ഡെയര്‍ എല്‍ ബെഹരിയില്‍ സ്ഥിതി ചെയ്യുന്ന ‘ദ ടെമ്പിള്‍ ഓഫ് ഹാഷെപ്സുറ്റ്’ ഈജിപ്ത് ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മരുഭൂമിയുടെ നടുവിലുള്ള ഈ ക്ഷേത്രം ഒരു അദ്ഭുതകരമായ നിര്‍മ്മിതിയാണ്. ഇത് പണികഴിപ്പിച്ചത് ഒരു സ്ത്രീയാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തുട്മസ് ഒന്നാമന്‍ ഫറവോയുടെ മൂത്തമകളായ ഹാഷെപ്സുറ്റാണ് ഈ നിര്‍മ്മിതി പണി കഴിപ്പിച്ചത്. ഹാഷെപ്സുറ്റിന്റെ ഭര്‍ത്താവ് തുട്മസ് രണ്ടാമന്റെ മരണ ശേഷം ഇവര്‍ രാജ്ഞിയായി.
ഈജിപ്തിലെ 18-ാമത്തെ രാജവംശമായിരുന്നു ഹാഷെപ്സുറ്റിന്റേത്. വളര്‍ത്തു മകനായ തുട്മസ് മൂന്നാമനായിരുന്നു ഈജിപ്ത് ഭരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹാഷെപ്സുറ്റ് പിന്നീടുള്ള രണ്ട് പതിറ്റാണ്ട് ഭരണം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ അവര്‍ ഈജിപ്തിലെ ആദ്യത്തെ വനിക ഫറവോ ആയി. ഹാഷെപ്സുറ്റിന്റെ നേട്ടങ്ങളുടെ തെളിവുകള്‍ ഇന്നും ഈജിപ്തില്‍ ധാരാളമായി കാണാം.
ദൈവങ്ങളുടെ രാജാവും ഫറവോകളുടെ സംരക്ഷകനുമായ അമുനിനോടുള്ള ആദരവായി അവര്‍ തേബേസില്‍ റോഡുകളും, സ്മാരകങ്ങളും നിര്‍മ്മിച്ചു. ഹാഷെപ്സുറ്റിന്റെ പ്രതിമകളും ഈജിപ്തില്‍ ഉയര്‍ന്നു. പാരമ്പര്യമായ താടി, ഷെന്‍ഡിറ്റ് കില്‍റ്റ്, തലപ്പാവ് എന്നിവയൊക്കെയുള്ള ആണ്‍രൂപത്തിലുള്ള പ്രതിമയാണ് ഹാഷെപ്സുറ്റിന്റേത്.
ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു മോര്‍ച്ചറി ടെമ്പിളായ ‘ദ ടെമ്പിള്‍ ഓഫ് ഹാഷെപ്സുറ്റ്’. നൈല്‍ നദിയുടെ തീരത്ത് ടെമ്പിള്‍ ഓഫ് മെന്‍തുഹോതേപ് II ന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ജെസര്‍ ജെസേരു എന്നും ‘ഹോളി ഓഫ് ഹോളീസ്’ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഹാഷെപ്സുറ്റിന്റെ ഭരണകാലത്തെ പ്രധാനവസ്തുതകള്‍ കൊണ്ട് ഈ ക്ഷേത്രം അലങ്കരിച്ചിട്ടുണ്ടായിരുന്നു. മരിച്ചവരുടെ ദൈവമായ അനുബിസ്, സമൃദ്ധിയുടെ ദേവിയായ ഹാഥര്‍, ദൈവങ്ങളുടെ രാജാവായ അമുന്‍, സൂര്യ ദൈവമായ റി എന്നിവയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
ബി.സി. 1458-ആണ് ഹാഷെപ്സുറ്റ് അന്തരിച്ചത്. വാലെ ഓഫ് കിംങ്സിലാണ് ഇവരെ അടക്കം ചെയ്തത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തുട്മസ് മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം ഹാഷെപ്സുറ്റിന്റെ പേര് നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുട്മസ് മൂന്നാമനില്‍ നിന്ന് ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നാണ് ചില രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു ചിലത് പറയുന്നത്- തുട്മസ് മൂന്നാമന്റെ മകനെ അധികാരത്തില്‍ എത്തിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ്.
