ഇടുക്കി ജില്ലയിലെ ഉദയഗിരിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന കുട്ടിക്ക് മനസിനുള്ളിൽ വേരൂന്നിയ ഒരാഗ്രഹം, പോലീസാകാണം. ചെറുപ്പം മുതൽ തന്നെ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തനാണെന്ന ബോധവും കുടുംബത്തിന്റെ സാഹചര്യവുമെല്ലാം താൻ കണ്ട സ്വപ്നത്തിന്റെ ദൂരം വലുതാക്കി. ജീവിതത്തിലെ വെല്ലുവിളികൾ ധൈര്യത്തോടെ നേരിട്ട ട്രാൻസ് മെൻ ആയ അർജുൻ ഗീതയ്ക്ക് പോലീസ് എന്ന സ്വപ്നം ഇപ്പോഴും സഫലമായിട്ടില്ല.
പോലീസ് യൂണിഫോം അണിയാൻ ആഗ്രഹിച്ച് ഒടുവിൽ അത് നേടിയെടുക്കുന്ന ‘ഞാൻ മേരിക്കുട്ടി’ സിനിമയിലെ മേരിക്കുട്ടിയെന്ന കഥാപാത്രത്തെ കണ്ട് കയ്യടിച്ചവരാണ് മലയാളികൾ. സിനിമയിൽ ട്രാൻസ് വ്യക്തികളെക്കുറിച്ചുള്ള ചിത്രീകരണത്തിൽ പിഴവുകളുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും ട്രാൻസ് സമൂഹം നേരിടുന്ന അവഗണനകളെ തുറന്നുകാട്ടാൻ ഒരു പരിധി വരെ ചിത്രത്തിന് കഴിഞ്ഞിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ക്വീർ അവകാശങ്ങൾക്കായി നിരവധി പോളിസികൾ ആവിഷ്കരിച്ചിട്ടും ഇന്നും പോലീസ് സേനയിൽ മേരിക്കുട്ടികളില്ല എന്നതാണ് യാഥാർത്ഥ്യം.
പിഎസ്സിയിലെ ആർമിഡ് ഫോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും ട്രാൻസ് വ്യക്തികൾക്ക് പോലീസ് സേനയിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 2023 ലാണ് അർജുൻ ഗീത കേസ് നൽകിയത്.
ട്രാൻസ് ഐഡന്റിറ്റി ഉപയോഗിച്ച് പിഎസ്സിയിൽ അപേക്ഷിക്കാൻ പോലും കഴിയില്ലെന്നും പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഉറപ്പ് പോലുമില്ലാതെ എസ് ഐ ടെസ്റ്റിന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അർജുൻ അഴിമുഖത്തോട് പറഞ്ഞു. ട്രാൻസ് ജെൻഡർ പോളിസി ആദ്യമായി നടപ്പിലാക്കിയ കേരളത്തിൽ ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അർജുൻ പറഞ്ഞു.
‘ചെറുപ്പം മുതൽ തന്നെ പോലീസ് യൂണിഫോമിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നു. സിനിമകളിൽ എല്ലാം തന്നെ മസ്കുലിൻ ആയിട്ടാണ് പോലീസുകാരെ കാണിക്കുന്നത്. എന്റെ ജൻഡർ എന്താണെന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ എനിക്ക് പോലീസ് ഫോഴ്സിൽ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരിക്കലും ചെന്നെത്തിപ്പെടാൻ കഴിയാത്ത ഒരിടമാണിതെന്നും ഞാൻ കരുതിയിരുന്നു. കാരണം, ഞാൻ മറ്റുള്ളവരെ പോലെയല്ല എന്ന് എനിക്ക് പണ്ട് മുതൽ തന്നെ അറിയാമായിരുന്നു. പോലീസ് ജോലി സ്വപ്നം കണ്ട് പഠിക്കാനുള്ള കുടുംബ സാഹചര്യത്തിലുമല്ല ഞാൻ വളർന്നത്. എങ്ങനെയെങ്കിലും പഠിച്ച് ഏതെങ്കിലും ജോലി വാങ്ങി ജീവിച്ച് പോവുക എന്നാണ് കുട്ടിയായിരുന്നപ്പോൾ ചിന്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി മുന്നോട്ട് പോവുകയായിരുന്നു. എന്റെ ജൻഡർ മനസിലാക്കി അതിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ എനിക്ക് മനസിലായി എന്റെ സ്വപ്നം നേടിയെടുക്കണമെങ്കിൽ എനിക്ക് പണം വേണമെന്ന്. അങ്ങനെയാണ് ജോലിയെടുത്തുകൊണ്ട് പഠിക്കാൻ തീരുമാനിച്ചത്. എന്നാൽ പോലീസിലേക്ക് ഞങ്ങൾക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന് വന്നപ്പോൾ അതൊരു വാശിയായി. നമ്മുടെ വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരണമെന്ന് തീരുമാനിച്ചാണ് പഠിക്കാനും കേസുമായി മുന്നോട്ട് പോകാനും ഇറങ്ങിത്തിരിച്ചത്.
