‘God could not be everywhere, and therefore he made mothers.’
Rudyard Kipling
‘ചുണ്ടുകള്‍ ഒടുവില്‍ പ്രയാസപ്പെട്ട് വിടര്‍ന്നു. ജനിച്ചതിന് ശേഷം, ആദ്യമായി ഉച്ചരിക്കാന്‍ പഠിച്ച വാക്ക്. ലോകത്തിലേക്ക് ഏറ്റവും മധുരമുള്ള വാക്ക്. ഒന്നാം പാഠപുസ്തകത്തില്‍ ഒന്നാമതായി പഠിച്ച വാക്ക്, കുഞ്ഞായിരുന്നപ്പോഴെന്ന പോലെ അവ്യക്തമായി, പതറി മെല്ലെ പുറത്തുവന്നു. ‘അംംംമ്മ’.
കലിക – മോഹനചന്ദ്രന്‍
23 കൊല്ലം മുന്‍പ് ബ്രിട്ടീഷ് കൗണ്‍സില്‍, ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതാണെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന ഏറ്റവും സുന്ദരമായ പദം ‘മദര്‍’ – അമ്മ ആയിരുന്നു. ലവ്, സ്‌മൈല്‍, പാഷന്‍ തുടങ്ങിയ വാക്കുകള്‍ക്കൊക്കെ സ്ഥാനം പിന്നിലായിരുന്നു. അവയ്‌ക്കൊക്കെ ശേഷം സ്ഥാനം നേടിയ ശ്രദ്ധേയമായ ഒരു വാക്കുണ്ട് ‘ഫാദര്‍’. പിതാവ് എന്നും മാതാവിന്റെ പിന്നില്‍ തന്നെ.
ഇന്ന് ലോക മാതൃദിനമാണ്- മദേഴ്‌സ് ഡേ’. ലോകം അമ്മമാര്‍ക്കായ് നീക്കിവെച്ച ദിവസം
മാതൃദിനം- പോസ്റ്റർ
അമ്മ എന്ന പദം ഉച്ചരിക്കുന്ന എല്ലാ ഭാഷകളിലും മകാരമുണ്ട്. ”അമ്മ’ എന്ന പദത്തിനോട് സാമ്യമുള്ള പദമാണ് മിക്ക ഭാഷയിലും ഉള്ളത്. അതിന്റെ ഭാവവും അങ്ങനെ തന്നെ. ലോകത്തെവിടേയും ഏത് കുഞ്ഞും ഉച്ചരിക്കുന്ന നാള്‍ മുതല്‍ ആ ഭാവമുണ്ട്.
നൂറ്റിപതിനഞ്ച് വര്‍ഷം മുന്‍പ്, അമേരിക്കയിലെ, വെര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള അന്ന ജാര്‍വിസ് എന്നൊരു യുവതിയുടെ ശ്രമഫലമായാണ് 1905 ല്‍ ഔദ്യോഗിക ‘മാതൃദിനം’. തന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്ന്, അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളെ ആദരിക്കുന്നതിനുള്ള ഒരു സങ്കല്‍പ്പമായി അന്ന ജാര്‍വിസ് മാതൃദിനം വിഭാവനം ചെയ്തു. മെയ് മാസത്തില്‍ വെര്‍ജീനിയയിലെ, ഗ്രാഫ്റ്റണിലുള്ള ഒരു മെത്തഡിസ്റ്റ് പള്ളിയില്‍ അവര്‍ ആദ്യത്തെ ഔദ്യോഗിക മാതൃദിനാഘോഷം സംഘടിപ്പിച്ചു. ഇത് വന്‍ വിജയമായതോടെ ‘മദേഴ്‌സ് ഡേ’ രാജ്യമെങ്ങും കൊണ്ടാടണമെന്ന് അവര്‍ ആഗ്രഹിച്ചു.
അവിവാഹിതയായ ജാര്‍വിസ്, ‘മദേഴ്സ് ഡേ’അമേരിക്കയുടെ ദേശീയ കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. അമേരിക്കന്‍ അവധി ദിനങ്ങള്‍ പുരുഷ പക്ഷപാതപരമാണെന്ന് വാദിച്ചുകൊണ്ട്, മാതൃത്വത്തെ ബഹുമാനിക്കുന്ന ഒരു പ്രത്യേക ദിനം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അവര്‍ പത്രങ്ങള്‍ക്കും പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും കത്തുകളയച്ചു. പിന്നീട് ഇതിനായി ഒരു വലിയ കത്തെഴുത്ത് പ്രചരണം തന്നെ, ആരംഭിച്ചു.
ഇതിനായ് ജാര്‍വിസ് ‘മദേഴ്സ് ഡേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍’ എന്നൊരു സംഘടനയും സ്ഥാപിച്ചു. ഇതിനകം ജനങ്ങളേറ്റെടുത്ത ഈ ആശയ പ്രചരണം ഒടുവില്‍ വിജയം കണ്ടു. 1914-ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനത്തെ അമേരിക്കയിലെ ദേശീയ ആചരണമായി പ്രഖ്യാപിച്ചു.
സമൂഹത്തിന് അമ്മമാര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് അമ്മമാരെ അഭിനന്ദിക്കുകയും അമ്മമാരോടുള്ള അവരുടെ സ്‌നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കാനും അമ്മമാരെ ബഹുമാനിക്കാനും ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു..
പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളും ഇത് ഏറ്റെടുത്ത് അംഗീകൃത ദിനാചരണമായി ആഘോഷിക്കുകയായിരുന്നു. 1920 കളോടെ മിസോറിയിലെ ‘ഹാള്‍ മാര്‍ക്ക്’ എന്ന ആശംസാ കാര്‍ഡുകള്‍ പുറത്തിറക്കുന്ന സ്ഥാപനം അമ്മമാരുടെ ദിനത്തിന് നല്‍കാനായി ആശംസ കാര്‍ഡുകളും പൂച്ചെണ്ടുകളും പുറത്തിറക്കിയത് വന്‍ തോതില്‍ പ്രചരിച്ചു. ഈ ഡിജിറ്റല്‍ കാലഘട്ടത്തിലും പല രൂപത്തില്‍ വ്യതസ്തമായി, അത് ലോകമെങ്ങും തുടരുന്നു.
അമേരിക്കൻ പ്രസിഡൻ്റിൻ്റെ മാതൃദിന പ്രഖ്യാപന രേഖ
കുടുബത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന, വീട്ടമ്മ ഭൂമിയോളം ക്ഷമ കാണിക്കുന്നത് മനസിലാക്കാത്തവരുണ്ട്. താനാണ് കുടംബത്തിന്റെ നെടുംതൂണ്, എനിക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്ന ചിലര്‍. അത്തരമൊരാളെ കുറിച്ചുള്ള ഒരു കഥയാണിത്.
ഒരു ഭര്‍ത്താവിന്റെ കഥയാണിത്. വീട്ടിലിരിക്കുന്ന തന്റെ ഭാര്യയുടെ ജോലികള്‍ നിസ്സാരമാണ്. താന്‍ ചെയ്യുന്ന, മല മറിക്കുന്ന ഓഫീസ് ജോലി വെച്ച് നോക്കുമ്പോള്‍ വീട്ടിലിരുന്ന് അല്ലറ ചില്ലറ പണി ചെയ്യുന്ന തന്റെ ഭാര്യ എത്ര ഭാഗ്യവതിയെന്ന് വിചാരിച്ച ഒരു ഭര്‍ത്താവ്, ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ‘തന്നെ ഒരു നാളെങ്കിലും, ഭാര്യയാക്കി മാറ്റണേ… ആ സുഖം ഞാനും കൂടിയൊന്ന് അറിയട്ടെ.’
കാരുണ്യവാനായ ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ടു.
ഭര്‍ത്താവ് ഭാര്യയായി മാറി. പിറ്റേ ദിവസം മുതല്‍ ഭാര്യയായ്, അലാറം വെച്ച് എഴുന്നേറ്റ് ഭരണമാരംഭിച്ചു. അടുക്കളയില്‍ കയറി, പ്രഭാത ഭക്ഷണം ഉണ്ടാക്കണം. അത് തന്നെ രണ്ട് വിധം ഭര്‍ത്താവിനും മക്കള്‍ക്കും വൈവിധ്യം വേണം. തലേനാളത്തെ പാത്രങ്ങള്‍ കഴുകണം. കുട്ടികളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തണം. പല്ല് തേപ്പിച്ച്, കുളിപ്പിച്ച് ഒരുക്കണം. ടിഫിന്‍ എടുക്കണം, സ്‌ക്കൂള്‍ ബസ് കയറ്റിവിടണം. തീര്‍ന്നോ – ഇല്ല തുടങ്ങുന്നതേയുള്ളൂ.
അലങ്കോലമായ സ്വീകരണ മുറി വൃത്തിയാക്കണം. സാധനങ്ങള്‍ യഥാസ്ഥാനത്ത് വെയ്ക്കണം. ഇന്നലത്തെ പിള്ളേരുടെ യൂണിഫോം കഴുകിയിടണം. അത് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഓര്‍ത്തത്. ഉച്ചയ്ക്കുള്ള ചോറിന് അരിയടുപ്പത്ത് ഇട്ടിട്ടില്ല. അത് ചെയ്ത് കഴിഞ്ഞപ്പോഴാണ് കറിക്കുള്ള പച്ചക്കറി അരിഞ്ഞത്. എല്ലാം ഒരുക്കി മേശപ്പുറത്ത് വെച്ചപ്പോഴേക്കും മണി രണ്ട്. പിള്ളേരുടെ സ്‌ക്കൂള്‍ ബസ് വരാറായി. അവരെ വിളിക്കാന്‍ പോയി. ഉച്ചയൂണ് കഴിഞ്ഞ്, മേശ വൃത്തിയാക്കി. അല്‍പ്പം ഒന്ന് ഉറങ്ങാന്‍ കണ്ണടച്ചെങ്കിലും, പിള്ളേരുടെ ക്രിക്കറ്റ് കളിയിലെ ബഹളം അതും നടന്നില്ല.
നാലു മണി ചായ കുടിയുടെ കൂടെ ‘കടി’ ഇല്ലെങ്കില്‍ മക്കളുടെ പ്രതിഷേധം ഇരമ്പും. അതിനാല്‍ അത് ഉണ്ടാക്കി. രാത്രിയിലെ അത്താഴത്തിനുള്ള പണിയാരംഭിച്ചു. അതിനിടെ ഹോം വര്‍ക്ക് ചെയ്യാന്‍ ഒരാള്‍ക്ക് സഹായം. പുറത്ത് ഉണങ്ങാന്‍ ഇട്ട തുണി എടുത്ത് അകത്ത് മടക്കി വെച്ചു.