എന്നാല്‍ ചില കാഴ്ചപ്പാടുകള്‍ പറയുന്നത് ഒന്ന്, രണ്ട,് മൂന്ന് തുട്മസുകളുടെ ഇടയില്‍ ഒരു വനിത ഭരണാധികാരിയുടെ പേര് വരാതിരിക്കാനായിരുന്നു ഈ പ്രവൃത്തി എന്നാണ്. 1923നും 1931 നും ഇടയില്‍ ഈജിപ്ത്യന്‍ എക്സ്പെഡിഷന്‍ ഓഫ് ദി മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് നശിപ്പിക്കപ്പെട്ട ഹാഷെപ്സുറ്റിന്റെ പ്രതിമകള്‍ ഖനനം ചെയ്തെടുത്തു. ക്ഷേത്രത്തിന് മുന്നിലെ കുഴിയില്‍ നിന്നാണ് ഇത് ഖനനം ചെയ്ത് എടുത്തത്.
എന്തൊക്കെയായാലും, തുട്മസിന്റെ പ്രയത്നം വിജയം കണ്ടിരുന്നു. കാരണം കാലങ്ങള്‍ കഴിഞ്ഞതോടെ ഹാഷെപ്സുറ്റിനെ എല്ലാവരും മറന്നിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹാഷെപ്സുറ്റിന്റെ ക്ഷേത്രത്തിലെ ചുവരുകളില്‍ കണ്ട ലിഖിതങ്ങള്‍ പഠിച്ചാണ് ഗവേഷകര്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ഇന്ന് ഈജിപ്തില്‍ ഹാഷെപ്സുറ്റിന്റെ നേട്ടങ്ങള്‍ എല്ലാവരും മനസ്സിലാക്കുന്നു.
ക്ഷേത്രത്തില്‍ എന്തൊക്കെ കാണാം?
രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്ഷേത്രം തുറന്ന് പ്രവര്‍ത്തിക്കുന്നത്. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ അതിരാവിലെ തന്നെ പോകാം. കുറച്ച് ദിവസം ഇവിടെ താമസിക്കുക. വാലേ ഓഫ് ദി കിംങ്സിലെ പല നിറങ്ങളിലുള്ള ശവകുടീരവും കര്‍ണക് ടെമ്പിള്‍ കോംപ്ലക്സും, ടെമ്പിള്‍ ഓഫ് ലക്വറിലെ ഉദയാസ്തമയമൊക്കെ ആസ്വദിക്കാം.
എപ്പോള്‍ പോകണം?
വേനല്‍ക്കാലത്തെ ചൂട് നിങ്ങള്‍ക്ക് സഹിക്കാമെങ്കില്‍, തിരക്കില്‍ നിന്ന് ഒഴിവാകാന്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ സന്ദര്‍ശിക്കാവുന്നതാണ്.
എവിടെ താമസിയ്ക്കണം?
നൈല്‍ റിവര്‍ ക്രൂയിസാണ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഏറ്റവും ഉചിതം. സാന്‍ച്വറി നൈല്‍ അഡ്വെഞ്ചര്‍ നിങ്ങളെ നാല് മണിക്കൂര്‍ കാഴ്ചകള്‍ കാണാന്‍ കൊണ്ടു പോകും. നിങ്ങളുടെ കൂടെ ഒരു ഈജിപ്തോളജിസ്റ്റും കാണും. ചരിത്ര പ്രസിദ്ധമായ വിന്റര്‍ പാലസ് ലക്ഷറില്‍ നിങ്ങള്‍ക്ക് താമസിക്കാം. അല്ലെങ്കില്‍ മെഡിനെറ്റ് ഹാബുവിന് അടുത്ത് സ്ഥിതി ചെയ്യുന്ന ബീറ്റ് സാബിയിലും താമസസൗകര്യം ലഭ്യമാണ്.