June 06, 2026 |
Share on

ഹോട്ടലുകാരുടെ തീവെട്ടിക്കൊള്ളയെന്ന് സഞ്ചാരികള്‍; അഭിമാനപ്രശ്‌നമായെടുത്ത് വെനീസ്

പ്രതിവര്‍ഷം 30 ദശലക്ഷം വിനോദസഞ്ചാരികളാണ് വെനീസ് സന്ദര്‍ശിക്കുന്നത്

നാല് ഇറച്ചിക്കഷ്ണങ്ങളും ഗ്രില്‍ ചെയ്ത മീനും വെള്ളവുമടങ്ങിയ ഒരു നേരത്തെ ഭക്ഷണത്തിന് നാല് ജാപ്പനീസ് വിനോദസഞ്ചാരികളില്‍ നിന്നും വെനീസിലെ ഒരു ഭക്ഷണശാല ഇടാക്കിയത് 1,100 യൂറോ (86,000 ത്തില്‍ പരം രൂപ). ഇതേ സംഘത്തില്‍പെട്ട മൂന്ന് സ്ത്രീകളില്‍ നിന്നും കടല്‍വിഭവങ്ങള്‍ അടങ്ങിയ പാസ്തയ്ക്ക് ഇടാക്കിയതാകട്ടെ 27,500 രൂപയും. ഇത്രയും പൈസ ഭക്ഷണത്തിന് ഈടാക്കിയപ്പോള്‍ തൊട്ടടുത്തുള്ള സെന്റ് മാര്‍ക്ക് ചത്വരം കാണിക്കാന്‍ ഹോട്ടലുകാര്‍ തങ്ങളെ കൊണ്ടുപോകുമെന്നാണ് പാവം ജപ്പാന്‍കാര്‍ വിചാരിച്ചതെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല.

എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടെന്ന് മനസിലാക്കിയിട്ടും വെനീസീല്‍ നിന്നും പോയശേഷണാണ് ജപ്പാന്‍കാര്‍ ഈ വിഷയത്തില്‍ പരാതി പറയാന്‍ തയ്യാറായത്. എന്നിരുന്നാലും അമിതവില സഞ്ചാരികളില്‍ നിന്നും ഇടാക്കിയിട്ടുണ്ടെങ്കില്‍ ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്ന് വെനീസ് മേയറും പോലീസും ഉറപ്പ് നല്‍കി. പരാതി ഗൗരവമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരപിതാവ് ലൂജി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. ആരോപണം സത്യമാണെങ്കില്‍ അത് നഗരത്തിന് തന്നെ നാണക്കേടാണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 30 ദശലക്ഷം വിനോദസഞ്ചാരികളാണ് വെനീസ് സന്ദര്‍ശിക്കുന്നത്. അതേസമയം ജപ്പാനില്‍ നിന്നുള്ള സഞ്ചാരികളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായതായി തനിക്ക് അറിവില്ലെന്ന് റസ്റ്റോറന്റിന്റെ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ചുമതല ഒരു ഈജിപ്തുകാരനാണ്. ഒരു പ്രാദേശിക സന്നദ്ധ സംഘടനയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നേരെ നടക്കുന്ന എതൊരു അതിക്രമവും മുഴുവന്‍ വെനീസ് വാസികള്‍ക്കും അപമാനമാണെന്ന് സംഘടനയുടെ വക്താവ് മാര്‍ക്കോ ഗാസ്പാരിനെറ്റി പറഞ്ഞു. സെന്റ് മാര്‍ക്ക് ചത്വരത്തിന് സമീപമുള്ള ഭക്ഷണശാലകളില്‍ ഒരു ശതമാനം മാത്രമാണ് പ്രദേശവാസികള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Leave a Reply

Your email address will not be published. Required fields are marked *

×