ഭര്‍ത്താവ് ഓഫീസില്‍ നിന്ന് വന്നതാണ്. ചായ വേണം. അത് ഉണ്ടാക്കിക്കൊടുത്തു. താല്‍പ്പര്യമില്ലെങ്കിലും ഭര്‍ത്താവിന്റെ ഓഫീസ് വിശേഷങ്ങള്‍ കേട്ടു. അത്താഴം കഴിച്ച് പാത്രങ്ങളെല്ലാം മാറ്റി മേശ വൃത്തിയാക്കി. പിള്ളേരെ കഥ പറഞ്ഞു ഉറക്കിയപ്പോഴേക്കും നേരം വൈകി. രാത്രി കിടക്കയില്‍ ചായുമ്പോള്‍ ഭര്‍ത്താവിന്റെ ആവശ്യം. അതും കഴിഞ്ഞ് ഉറങ്ങിയത് അറിഞ്ഞ് പോലുമില്ല. അങ്ങനെ, ഒരു ദിവസത്തിന്റെ അവസാനം.
രാവിലെ ഉറക്കമെഴുന്നേറ്റ ഭാര്യ രൂപമുള്ള ഭര്‍ത്താവ് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചു. ‘ദൈവമേ എനിക്ക് മനസിലായി എന്റെ ഭാര്യ ചെയ്തിരുന്ന ജോലിയുടെ കാഠിന്യം. എനിക്ക് മതിയായ്. ദൈവമേ, ഇപ്പോ തന്നെ എന്നെ പഴയ പടിയാക്കണേ’
ദൈവം പറഞ്ഞു, ‘മകനേ നീ ഒരു പാഠം പഠിച്ചല്ലോ നല്ലത്. പഴയത് പോലെയാക്കാം, പക്ഷേ, ഒമ്പത് മാസം കഴിയണം. ഇന്നലത്തെ രാത്രിയോടെ നീ ഗര്‍ഭം ധരിച്ചു കഴിഞ്ഞു.’
2004 ല്‍ ഏറ്റവും നല്ല ഇമെയില്‍ ആയി ലോകമെങ്ങുമുള്ള വനിതകള്‍ തിരഞ്ഞെടുത്തത് ഈ കഥയായിരുന്നു.
ഒരു ഫുള്‍ ടൈം വീട്ടമ്മ ചെയ്യുന്ന സേവനം നാല് വീട്ടുജോലിക്കാരുടേതെന്നറിയുക. പ്രതിഫലമില്ലാത്ത സേവനമാണത്. ഭര്‍ത്താവ് മാന്യനാണെങ്കില്‍ നന്നായി നോക്കും. വളര്‍ന്ന് കഴിഞ്ഞാല്‍ മക്കളില്‍ നിന്ന് ഭൂതദയയോ നന്ദിയോ കിട്ടണമെന്നില്ല.
‘മകന്‍ അമ്മയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് പോയി. മകള്‍ അമ്മയെ ചങ്ങലയ്ക്കിട്ടു’ തുടങ്ങിയ വാര്‍ത്തകള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന, കാലത്താണ് നാം ജീവിക്കുന്നത്.
സാഹിത്യരൂപങ്ങളിലും, അതിന്റെ ദൃശ്യാവിഷ്‌ക്കാരങ്ങളിലും ഇന്നും വലിയ മാറ്റമൊന്നും കൂടാതെ നിലനില്‍ക്കുന്ന ബിംബമൊന്നെയുള്ളൂ. അത് ‘അമ്മ’ യാണ് സ്‌നേഹവും, ക്ഷമയും എല്ലാം പൊറുക്കാനുള്ള. ഭൂതദയയും എന്നും നിലനിറുത്തുന്ന മനുഷ്യജീവിയാണ് അമ്മ.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. അമ്മയെ കുറിച്ച്, ഹൃദയസ്പര്‍ശിയായ്, എഴുതിയിട്ടുണ്ട്. രോഗത്തിന് ചികിത്സക്കായ് ട്രെയിനില്‍ പോകുന്ന അമ്മയെ കാണുന്ന സന്ദര്‍ഭം. ‘വിത്തുകള്‍’ കഥയില്‍ അത് ആവിഷ്‌കരിച്ചിട്ടുമുണ്ട്. കുട്ടികളെ പഠിപ്പിച്ച്, കൃഷി നടത്തി വീട്ടുകാര്യങ്ങളും നോക്കി, ഒരു കൂട്ടുകുടുംബം നടത്തിക്കൊണ്ട് പോകുന്ന അമ്മയുടെ സാന്നിധ്യം എം ടി യുടെ ആദ്യകാല കഥകളില്‍ പലതിലും കടന്നുവരുന്നുണ്ട്. അപൂര്‍ണ്ണമാണ് ആ ഓര്‍മ്മകള്‍ എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്.
‘ഇരുപത് കൊല്ലം മുന്‍പ് തന്റെ അമ്മയെ കുറിച്ച് ആദ്യമായി എഴുതിയ ആ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു
‘മുഴുവന്‍ പറഞ്ഞു തീര്‍ത്തിട്ടില്ല. ഇനിയും ബാക്കിയുണ്ട്. സൂക്ഷിച്ചു വയ്ക്കുന്നു. അമ്മ ക്ഷമിക്കുമല്ലോ.’
