June 04, 2026 |
യാം നോവല്‍
യാം നോവല്‍
Share on

കടമക്കുടിയിലെ നാട്ടുവഴികള്‍

നാലുപാടും കായലിനാല്‍ ചുറ്റപ്പെട്ട കടമകുടിയിലെ ചില ദ്വീപുകളിലേക്ക് ചെന്നെത്താന്‍ പാലങ്ങളില്ല.

തൈക്കുടം ബ്രിഡ്ജ്‌നു താഴെ കണ്ടുമുട്ടുമ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ വലിയ ക്ഷീണമൊന്നും നിതീഷിന്റെ മുഖത്തു കാണുന്നില്ല എന്നത് തെല്ലൊരാശ്വാസം നല്‍കി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നാല്പതു കിലോ മീറ്ററോളം സൈക്കിള്‍ ചവിട്ടി തിരിച്ചെത്താന്‍ ആകുമോ എന്നൊരു സംശയം മനസിലെവിടെയോ ഉണ്ടായിരുന്നു. എറണാകുളം ബൈപാസിലൂടെ ഇടപ്പള്ളി കവല കടന്നു പനവേല്‍ ദേശീയ പാതയിലൂടെ പിന്നെ കണ്ടെയ്‌നര്‍ റോഡിലൂടെ ചീനവലകള്‍ അതിരിടുന്ന മൂലമ്പള്ളിയിലെ കായല്‍ കടവിലേക്കെത്താന്‍ ഒരു മണിക്കൂറിലധികമെടുത്തു.

നാലുപാടും കായലിനാല്‍ ചുറ്റപ്പെട്ട കടമകുടിയിലെ ചില ദ്വീപുകളിലേക്ക് ചെന്നെത്താന്‍ പാലങ്ങളില്ല. ദ്വീപിലെ വഴികളെ നഗരത്തിന്റെ പാതകളുമായി ബന്ധിക്കുന്നത് വലിയ വള്ളങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജങ്കാറുകളാണ്. കടത്തു കടന്ന് പിഴാലയിലെ പൊക്കാളി ഫാമിലൂടെയുള്ള വഴിയിലൂടെ വേണം ചെറിയ കടമക്കുടിയിലെത്താന്‍. നെല്‍കൃഷിയും മത്സ്യകൃഷിയും മാറി മാറി ചെയ്യുന്ന പൊക്കാളി പാടങ്ങളില്‍ കന്നി കൊയ്തിനു പാകമായ വലിയ കതിരുകളുമേന്തി നില്‍ക്കുന്ന നെല്‍ചെടികളും പച്ചപ്പിന്റെ പരപ്പിനതിരിടുന്ന തെങ്ങിന്‍ നിരകളും കടന്നു തോടിനു കുറുകെയുള്ള നടപ്പാലം കടന്നാല്‍ ചെറിയ കടമക്കുടിയായി. ഒരു റിബണ്‍ കഷണം പോലെ ചെറിയൊരു തുരുത്ത്. തോട്ടുവക്കിനോടു ചേര്‍ന്നു തുരുത്തിന്റെ രണ്ടറ്റങ്ങളിലേക്കും നീണ്ടു കിടക്കുന്ന മണ്‍വഴിയുടെ ഓരം ചേര്‍ന്നു വീടുകള്‍.

ചെറുതോണികള്‍കൊണ്ടുണ്ടാക്കിയ ജങ്കാറില്‍ പിഴലയില്‍ നിന്നും കടമക്കുടിയിലേക്ക്. വെള്ളക്കെട്ടുകള്‍ക്കും പൊക്കാളി പാടങ്ങള്‍ക്കും നടുവിലൂടെ സുറുമയെഴുതിയ പോലെ നീണ്ടുകിടക്കുന്ന റോഡ്. കായല്‍ കടന്നെത്തുന്ന കാറ്റിന്റെ മൂളക്കവും പല്‍ചക്രത്തിലെ ചങ്ങലച്ചിരിയും മാത്രം. ഇരുപുറവും നീണ്ടുകിടക്കുന്ന നീര്‍ത്തടങ്ങളില്‍ നീളന്‍ കൊക്കുകളാഴ്ത്തി ഇരയെ തിരയുന്ന ദേശാടനപക്ഷികളുടെ വൈവിധ്യം. മനസ്സിനാനന്ദം നല്‍കുന്ന പ്രശാന്തമായ ഗ്രാമാന്തരീക്ഷം.

ചെളിപൊത്തിയുണ്ടാക്കിയ ഒറ്റവരമ്പിലൂടെ പാടംകടന്ന് കായല്‍ കരയിലെത്തുമ്പോള്‍ ചെറിയൊരു ഓലപ്പുര, കടമക്കുടി കള്ളുഷാപ്പ്. വലിയൊരു കായല്‍ മീന്‍ വെട്ടാന്‍ പാകത്തിനു ചട്ടിയില്‍. വലിയ പാത്രത്തില്‍ തിളയ്ക്കുന്ന കപ്പക്കഷ്ണങ്ങള്‍, നിരന്നിരിക്കുന്ന ചില്ലിന്‍ കുപ്പികളില്‍ വെളുത്ത തെങ്ങിന്‍ കള്ളും, ആളുകള്‍ വന്നു തുടങ്ങുന്നതേ ഉള്ളൂ. കായലോളങ്ങള്‍ താളം പിടിക്കുന്ന കാറ്റിന്റെ സംഗീതത്തിനൊത്തു നൃത്തം ചെയ്യുന്ന തെങ്ങിന്‍ നിരകള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന നീലവാനം . പ്രകൃതിയുടെ സുന്ദരമായ ദൃശ്യാവിഷ്‌കാരമാസ്വദിച്ചു ഷാപ്പിനുപുറത്തെ ഒറ്റതെങ്ങിനു താഴെ അല്പം വിശ്രമം.

തിരികെ യാത്രയിലാണ് കായലില്‍ ഉയര്‍ന്നു കണ്ട കൂറ്റന്‍ തൂണുകളെക്കുറിച്ചു ആലോചിച്ചത്. ദേശീയ പാതയ്ക്കും തീരദേശറോഡിനും സമാന്തരമായി നിര്‍മ്മിക്കുന്ന പാത കടമക്കുടിയുടെ നടുവിലൂടെ കടന്നുപോകും . പുതിയ പാലങ്ങള്‍ നഗരത്തെ കൂടുതല്‍ അടുത്തെത്തിക്കും. പക്ഷെ അതൊരിക്കലും കടമക്കുടിയിലെ നാട്ടുവഴിയാവുകയില്ല. പാലങ്ങളുടെ നാട്ടനൂഴുമ്പോള്‍ ഒരു പക്ഷെ ഈ ഗ്രാമത്തിന്റെ വശ്യത എന്നന്നേക്കുമായി നഷ്ടപ്പെട്ടേയ്ക്കാം.

Read More : പക്ഷികളെ പ്രണയിക്കുന്നവര്‍ക്കുള്ള സങ്കേതങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

×