
ഒരു മദ്ധ്യവര്‍ഗ മറാത്ത കുടുംബത്തിലേത് പോലെ സര്‍ക്കാര്‍ ജോലിക്കാരനാവാനുള്ളവനല്ല തന്റെ മകനെന്ന് അദ്ദേഹം ഉറപ്പിച്ചു. ഇടയ്ക്ക് നോര്‍ത്ത് സെന്‍ട്രല്‍ ബോംബെയിലെ ഒറിയന്റല്‍ ഹൈസ്‌ക്കൂളിലെ താക്കറെയുടെ പഠനം കുടുംബത്തിലെ സാമ്പത്തിക പരാധീനത കാരണം അവസാനിച്ചിരുന്നു. പില്‍ക്കാലത്ത് കാര്‍ട്ടൂണിസ്റ്റായപ്പോള്‍ ഔപചാരികമായ പരിശീലനം ലഭിച്ചിട്ടില്ലാത്ത താക്കറെയുടെ കാര്‍ട്ടൂണുകളില്‍ സര്‍ഗാത്മകതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. മറാത്തി സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും പൗര, ദേശീയ, അന്തര്‍ദേശീയ സംഭവങ്ങളെക്കുറിച്ചുള്ള അവബോധവും പ്രതിഫലിപ്പിക്കുന്നവയായി ആ വരകള്‍.
ഇന്ത്യ സ്വതന്ത്രമായ വര്‍ഷം ഇരുപതാം വയസ്സില്‍ ബോംബയിലെ ദിനപത്രമായ ‘ഫ്രീ പ്രസ്സ് ജേര്‍ണലില്‍’ 75 രൂപ മാസ ശമ്പളത്തില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. ആര്‍ കെ ലക്ഷ്മണായിരുന്നു പത്രത്തിലെ മറ്റൊരു കാര്‍ട്ടൂണിസ്റ്റ്. ഇരുവരും പരസ്പര ബഹുമാനത്തോടെ ഇടപെട്ടു. ശാന്തനായ, മൃദുഭാഷിയായ ഒരാളായിരുന്നു ഫ്രീ പ്രസ്സിലെ യുവ കാര്‍ട്ടൂണിസ്റ്റ് ബാല്‍ താക്കറെ. വലിയ കണ്ണടകളിലൂടെ ലോകത്തെ നോക്കുന്ന നിശബ്ദനായ, വരയ്ക്കുമ്പോള്‍ മിക്കപ്പോഴും പൈപ്പ് വലിച്ചിരുന്ന യുവാവ്. ഓഫീസില്‍ ആരോടും വലിയ ചങ്ങാത്തമില്ലായിരുന്നു.
ദി ഫ്രീ പാസ് ജേണലില്‍ ബാല്‍ താക്കറെയുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു Busy Bee എന്ന തൂലികാനാമത്തില്‍ കോളം എഴുതിയിരുന്ന ബെഹ്‌റാം കോണ്‍ട്രാക്ടര്‍. തന്റെ കോളത്തില്‍ ഒരിക്കല്‍ Busybee ബാല്‍ താക്കറെയെ ‘മൃദുഭാഷി, ദുഃഖിതനായ കണ്ണുള്ളവന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. വളരെ ഭീരുവായിരുന്നു. കസേര നീക്കുന്ന ശബ്ദം പോലും അദ്ദേഹം ഭയപ്പെട്ടിരുന്നു.’ എന്ന് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞതായി Busybee എഴുതി. താക്കറെ തമാശ പറയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. കാര്‍ട്ടൂണ്‍ വരയില്‍ ലക്ഷ്മണിനേക്കാള്‍ മികച്ചവനാണെന്ന് അവിടെയുള്ളവരില്‍ ചിലര്‍ അക്കാലത്ത് വിലയിരുത്തിയിരുന്നു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ ഇതിഹാസമായ സ്വാമിനാഥ് സദാനന്ദ് സ്ഥാപക എഡിറ്ററായ ഫ്രീപ്രസ്സ് ജേര്‍ണ്ണല്‍ ബോംബയിലെ ഏകദേശീയ ദിനപത്രമായിരുന്നു. ബോംബെയിലെ മറ്റൊരു പത്രത്തിനുമില്ലാത്ത പ്രത്യേകത ഫ്രീ പ്രസ്സിലെ മലയാളി സാന്നിധ്യമായിരുന്നു. ഹരിഹരന്‍, കെ ശിവറാം, എം കെ ബി നായര്‍, പി കെ രവീന്ദ്രനാഥ്, ടി ജെ എസ് ജോര്‍ജ്, കെ സി ജോണ്‍, പിന്നീട് കാര്‍ട്ടൂണിസ്റ്റായ രവീന്ദ്രന്‍ തുടങ്ങി ഒരുപാട് മലയാളികള്‍ ഓരോ കാലത്തായി ഫ്രീ പ്രസ്സില്‍ ജോലി ചെയ്തു. ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ എഡിറ്ററായ ആദ്യത്തെ മലയാളിയാണ് എടത്തട്ട നാരായണന്‍.
ഫ്രീപ്രസ്സ് ജേര്‍ണലിന്റെ ഉടമകള്‍ മാറിയപ്പോള്‍ ‘ആദ്യം മാനേജിങ്ങ് എഡിറ്ററായി എത്തിയ, പിന്നീട് പത്രത്തിന്റെ സര്‍വാധികാരിയായി മാറിയ എ.ബി. നായരുടെ ഇടപെടലുകള്‍ തന്റെ കാര്‍ട്ടൂണ്‍ വരകളെ നിയന്ത്രിക്കുന്നത് അസഹനീയമായപ്പോള്‍ ബാല്‍ താക്കറെ അമര്‍ഷത്തോടെ രാജിവെച്ചു.
‘A.B . നായരുടെ പേരില്‍ മാത്രമേ അതുള്ളൂ. പത്രപ്രവര്‍ത്തനത്തിലെ A യും B യും എന്താണെന്ന് അയാള്‍ക്കറിയില്ല. അത്തരത്തിലൊരാളോടൊപ്പം ജോലി ചെയ്യാന്‍ എനിക്കാവില്ല.’ ഫ്രീ പ്രസ് വിടുമ്പോള്‍ താക്കറെ തന്റെ ന്യൂസ് എഡിറ്ററായ മലയാളിയായ ഹരിഹരനോട് രോഷത്തോടെ പറഞ്ഞു.
ഇതോടെ താക്കറെയുടെ മനോഭാവത്തില്‍ മാറ്റം വന്നു. എ. ബി. നായരുടെയും ഹരിഹരന്റെയും തന്നോടുള്ള സമീപനം താക്കറെയെ അസംതൃപ്തനാക്കി. നിര്‍ഭാഗ്യവശാല്‍ രണ്ട് പേരും മലയാളികളായിരുന്നു. താക്കറെയുടെ മനസില്‍ തെക്കേ ഇന്ത്യക്കാരോടുള്ള വിദ്വേഷത്തിന്റെ ആദ്യ വിത്തുകള്‍ പാകിയത് ഈ സംഭവമായിരുന്നു.
അങ്ങനെയിരിക്കെ മറ്റൊരു സംഭവമുണ്ടായി. താക്കറെയുടെ വിദ്വേഷം ചൂടുപിടിച്ചു. ഡല്‍ഹിയിലെ ശങ്കേഴ്‌സ് വീക്കിലിയില്‍ വന്നൊരു ലേഖനമായിരുന്നു കാരണം. ഇന്ത്യയിലെ മികച്ച 10 കാര്‍ട്ടൂണിസ്റ്റുകളെ വിലയിരുത്തിയ ഒരു ലേഖനം അതില്‍ വന്നു. ലേഖനത്തിലെ റാങ്കിങ്ങില്‍ പത്താമനായി താക്കറെയുണ്ടായിരുന്നു. പക്ഷേ, ലേഖകന്‍ താക്കറെയുടെ വരകള്‍ ശക്തമാണെങ്കിലും ആശയങ്ങള്‍ അച്ഛനായ കെ എസ് താക്കറെയുടെതാണെന്ന ഇല്ലാവചനം അതില്‍ എഴുതി വെച്ചു. ശങ്കേഴ്‌സ് വീക്കിലി അക്കാലത്തെ ഇന്ത്യയിലെ മികച്ച പ്രസിദ്ധീകരണമായി ഉയരങ്ങളില്‍ നില്‍ക്കുകയായിരുന്നു. അതിലെ പ്രധാനികള്‍ മലയാളികളും. ഡല്‍ഹി പത്രലോകത്തെ പ്രഗല്‍ഭരായ എടത്തട്ട നാരായണന്‍, സി പി രാമചന്ദ്രന്‍, പുന്നന്‍ എബ്രഹാം ഇവരൊക്കെയായിരുന്നു എഴുത്തുകാര്‍. എടത്തട്ട നേരത്തെ ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ എഡിറ്ററുമായിരുന്നു. അതിനാല്‍ ലേഖനത്തിലെ താക്കറെക്കുറിച്ചുള്ള പരാമര്‍ശം ഡല്‍ഹിയിലെത്തിയതെങ്ങനെയെന്ന് ഊഹിക്കാവുന്നതേയുള്ളു. ശങ്കേഴ്‌സ് വീക്കിലിയുടെ ഏത് വിലയിരുത്തലും പത്രലോകത്ത് മൂല്യത്തികവും അംഗീകരിക്കപ്പെടുന്നതുമാണ്. ലോകം മുഴുവന്‍ തനിക്കെതിരെയാണെന്ന തോന്നല്‍ താക്കറെക്കുണ്ടായി, പ്രത്യേകിച്ചും മലയാളികള്‍.