എം.ടി. വാസുദേവൻ നായർ
എം.ടിയുടെ രണ്ടാമൂഴത്തില്‍ ഏറ്റവും കരുത്തുള്ള, മനശക്തിയുള്ള കഥാപാത്രമാണ് പഞ്ചപാണ്ഡവരുടെ അമ്മ കുന്തീദേവി. അരക്കില്ലം മുതല്‍ ഭാരതയുദ്ധം ജയിച്ചത് വരെ പഞ്ചപാണ്ഡവരെ നിശബ്ദമായി നിയന്ത്രിച്ച ഒരമ്മയാണ് കുന്തി. കര്‍ണ്ണന്‍ സ്വന്തം മകനാണെന്നത് അമ്മ മറച്ചു വെച്ചതറിഞ്ഞ ഭീമന്‍ ചിന്തിക്കുന്നുണ്ട് ”ഇപ്പോള്‍ വിദൂരഗൃഹത്തിലിരിക്കുന്ന എന്റെ അമ്മയുടെ ഹൃദയത്തില്‍ ഇനി എത്ര രഹസ്യങ്ങളുണ്ട്? കൗരവപക്ഷത്ത് ദൂതനായി പോയി വന്ന കൃഷ്ണനോട് പാണ്ഡവര്‍ ചോദിക്കുന്നു’ അമ്മ എന്ത് പറഞ്ഞു? വിശദീകരണത്തിന് ശേഷം കൃഷ്ണന്‍ യുധിഷ്ഠരനോട് പറയാന്‍ ഏല്‍പ്പിച്ചത് ഒരമ്മ മകനോട് പറയുന്ന ഏറ്റവും പരുക്കനായ വിധി വാചകങ്ങളാണ്. ‘രാജ്യത്തേയും പ്രജകളേയും രക്ഷിക്കാനറിയാത്ത രാജാക്കന്മാര്‍ക്ക് വിധിച്ചത് വീരസ്വര്‍ഗമല്ല, മഹാനരകം!’
‘ദൈവത്തിന് എല്ലായിടത്തും എത്താനാവില്ല. അതിനാല്‍ അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചു’
റഡ്യാര്‍ഡ് കിപ്ലിംഗ് എന്ന് എഴുതിയിട്ടുണ്ട്.
കിപ്ലിംഗിന്റെ വചനം സത്യമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ഹിരാകാണിയുടെ കഥ…
ഛത്രപതി ശിവജിയുടെ റായ് ഗാര്‍ഹിനടുത്തുള്ള, കോട്ടക്കടുത്തെ ഗ്രാമത്തില്‍, ഹിരാകാണിയെന്ന വിവാഹിതയായ ഒരു യുവതി താമസിച്ചിരുന്നു. പാലും പാലുല്‍പ്പന്നങ്ങളും ദിവസവും കോട്ടയില്‍ വിതരണം ചെയ്താണ് അവള്‍ ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. കോട്ടയുടെ പ്രധാന വാതില്‍ ഉദയം മുതല്‍ അസ്തമയം വരെ തുറന്നിരിക്കും. സൂര്യാസ്തമയത്തിന് ശേഷം കോട്ടവാതില്‍ ഭദ്രമായി അടയ്ക്കും. പിന്നീട്, ഒരു ഈച്ചയ്ക്ക് പോലും അകത്തോട്ടോ പുറത്തോട്ടോ കടക്കാനാവില്ല. ഹിരാകാണി വാതില്‍ അടയ്ക്കും മുന്‍പ് പുറത്ത് കടക്കും. അവള്‍ക്ക് തന്റെ കുഞ്ഞിനെ മുലയൂട്ടണമായിരുന്നു. വീട്ടില്‍ വെറെയാരും കുഞ്ഞിനെ നോക്കാനില്ലാത്തതിനാല്‍ അവള്‍ക്ക് ഒരു നിമിഷം പോലും വൈകാനാവില്ലായിരുന്നു.
ഒരു ദിവസം അവള്‍ കോട്ടവാതിലിലെത്താന്‍ അല്‍പ്പം വൈകി. എത്തുമ്പോഴേക്കും കോട്ടവാതിലുകള്‍ അടഞ്ഞിരുന്നു. പുറത്തേക്ക് കടക്കാന്‍ വാതില്‍ തുറന്ന് അല്‍പ്പം വിടവ് തരാന്‍ അവള്‍ യാചിച്ചെങ്കിലും കാവല്‍ ഭടന്മാര്‍ വഴങ്ങിയില്ല. ഛത്രപതി ശിവജിയുടെ കല്‍പ്പന ലംഘിക്കാന്‍ ധൈര്യം അവര്‍ക്കായില്ല.
പരിഭ്രമത്തോടെ, ഹിരാകാണി പുറത്ത് കടക്കാന്‍ മാര്‍ഗമില്ലാതെ, കുഴങ്ങി. നിസ്സഹായയായ, അവള്‍ എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള മറ്റ് വഴികളാലോചിച്ചു. അവിടെയുള്ള കുന്ന് കേറി താഴോട്ട് ചാടിയാല്‍ പറ്റും പക്ഷേ, അവിടെയുള്ള അരുവിയുടെ താഴെ ചതുപ്പാണ് ചിലപ്പോള്‍ രക്ഷപ്പെടാം അല്ലെങ്കില്‍ കൊല്ലപ്പെടുകയോ , കാലൊടിയുകയോ ചെയ്യാം. കയ്യിലുള്ള പാല്‍ക്കുടം ചെടികളുടെ ഇടയില്‍ മറച്ച് വെച്ച് അവള്‍ സാഹസത്തിന് തയ്യാറായി. അവളുടെ മാതൃത്വം ഒടുവില്‍ കോട്ടയുടെ മതിലില്‍ അള്ളിപ്പിടിച്ച് താഴോട്ട് ഇറങ്ങാന്‍ അവള്‍ക്ക് ധൈര്യം നല്‍കി. ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് അവള്‍ താഴോട്ട് ഇറങ്ങാന്‍ തുടങ്ങി. കുത്തനെയുള്ള കോട്ടമതിലില്‍ അവളുടെ കാലിടറി ഭാഗ്യത്തിന് അവള്‍ ഒരു മരത്തിന് മുകളിലാണ് വീണത്. അവിടെ നിന്ന് അവള്‍ക്ക് താഴെയിറങ്ങാന്‍ സാധിച്ചു. ചെറിയ പരുക്കുകളോടെ അവള്‍ വീട്ടിലേക്ക് പാഞ്ഞു.