നിലവിൽ ആമസോണിൽ കംപ്ലയൻസ് അസോസിയേറ്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്.
അർജുൻ ഗീത
പോലീസ് സേനകളിൽ സിപിഒ, സബ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നത് ജെൻഡറിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീ, പുരുഷൻ എന്നീ രണ്ട് ഓപ്ഷനുകൾ മാത്രമാണ് അതിലുള്ളത്. ട്രാൻസ് ജെൻഡർ എന്ന ഐഡന്റിറ്റി തിരഞ്ഞെടുത്ത ഒരാൾക്ക് പോലീസ് സേനയിലേക്ക് അപേക്ഷിക്കാൻ പോലും കഴിയില്ല. ട്രാൻസ് വ്യക്തികൾ പോലീസാകാൻ അയോഗ്യരാണ് എന്നാണ് ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി. നമ്മുടെ സിസ്റ്റത്തിൽ തീരെ സംവരണമില്ലാത്ത, വളരെ വൾണറബിൾ ആയ കമ്മ്യൂണിറ്റിയാണ് ട്രാൻസ് സമൂഹം. പൊതുമേഖലകളിൽ എല്ലാ വ്യക്തികൾക്കും തുല്യമായ അവകാശം ലഭിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോൾ ഞങ്ങളുടെ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത്.
അപേക്ഷിക്കാൻ കഴിയില്ല എന്നുള്ളത് ആദ്യത്തെ പ്രശ്നമാണ്. ഇനി പരീക്ഷ വിജയിച്ചാൽ തന്നെ പോലീസിന്റെ ശാരീരികക്ഷമതാ പരിശോധനയിലുൾപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ ട്രാൻസ് വ്യക്തിയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. സിസ് മെൻ ആയിട്ടുള്ള വ്യക്തിയുടെയും ട്രാൻസ് മെൻ ആയിട്ടുള്ള വ്യക്തിയുടെയും ശരീരഘടന വ്യത്യസ്തമാണ്. അവരുടെ ഉയരം അവർ ചെയ്യുന്ന ഫിസിക്കൽ ആക്ടിവിറ്റീസ്, ബോഡി മെഷർമെന്റ്സ് ഇതിലെല്ലാം ഭൂരിഭാഗം ട്രാൻസ്ജെൻഡേഴ്സിനും ജയിക്കാൻ സാധിക്കണമെന്നില്ല. അവിടെയാണ് ട്രാൻസ് വ്യക്തികൾക്ക് ശാരീരികക്ഷമതാ പരിശോധനയിൽ പ്രത്യേകമായ മാനദണ്ഡങ്ങൾ ആവശ്യമായി വരുന്നത്. അങ്ങനെയൊരു സംവിധാനം ഇല്ലാതിരിക്കുമ്പോൾ തീർച്ചയായും ട്രാൻസ് വ്യക്തികൾ പുറത്താക്കപ്പെടും.