ഇതിന് തക്ക മറുപടി കൊടുക്കാന്‍ അദ്ദേഹം ഫ്രീ പ്രസ്സിലെ തനിക്ക് അടുപ്പമുള്ള മലയാളി പത്രക്കാരന്‍ പി കെ രവീന്ദ്രനാഥിന്റെ സഹായം തേടി. രവീന്ദ്രനാഥ് ബോംബെയിലെ അക്കാലത്തെ പ്രശസ്തനായ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹം താക്കറെക്ക് വേണ്ടി ഒരു മറുപടി തയ്യാറാക്കി ശങ്കേഴ്‌സ് വീക്കിലിക്ക് അയച്ചു. പക്ഷേ, അവര്‍ അത് പ്രസിദ്ധീകരിച്ചില്ല. അതോടെ താക്കറെക്ക് അരിശം മൂത്തു.
ഒരുവശത്ത് ഫ്രീ പ്രസ്സിലെ മലയാളികളില്‍ നിന്ന് ലഭിച്ച തിക്താനുഭവവും അവരുടെ ബുദ്ധിപരമായ മേല്‍ക്കോയ്മയും. മറുവശത്ത് തന്നെ ചെറുതാക്കിയ ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണ്‍ റാങ്കിംഗ്. ശങ്കേഴ്സ് വീക്കിലിയില്‍ നിന്നേറ്റ അപമാനം അദ്ദേഹത്തിന്റെ ഉള്ളില്‍ മറ്റൊരു ആശയം ഉണര്‍ത്തിയിരുന്നു. ഒരു കാര്‍ട്ടൂണ്‍ മാസിക തുടങ്ങുക. അന്ന് പണത്തിനും മറ്റ് കാര്യങ്ങള്‍ക്കും വഴിയില്ലാത്തതിനാല്‍ മാറ്റിവെച്ച ആശയമായിരുന്നു.
തെക്കേ ഇന്ത്യക്കാരെയും മലയാളികളെയും വെറുക്കാന്‍ തുടങ്ങിയ താക്കറെയുടെ അടുത്ത രണ്ട് പത്രപ്രവര്‍ത്തക സുഹൃത്തുകള്‍ മലയാളികളായിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഒന്ന് പി.കെ. രവീന്ദ്രനാഥും (മാതൃഭൂമി ദിനപത്രത്തിന്റെ അന്നത്തെ ബോംബെ ലേഖകനായിരുന്ന പി.കെ. രവീന്ദ്രനാഥായിരുന്നു. എം.ടി.യുടെ രണ്ടാമൂഴം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് രവീന്ദ്രനാഥായിരുന്നു) മറ്റെയാള്‍ ടി.ജെ.എസ്. ജോര്‍ജും.
അക്കാലത്ത് ഫ്രീ പ്രസ്സിലെ പത്രപ്രവര്‍ത്തകനായിരുന്ന ടിജെഎസ് ജോര്‍ജ് 1952ല്‍ ‘കലജന്ന’ എന്നൊരു ഇന്ത്യന്‍ ചരക്കു കപ്പലില്‍ മെസ്സിങ്ങ് സൂപ്പര്‍വൈസറായി നാല് മാസം ലോകം ചുറ്റിയ സംഭവം ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ ഞായറാഴ്ച പതിപ്പായ ‘ഭരത് ജ്യോതി’ യില്‍ ‘എ ജേര്‍ണലിസ്‌റ് അറ്റ് സീ’ (A Journalist at Sea) എന്ന പേരില്‍ യാത്രാ വിവരണമായി 1953ല്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചത് ബാല്‍ താക്കറെയായിരുന്നു.
ടിജെഎസും താക്കറെയും അന്ന് ഫ്രീ പ്രസ്സ് ജേര്‍ണലില്‍ സഹപ്രവര്‍ത്തകരായിരുന്നു. പിന്നീട് ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നാടോടിക്കപ്പലില്‍ നാല് മാസം’ എന്ന പേരില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചു. 1960ല്‍ മലയാളത്തില്‍ എന്‍ ബി എസ് പുസ്തകമാക്കിയപ്പോള്‍ കവര്‍ചിത്രം വരച്ചത് ബാല്‍ താക്കറെയായിരുന്നു.
ഒരിക്കല്‍ ബോംബെയില്‍ ഒരു പത്രസമ്മേളനത്തില്‍ പത്രക്കാരോട് താക്കറെ പറഞ്ഞു: നിങ്ങള്‍ക്ക് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനവും നല്ല പത്രപ്രവര്‍ത്തകരേയും അറിയില്ല. അദ്ദേഹം ഫ്രീ പ്രസ് ജേണലിനെയാണ് നല്ല പത്രമായി ഉദാഹരിച്ചത്. എസ്. സദാനന്ദിനേയും, രവീന്ദ്രനാഥിനെയും ടി.ജെ.എസ് ജോര്‍ജിനെയുമൊക്കെ അദ്ദേഹം മികച്ച പത്രപ്രവര്‍ത്തന മാതൃകകളായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ”ഫ്രീപ്രസ്സ് വിട്ട ശേഷം എനിക്ക് താക്കറെയുമായി ബന്ധമുണ്ടായിരുന്നില്ല. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എവിടെയോ പറഞ്ഞു ഞാന്‍ കാര്‍ട്ടൂണിംഗ് അവസാനിപ്പിക്കുകയാണ്”. ഞാന്‍ ഒരു കത്തെഴുതി, പാടില്ല നിങ്ങള്‍ ഇനിയും വരയ്ക്കണം. ”ഒരിക്കല്‍ ടി.ജെ.എസ് ഒരു അഭിമുഖത്തില്‍ താക്കറെയുമായുള്ള പഴയ സുഹൃദ്ബന്ധം ഓര്‍ത്തു.
‘ഫ്രീ പ്രസ് ജേണലില്‍ ഒരു ദശാബ്ദക്കാലം ഞാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ബാല്‍ താക്കറെയുടെ സീറ്റിനോട് അടുത്ത് ഇരിക്കുന്ന എന്നോട് ഒരിക്കലും പ്രസിദ്ധീകരിക്കാത്ത, അദ്ദേഹം വരച്ച അസഭ്യ കാര്‍ട്ടൂണുകള്‍ പങ്കുവെക്കുക എന്നത് അദ്ദേഹത്തിന്റെ സ്വകാര്യ സന്തോഷങ്ങളിലൊന്നായിരുന്നു.’
ശങ്കേഴ്സ് വീക്കിലിയില്‍ നിന്നേറ്റ അപമാനം താക്കറെയുടെ ഉള്ളില്‍ മറ്റൊരു ആശയം ഉണര്‍ത്തിയിരുന്നു. ഒരു കാര്‍ട്ടൂണ്‍ മാസിക തുടങ്ങുക. അന്ന് പണത്തിനും മറ്റ് കാര്യങ്ങള്‍ക്കും വഴിയില്ലാത്തതിനാല്‍ മാറ്റിവെച്ച ആശയമായിരുന്നു. താക്കറെയുടെ മറാത്ത അഭിമാനം ഒടുവില്‍ ഉണര്‍ന്നു. പ്രയത്‌നങ്ങള്‍ക്കൊടുവില്‍ 1960ല്‍ ‘മാര്‍മിക്ക്’ കാര്‍ട്ടൂണ്‍ മാസിക പുറത്ത് വന്നു. പതിവ് തെറ്റിച്ച് ഇംഗ്ലീഷിലല്ല, മറാഠിയിലായിരുന്നു പ്രസിദ്ധീകരണം. മറാഠിയിലെ ആദ്യ കാര്‍ട്ടൂണ്‍ വാരിക. (മാര്‍മ്മിക്ക് എന്നാല്‍ മര്‍മ്മം തൊടുന്നതെന്നര്‍ത്ഥം).