പിറ്റേദിവസം, രാവിലെ പാലും തൈരുമായി കോട്ടയിലെത്തിയ ഹിരാകാണിയെ കണ്ട് കാവല്‍ക്കാര്‍ അന്തംവിട്ടു. അവള്‍ കോട്ടയ്ക്കകത്ത് ഉണ്ടെന്നായിരുന്നു അവരുടെ ധാരണ. എങ്ങനെ, നീ പുറത്തുകടന്നു? അവര്‍ ചോദിച്ചു. അവള്‍ നടന്ന കാര്യം മുഴുവനും പറഞ്ഞു.
‘എന്റെ ജീവനേക്കാള്‍ പ്രധാനമാണ് എന്റെ കുഞ്ഞ്. ഞാനൊരമ്മയാണ്. അമ്മയ്ക്ക് കുഞ്ഞ് തന്റെ ശരീരത്തിന്റെ ഭാഗം തന്നെയാണ്. ഒരമ്മയ്ക്കും തന്റെ കുഞ്ഞ് അപകടത്തിലായാല്‍ സമാധാനമായി ഇരിക്കാനാവില്ല’ ഹിരാകാണി പറഞ്ഞു.
ഹിരാകാണി കോട്ടമതിൽ ഇറങ്ങുന്ന ചിത്രീകരണം
ഈ അസാധാരണ സംഭവം ശിവജിയറിഞ്ഞു. അതിലെ അപകടം മണത്ത അദ്ദേഹം ഹിരാകാണിയെ തന്റെ മുന്നില്‍ ഹാജരാക്കാനാവശ്യപ്പെട്ടു. ദുര്‍ഘടമായ, ആ കോട്ടയില്‍ നിന്ന് ഒരാള്‍ക്കും ചാടി രക്ഷപ്പെടാനാവില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം ഹിരാകാണിയേയും കൊണ്ട് കോട്ടയില്‍ അവള്‍ ചാടിയ ഭാഗത്ത് എത്തി. എന്നിട്ട് എങ്ങനെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതെന്ന് കാണിച്ച് തരാന്‍ ആവശ്യപ്പെട്ടു. ഹിരാകാണി താഴോട്ട് നോക്കി ഭയന്നു വിറച്ചു. അവള്‍ക്ക് ഇന്നത് സാധിക്കില്ലെന്ന് ഭയത്തോടെ പറഞ്ഞു. ഇന്നലെ അവളുടെ മനസ്സില്‍ ഒറ്റക്ക് കഴിയുന്ന ആ കുഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ ദൈന്യതയാണ് അവള്‍ക്ക് ചാടാനുള്ള ധൈര്യവും കരുത്തും നല്‍കിയത്. ഇന്ന് അതില്ല. അതിനാല്‍ ധൈര്യവുമില്ല.
ശിവജി അവളെ തന്റെ സദസില്‍ വച്ച് ആദരിച്ചു. ‘നിങ്ങള്‍ ധീരയായ മാതാവാണ്. നിങ്ങള്‍ക്ക് വലിയൊരു മാതൃഹൃദയമുണ്ട്’ അദ്ദേഹം പറഞ്ഞു. പിന്നീട് കോട്ടയുടെ ആ ഭാഗം ഉയരം കൂട്ടുകയും, അവിടെ കൂടുതല്‍ കാവല്‍ എര്‍പ്പെടുത്തുകയും ചെയ്തു. അവളോടുള്ള, ആദരസൂചകമായി കോട്ടയുടെ ഒരു ബുര്‍ജ്ജിന് ഹിരാകാണിയെന്ന് പേരിട്ടു. ഇന്നും അത് നിലനില്‍ക്കുന്നു. തീരുമാനങ്ങള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്കനുസരിച്ചാകാം. പക്ഷേ, ലോകത്തിലെ നിരുപാധികവും അപരിമിതവുമായത് ഒരമ്മയുടെ സ്‌നേഹം തന്നെയാണെന്ന് ഹിരാകാണിയുടെ കഥ പഠിപ്പിക്കുന്നു.
ഭക്ഷണവും ഉണ്ടാക്കി മകനെ കാത്തിരിക്കുന്ന ഒരമ്മയെ കുറിച്ച് കഥാകൃത്തും, തിരക്കഥാകൃത്തും ഇപ്പോള്‍ ചലചിത്ര നടനുമായ രഘുനാഥ് പലേരി, ഒരിക്കലെഴുതിയിരുന്നു. രാഷ്ട്രീയവുമായി നടക്കുന്ന മകന്‍ പാതിരാത്രി വീട്ടിലെത്തി, ഭക്ഷണവുമായി കാത്തിരിക്കുന്ന അമ്മയോട് നിരാശയുടെ കയത്തില്‍ നിന്നു കൊണ്ട് പറഞ്ഞത്രെ. ‘എന്റെ ജീവിതം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതില്‍ ഞാന്‍ വലിയ കാര്യമൊന്നും കാണുന്നില്ല.’
