January 23, 2025 |

കാഹളം മുഴങ്ങി: യൂറോ 2024 ഉല്‍സവമാക്കാന്‍ യുവതാരങ്ങള്‍

യുവതാരങ്ങളുടെ ലോഞ്ചിങ് പാഡ് ആവും യൂറോ 2024

യൂറോ കപ്പ് 2024ന്  ഇന്നലെ രാത്രി 12.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ തുടക്കമായി.ഗ്രൂപ്പ് എ മത്സരത്തില്‍ ആതിഥേയരും മുന്‍ ചാമ്പ്യന്‍മാരുമായ ജര്‍മനിക്ക് സ്‌കോട്ലന്‍ഡുമായിരുന്നു എതിരാളികള്‍. മല്‍സരത്തില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ലന്‍ഡിനെതിരെ 5-1ന്റെ ജയം കൊണ്ടു. 2022 ലോകകപ്പില്‍ ജപ്പാനോടേറ്റ തോല്‍വിയെതുടര്‍ന്ന് ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതിന്റെ ക്ഷീണം തീര്‍ത്താണ് ഇന്നലെ ജര്‍മനി തിരിച്ച് വരവ് നടത്തിയത്. ഇത്തവണ യൂറോയ്ക്ക് ലോക ഫുട്ബോളിലെ അതികായരായ ക്രിസ്ത്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പേ, ലൂക്ക മോഡ്രിച്, മാനുവല്‍ ന്യൂയെര്‍ തുടങ്ങിയവരെല്ലാം അരയും തലയും മുറുക്കി ജര്‍മനിയില്‍ എത്തിക്കഴിഞ്ഞു. ക്രിസ്ത്യനോയ്ക്കും മോഡ്രിച്ചിനും ടോണി ക്രൂസിനും ലാവെന്‍ഡോവസ്‌കിക്കുമൊക്കെ ഇത് അവസാന യൂറോയാണ്. ചിലപ്പോള്‍ ചിലരുടെ അവസാന രാജ്യാന്തര ടൂര്‍ണമെന്റും ആകാമിത്. ലോക ഫുട്ബോളിലെ ഒരു ഗോള്‍ഡന്‍ ജനറേഷന്‍ അസ്തമിക്കുമ്പോള്‍ അടുത്ത തലമുറ ഉദയം ചെയ്യുമെന്നത് ഉറപ്പ്. യൂറോ 2024ഉം അത്തരം താരോദയങ്ങള്‍ക്കായുള്ളയുള്ള കാത്തിരിപ്പിലാണ്. അവരില്‍ പലരും ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞെങ്കിലും ഈ യൂറോ അവര്‍ക്കൊരു ലോഞ്ചിങ് പാഡ് ആവും.

യൂറോ 2024ല്‍ ശ്രദ്ധിക്കേണ്ട യുവതാരങ്ങള്‍

ഫ്‌ലോറിയന്‍ വിര്‍ട്‌സ് (ജര്‍മനി)

ഒരൊറ്റ ബുള്ളറ്റ് ഷോട്ട് ഗോള്‍-ഇന്നലെ യൂറോ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനം ഉല്‍സവമാക്കിയത് ആേ ഗാളായിരുന്നു. യുവതാരം ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെതായിരുന്നു കാണികളെ ഇളക്കിമറിയിച്ച ആ ഗോള്‍. ഇതിനകം റയല്‍ മാഡ്രിഡ് മുതല്‍ ബയേണ്‍ മ്യൂണിക്ക് വരെ ക്ലബ്ബുകള്‍ പിന്നാലെയുള്ള വിര്‍ട്‌സിന്റെ കളിയൊഴുക്ക് ആസ്വദിക്കാനായി കാത്തിരിക്കുകയാണ് ജര്‍മന്‍ ആരാധകര്‍. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ സീസണില്‍ കരുത്തരായ ബയേണ്‍ മ്യൂണികിന്റെ പടയോട്ടം അവസാനിപ്പിച്ചു അയല്‍കാരായ ബയര്‍ ലെവര്‍കുസന്‍ കിരീടമണിഞ്ഞത് സ്വപ്‌നതുല്യമായ നേട്ടമായിരുന്നു. സ്പാനിഷ് മുന്‍ മിഡ് ഫീല്‍ഡര്‍ സാബി അലോണ്‍സോയുടെ പരിശീലന മികവിനൊപ്പം ഫ്‌ലോറിയന്‍ വിര്‍ട്‌സ് എന്ന ഇരുപത്തി ഒന്നുകാരന്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ ഉദയവും ബയെറിന് ഇരട്ട എന്‍ജിനായി.