1960 ഓഗസ്റ്റ് 13 ന് ദാദറിലെ ബല്‍മോഹന്‍ വിദ്യാ മന്ദിറില്‍ അന്നത്തെ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്റെ കൈകളാല്‍ ‘മാര്‍മിക്’ പ്രകാശനം ചെയ്തു. താക്കറെ മാസികയുടെ എഡിറ്ററായിരുന്നു. ‘വില്ലു കുലയ്ക്കരുത്, വാള്‍ ഉറയില്‍ നിന്ന് ഊരരുത്, ഒരു പീരങ്കിയെ നേരിടുമ്പോള്‍, പത്രം പുറത്തെടുക്കുക’ എന്നായിരുന്നു ആദ്യ ലക്കത്തില്‍ മുന്‍ കവറില്‍ നല്‍കിയ പഞ്ച് ലൈന്‍.
1966 മെയ് 1 ന് അദ്ദേഹം മര്‍മിക്കില്‍ എഴുതിയ ഒരു എഡിറ്റോറിയലില്‍ ചോദിച്ചു ‘മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യവസായങ്ങള്‍ക്ക് ഭൂമി, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നു. എന്നാല്‍ വ്യവസായ ഉടമകള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്ന് തൊഴിലാളികളെ നിയമിക്കുന്നു. നാട്ടുകാര്‍ തൊഴില്‍ അന്വേഷിക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് ശരിയാണോ.’
അതേ ലക്കത്തില്‍ തന്നെ തുര്‍ഭെയിലെ സര്‍ക്കാര്‍ വളം കമ്പനിയിലെ കുടിയേറ്റ ഉദ്യോഗസ്ഥരുടെ പട്ടികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. പട്ടികയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നും ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണെന്നും കാണിച്ചു. ‘ഇത് മഹാരാഷ്ട്രയെ അപമാനിക്കലാണ്,’ താക്കറെ എഴുതി.
കുടിയേറ്റക്കാര്‍ക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. തുടര്‍ന്ന്, വിവിധ സ്ഥാപനങ്ങളിലെ മഹാരാഷ്ട്രക്കാരല്ലാത്ത ഉദ്യോഗസ്ഥരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു പരമ്പര മാര്‍മിക് ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മഹാരാഷ്ട്രക്കാരല്ലാത്ത ഡോക്ടര്‍മാരുടെ പട്ടികയും താക്കറെ നല്‍കി, തദ്ദേശവാസികള്‍ക്ക് ജോലി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിച്ചു. ഈ പട്ടികയ്ക്ക് അദ്ദേഹം ‘വാച്ചാ അനി ഉത്ത’ (വായിക്കുക, ഉണരുക) എന്ന തലക്കെട്ട് നല്‍കി.
കാര്‍ട്ടൂണുകള്‍ക്ക് ശങ്കേഴ്‌സ് വീക്കിലിയായിരുന്നു മാതൃക. ലേഖനങ്ങളും കാര്‍ട്ടൂണുകളും അടങ്ങിയ ഈ പ്രസിദ്ധീകരണത്തിലൂടെ മറാത്ത സംസ്‌ക്കാരത്തിലൂന്നി ലേഖനങ്ങള്‍ പലതും പ്രസിദ്ധീകരിച്ചു. എഡിറ്ററായ താക്കറെയെ കൂടാതെ അദ്ദേഹത്തിന്റെ പിതാവും സഹോദരനും അതിലെഴുതി. 35,000 കോപ്പി വിറ്റഴഞ്ഞതോടെ താക്കറെയെന്ന കാര്‍ട്ടൂണിസ്റ്റില്‍ നിന്ന് രാഷ്ട്രീയക്കാരനാവാനുള്ള വഴി തുറക്കുകയായിരുന്നു.
അക്കാലത്ത് ബോംബെയിലെ പല മേഖലകളിലും മറ്റ് സംസ്ഥാനക്കാര്‍ മഹാരാഷ്ട്രക്കാരെ പിന്‍തള്ളി ആധിപത്യം സ്ഥാപിച്ചിരുന്നു. ജോലി സാധ്യതകള്‍ പോലും മാറാത്തക്കാര്‍ക്ക് നിരസിക്കുന്ന അവസ്ഥ. ഒരു ടെലിഫോണ്‍ ഡയറക്ടറി മറിച്ച് നോക്കിയാല്‍ മതി. എല്ലാ കമ്പനികളിലേയും ഉയര്‍ന്ന പദവിയില്‍ അന്യ സംസ്ഥാനക്കാരായിരുന്നു. ഇതായിരുന്നു താക്കറെയുടെ ‘മണ്ണില്‍ മക്കള്‍’ വാദത്തിന്റെ ആദ്യത്തെ തീപ്പൊരി. ഈ പേരുകള്‍ ലിസ്റ്റ് ആക്കി ഒരു തലക്കെട്ടിന് കീഴില്‍ vacha ani Thanda Basa’ (Read & Sit) എന്ന് മാര്‍മിക്കില്‍ കൊടുത്തു. മഹാരാഷ്ട്രക്കാരുടെ പ്രതികരണശേഷിയെ ചോദ്യം ചെയ്യലായി അത്. ഇത് വായിച്ചവര്‍ കൂടുതല്‍ ലിസ്റ്റുകള്‍ അയച്ചു തുടങ്ങിയതോടെ എരിതീ പോലെ താക്കറെയുടെ ആശയം ആളിക്കത്തി.
1966 ഒക്ടോബര്‍ 16-ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ലിവര്‍ ഉദ്യോഗസ്ഥരുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചു, ഇത്തവണ തലക്കെട്ടോടെ ‘വാച്ചാ ആനി താന്ദ് ബസ’ (വായിക്കുക, തുടരുക) എന്ന തലക്കെട്ട്, നിഷ്പക്ഷരായ നാട്ടുകാരെ പരിഹസിച്ചു. ലേഖനത്തിലൂടെ അദ്ദേഹം നാട്ടുകാരെ അനീതിക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ തലക്കെട്ടുകളില്‍ ഒന്നായ ‘കാല്‍ച്ച മദ്രാഷി, തോഡ്യാച്ച് ദിവ്‌സത് തുപാഷി’ (അടുത്തിടെ വന്ന മദ്രാസി പെട്ടെന്ന് സമ്പന്നനായി) അക്കാലത്ത് ജനപ്രിയമായി. 1966 ജൂണ്‍ 5-ന് താക്കറെ മാര്‍മികില്‍ ഒരു ബോക്‌സ് പ്രസിദ്ധീകരിച്ചു, ‘യണ്ടു-ഗുണ്ടുക്കളുടെ (ദക്ഷിണേന്ത്യക്കാരുടെ) ആക്രമണങ്ങള്‍ തടയാന്‍ ഞങ്ങള്‍ ഉടന്‍ ശിവസേന ആരംഭിക്കും’ എന്ന് പ്രഖ്യാപിച്ചു.
1966 ജൂണ്‍ 19ന് രാവിലെ 8.30ന് ശിവജി പാര്‍ക്കിനടുത്തുള്ള താക്കറെയുടെ വീട്ടില്‍ വെച്ച് നാളികേരമുടച്ച് ശിവസേന രൂപംകൊണ്ടു. ശിവസേന എന്ന പേര് നിര്‍ദേശിച്ചത് താക്കറെയുടെ പിതാവായിരുന്നു. 18 പേരായിരുന്നു ആ ചടങ്ങില്‍ ഉണ്ടായിരുന്നത്. നാലു മാസം കഴിഞ്ഞ് ഒക്ടോബറില്‍ ആദ്യ പൊതുയോഗം നടന്നപ്പോള്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്.