ട്രാൻസ് വ്യക്തകളോട് അവഗണനയും അതൃപ്തിയും കാണിക്കുന്നതിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളങ്കപ്പെട്ട സേനയായി പലരും ചൂണ്ടിക്കാണിക്കുന്നത് പോലീസ് സേനയെയാണ്. പോലീസിലെ താഴേ തട്ടുമുതൽ അങ്ങനെയൊരു ട്രാൻസ്ഫോബിക് ചിന്ത നിലനിൽക്കുമ്പോൾ അവിടെ ട്രാൻസ് വ്യക്തികളുടെ പ്രാതിനിധ്യം ഉണ്ടാവുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതേസമയം, അതിൽ ഒന്നും ചെയ്യാനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഏറെ കാലങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹം നടക്കില്ല എന്നറിയുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുണ്ടല്ലോ. പിഎസ്സി പോലുള്ള പരീക്ഷകൾക്ക് വേണ്ടി നമ്മൾ നൽകുന്ന സമയവും അതിനെടുക്കുന്ന പരിശ്രമവും പാഴായി പോവുകയാണ് എന്നറിയുമ്പോൾ മനസ് തകർന്ന് പോകും. എന്നെ പോലൊരാൾക്ക് സമൂഹത്തിൽ നിന്ന് ഇതിന് വേണ്ടി പിന്തുണ ലഭിക്കില്ലായെന്നും എനിക്കറിയാം. പ്രായവും കൂടി വരികയാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ പോലീസാകണമെന്ന മോഹം ഉപേക്ഷിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇതിനൊരു മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് കേസ് നടത്തി പോരാടാൻ തീരുമാനിച്ചത്.
പിഎസ്സിയിൽ അപേക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് ഹൈക്കോടതിയിൽ കേസ് നൽകാൻ തീരുമാനിച്ചത്. കേസിൽ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണലി ആണ് എന്റെ അപേക്ഷ സ്വീകരിച്ചിട്ടുള്ളത്. അതായത് നേരിട്ടാണ് ഞാൻ പിഎസ്സിയിൽ ഈ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ അനുകൂല വിധിയുണ്ടാകുമോ എന്നോ പരീക്ഷ എഴുതാൻ കഴിയുമോ എന്ന് പോലും എനിക്കറിയില്ല. പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഉറപ്പില്ലാതെയാണ് ഞാൻ എസ് ഐ ടെസ്റ്റിന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. പ്രൊവിഷണലി കോടതിയുടെ ഉത്തരവ് ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് പ്രിലിംസ് എഴുതാൻ കഴിഞ്ഞത്.
ട്രാൻസ് ജെൻഡർ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ ട്രാൻസ് വ്യക്തികളുടെ ഉന്നമനത്തിനായി എന്തു ചെയ്തു എന്ന ചോദ്യത്തിന് ഇപ്പോഴും ഈയൊരു കാര്യം മാത്രമാണ് സ്റ്റേറ്റിന് ഇപ്പോഴും പറയാനുള്ളത്. എട്ട് വർഷങ്ങൾക്ക് മുൻപാണെന്ന് തോന്നുന്നു ട്രാൻസ് വ്യക്തികളെ സെക്യൂരിറ്റി ഗാർഡുകളായി നിയമിക്കുമെന്ന ഒരു വാർത്ത ഞാൻ കണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും ട്രാൻസ് വ്യക്തികളെ ക്രിമിനൽ ട്രൈബ്സ് ആയിട്ടാണ് കണക്കാക്കിയിരുന്നത്. പോലീസിൽ ഉൾപ്പെടുത്താൻ യോഗ്യതയില്ലാത്തവരാണ് ട്രാൻസ് വ്യക്തികളെന്ന ചിന്ത സേന മേധാവികൾക്കുണ്ട്. അതുകൊണ്ടാണ് നമുക്ക് വേണ്ടി ആവശ്യമായ നടപടികളെടുക്കാൻ അധികൃതർ തയ്യാറാകാത്തതെന്നാണ് ഞാൻ മനസിലാക്കുന്നത്. പോലീസ് സേനയിലെന്നല്ല പൊതുമേഖലയിൽ എത്ര ട്രാൻസ് വ്യക്തികളുണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്,’ അർജുൻ അഴിമുഖത്തോട് പറഞ്ഞു.
ആർമിഡ് ഫോഴ്സിൽ അപേക്ഷിക്കാൻ കഴിയാത്തത് പോലെ ട്രാൻസ് വ്യക്തികൾക്ക് പിഎസ്സിയിലെ മറ്റ് തസ്തികകളിൽ സംവരണമില്ല എന്നത് മറ്റൊരു പ്രധാന വിഷയമാണ്. മൂന്ന് പിജിയും എംഎഡും നെറ്റും ഉണ്ടായിട്ടും പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനീറ ഇപ്പോഴും ജോലിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. ലാബ് അസിസ്റ്റന്റ് പോലുള്ള ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിലും അതിൽ ഒഴിവുകൾ കുറവായതിനാൽ തങ്ങൾ പിന്തള്ളപ്പെടുകയാണെന്നും താൽക്കാലിക നിയമനങ്ങളിൽ ട്രാൻസ് വ്യക്തിയായത് കൊണ്ട് മാത്രം പലയിടങ്ങളിലും ഒഴിവാക്കുകയാണെന്നും അനീറ അഴിമുഖത്തോട് പറഞ്ഞു.