ഒരു നിമിഷം അമ്മ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു ‘മക്കള്‍ വെറുതെ ഉണ്ടാകുന്നതല്ല. ഞങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മനുഷ്യരൂപത്തില്‍ പുറത്ത് വരുന്നതാണ്. അതൊക്കെ നിറവേറ്റിയെന്ന് തോന്നുമ്പോള്‍ മോന് ജീവിതം അവസാനിപ്പിക്കാം’ അമ്മയുടെ ആ ഉത്തരം മാതൃത്വത്തിന്റെ ഉള്ളില്‍ ജ്വലിക്കുന്ന സത്യത്തിന്റെ തലോടലാണ്.
കഥകൃത്ത് വിക്ടര്‍ ലീനസിന്റെ അവസാന കഥയായ ‘വിട’യില്‍ അപകടത്തില്‍ പെട്ട് മരിച്ച സ്വന്തം മകളുടെ മൃതശരീരവുമായി വീട്ടിലേക്ക് ആമ്പുലന്‍സില്‍ വരുമ്പോള്‍ മരിച്ച മകളെ അവസാന യാത്രയ്‌ക്കൊരുക്കുന്ന കഥാപാത്രമായി ഒരു അമ്മയുണ്ട്. ഒരു അഭിസാരികയായ ലീലയുടെ അമ്മ, മകളുടെ അപകട മരണത്തില്‍ യാതൊരു വികാരവും പ്രകടിപ്പിക്കാത്ത, ശാന്തയായി മനസംയമനത്തോടെ, ഇടപെടുന്ന അമ്മ. ലീലയെ അതിരില്ലാതെ സ്‌നേഹിച്ച, അവളെ ചൊല്ലി ലജ്ജിക്കാതിരിക്കുകയും ചെയ്‌തൊരമ്മ.
ആ കഥയിലെ കടന്നുപോകുന്ന തീക്ഷ്ണമായ ഒരു രംഗം വിക്ടര്‍ ലീനസ് എന്ന കഥാകാരന്‍ കുറിച്ച ഏറ്റവും മികച്ച വായനാനുഭവമായിരുന്നു
‘ഉറച്ച കാല്‍വെപ്പുകളോടെയാണ് അമ്മ നടന്നത്. ആണ്‍ തുണയില്ലാതെ മൂന്ന് പെണ്‍മക്കളെ പോറ്റിവളര്‍ത്തിയ അമ്മ. അവരില്‍ മൂത്തവള്‍ അറിഞ്ഞോ അറിയാതെയോ, ചളിക്കുണ്ടിലിറങ്ങിയപ്പോള്‍ പകയ്ക്കാതിരുന്ന അമ്മ. അമ്പലക്കുളത്തില്‍ കുളിച്ചിട്ടെന്ന പോലെ വിശുദ്ധിയായ് അവള്‍ കയറി വരുന്നത് കണ്ട് അഭിമാനം കൊണ്ട അമ്മ. ഈ അമ്മ എന്നാണ് കരയുക?
മക്കള്‍ തമ്മില്‍ നിസാരമായി തുടങ്ങിയ വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ആണ്‍ മക്കളേയും പെണ്‍ മക്കളേയും വിളിച്ചുവരുത്തി കുടുംബത്തിലെ സര്‍വ്വാധികാരിയായ ഒരു അമ്മ എല്ലാ മക്കളേയും ഒരുമിച്ചിരുത്തി പറഞ്ഞ കാര്യം യശശരീരനായ എന്‍.ഗോപാലകൃഷ്ണനെന്ന എഴുത്തുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോഹരമായ ഒരു ലേഖനത്തിലൂടെ എഴുതിയിരുന്നു. ആ അമ്മ മക്കളോട് പറഞ്ഞു.
‘വഴക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കരുത്. ഓരോത്തരും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയേള്ളൂ. എല്ലാം മറന്നേക്കണം. അതുകൊണ്ട് ബാറ്റ്മിന്റണും, വോളിബോളും തുടങ്ങുന്നതു പോലെ വീണ്ടുമങ്ങ് തുടങ്ങണം ‘ലൗവ് ഓള്‍’ (Love All). പിന്നെ, മുന്നോട്ട് സ്‌കോര്‍ എണ്ണുകയും വേണ്ട.’
അതോടെ ഒരിക്കലും തീരില്ലെന്ന് വിചാരിച്ച ആ കലഹം എന്നെന്നേക്കുമായി അവസാനിച്ചപ്പോള്‍, ആ അമ്മയോടുള്ള എന്റെ ആദരവ് പതിമടങ്ങ് വര്‍ദ്ധിച്ചു ഗോപാലകൃഷ്ണന്‍ എഴുതി.
മലയാള ചലചിത്ര രംഗത്ത് 1952 ല്‍ പുറത്തുവന്ന ”അമ്മ’ മുതല്‍ 2022 ലെ ‘സൗദി വെള്ളക്ക’ വരെയുള്ള ചിത്രങ്ങളില്‍ ”അമ്മ’ പ്രധാന കഥാപാത്രങ്ങളായി ഒന്നിലധികം സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ മലയാളികളുടെ കപട സദാചാരത്തിനെതിരെ എന്ന് പ്രഖ്യാപിച്ച് അര നൂറ്റാണ്ട് മുന്‍പ് പുറത്ത് വന്നൊരു വ്യത്യസ്തമായ ചിത്രമാണ് ‘ചായം’.
