വിനോദയാത്രകള്‍ എല്ലാവര്‍ക്കും ആവേശമാണ്. അന്യമായ മനോഹരമായ പ്രദേശം കാണുക എന്നുള്ളത് ഏതൊരാള്‍ക്കും താല്പര്യം ഉണ്ടാകുന്ന കാര്യമാണ്. ചിലര്‍ ഒറ്റയ്ക്ക് വിനോദ യാത്രയ്ക്ക് പോകും. സുഹ്യത്തുക്കളോടൊപ്പം പോകുന്നവരും, കുടുംബാംഗങ്ങളോടൊത്ത് പോകുന്നവരും ഉണ്ട്. കൂട്ടമായി വിനോദയാത്രയ്ക്ക് പോകുന്നവരുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ ഒരുക്കുന്ന പാക്കേജിലാണ് മിക്കവാറും അതുണ്ടാകുക. ഒന്നിലേറെ കുടുംബങ്ങള്‍ അതിലുണ്ടാകും. അവര്‍ പരസ്പരം മുന്‍പ് അറിഞ്ഞുകൊള്ളണ്ണമെന്നില്ല. ഇത്തരം യാത്രകളില്‍ അവര്‍ ആത്മസുഹ്യത്തുക്കളായി മാറാം.travellers to essential for make a tour package
യാത്ര ചെയ്യുന്നത് സ്വന്തം നാടിന്റെ പരിസരത്തുള്ള സ്ഥലമായാലും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലമായാലും രാജ്യത്തിന് പുറത്തുള്ള സ്ഥലമായാലും വിനോദയാത്ര എന്നാണ് പറയാറ്. സ്വന്തം നാടായ കേരളത്തില്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ട്. കേരളം മുഴുവനും കണ്ടുതീര്‍ത്ത ഒരു വിനോദസഞ്ചാരി ഉണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമാണ്. പക്ഷേ മനുഷ്യന്‍ കേരളത്തിന് പുറത്ത് പോകുവാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. മുറ്റത്തുള്ള സംഭവങ്ങള്‍ കാണാതെ മലയാളികള്‍ കേരളത്തിന് പുറത്തും വിദേശത്തും യാത്ര ചെയ്യാറുണ്ട്. നാടക ആചാര്യനായ ഓംചേരി എന്‍ എന്‍ പിള്ള തന്റെ ഉലകുടപെരുമാള്‍ എന്ന നാടകത്തില്‍ പറഞ്ഞ വാചകം ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. മരണത്തെ കുറിച്ചാണ് പറയുന്നതെങ്കിലും, ജീവിത യാത്രയുമായി ഇതിനെ ബന്ധിപ്പിക്കാം. ഈ ലോകം കാണാന്‍ വന്നവരെല്ലാം കണ്ടുകഴിയുന്നതിന് മുന്‍പ് മടങ്ങിപ്പോവില്ലേ? ചിലര് കണ്ടതെന്തെന്നറിയാതെ മടങ്ങും. ചിലര് എന്തിനാവന്നതെന്നേ മറന്നിട്ട് മടങ്ങിപ്പോകും. വന്നവരില്‍ ആരെങ്കിലും മടങ്ങിപ്പോകാതിരുന്നിട്ടുണ്ടോ?
സാമ്പത്തികമായി മെച്ചമുള്ളവര്‍ രാജ്യത്തിന് പുറത്ത് പോകുവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സ്വന്തം സാമ്പത്തിക സ്ഥിതി അനുസരിച്ച് തന്നെയാണ് ഓരോരുത്തരും അവരുടെ വിനോദയാത്രാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കേരളത്തിനകത്ത് നയന മനോഹരമായ എത്രയോ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് എന്ന് വിലയിരുത്തപ്പെടുന്നു. സ്വന്തം നാട്ടില്‍ നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കുക എന്നുള്ള ആഗ്രഹം കൊണ്ട് രാജ്യം വിടുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട് എന്നുള്ള കാര്യം പറയാതിരിക്കുവാനും സാധിക്കില്ല.