ഒറ്റപ്പാലം ബിആർസിയിൽ ക്ലസ്റ്റർ കോർഡിനേറ്റർ പോസ്റ്റിൽ താൽക്കാലിക ജീവനക്കാരിയാണ് ഞാൻ. എന്നാൽ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ട്. നാല് വർഷമായി അവിടെ തന്നയാണ് ജോലി ചെയ്യുന്നത്. ഹയർ സെക്കണ്ടറി അധ്യാപികയാവാനുള്ള കാളിഫിക്കേഷനുള്ളയാളാണ് ഞാൻ. എന്നാൽ ട്രാൻസ്ജെൻഡർ ആണെന്ന് അറിയുമ്പോൾ മനപൂർവ്വം ഒഴിവാക്കുകയാണ്. ജോലി ഒഴിവുണ്ടായിരുന്ന 14 വിദ്യാലയങ്ങളിൽ ഇന്റർവ്യൂവിന് പോയിട്ടും എനിക്ക് ലഭിച്ചില്ല. അങ്ങനെ ചെറുപ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ പുരുഷന്റെ വേഷം ധരിച്ച് ഞാൻ ഇന്റർവ്യൂവിന് പോയിരുന്നു. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജെൻഡർ പുരുഷൻ എന്ന് തന്നെയാണുള്ളത്. അന്ന് അവിടെയെത്തിയ 13 പേരിൽ അവർ എന്നെയാണ് തിരഞ്ഞെടുത്തത്. ട്രാൻസ്ജെൻഡറായി പോയപ്പോൾ ലഭിക്കാത്ത ഗസ്റ്റ് ലക്ചർ പോസ്റ്റ് പുരുഷനായി പോയപ്പോൾ എനിക്ക് ലഭിച്ചു. എന്നാൽ ഞാൻ അവിടെ പഠിപ്പിക്കാൻ പോയത് സ്ത്രീയായിട്ട് തന്നെയാണ്. ട്രാൻസ് ആണെന്ന് മനസിലാക്കിയതോടെ എന്നെ അവിടെ നിന്നും ഒഴിവാക്കാൻ അവർ ശ്രമിച്ചു. സ്കൂളിലെ കുട്ടികളെ ലൈംഗിക ചുവയോടെ നോക്കരുതെന്ന് അവിടത്തെ പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. സ്വന്തം മക്കളായി കാണുന്ന എന്റെ കുട്ടികളെ കുറിച്ചാണ് അവർ പറഞ്ഞത്. അങ്ങനെയാണ് ഞാൻ ഹോക്കോടതിയിൽ ദയാവധത്തിനുള്ള ഹർജി നൽകുന്നത്. എന്നാൽ പിന്നീട് മന്ത്രിമാർ ഇടപെട്ട് എനിക്ക് ഒറ്റപ്പാലം ബിആർസിയിൽ ജോലി വാങ്ങി തരികയായിരുന്നു.
അതുകൊണ്ടാണ് പിഎസ്സിയിൽ ട്രാൻസ്വ്യക്തികൾക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ കോസിന് പോയത്. 2018 മുതൽ തുടങ്ങിയതാണ് എന്റെ നിയമപോരാട്ടം, അനീറ അഴിമുഖത്തോട് പറഞ്ഞു.
ട്രാൻസ്ജെൻഡർ സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവ്
ട്രാൻസ്ജെൻഡർ വിഷയത്തിൽ സ്റ്റേറ്റ് കൊണ്ട് വന്ന പോളിസികൾ പ്രാവർത്തികമാക്കിയിട്ടില്ലെന്ന് അർജുന് വേണ്ടി കേസ് ഫയൽ ചെയ്ത അഭിഭാഷകയും ദിശയുടെ സെക്രട്ടറിയുമായ ധനൂജ എം.എസ് അഴിമുഖത്തോട് പ്രതികരിച്ചു.