ഏതാനും ലക്കത്തിന് ശേഷം മാര്‍മിക്കില്‍ 1966 ഒക്ടോബര്‍ 30 ന് ദാദറിലെ ശിവാജി പാര്‍ക്കില്‍ ശിവസേനയുടെ ഒരു റാലി സംഘടിപ്പിക്കുമെന്ന് താക്കറെ പ്രഖ്യാപിച്ചു, ‘സംസ്ഥാനത്ത് അപമാനിക്കപ്പെടുന്നത് തടയാന്‍ എല്ലാ ആത്മാഭിമാനമുള്ള മറാത്തികളും റാലിയില്‍ പങ്കെടുക്കണം,’ താക്കറെ മാര്‍മിക്കിലൂടെ അഭ്യര്‍ത്ഥിച്ചു. താക്കറെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍മിക്കില്‍ പ്രസിദ്ധീകരിച്ചതിനുശേഷം താമസിയാതെ അത് ശിവസേനയുടെ മുഖപത്രമായി മാറി.
എന്നാല്‍ പത്രപ്രവര്‍ത്തകയായ സുജാത ആനന്ദന്‍ എഴുതി Samrat: How The Shiv Sena Changed Mumbai Forever, (2014) എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. 1966 ല്‍ ശിവസേന രൂപീകരിച്ചു, പക്ഷേ തന്റെ സംഘടനയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ താക്കറെ മറ്റൊരു ദശാബ്ദം എടുത്തു. ‘(1975 ല്‍) അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭയമാണ് അദ്ദേഹത്തെ പിന്നീട് ഒരു പാര്‍ട്ടി ശ്രേണി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്’. ‘അന്ന് അവര്‍ കൊട്ടിഘോഷിച്ച പാര്‍ട്ടി രേഖയില്‍ എവിടെയും ബാല്‍ താക്കറെയെ ഒരു പ്രവര്‍ത്തകനായി പരാമര്‍ശിക്കുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെടുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു, അതിനാല്‍ അനന്തരഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ – ഉത്തരവാദിത്തമില്ലാതെ അധികാരം നിലനിര്‍ത്താനായിരുന്നു ഈ നീക്കം അദ്ദേഹം നടത്തിയത്.
തൊഴില്‍പരമായി ഒരു വാസ്തുശില്പിയായ മാധവ് ദേശ്പാണ്ഡെയായിരുന്നു ശിവസേനയുടെ യഥാര്‍ത്ഥ ശില്‍പ്പി’. മാര്‍മിക് എന്ന പുസ്തകത്തിന്റെ പ്രചാരം അന്ന് കുതിച്ചുയര്‍ന്നു (അന്ന് ഏകദേശം 50,000 വായനക്കാരുണ്ടായിരുന്നു, ഏകദേശം രണ്ട് ലക്ഷത്തോളം, അല്ലെങ്കില്‍ അതില്‍ കൂടുതല്‍). താക്കറെയുടെ ആശയങ്ങളോട് ആളുകള്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംഘടനയുടെ ഘടന എങ്ങനെയുള്ളതാണെന്ന് ചോദിക്കാന്‍ മാസികയില്‍ നോട്ടീസ് കണ്ടതിനുശേഷം ദേശ്പാണ്ഡെ കണ്ടപ്പോള്‍, താക്കറെ അത്ഭുതപ്പെട്ടു. ‘ഘടന? ഒരു ഘടനയുമില്ല. ഇതുവരെ ഞാനും ചില സുഹൃത്തുക്കളും ആ പ്രഖ്യാപനവും മാത്രമേയുള്ളൂ,’ താക്കറെ പറഞ്ഞു.
‘അത് നടക്കില്ല,’ ദേശ്പാണ്ഡെ പറഞ്ഞു. ‘ഒരു മനുഷ്യനും ഒരു മാസികയും മാത്രം പോരാ.’ അദ്ദേഹം വിപുലമായ ഒരു ‘ഘടന’ രൂപപ്പെടുത്തി – ഇന്ന് ശാഖാ പ്രമുഖ്മാര്‍ (ശാഖ മേധാവികള്‍) എന്നും വിഭാഗ് പ്രമുഖ്മാര്‍ (ഡിവിഷന്‍ തലവന്മാര്‍) എന്നും വിളിക്കപ്പെടുന്നവരുടെ ഒരു ശ്രേണി. മണ്ഡലങ്ങളെയും ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തെ വാര്‍ഡുകളായി വിഭജിച്ചതിനെയും ഉപയോഗപ്പെടുത്തി. ഇന്നുവരെ ശിവസേനയെ നല്ല നിലയില്‍ നിര്‍ത്തിയതും 2012-ലെ മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഏതാണ്ട് നിശ്ചിതമായ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ കേഡര്‍ ഘടനയാണ്. സുജാത ആനന്ദന്റെ പുസ്തകം പറയുന്നു.
ശിവസേനയുടെ മുന്‍ഗാമിയായ റൈസ് ആന്‍ഡ് യുണൈറ്റ് പ്രസ്ഥാനത്തിന്റെ നാല് സ്ഥാപകരില്‍ ആരും തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ഇത്രയധികം വിജയിച്ചിട്ടില്ലാത്തതിനാല്‍, അവര്‍ താക്കറെയെ മുന്‍നിരയിലേക്ക് തള്ളിവിടാനും അദ്ദേഹത്തെ അവരുടെ പ്രാദേശിക പ്രസ്ഥാനത്തിന്റെ വക്താവായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. അപ്പോഴേക്കും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (സിപിഐ) പിളര്‍ന്നിരുന്നു, ഓരോ പ്രത്യയശാസ്ത്രത്തിനും വേണ്ടി രണ്ട് ശബ്ദങ്ങളില്‍ സംസാരിച്ചുകൊണ്ടിരുന്നു.
‘അതുകൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ പ്രസ്ഥാനത്തെ ശിവസേനയില്‍ ലയിപ്പിച്ചത്, ഞങ്ങള്‍ക്ക് ഒരു ശബ്ദം മാത്രമേ ഉണ്ടാകൂ എന്നും ആ ശബ്ദം ബാല്‍ താക്കറെയുടേതായിരിക്കുമെന്നും ഞങ്ങള്‍ തീരുമാനിച്ചു. ശിവസേന ഒരിക്കലും താക്കറെയുടെയോ അദ്ദേഹത്തിന്റെ മക്കളുടെ ഉടമസ്ഥതയിലായിരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ പ്രസ്ഥാനം അങ്ങനെ ചുരുങ്ങിപ്പോയി,’ ദേശ്പാണ്ഡെ കുറ്റപ്പെടുത്തുന്നു. ശിവസേന മുംബൈയുടെ സ്വഭാവം എങ്ങനെ എന്നെന്നേക്കുമായി മാറ്റിമറിച്ചുവെന്ന് ഈ പുസ്തകത്തില്‍ സുജാത ആനന്ദന്‍ എഴുതുന്നു.
ദേശ്പാണ്ഡെ തന്നെ സമ്മതിച്ചതനുസരിച്ച്, ശിവസേന നടത്തുന്ന യോഗങ്ങള്‍ നടത്തുന്നതിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനോ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന് ഭീമമായ നാമ്പത്തിക സഹായം നല്‍കി. അങ്ങനെയാണ് തൊഴിലാളി ഐക്യത്തിനെതിരായ പ്രാദേശിക വികാരം ഉയര്‍ത്തിക്കൊണ്ടുവന്നു കൊണ്ട് ശിവസേന അവരുടെ വോട്ട് ബാങ്കില്‍ ഇടം നേടിയത്. 1962-ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പരാജയത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പിന്തുണയോടെ ബോംബെ നോര്‍ത്തില്‍ നിന്ന് മത്സരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണ മേനോനെ അവര്‍ പരാജയപ്പെടുത്തിയത്’.
1967 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, അന്നത്തെ സ്ഥാനാര്‍ത്ഥി വി.കെ. കൃഷ്ണ മേനോനെതിരെ എസ്.ജി. ബാര്‍വെയ്ക്കുവേണ്ടി മാര്‍മിക് പ്രചാരണം നടത്തി. മേനോനെ പിന്തുണച്ചിരുന്ന പി.കെ. ആത്രേ ആയിരുന്നു കാര്‍ട്ടൂണുകള്‍ക്ക് താക്കറെയുടെ പ്രിയപ്പെട്ട ലക്ഷ്യം. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ്, മാര്‍മിക് നാല് പേജുള്ള ഒരു സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു. അതില്‍ താക്കറെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. അതില്‍ മേനോന്‍ രണ്ട് വിദേശ പെണ്‍കുട്ടികളെയും തോളില്‍ ചുറ്റിപ്പിടിച്ച് കൈകള്‍ കാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ‘ഇതിനായി മേനോന്‍ പ്രതിരോധ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു’ എന്ന് അദ്ദേഹം കാര്‍ട്ടൂണിന് അടിക്കുറിപ്പ് നല്‍കി. മേനോനെ പരാജയപ്പെടുത്തി ബാര്‍വെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. അപ്പോള്‍, താക്കറെ രണ്ട് കാര്‍ട്ടൂണുകള്‍ വരച്ചു. ഒരു കാര്‍ട്ടൂണില്‍, മേനോന്റെ വടിക്കടലില്‍ ഒഴുകിപ്പോയതായും, ആത്രേയെ ഒരു പന്നിയായായും അദ്ദേഹം ചിത്രീകരിച്ചു.