അമ്മ തന്നെയാണ് പ്രധാന കഥാപാത്രം. ഈഡിപ്പസ് കോപ്ലക്‌സ് പ്രമേയമാക്കി നിര്‍മ്മിച്ച ആദ്യ ചിത്രമെന്നവകാശപ്പെട്ട ഈ പടത്തിന്റെ പിന്നണിക്കാര്‍ ചില്ലറക്കാരായിരുന്നില്ല. സംവിധാനം : പി.എന്‍ മേനോന്‍. കഥ, തിരക്കഥ മലയാറ്റൂര്‍ രാമകൃഷ്ണന്‍. അഭിനയിക്കുന്നത് ഷീല, സുധീര്‍, രാഘവന്‍ തുടങ്ങിയവര്‍.
മകനായ ചിത്രകാരന്‍ അമ്മയാണെന്നറിയാതെ, സ്വന്തം മാതാവിനെ പ്രേമിക്കുന്ന കഥ, കാലത്തിന് മുന്‍പേ പ്രമേയമുള്ള ചിത്രം. പക്ഷേ, പടം പൊട്ടി. ജനം അംഗീകരിച്ചില്ല. സിനിമ കണ്ടവര്‍ തിയറ്ററിലെ, കസേരകള്‍ തല്ലിപ്പൊളിച്ചു. സംവിധായകനെ കിട്ടിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടത്.
വയലാർ രാമവർമ്മയും അമ്മയോടൊത്ത്, കൂടെ ഭാര്യ ഭാരതി തമ്പുരാട്ടി
അന്ന് രംഗത്തുവന്ന പുതിയ ഗായകനായ അയിരൂര്‍ സദാശിവന്‍ പാടിയ ‘അമ്മേ അമ്മേ അവിടത്തെ മുന്നില്‍ ഞാനാര്?’ എന്ന പ്രശസ്ത ഗാനത്തിന്റെ പേരില്‍ മാത്രമാണ് ഈ ചിത്രം ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത്. വയലാര്‍ രാമവര്‍മ്മ തന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയെ ഓര്‍ത്തെഴുതിയ ഗാനം വളരെ പ്രശസ്തമായി.
കുറെ നാള്‍ മദ്രാസില്‍ ഗാനമെഴുത്തുമായി താമസിച്ചിരുന്ന വയലാര്‍ രാമവര്‍മ്മ തന്റെ വയലാറിലെ വീട്ടിലേക്ക് എല്ലാ ദിവസം രാവിലെ 6 മണിക്ക് ഫോണ്‍ ചെയ്യും. അമ്മ മാത്രമേ ആ ഫോണ്‍ എടുക്കാന്‍ പാടുള്ളു എന്നത് അലിഖിതമായ നിയമമായിരുന്നെന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. മറ്റാര്‍ക്കും അതിനനുവാദമില്ല. അത്രയ്ക്ക് സ്‌നേഹമായിരുന്നു ആ അമ്മയും മകനും തമ്മില്‍. പോരാതെ ആഴ്ചതോറും അമ്മക്ക് വയലാര്‍ കത്തെഴുതും. സ്‌നേഹത്തില്‍ ചാലിച്ച ആ കത്തുകളിലെ വിലാസം വയലാര്‍ ഇങ്ങനെ എഴുതി:
അമ്മ
വയലാര്‍ ഈസ്റ്റ് പി.ഒ.
ചേര്‍ത്തല, കേരളം.
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായര്‍ തന്റെ മരിച്ചു ”പോയ അമ്മയോട് നടത്തുന്ന കുറ്റസമ്മതമായി എഴുതിയ, ഒരു മകന്റെ ശോക ചിന്തകളും സ്മരണകളുമാണ് ശ്രീകണ്ഠന്‍ നായര്‍ എഴുതിയ 42 പേജ് മാത്രമുള്ള ഒരു കൊച്ചു ഗ്രന്ഥമായ ‘എന്റെ അമ്മ’. 1947 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായ ശ്രീകണ്ഠന്‍ നായര്‍ കോഴിക്കോട് സബ് ജയിലില്‍ കിടക്കുമ്പോഴാണ് അമ്മ മരിച്ചത്. അവസാനമായി കാണാനോ, അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനോ അദ്ദേഹത്തിന് സാധിച്ചില്ല. അധികാരികള്‍ തടവുകാരന്റെ അമ്മയുടെ മരണം നടന്നിട്ട് പോലും ദയ കാണിച്ചില്ല. അതിന്റെ കുറ്റബോധമാണ് ഏക മകനും മകളുമായ ശ്രീകണ്ഠന്‍ നായരുടെ ചെറിയ വാചകങ്ങളില്‍ എന്നത്രിയ ഈ ആത്മവിലാപം. ശ്രീകണ്ഠന്‍ നായരുടെ ആത്മസുഹൃത്തായ തകഴിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.
‘അത് സംഭവിച്ചു
എന്റെ അമ്മ മരിച്ചു.
ഞാന്‍ ജയിലും
ഞാന്‍ ഒരമ്മയ്ക്ക് ഒരു മകനാണ്
എന്റെ അമ്മയ്ക്ക് മകളും മകനും ഞാനാണ്.