ഒരു കാര്യത്തില്‍ വ്യക്തിപരമായി എനിക്ക് ഏറെ അഭിമാനം ഉണ്ട്. നമ്മുടെ രാജ്യത്ത് ആദ്യമായി ആഭ്യന്തര ടൂറിസം രംഗത്ത് ചുവടുവെച്ചത് എന്റെ പിതാവായിരുന്നു എന്നതാണ് അത്. എന്റെ പിതാവ് ഇ ആര്‍ സി പണിക്കര്‍ ആണ് ആദ്യമായി പാക്കേജ് ടൂര്‍ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര ടൂറിസം രംഗത്തെ വളര്‍ച്ചയുടെ ആദ്യ വിത്ത് എന്റെ വീട്ടില്‍ നിന്നായിരുന്നല്ലോ എന്ന അഭിമാനം എപ്പോഴും ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യം ഞാന്‍ ഇവിടെ തുറന്നു സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഇന്ത്യയിലെ ആദ്യ ടൂറിസം പാക്കേജിന് തുടക്കം കുറിച്ച സംഭവം ഇവിടെ കുറിക്കുന്നു.
ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലിക്കാരനായ എന്റെ പിതാവ് ഇ ആര്‍ സി പണിക്കരുമായി സൗഹൃദത്തിലായ ഒട്ടേറെപ്പേരില്‍ ഉന്നതജോലി നോക്കിയിരുന്നവര്‍ മുതല്‍ ശിപായി വരെ ഉണ്ടായിരുന്നു. അതില്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ശ്യാംസിംഗ് എന്ന റെയില്‍വേ ബുക്കിങ് ക്ലര്‍ക്ക് ഒരിക്കല്‍ പിതാവിനോട് പറഞ്ഞു. ഡല്‍ഹി – ആഗ്ര ടൂറിസ്റ്റ് ബസ് സര്‍വ്വീസ് തുടങ്ങുന്നത് നന്നായിരിക്കും. പിതാവിനോട് കോഫി ഹൗസില്‍ പലരും ടിക്കറ്റ് ലഭ്യതയെക്കുറിച്ച് ചോദിക്കുന്നത് ശ്യാംസിംഗ് പലപ്പോഴും കണ്ടിട്ടുണ്ട്. മാത്രവുമല്ല റെയില്‍വേ ബുക്കിങ് ക്ലര്‍ക്കായ അദ്ദേഹത്തിന് ആഗ്രയ്ക്ക് യാത്രചെയ്യാന്‍ താത്പര്യത്തോടെ വരുന്ന വിനോദസഞ്ചാരികള്‍ തീവണ്ടി ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നത് സ്ഥിരമായി കാണേണ്ടിവരാറുമുണ്ട്. അക്കാലത്ത് ആഗ്രയിലേക്ക് പോയി താജ്മഹലും മധുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും കാണുവാന്‍ തീവണ്ടിയും ബസും വേണ്ടത്ര ഉണ്ടായിരുന്നില്ല.
ശ്യാംസിംഗിന്റെ ആശയം പിതാവിന് ഒരു ട്രാവല്‍സ് തുടങ്ങുന്നതിന് ആവേശമായി. ഒരു ബസ്സ് വാടകയ്ക്ക് ലഭിക്കാനുള്ള ശ്രമം തുടങ്ങി. അക്കാലത്ത് ബസ്സുകള്‍ തീരെ കുറവായിരുന്നു. സ്വകാര്യബസ്സുകള്‍ വിരളം. ചെങ്കോട്ടയ്ക്ക് എതിര്‍വശം ബക്ഷി ട്രാന്‍സ്‌പോര്‍ട്ടിന്റെ കൈവശം മൂന്ന് സ്വകാര്യബസ്സുകള്‍ ഉണ്ടായിരുന്നു. അവരില്‍നിന്ന് ഒരു ബസ്സ് വാടകയ്ക്ക് എടുത്തു. ഡി.എല്‍.പി 5959 എന്ന നമ്പറിലുള്ള പഴയ ബസ്സായിയുന്നു പണിക്കേഴ്‌സിന്റെ ആഗ്രാ യാത്രയ്ക്ക് ബക്ഷി ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് ലഭിച്ചിരുന്നതെന്ന് സഹചാരിയും അച്ഛന്റെ ആത്മസുഹൃത്തുമായ ചന്ദ്രശേഖര ഭാസ്‌ക്കര കുമാര്‍ എന്ന സി.ബി. കുമാര്‍ ഓര്‍ക്കുന്നു.