1975 ജൂണ്‍ 26 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം, മാര്‍മിക്കില്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചു കൊണ്ട് 1975 ഓഗസ്റ്റ് 31 ലക്കത്തില്‍ താക്കറെ ഒരു എഡിറ്റോറിയല്‍ എഴുതി, ‘അശാന്തിക്ക് ശേഷം സൃഷ്ടിക്കപ്പെട്ട സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരേയൊരു ബദല്‍ ഇന്ദിരാജിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. മനുഷ്യനും യന്ത്രവും തമ്മില്‍ നമ്മള്‍ വ്യത്യാസം വരുത്തേണ്ടി വരും. ഒരു യന്ത്രം തകരാറിലാകാതിരിക്കാന്‍ അത് അടച്ചുപൂട്ടണം. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ അച്ചടക്കം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍, അയാളുടെ ജീവിതത്തിലെ യന്ത്രം തകരാറിലാകാന്‍ തുടങ്ങുന്ന തരത്തിലേക്ക് അടിയന്തരാവസ്ഥ നീട്ടരുത്,’ അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയെ പിന്‍തുണച്ച കോണ്‍ഗ്രസ്സല്ലാത്ത ഇന്ത്യയിലെ അപൂര്‍വം പ്രമുഖ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്നു താക്കറെയും അദ്ദേഹത്തിന്റെ സൈന്യമായ ശിവസേനയും.
ദേശീയ അരാജകത്വം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് താക്കറെ വിശ്വസിച്ചിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ പാര്‍ട്ടി ഈ നിലപാട് ഭരണഘടനാപരമായി പ്രതിരോധിച്ചു, എന്നിരുന്നാലും പിന്നീട് അത് ശിവസേനയ്ക്ക് ആഭ്യന്തര സംഘര്‍ഷത്തിനും തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്കും കാരണമായി.
‘അടിയന്തരാവസ്ഥയെ ഞാന്‍ പിന്തുണച്ചു. പക്ഷേ, നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും വളരെ തന്ത്രപരമായി, പ്രസ്താവന പുറപ്പെടുവിച്ച വ്യക്തിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ എന്താണ് പറഞ്ഞത്? അടിയന്തരാവസ്ഥയെ ഞാന്‍ പിന്തുണയ്ക്കുന്നു. രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥമാണ് ഇന്ദിരാജി ഈ അടിയന്തരാവസ്ഥ കൊണ്ടുവന്നതെങ്കില്‍, ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഞാന്‍ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കും. പക്ഷേ, അവര്‍ സ്വന്തം അധികാരം നിലനിറുത്താന്‍ വേണ്ടിയാണ് ഈ അടിയന്തരാവസ്ഥ നടപ്പിലാക്കിയിരുന്നതെങ്കില്‍, ഞാന്‍ അതിനെ ശക്തമായി എതിര്‍ത്തേനെ’ മൂന്ന് പതിറ്റാണ്ടിനുശേഷം 2007 ല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രാരംഭ വര്‍ഷങ്ങളില്‍, താക്കറെയും ശിവസേനയും കമ്മ്യൂണിസ്റ്റ് വിരുദ്ധരായി സ്വയം നിലയുറപ്പിക്കുകയും കമ്മ്യൂണിസ്റ്റ് പിടിയില്‍ നിന്ന് മുംബൈയിലെ ട്രേഡ് യൂണിയനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശമാക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പദ്ധതിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഹിന്ദുത്വ വിഷയത്തില്‍ അടിയുറച്ച് നിന്ന ശിവസേന പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുത്വയായിരുന്നു ഇരുവരും ഐക്യപ്പെടാന്‍ മൂലകാരണം. 1995 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു. 1995 മുതല്‍ 1999 വരെയുള്ള സര്‍ക്കാരിന്റെ കാലത്ത്, സര്‍ക്കാര്‍ നയങ്ങളിലും തീരുമാനങ്ങളിലും പിന്നില്‍ നിന്ന് ചരട് വലിച്ച് ഒരു പ്രധാന പങ്ക് വഹിച്ചതിനാല്‍ താക്കറെയെ ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു
1999 ജൂലൈ 28 ന്, മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുകൊണ്ട് നിയമലംഘനമായി കണക്കാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1999 ഡിസംബര്‍ 11 മുതല്‍ 2005 ഡിസംബര്‍ 10 വരെ ആറ് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നതില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും താക്കറെയെ വിലക്കി. 2005-ല്‍ ആറ് വര്‍ഷത്തെ വോട്ടിംഗ് നിരോധനത്തിന് ശേഷം, 2006-ലെ ബോംബെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി വോട്ട് ചെയ്തത്.
ശിവസേനയുടെ ആദ്യ ഔദ്യോഗിക ചരിത്രമായ ജയ് മഹാരാഷ്ട്ര എന്ന പുസ്തകത്തിന്റെ രചയിതാവായ പ്രകാശ് അകോല്‍ക്കര്‍ പറയുന്നു. ‘ആദ്യ ദശകത്തില്‍ അദ്ദേഹം ഒരു മറാത്തി ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു,’ എന്നാല്‍ താക്കറെ എല്ലായ്‌പ്പോഴും താല്‍ക്കാലിക വിഷയങ്ങള്‍ ഏറ്റെടുത്തു, വെറുപ്പ് ഒഴികെ പാര്‍ട്ടിക്ക് ദീര്‍ഘകാല പദ്ധതികളോ നയങ്ങളോ ഉണ്ടായിരുന്നില്ല.’ താക്കറയുടെ പ്രതിച്ഛായ സംശയാതീതമായിരുന്നു: അദ്ദേഹത്തിന്റെ കട്ടി ലെന്‍സ് ഉള്ള കണ്ണട, കഴുത്തിലെ ബീഡ് മാല, അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായ വെളുത്ത കുര്‍ത്തയും ധോത്തിയും.
‘എല്ലാ ദേശവിരുദ്ധ മുസ്ലീങ്ങളെയും രാജ്യത്ത് നിന്ന് പുറത്താക്കണം’, ‘ഇസ്ലാമിക ഭീകരത വളരുകയാണ്, അതിനെ ചെറുക്കാനുള്ള ഏക മാര്‍ഗം ഹിന്ദു ഭീകരതയാണ്,’ ‘ഇന്ത്യയെയും ഹിന്ദുക്കളെയും സംരക്ഷിക്കാന്‍ നമുക്ക് ആത്മഹത്യാ ബോംബ് സ്‌ക്വാഡുകള്‍ ആവശ്യമാണ്.’ ഇതൊക്കെ ‘പ്രസംഗങ്ങളിലും പാര്‍ട്ടി പത്രമായ സാമ്‌നയിലൂടേയും പുറത്ത് വന്നുകൊണ്ടിരുന്നു.
ഇന്ത്യയിലെ ഏറ്റവും തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയായ ശിവസേനയുടെ തലവനായ താക്കറെ, തന്റെ മനസ്സിലുള്ളത് ചിലപ്പോള്‍ വിവേകത്തോടെയും, പലപ്പോഴും പകയോടെയും തുറന്നു പറയാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. ‘തന്റെ വാക്കുകള്‍ മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല,’ താക്കറെയുടെ ദീര്‍ഘകാല സഹപ്രവര്‍ത്തകനായ വിവേക് മെഹേത്രെ പറയുന്നു. ‘അതിനാല്‍ അദ്ദേഹം പലപ്പോഴും ആളുകളെ വേദനിപ്പിച്ചു.’ എന്നിട്ടും ഇന്ത്യന്‍ മഹാനഗരമായ മുംബൈയിലും അതിന്റെ മഹാരാഷ്ട്ര സംസ്ഥാനത്തിലും അദ്ദേഹത്തിന്റെ സ്ഥാനം അവസാനം വരെ ഐതിഹാസികവും ചോദ്യം ചെയ്യാനാവാത്തതുമായിരുന്നു.