ആനന്ദവും ദുഃഖവും ഞാനാണ്
നാകവും നരകവും ഞാനാണ്.'(എന്റെ അമ്മ)
എൻ. ശ്രീകണ്ഠൻ നായർ
അപ്രതീക്ഷിതമായി ഒരു ഉല്ലാസയാത്രക്കിടയില്‍ മരണം തട്ടിയെടുത്ത തന്റെ ഒരേയൊരു മകനെ കുറിച്ച് പൂര്‍വ്വ കഥയായ് കൊച്ചുമകനോട് പറയുന്ന സ്‌നേഹോപഹാരമാണ് റേച്ചല്‍ തോമസിന്റെ ‘ഒരമ്മയുടെ ഓര്‍മ്മകള്‍’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍.
90കളില്‍ മനോരാജ്യം വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ആ ‘സ്മരണകള്‍’ വായിക്കുമ്പോള്‍ ജീവിതത്തിന്റെ ഏറ്റവും മഹനീയമായ അനുഭവങ്ങള്‍ക്ക് ശോകത്തിന്റെ ശോണിമ കലര്‍ന്നിരിക്കുമെന്നു നമ്മളറിയുന്നു. പ്രസിദ്ധീകരിച്ച കാലത്ത് ഏറെ ശ്രദ്ധേയമായ, ഇപ്പോള്‍ കിട്ടാനില്ലാത്ത ഈ കൃതി ഇനിയെങ്കിലും ഏതെങ്കിലും പ്രസാധകന്‍ പുനഃപ്രസിദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലളിതവും മനോഹരവും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ആഖ്യാനത്താല്‍ വായനക്കാരനെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും ലോകത്തിലേക്ക് നയിക്കുകയാണ് ഈ ഓര്‍മകള്‍.
റേച്ചല്‍ തോമസ്, കോട്ടയം സി.എം.എസ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. 1970 മുതല്‍ മനോരാജ്യം വാരികയുടെ മുഖ്യപത്രാധിപരും. ‘ലോകമേ തറവാട്’ എന്നൊരു യാത്രാ വിവരണമെഴുതിയ എഴുത്തുകാരിയാണ്. കേരളത്തിലെ മുന്‍ നിയമസഭാംഗവും, പ്രതിപക്ഷ ഉപനേതാവും കേരളഭൂഷണം പത്ര ഗ്രൂപ്പിന്റെ ഉടമയായിരുന്ന ഡോ.ജോര്‍ജ് തോമസ് ആണ് ഭര്‍ത്താവ്.
റേച്ചല്‍ തോമസ്
സ്വന്തം അമ്മയുടെ മരണത്തിന് മുന്‍പ് സമീപത്തെത്തിയ ശങ്കരാചാര്യര്‍ അമ്മയ്ക്കു വേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ശോകഭാരത്തോടെ അമ്മയുടെ കാല്‍ക്കീഴില്‍ ഇരുന്ന് രചിച്ച അതുല്യങ്ങളായ അഞ്ച് ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം’ എന്ന പേരില്‍ പ്രസിദ്ധമായത്. അതിലെ ആദ്യശ്ലോകം ഏറെ പ്രസിദ്ധമായി.
‘ആസ്താം താവദീയം പ്രസൂതി സമയേ ദുര്‍വാര ശൂലവ്യഥ
നൈരുച്യം തനു ശോഷണം മലമയീ ശയ്യ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ ക്ലേശസ്യയസ്യ ക്ഷമാ ദാതും
നിഷ്‌കൃതി മുന്നതോപി തനയ തസ്യ ജന നമ:’
(‘പ്രസവവേളയില്‍ എന്റെ അമ്മ അനുഭവിച്ച വേദന, ആര്‍ക്ക് വിവരിക്കാനാവും? ഞാന്‍ ശര്‍ഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛര്‍ദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ആ ദിവസങ്ങള്‍… ജനനശേഷം ഒരു വര്‍ഷത്തോളം മലമൂത്രാദികളില്‍ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കമൊഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീര്‍ക്കാന്‍ കഴിയുക അമ്മേ. ഒരു മകന്‍ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീര്‍ക്കാന്‍ സാധ്യമല്ല.)
മൈക്കലാഞ്ചലോയുടെ വിശ്വപ്രസിദ്ധ ശിൽപ്പം ‘ പിയാത്ത’
അമ്മയെന്ന ഉദാത്തമായ സങ്കല്‍പ്പത്തിന്റെ അനശ്വര ചിത്രീകരണമാണ്. വത്തിക്കാന്‍ നഗരത്തിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ ‘പിയാത്ത ‘ശില്‍പ്പം. യേശുവിന്റെ മൃതദേഹം മടിയില്‍ കിടത്തി മറിയയെ ചിത്രീകരിക്കുന്ന ഇത്, അഗാധമായ ദുഃഖത്തിന്റെയും മാതൃസ്‌നേഹത്തിന്റെയും ഒരു നിമിഷം പകര്‍ത്തുന്നു. ഒരമ്മയുടെ ദുഃഖത്തിന്റെ ശക്തമായ ഒരു ദൃശ്യ പ്രാതിനിധ്യമാണ് ഈ ശില്‍പം. മൈക്കലാഞ്ചലോ കൈയൊപ്പിട്ട ഏക ശില്‍പ്പമാണിത്.
അമ്മമാര്‍ക്കായ് ഒരു ദിനം കൂടി കടന്നുവരുമ്പോള്‍ ഓര്‍മ്മ വരുന്നത് ഖലീല്‍ ജിബ്രാനെഴുതിയതാണ്. ‘അമ്മ’ മനുഷ്യരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ വാക്കാണത്. today world mothers day
Content Summary: today world mothers day