ജമാല്‍ മുസിയാല (ജര്‍മനി)

വെറ്ററന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ അരങ്ങൊഴിയുന്നതോടെ ജര്‍മന്‍ മുന്നേറ്റനിര ജമാല്‍ മുസിയാലയില്‍ സുരക്ഷിതമായിരിക്കുമെന്ന് ഇന്നലത്തെ ആദ്യ കളിയില്‍ തന്നെ
തെളിയിക്കപ്പെട്ടുകഴിഞ്ഞു. അറ്റാക്കിങ് മിഡ് ആയും വിങ്ങര്‍ ആയും കളിക്കാന്‍ മിടുക്കുള്ള ഈ 21കാരന്‍ ഇതിനകം തന്നെ ലോക ഫുട്‌ബോളിലെ തിളങ്ങും താരങ്ങളില്‍ ഒരാളാണ്. പുത്തന്‍ സെന്‍സേഷന്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സുമൊത്ത് ജര്‍മന്‍ ഫുട്‌ബോളിനെ ബഹുദൂരം നയിക്കാനുള്ള കരുത്ത് ഈ ബയേണ്‍ മ്യൂണിക്ക് താരത്തിനുണ്ട്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ അക്കാഡമിയില്‍ കാല്‍പന്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ജമാല്‍ അണ്ടര്‍ 15 മുതല്‍ 21 വരെ ലെവലുകളില്‍ ഇംഗ്ലണ്ടിന്റെ ദേശീയ ജേഴ്സി അണിഞ്ഞശേഷം 2021ല്‍ ജര്‍മന്‍ പൗരത്വത്തിലേക്ക് മാറുകയായിരുന്നു. ജര്‍മനിക്കായി ഇതുവരെ 29 മത്സരങ്ങള്‍ കളിച്ച മുസിയാല രണ്ടു ഗോളുകളും അഞ്ച് അസിസ്റ്റും നേടി. ബയേണിനായി 114 കളികളില്‍ 33 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു.

Post Thumbnail
ഋതുവിനെ എന്നും ന്യായീകരിച്ചിരുന്നത് അമ്മ; കൂട്ടക്കൊലയ്ക്കും കാരണം പറയുന്നത് മാനസിക പ്രശ്‌നംവായിക്കുക

ലാമിന്‍ യമാല്‍ (സ്‌പെയിന്‍)

ബാര്‍സലോണയുടെ 16കാരന്‍ സ്‌ട്രൈക്കര്‍ ലാമിന്‍ യമാല്‍ ആവും ഇത്തവണ യൂറോയുടെ താരം എന്നാണ് സ്പാനിഷ് ആരാധകരുടെ അവകാശവാദം. നല്ലൊരു പങ്ക് ഫുട്‌ബോള്‍ പണ്ഡിതന്മാരും അതിനെ അനുകൂലിക്കുന്നുണ്ട്. ബാര്‍സയിലെ യമാലിന്റെ പ്രകടനം കണ്ടാല്‍ ആ വാദത്തെ തള്ളിക്കളയാന്‍ ആവില്ല. സ്‌പെയിനിനായി ആറു കളികളില്‍ കളത്തിലിറങ്ങിയ ടീനേജ്കാരന്‍ പയ്യന്‍ രണ്ടുവീതം ഗോളും അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. യൂറോപ്യന്‍ യോഗ്യത മത്സരത്തില്‍ ജോര്‍ജിയക്കെതിരെ അരങ്ങേറ്റത്തില്‍ സ്‌കോര്‍ ചെയ്ത യമാല്‍ സ്പാനിഷ് വലത് വിങ്ങില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

ആര്‍ദ ഗുലെര്‍ (തുര്‍ക്കി)