താക്കറെ ജീവിതത്തില്‍ ഒരിക്കലും നിയമപരമായ ഒരു ശിക്ഷയും നേരിട്ടില്ല. 1993-ല്‍, ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കലാപത്തിന് പ്രേരിപ്പിച്ചതിന് അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ അദ്ദേഹം പശ്ചാത്തപിച്ചില്ല. ”എന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധം ആരംഭിക്കണമെങ്കില്‍, അങ്ങനെയാകട്ടെ’
അദ്ദേഹം പ്രഖ്യാപിച്ചു.
ഏഴ് വര്‍ഷത്തിന് ശേഷം, ബോംബെ കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റിലായപ്പോള്‍, മുംബൈ നിശ്ചലമായി. മജിസ്‌ട്രേറ്റ് കേസ് തള്ളിയതിനാല്‍ അദ്ദേഹത്തെ വിട്ടയച്ചു.
2007-ല്‍, ശിവസേന റാലിയില്‍ അദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് താക്കറെ വീണ്ടും അറസ്റ്റിലായി, പക്ഷേ ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയച്ചു. ‘അദ്ദേഹം വളരെ ജനപ്രിയനായിരുന്നു, തന്റെ വാചാലതയിലൂടെ ബോംബെയിലെ ജനങ്ങളെ ഉണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് ജനങ്ങളില്‍ ഒരുതരം ഭയത്തോടുള്ള മാനസികാവസ്ഥ സൃഷ്ടിച്ചു, കൂടാതെ എല്ലാ ഭരണകൂടങ്ങളും താക്കറുയുമായി ബന്ധപ്പെട്ട അസാധ്യമായ ബഹുജന പ്രതികരണത്തെ ഭയപ്പെട്ടിരുന്നു.’
മറാത്തി പത്രമായ ദിവ്യ മറാത്തിയുടെ എഡിറ്ററായിരുന്ന, താക്കറെയുടെ ദീര്‍ഘകാല വിമര്‍ശകന്‍ കുമാര്‍ കേത്കര്‍ പറയുന്നു ‘അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ നഗരം കത്തിയെരിയുമെന്നും, യുവാക്കള്‍ കലാപത്തില്‍ ഏര്‍പ്പെടുമെന്നും, നഗരം പ്രക്ഷുബ്ധമാകുമെന്നുമുള്ള ഒരു ധാരണ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശരിയാണെങ്കിലും അല്ലെങ്കിലും, ആ ഭീഷണി എപ്പോഴും ഫലിച്ചു.’
1960 മധ്യത്തില്‍ ബ്ലിറ്റ്‌സ് മാസികയ്ക്കും ഇന്ത്യന്‍ എക്‌സ്പ്രസിനുമെതിരെ ബാല്‍ താക്കറെ തന്റെ പട നയിച്ചു ‘ബ്ലിറ്റ്‌സും’ ‘ഇന്ത്യന്‍ എക്‌സ്പ്രസും’ ആദ്യം മുതലേ ശിവ സേനയ്ക്കെതിരെ പ്രചാരണം നടത്തിയതായി താക്കറെ എപ്പോഴും സംശയിച്ചു. ശിവസേന നടത്തിയ ഒരു മോര്‍ച്ചയുടെ അവസാനം സേന പ്രവര്‍ത്തകര്‍ ‘ബ്ലിറ്റ്‌സ്’, ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ എന്നിവയുടെ പകര്‍പ്പുകള്‍ കത്തിച്ചു. മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം നിരന്തരം കലഹിക്കുകയും
ഏറ്റുമുട്ടുകയും ചെയ്തു.
1995 ഒക്ടോബര്‍ 11ന് പുതിയ വാരികയായ ഔട്ട്‌ലുക്ക് ആദ്യ ലക്കം പുറത്തിറങ്ങി. പുകഞ്ഞു കൊണ്ടിരിക്കുന്ന കശ്മീര്‍ പ്രശ്‌നമായിരുന്നു അതിന്റെ ആദ്യ ലക്കം കവര്‍ സ്റ്റോറി. ’77 Percent, No Solution within Indian Constitution’ അതായിരുന്നു കവര്‍ സ്റ്റോറിയിലെ വാചകം. അഭിപ്രായ വോട്ടെടുപ്പിന്റെ ഭൂരിപക്ഷഫലമാണ് വാരികയിലൂടെ അറിയിച്ചത്. ഇതിനെതിരെ ആദ്യമായി പ്രതിഷേധമുയര്‍ത്തിയത് ശിവസേന തലവന്‍ ബാല്‍ താക്കറെയായിരന്നു. ‘ദേശവിരുദ്ധ നടപടി’ എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. വാരിക കത്തിക്കാന്‍ താക്കറെ തന്റെ അനുയായികളെ ആഹ്വാനം ചെയ്തു. ആധുനിക ഇന്ത്യന്‍ പത്രരംഗത്തെ ഏറ്റവും പ്രഗത്ഭനായ പത്രപ്രവര്‍ത്തകനായ വിനോദ് മേത്തയായിരുന്നു ‘ഔട്ട് ലുക്ക്’ന്റെ എഡിറ്റര്‍.
ഈ രാജ്യദ്രോഹ പ്രവൃത്തിക്കെതിരെ ബാലാസാഹേബ് താക്കറെ രോഷാകുലനായി. ഔട്ട്‌ലുക്ക് മാസികകളുടെ കോപ്പികള്‍ ഉടന്‍ തന്നെ അഗ്‌നിക്കിരയാക്കാന്‍ അദ്ദേഹം ശിവസൈനികരോട് ഉത്തരവിട്ടു. ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് ഈ ഉത്തരവ് താക്കറെ അറിയിച്ചത്. താന്‍ മാസിക വായിച്ചിട്ടില്ലെന്നും എന്നാല്‍ അത്തരമൊരു ലേഖനം അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത് ‘ദേശവിരുദ്ധ’മാണെന്നും ‘പൊറുക്കില്ല’ എന്നും ബാലാസാഹേബ് പറഞ്ഞതായി സാമ്‌ന ഉദ്ധരിച്ചു.
അന്ന് ശിവസേനയ്ക്കൊപ്പം മഹാരാഷ്ട്ര ഭരിച്ചിരുന്ന ബിജെപി തങ്ങളുടെ സഖ്യകക്ഷിയെ ന്യായീകരിച്ചു. ‘ഒരു മാസിക ലേഖനത്തേക്കാള്‍ പ്രധാനമാണ് നമ്മുടെ രാജ്യത്തിന്റെ സമഗ്രത,’ സാമ്‌ന പറഞ്ഞു. മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി പ്രമോദ് നവല്‍ക്കര്‍ ബോംബെ ടൈംസിനോട് പറഞ്ഞു. ‘അത്തരം എഡിറ്റര്‍മാര്‍ കയ്യില്‍ പേനയേന്തുന്നത് വിലക്കണം.’
അതോടെ ഔട്ട്‌ലുക്ക് എന്ന പുതിയ പ്രസിദ്ധീകരണം വാര്‍ത്തകളില്‍ നിറഞ്ഞു. ”ഒരു കോടി ചെലവാക്കിയാല്‍ കിട്ടാത്ത പ്രശസ്തി വാരികയ്ക്ക് ലഭിച്ചു. ഔട്ട്ലുക്ക് തന്റെ വിജയത്തിന് താക്കറെയോട് കടപ്പെട്ടിരിക്കുന്നു,” വിനോദ് മേത്ത പറഞ്ഞു. ഔട്ട് ലുക്ക് വാരിക പിന്നീട്, ഒരു ദശാബ്ദം കൊണ്ട് വിനോദ് മേത്തയുടെ കീഴില്‍ ഇന്ത്യയിലെ മികച്ച വാരികയായി ഉയര്‍ന്നു.
1992 അയോദ്ധ്യ സംഭവത്തിന് ശേഷം ടൈം വാരികയില്‍ ജോലി ചെയ്യുന്ന പ്രശസ്തമായ പത്രപ്രവര്‍ത്തക അനിതാ പ്രതാപ് കൂടിക്കാഴ്ചയ്ക്കായി ബാല്‍ താക്കറെയെ കാണാന്‍ കടുവയുടെ താവളത്തിലെത്തി. തന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം Island of Blood ല്‍ (2001) അനിതാ പ്രതാപ് തന്റെ അനുഭവം വിവരിക്കുന്നു.