ഡി.എല്‍.പി. 5959 എന്ന ബക്ഷി ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ്സിന് ഭാഗ്യങ്ങളുടെ കഥ പറയാനുണ്ട്. അവരുടെ ആദ്യ ബസ്സായിരുന്നു അത്. പണിക്കേഴ്‌സ് പോലെ വളര്‍ന്നു വലുതായ സ്ഥാപനമാണ് ബക്ഷി ട്രാന്‍സ്‌പോര്‍ട്ട്. അവരുടെ ഉയര്‍ച്ചയ്ക്ക് ഈ ബസ്സാണ് കാരണമെന്ന് ജനസംസാരമുണ്ടായിരുന്നു. ഇന്നും നല്ല നിലയില്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് നടത്തുന്ന ബക്ഷിയില്‍ നിന്ന് പണിക്കേഴ്‌സ് ട്രാവല്‍സ് ബസ്സ് വാടകയ്‌ക്കെടുക്കാറുണ്ട്.
അച്ഛന്റെ സഹായികളായി ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരായ ചിലര്‍ ഇടതും വലതുമായി ഉണ്ടായിരുന്നു. ബച്ചന്‍ സിംഗും, ജിതേന്ദറും, ചന്ദ്രമണിയും എടുത്തുപറയേണ്ട പേരുകളാണ്. അച്ഛന്റെ ഏറ്റവും വിശ്വസ്തരായ വ്യക്തികളായിരുന്നു ഇവര്‍. പണിക്കര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ താത്ക്കാലിക ജീവനക്കാരനായിരുന്ന ചന്ദ്രമണിയെ പിതാവ് ഇന്ത്യന്‍ കോഫി ഹൗസിലേയ്ക്കും തുടര്‍ന്ന് പണിക്കേഴ്‌സ് ട്രാവല്‍സ് തുടങ്ങിയപ്പോള്‍ സഹായിയായും കൊണ്ടുവരികയായിരുന്നു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ മുന്നിലെ ലോട്ടറി ടേബിളിനോട് ചേര്‍ന്ന് ലോട്ടറി വിജയികളുടെ പേരെഴുതി ഇടുന്ന ബോര്‍ഡില്‍ പിതാവ് ഇ ആര്‍ സി പണിക്കര്‍ ഒരു നോട്ടീസിട്ടു. 1968-ലായിരുന്നു ഇത്. ‘അടുത്ത വെള്ളിയാഴ്ച ആഗ്രയിലേക്കും താജ്മഹലിലേക്കും ഇവിടെ നിന്ന് ബസ് പുറപ്പെടും. യാത്ര ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം’ രണ്ട് ദിവസം കൊണ്ട് ബസ് ടിക്കറ്റ് വിറ്റ് തീര്‍ന്നു. പിന്നീട് അത് പതിവുള്ള യാത്രയായി. ജനങ്ങള്‍ പിതാവിന്റെ പ്രസ്ഥാനത്തിന് പേരിട്ടു. പണിക്കേഴ്‌സ് ട്രാവല്‍സ്. അച്ഛന്‍ ആ പേരില്‍ ആനന്ദം കൊണ്ട് പേര് ഉള്‍ക്കൊണ്ടു. പണിക്കേഴ്‌സ് ട്രാവല്‍സ് ആരംഭിക്കുന്നത് അങ്ങനെയാണ്.