ടര്‍ക്കിഷ് മെസ്സി എന്ന വിളിപ്പേരുമായി റയല്‍ മാഡ്രിഡില്‍ എത്തിയ ഗുലെറിനു പക്ഷെ ആദ്യ സീസണ്‍ തീര്‍ത്തും നിരാശയേകുന്നതായിരുന്നു. ഇടയ്ക്കിടെയുള്ള പരുക്കും റയല്‍ അറ്റാക്കിങ്ങിലെ തരാബാഹുല്യം കാരണം അവസരം കുറഞ്ഞതുമായിരുന്നു കാരണം. എന്നാല്‍ ഇത്തവണ തുര്‍ക്കിയ്ക്കായി തന്റെ സ്‌കില്‍ പ്രകടിപ്പിച് റയലിന്റെയും ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് ഇത്. അപാരമായ ഡ്രിബ്ലിങ് സ്‌കില്ലും പന്തടക്കവും ഷൂട്ടിംഗ് പാടവവും ഉള്ള ഗുലെറിന്റെ കേളീശൈലി സുന്ദരമാണ്.

ബെഞ്ചമിന്‍ സെസ്‌കോ (സ്ലോവെനിയ)

പെനാല്‍റ്റി ബോക്‌സിനുള്ളില്‍ അവസരം പാര്‍ത്തിരിക്കുന്ന കുറുക്കന്‍ ആണ് ഈ ആറടി നാലിഞ്ചുകാരന്‍. ചടുലതയും കരുത്തും തന്നെയാണ് സെസ്‌കോയെ വ്യത്യസ്തനാക്കുന്നത്. സ്ലോവെനിയ ഗ്രൂപ്പ് തലം കടന്നു മുന്നേറണമെങ്കില്‍ സെസ്‌കൊയുടെ ബൂട്ടുകള്‍ നിറയൊഴിക്കണം. ഇതിനകം ചെല്‍സിയും അഴ്‌സണലും പിന്നാലെ കൂടിയിട്ടുള്ള സെസ്‌കോ കഴിഞ്ഞ സീസണില്‍ ആര്‍.ബി. ലേയ്പ്സിഗിനായി 18 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ജൂഡ് ബെല്ലിങ്ങാം (ഇംഗ്ലണ്ട്)

ഇരുപതുകാരാണെങ്കിലും ശ്രദ്ധിക്കേണ്ട യുവതാരങ്ങളില്‍ പെടുത്തേണ്ടയാളല്ല ജൂഡ് ബെല്ലിങ്ങാം. ഈ പ്രായത്തിനുള്ളില്‍ ലോക ഫുട്‌ബോളിലെ ഇരുത്തംവന്ന താരമായി വളര്‍ന്നുകഴിഞ്ഞു ഈ റയല്‍ മാഡ്രിഡ് താരം. ഇംഗ്ലണ്ട് ഇത്തവണ കപ്പ് സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അതു ജൂഡിന്റെ കളിമികവ് കൊണ്ടുതന്നെയാവും. 2022-23 സീസണില്‍ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബോറുസിയ ഡോര്‍ട്മുണ്ടിന്റെ കുത്തിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ച ഈ മിഡ് ഫീല്‍ഡ് സെന്‍സേഷനെ വന്‍ തുക നല്‍കിയാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. അരങ്ങേറ്റ സീസണില്‍ തന്നെ റയലില്‍ മിന്നിത്തിളങ്ങിയ ജൂഡ് 28 കളികളില്‍ 19 ഗോളുകളാണ് നേടിയത്. ഇംഗ്ലണ്ടിനായി 29 കളികളില്‍ മൂന്നു ഗോളും കുറിച്ചു.

നെതര്‍ലാന്‍ഡ്സിന്റെ ഇരുപതിയൊന്നുകാരന്‍ സ്‌ട്രൈക്കര്‍ സാവി സിമോന്‍സ്, പോര്‍ച്ചുഗലിന്റെ മധ്യനിര താരം ജാവോ നെവസ്, ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡ് സെന്‍സേഷന്‍ വാറന്‍ സെയ്ര്‍, സ്പാനിഷ് വിങ്ങര്‍ നിക്കോ വില്യംസ് എന്നിവരും ഇത്തവണ തങ്ങളുടെ പ്രതിഭ തെളിയിക്കാന്‍ ജര്‍മ്മനിയില്‍ ഉണ്ടാകും.

 

English summary: Top Young Stars to Watch at EURO 2024

×