‘ക്വീർ അവകാശങ്ങളെക്കുറിച്ച് നിരവധി വിധിന്യായങ്ങൾ വന്നിട്ട് കൂടി ഇതൊന്നും പ്രാവർത്തികമാകുന്ന തലത്തിലേക്ക് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ട്രാൻസ് സമൂഹത്തിന് ഇപ്പോഴും കോടതിയിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. 1984 ലെ കേരള പോലീസ് സബോർഡിനേറ്റ് സർവീസസിന്റെ( Armed Police Battalions) സ്പെഷ്യൽ റൂൾസിലാണ് പ്രശ്നം കിടക്കുന്നത്. പോലീസാകാനുദ്ദേശിക്കുന്ന സ്ത്രീയ്ക്കും പുരുഷനും വേണ്ട മെഷർമെൻസിനെക്കുറിച്ച് മാത്രമാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.
2023 ലാണ് ആദ്യം അർജുൻ കേസ് നൽകുന്നത്. അതിൽ അർജുന് അനുകൂലമായി ഇടക്കാല ഉത്തരവ് വന്നിരുന്നു. പക്ഷേ എന്നിട്ടും മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വന്നില്ല. പിന്നീടാണ് അർജുൻ എന്നെ സമീപിക്കുന്നത്. പിഎസ്സി എഴുതിയെടുക്കാനുള്ള പ്രായം കഴിഞ്ഞ് പോകുമെന്ന വിഷമം അർജുനെ വല്ലാതെ അലട്ടിയിരുന്നു. ഞാൻ 2025 ലാണ് അർജുന് വേണ്ടി കേസ് മൂന്ന് കേസ് ഫയൽ ചെയ്തത്. അങ്ങനെയാണ് പരീക്ഷ എഴുതിപ്പിക്കാനുള്ള ഇടക്കാല ഉത്തരവ് ലഭിക്കുന്നത്.
ഏത് മേഖല പരിശോധിച്ചാലും ഈയൊരു വിവേചനം നമുക്ക് മനസിലാക്കാൻ കഴിയുന്നതാണ്. വിഷയം ട്രാൻസ്ജെൻഡർ വിഷയത്തിൽ സ്റ്റേറ്റ് കൊണ്ട് വന്ന ഒരു പോളിസിയും പ്രാവർത്തികമാക്കിയിട്ടില്ല. ട്രാൻസ് സമൂഹത്തിന് അനുകൂലമായി കോടതിയിൽ നിന്ന് വിധി വന്നാൽ പോലും അത് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. സ്ത്രീയും പുരുഷനുമല്ലാതെ മറ്റൊരു വിഭാഗമുണ്ട് എന്ന ബോധം ഇപ്പോഴും സ്റ്റേറ്റിന് വന്നിട്ടില്ല. നമ്മൾ കേസുമായി മുന്നോട്ട് പോകുമ്പോഴും പല കേസുകളിലും സ്റ്റേറ്റിന്റെ ഭാഗത്ത് നിന്ന് പോസീറ്റീവായ സമീപനം ഉണ്ടായിട്ടില്ല. സിയ – സഹദിന്റെ കാര്യത്തിൽ തന്നെ ഒന്നര വർഷത്തിന് ശേഷമാണ് അവർക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. അഭിലാൽ എന്ന വ്യക്തിയുടെ ഒരു കേസുണ്ട്. അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകളിൽ സെക്സ് ചെയ്ഞ്ചിഡ് എന്ന് എഴുതി കൊടുത്തിരിക്കുകയാണ്. ഇതെല്ലാം ഒരാളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതാണ്. ഒരാൾക്ക് തന്റെ സെക്ഷ്വാലിറ്റി പുറത്ത് പറയാൻ താൽപര്യമില്ലെങ്കിൽ അവരുടെ സ്വകാര്യതയിൽ കൈ കടത്തരുതെന്ന് എത്ര തവണ കോടതി പറഞ്ഞിട്ടുള്ളതാണ്. പുറപ്പെടുവിക്കുന്ന വിധികൾ പേപ്പറിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാ അത് പ്രാവർത്തികമാക്കണം. സർക്കാർ മേഖലകളിൽ ട്രാൻസ് കമ്മ്യൂണിറ്റിയുടെ പ്രാതിനിധ്യം ഇല്ലാത്തതാണ് ഇതിന്റെ മറ്റൊരു പ്രധാന കാര്യം. കാരണം എന്നാൽ മാത്രമേ അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുകയുള്ളൂ,; അഡ്വ ധനൂജ എം എസ് അഴിമുഖത്തോട് പറഞ്ഞു.