അങ്ങനെ, ഡിസംബര്‍ 23-ാം തീയതി രാവിലെ ഞാന്‍ ബോംബെയ്ക്ക് പറന്നു. നേരെ താക്കറെയെ കാണാന്‍ ചെന്നു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ദോത്തിയുമണിഞ്ഞ് ഒരു കൊച്ചുമുറിയിലിരുന്ന ബാല്‍ താക്കറെയുടെ സമീപത്തേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ എനിക്ക് തോന്നിയ വികാരം
”ഇതാ ഒരു പച്ചക്കാമദേവന്‍” എന്നായിരുന്നു. ചുളിവു വീഴാത്ത, തിളങ്ങുന്ന പട്ടുടുപ്പ്. ആ തലമുടിയാണ് കാണേണ്ടത്. അറുപത്തഞ്ചു വയസ്സുകാരന്റെ തലമുടിക്കു നല്ല തിളങ്ങുന്ന കറുപ്പുനിറം. ഡൈ ചെയ്താണെന്നു വ്യക്തം. മാത്രമല്ല, അത് യന്ത്രസഹായത്തോടെ ഉണക്കിയെടുത്തതുമാണ്. എന്റെ അച്ഛന്റെ പ്രായമുണ്ട് അദ്ദേഹത്തിന്. അച്ഛന്റെ തലമുറയില്‍പ്പെട്ട ആരും തലമുടിയുണക്കാന്‍ യന്ത്രമുപയോഗിക്കുന്നതായി എനിക്കറിഞ്ഞു കൂടാ. സ്വന്തം വേഷത്തിലും രൂപത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഒരാളാണീ മനുഷ്യന്‍.”
അദ്ദേഹം എന്റെ മേല്‍ ആപാദചൂഢം കണ്ണോടിച്ചു. പിങ്ക്-വെള്ള നിറങ്ങളുള്ള ഒരു സാല്‍വാര്‍ കമ്മീസാണ് ഞാന്‍ ധരിച്ചിരുന്നത്. കസവുള്ള വെള്ള ദുപ്പട്ട ചുമലിലിട്ടിരുന്നു. താക്കറെ എന്റെ വിസിറ്റിങ് കാര്‍ഡ് നോക്കി പേര് ഉറക്കെ വായിച്ചു. എന്നിട്ടു ചോദിച്ചു: ”പേരു കേട്ടിട്ട് ഹിന്ദുവാണെന്നു തോന്നുന്നു. പക്ഷേ, നിങ്ങളൊരു മുസ്ലിമല്ലേ?”
എനിക്കു സഹിച്ചില്ല. മയമില്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു: ”മിസ്റ്റര്‍ താക്കറെ, ഞാന്‍ ഹിന്ദുവോ മുസ്ലിമോ ആരായാലെന്ത്? സംഭാവനയ്‌ക്കോ ഏതെങ്കിലും സംഘടന തുടങ്ങാനുള്ള അനുവാദത്തിനോ വേണ്ടിയല്ല ഞാനിവിടെ വന്നത്. അങ്ങയെ ഇന്റര്‍വ്യൂ ചെയ്യാന്‍ മാത്രമാണ്.”
”അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്. എന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് എനിക്കറിയണം.”
എനിക്കു ശുണ്ഠിവന്നു. ഞാനൊരു ഹിന്ദുവാണെങ്കില്‍ അദ്ദേഹത്തെ അനുകൂലിക്കുമെന്നും, മുസ്ലിമാണെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്യുമെന്നുമാണ് സൂചന. സ്വതന്ത്രമായ, മനസ്സാക്ഷിയുള്ള, നിഷ്പക്ഷവും നീതിയുക്തവുമായ പത്രപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു എന്നഭിമാനിക്കുന്ന എനിക്ക് ഭ്രാന്തുപിടിച്ചതു പോലെ തോന്നി.
‘മിസ്റ്റര്‍ താക്കറെ, ഞാനൊരു കാര്യം വ്യക്തമാക്കാം. താങ്കള്‍ പറയുന്നതാ ണെനിക്കു പ്രധാനം. എന്റെ മതമല്ല. ഞാന്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്നത് ഒരു പ്രശ്‌നമേയല്ല. ‘ടൈം’ മാസികയുടെ പ്രതിനിധിയെന്ന നിലയ്ക്കാണ് ഞാന്‍ താങ്കളെ കാണാന്‍ വന്നിട്ടുള്ളത്.”
”എങ്കില്‍ ദയവുചെയ്ത് നിങ്ങളുടെ ‘ടൈം’ മാസികയിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളൂ. പശ്ചാത്തലം വ്യക്തമല്ലാത്തൊരു പത്രപ്രതിനിധിയായി അഭിമുഖ സംഭാഷണം നടത്താന്‍ എനിക്കു താത്പര്യമില്ല.”
”എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ മതമേതെന്നു വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഈ മനുഷ്യന്‍ എന്നെ പുറത്താക്കുകയാണ്”
താക്കറെ വഴങ്ങിയില്ല. ഒടുവില്‍ അനിതാ പ്രതാപിന് തന്റെ മതമെതാണെന്ന് വെളിപ്പെടുത്തേണ്ടി വന്നു. അതിനു ശേഷമാണ് താക്കറെ അഭിമുഖത്തിന് സമ്മതിച്ചത്.
ഒരു മാസത്തിന് ശേഷം വീണ്ടും അനിതാ പ്രതാപ് ഞാന്‍ താക്കറെയെ സന്ധിച്ചു. ആ അഭിമുഖമാകട്ടെ വന്‍ വിവാദമായി. ബോംബെയില്‍ ശിവസേന അഴിച്ചുവിട്ട കലാപത്തിനു ശേഷമായിരുന്നു ഇത്.
”ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ താക്കറെ വലിയ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു. അദ്ദേഹവും അനുയായികളും ചേര്‍ന്ന് ബോംബെയെ വിറപ്പിച്ചു. ഭരണകൂടത്തെ സ്തംഭിപ്പിച്ചു. നാടൊട്ടുക്കുമുള്ള ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തി. മുസ്ലിങ്ങളെ ഭയസ്ബ്ധരാക്കി. അദ്ദേഹത്തിന് അധികാരംകൊണ്ടു മത്തുപിടിച്ചിരുന്നു. ആ കണ്ണുകളില്‍ സംതൃപ്തിയുടെ നിഴലാട്ടം കണ്ടു. എല്ലാറ്റിന്റെയും കേന്ദ്രബിന്ദുവാണ് താന്‍. തന്റെ കുട്ടികളെ നിയന്ത്രിക്കാനും തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ബോംബെയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാനും തനിക്കു മാത്രമേ കഴിയൂ. ഹിന്ദുക്കള്‍ക്കു കരുത്തുണ്ടെന്ന് മുസ്ലിങ്ങളെ ബോദ്ധ്യപ്പെടുത്തിയതു താനാണ്. ആക്രമണോത്സുകനും പശ്ചാത്താപലേശമില്ലാത്തവനുമായി കാണപ്പെട്ട ആ മനുഷ്യന്‍ അട്ടഹസിച്ചു: ”മുസ്ലിങ്ങളാണ് അക്രമം തുടങ്ങിയത്. എന്റെ കുട്ടികള്‍ തിരിച്ചടിച്ചു. ഹിന്ദുക്കളുടെ ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?”
നാസി ജര്‍മ്മനിയിലെ ജൂതന്മാരുടെ അവസ്ഥയിലാണ് തങ്ങളെന്ന് മുസ്ലിങ്ങള്‍ക്കു തോന്നുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: ”നാസി ജര്‍മ്മനിയിലെ ജൂതന്മാരെപ്പോലെ അവര്‍ പെരുമാറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജൂതന്മാരുടെ അനുഭവം അവര്‍ക്കു കിട്ടണം. അതില്‍ തെറ്റൊന്നുമില്ല.”