കേരള പിഎസ്സി ട്രാൻസ്ജെൻഡറിന് വേണ്ടി ഇതുവരെ ഒരുതരത്തിലുള്ള തസ്തികയും മാറ്റി വെച്ചിട്ടില്ലെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായ അഡ്വ. പത്‌മ ലക്ഷ്‌മി അഴിമുഖത്തോട് പറഞ്ഞു.
‘മുഹമ്മദ് ബിൻ സാദിൻ നവാസ് എന്ന ട്രാൻസ് മെൻ വ്യക്തിക്ക് വേണ്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് നടത്തിയ വ്യക്തയാണ് ഞാൻ. ശാരീരികക്ഷമതാ പരീക്ഷയിൽ ഇയാളെ തോൽപ്പിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. ഹെട്രോസെക്ഷ്വലായ ഒരു പുരുഷനോട് ഒരു ട്രാൻസ് വ്യക്തിയെ താരതമ്യപ്പെടുത്താൻ കഴിയില്ല. ഒന്നാമത്തെ കാര്യം അവരുടെ ആരോഗ്യ സ്ഥിതിയാണ്. രണ്ടാമത്തേത് ഒരു ട്രാൻസ് മെൻ ബ്രെസ്റ്റ് റിമൂവ് ചെയ്ത വ്യക്തിയായിരിക്കും. അയാളുടെ നെഞ്ചിന്റെ വിരിവ് ഹെട്രോസെക്ഷ്വലായ ഒരു പുരുഷന്റെ അളവിനോട് ചേർന്ന് വരില്ല. ഇതിൽ ഇവരെ മാറ്റിനിർത്തിയാൽ അത് ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ്. നിയമങ്ങൾ അതനുസരിച്ച് മാറ്റേണ്ടതായുണ്ട്. ഒരു അമൻഡ്മെന്റിലൂടെ മാത്രമാണ് അത് മാറ്റാൻ സാധിക്കുക. അതിൽ ആദ്യത്തെ കാര്യം സർക്കാർ അതിന് തയ്യാറാവുക എന്നതാണ്. സർക്കാർ അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കേരള പിഎസ്സി ട്രാൻസ്ജെൻഡറിന് വേണ്ടി ഇതുവരെ ഒരുതരത്തിലുള്ള തസ്തികയും മാറ്റി വെച്ചിട്ടില്ല. അങ്ങനെ വരുമ്പോൾ ട്രാൻസ് ഐഡന്റിറ്റിയുള്ള ഒരാൾ എങ്ങനെയാണ് ഇതിൽ അപേക്ഷിക്കുന്നത്. വിഷയത്തെ ഉന്നത അധികാരികളെ അറിയിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് വേണ്ടിയിട്ടുള്ള പ്രസന്റേഷനുകളെല്ലാം ഡ്രാഫ്റ്റിങ്ങിലാണ്. ഈ മാസം അവസാനം ഇവ മുഖ്യമന്ത്രിക്കും നിയമ മന്ത്രി പി. രാജീവിനും സാമൂഹ്യ നീതി വകുപ്പിനും സമർപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അത് കഴിഞ്ഞാൽ നേരെ ഹൈക്കോടതിയിൽ സമർപ്പിക്കും’, അഡ്വ. പത്‌മ ലക്ഷ്‌മി അഴിമുഖത്തോട് പറഞ്ഞു.
അവകാശങ്ങൾ നേടിയെടുക്കാൻ കോടതി കയറിയിറങ്ങി വിധി അനുകൂലമായി വന്നിട്ടും സംവിധാനങ്ങളിൽ മാറ്റം വരാതെ തുടരുന്നതിനാലാണ് അർജുൻ ഗീതയ്ക്കും അനീറക്കും നിയമപോരാട്ടം തുടരേണ്ടി വരുന്നത്.
Content Summary: trasgender community in legal fight for reservation in Kerala PSC and seeks the right to join the police force
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.