അഭിമുഖത്തില്‍ താക്കറെ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അന്താരാഷ്ട്ര പ്രശസ്തിയുള്ള ‘ടൈം’ വാരികയില്‍ ”അവരെ ചവിട്ടി പുറത്താക്കുക” എന്ന തലക്കെട്ടില്‍ (ഇന്ത്യയിലെ മുസ്ലിങ്ങളെയെല്ലാം പാകിസ്ഥാനിലേക്കു പറഞ്ഞയയ്ക്കണമെന്നായിരുന്നു ആവശ്യം) അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ പ്രതികരണം അതിശക്തമായിരുന്നു. ഭീഷണിയുടെയും ശകാരത്തിന്റെയും പ്രളയം ‘സാമ്‌ന’യിലാണെങ്കില്‍ ഇതൊന്നും ഒരു പുതുമയല്ലായിരിക്കാം. പക്ഷേ, ‘ടൈം’ വായിച്ചവരെല്ലാം ഞെട്ടിത്തരിച്ചുപോയി.
അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ താക്കറെ പ്രതികരിച്ചില്ല. അദ്ദേഹം പറഞ്ഞതുമാത്രമാണ് അച്ചടിച്ചത്. ഒരൊറ്റ വാക്കുപോലും തെറ്റായി ഉദ്ധരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. എനിക്കും അറിയാം. എല്ലാം ടേപ്പുചെയ്തിട്ടുണ്ട്. മതേതര വിശ്വാസികളായ ഹിന്ദുക്കളും, മുസ്ലിങ്ങളും നേരായ രീതിയില്‍ ചിന്തിക്കുന്ന എല്ലാ മനുഷ്യരും അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളോടു ശക്തിയായി പ്രതികരിച്ചു. താക്കറെയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹത്തിന്റെ സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി എസ്.ബി. ചവാനുമേല്‍ സമ്മര്‍ദ്ദം മുറുകി.
അപ്പോള്‍ മാത്രമാണ് താക്കറെ ഒരു നിഷേധക്കുറിപ്പിറക്കിയത്. മുസ്ലിങ്ങളെ ചവിട്ടിപുറത്താക്കണമെന്നു താന്‍ പറഞ്ഞതായ വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പാകിസ്ഥാന്‍ ഏജന്റുമാരായ മുസ്ലിങ്ങളെ പുറത്താക്കണമെന്നു മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നായി.
കൈവശം ടേപ്പുണ്ടെന്നും അധികാരികള്‍ക്ക് ആഗ്രഹമുള്ളപക്ഷം അതുകേട്ട് താക്കറെ പറഞ്ഞതെന്താണെന്നു ബോദ്ധ്യപ്പെടാമെന്നും ഞാന്‍ ആഗ്രഹിച്ചു. ടേപ്പിന്റെ കാര്യം താക്കറെ അവഗണിച്ചതെന്തുകൊണ്ടാണെന്ന് എനിക്കറിയാം. പക്ഷേ, ചവാന്‍ അതാവശ്യപ്പെടാത്തതിന്റെ കാരണം മനസ്സിലായില്ല. അന്വേഷണക്കമ്മീഷനെ നിയമിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ടേപ്പ് ഹാജരാക്കാന്‍ എന്നോടാവശ്യപ്പെട്ടില്ല. ശക്തമെങ്കിലും മൂകമായൊരു സാക്ഷിപത്രമായി അതെന്റെ മേശവലിപ്പില്‍ ഭദ്രമായിരുന്നു. ആര്‍ക്കും അതുവേണ്ട. സത്യമറിയാന്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിച്ചു. അനിതാ പ്രതാപ് എഴുതി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്കെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് താക്കറെയുടെ ആഹ്വാനപ്രകാരം, 90കളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ മുംബൈ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ച് നശിപ്പിച്ചു. പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റിനോടുള്ള ശിവസേനയുടെ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുന്നത് തടയാന്‍ ക്രിക്കറ്റ് പിച്ചുകള്‍ നശിപ്പിക്കുന്നതു മുതല്‍, അഞ്ച് കുട്ടികളെ പ്രസവിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് 22 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് വരെ, ജനാധിപത്യത്തിന്റെ നിയന്ത്രണങ്ങളെയും സന്തുലിതാവസ്ഥയെയും ധിക്കരിച്ച് താക്കറെ സ്വന്തം അജണ്ട നിശ്ചയിച്ചു. ബോംബെയെന്ന നഗരത്തിന്റെ ഒരു ചലനവും അദ്ദേഹമറിയാതെ കടന്നുപോയില്ല.
1996 ലെ കിങ് ഓഫ് പോപ്പ് – ഗായകന്‍ മൈക്കല്‍ ജാക്സണ്‍ ശൈത്യകാലത്ത് ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി മുംബൈയിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനം പ്രഖ്യാപിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ ചില പ്രാദേശിക വൃത്തങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. ഇത്തരം പോപ്പ് സംഗീതം മറാത്തി സംസ്‌കാരത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പരിപാടിക്ക് വന്‍ തുക മുടക്കിയ സംഘാടകര്‍ വെട്ടിലായി. അവസാനം ഷോയുമായി മുന്നോട്ട് പോകാന്‍ അവര്‍ താക്കറെയെ ശരണം പ്രാപിച്ചു. താക്കറെ വ്യക്തിപരമായി ഇടപെട്ടു.
”ജാക്സണ്‍ ഒരു മികച്ച കലാകാരനാണ്…” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചലനങ്ങള്‍ അതിശയകരമാണ്. അമേരിക്കയിലെ ചില മൂല്യങ്ങളെ അദ്ദേഹം പ്രതിനിധീകരിക്കുന്നു, ഇന്ത്യ അത് അംഗീകരിക്കാന്‍ ഒരു മടിയും കാണിക്കരുത്.”
അതോടെ എതിര്‍പ്പ് ഇല്ലാതായി. സംഘാടകര്‍ 24 കോടി രൂപയുടെ ദക്ഷിണ നല്‍കിയതായി പിന്നീട് അടക്കം പറച്ചിലുണ്ടായെങ്കിലും മൈക്കല്‍ ജാക്സണ്‍ന്റെ ബോംബെ പരിപാടി ഗംഭീര വിജയമായി. ഗായകന്‍ മാതോശ്രീയിലുള്ള താക്കറെയുടെ വസതിയില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു.
സല്‍മാന്‍ റുഷ്ദി എഴുതിയ ‘ദി മൂഴ്സ് ലാസ്റ്റ് സൈ’ എന്ന നോവലില്‍ (1995) ബാല്‍ താക്കറെയെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ചിത്രത്തില്‍ ബാല്‍ താക്കറെയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ശിവസേനയെയും കുറിച്ചുള്ള ആക്ഷേപഹാസം അവതരിപ്പിച്ചിരിക്കുന്നു.
2019-ല്‍ പുറത്തിറങ്ങിയ ‘താക്കറെ’ എന്ന ബയോപിക് ശിവസേന സ്ഥാപകനായി, ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിച്ചു. കാര്‍ട്ടൂണിസ്റ്റില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള താക്കറെയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ്. ഇത് ഹിന്ദിയിലും മറാത്തിയിലും പുറത്ത് വന്നു. അവസാനകാലത്ത് ബാന്ദ്രയിലെ തന്റെ കോട്ടയ്ക്ക് പുറത്ത് ബാല്‍ താക്കറെ അപൂര്‍വമായി മാത്രമേ യാത്ര ചെയ്തിരുന്നുള്ളൂ. ലോകം അദ്ദേഹത്തെ കാണാന്‍ അവിടെ വന്നു. സമകാലിക കാര്യങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം തന്റെ കാര്‍ട്ടൂണിസ്റ്റിന്റെ ഭാഷ ഉപയോഗിച്ചു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് വിഡ്ഢികളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇംഗ്ലീഷ് സംസാരിക്കാന്‍ മാത്രം വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ സഹപത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പോലും മൗനം പാലിച്ച, ആ മനുഷ്യന്‍ 2012-ല്‍ മരിച്ചപ്പോള്‍ ആദരവോടെ’ :അദ്ദേഹത്തിന് വിട നല്‍കാന്‍ ഒരു ദശലക്ഷം ആളുകള്‍ ഒത്തുകൂടി.
ടി.ജെ.എസ് ജോര്‍ജ് തന്റെ പഴയ സഹപത്രപ്രവര്‍ത്തക – സുഹൃത്തിനെ കുറിച്ച് അവസാന വരി കുറിച്ചു.
‘What is not possible is impossible.’ Bal Thackeray showed that what was not possible was possible.
Content Summary: Today marks the 100th birth anniversary of Bal Thackeray
This post was last modified on January 23, 2026 12:42 pm
Leave a Comment