ഒരു വാടകബസ്സില്‍ തുടങ്ങിയ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ യാത്ര അമിത ബുക്കിങ് കാരണം രണ്ടും മൂന്നും ബസ്സായി വര്‍ദ്ധിച്ചു. വെള്ളിയാഴ്ച യാത്രകള്‍ ദിവസേനയായതോടെ മോശമില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ജോലി അച്ഛന്‍ അങ്ങനെ രാജിവെച്ചു. പ്രധാന വരുമാനമാര്‍ഗ്ഗം ആഗ്രാ ടൂറായിരുന്നു. അച്ഛന്‍ തന്നെയാണ് ഗൈഡായി വണ്ടിയില്‍ പോയിക്കൊണ്ടിരുന്നത്. വിനയത്തോടെയുള്ള പെരുമാറ്റവുമായി എപ്പോഴും ക്ഷേമം ചോദിച്ച് യാത്രക്കാര്‍ക്കിടയിലുള്ള പിതാവിനെ എല്ലാവരും ഇഷ്ടപ്പെട്ടു. അവര്‍ ഡല്‍ഹിയിലെത്തുന്ന സുഹൃത്തുക്കളോട് പണിക്കേഴ്‌സ് ട്രാവല്‍സിലേക്ക് പോകാന്‍ ശുപാര്‍ശ ചെയ്തു. നാള്‍ക്കുനാള്‍ പണിക്കേഴ്‌സ് ട്രാവല്‍സ് വളര്‍ന്നുകൊണ്ടിരുന്നു.
ഇന്ത്യന്‍ കോഫി ഹൗസിനോട് ചേര്‍ന്ന പബ്ലിക്ക് ടെലിഫോണ്‍ ബൂത്തായിരുന്നു (പി.സി.ഒ) പിതാവിന്റെ പ്രധാന ആശ്രയം. ബസ് ബുക്ക് ചെയ്യുന്നതിനും ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനും പബ്ലിക്ക് ടെലിഫോണ്‍ ഉപയോഗിച്ചു. യാത്രാ വിവരങ്ങള്‍ക്ക് ജനങ്ങള്‍ പിതാവിനെ ബന്ധപ്പെട്ടിരുന്നത് ഇതേ പബ്ലിക്ക് ടെലിഫോണ്‍ നമ്പറില്‍ വിളിച്ചാണ്. നൂറുകണക്കിന് യാത്രാ ടിക്കറ്റുകളാണ് പരിചയക്കാര്‍ പബ്ലിക്ക് ടെലിഫോണ്‍ വഴി ബുക്ക് ചെയ്തിരുന്നത്. നാണയം ഇട്ടതിനുശേഷം ഫോണ്‍ വിളിക്കാവുന്ന പി.സി.ഒ ഇന്ത്യന്‍ കോഫി ഹൗസിന്റെ കൗണ്ടറിനുസമീപം തന്നെയാണ് സ്ഥാപിച്ചിരുന്നത്. അത് ഉപയോഗിക്കുന്നതിന് കോഫി ഹൗസ് മാനേജരും ജീവനക്കാരും അനുമതി കൊടുത്തിരുന്നു. ഫോണ്‍ ഇങ്ങോട്ട് വരുകയാണെങ്കില്‍ ഉടന്‍ എടുക്കണം. നീണ്ട ബെല്ലടി ഉണ്ടായിരുന്നില്ല.
പണിക്കേഴ്‌സ് ട്രാവല്‍സിന്റെ പ്രചാരം വര്‍ദ്ധിച്ചതോടെ ടൂര്‍ പ്രോഗ്രാമുകളും നോട്ടീസുകളും ഇറക്കേണ്ട സാഹചര്യമുണ്ടായി. പിതാവിന്റെ വൈകുന്നേര കമ്പനിയിലെ പ്രമുഖനായിരുന്നു കൊണാട്ട് പ്ലേയ്‌സിനോടുചേര്‍ന്ന മല്‍ഹേത്രാ ബില്‍ഡിങ്ങിലെ സെമിനാര്‍ മാസികയിലെ ജീവനക്കാരനായ സി.ബി. കുമാര്‍. ജേര്‍ണലിസ്റ്റല്ലെങ്കിലും സെമിനാര്‍ മാസികയുടെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തുന്ന വ്യക്തി എന്ന നിലയില്‍ അല്‍പ്പം എഴുത്ത് പരിപാടി സി.ബി. കുമാറിന് ഉണ്ടായിരുന്നു. പിതാവും സി.ബി. കുമാറും മണിക്കൂറുകളും, ദിവസങ്ങളുമെടുത്ത് ചര്‍ച്ചകള്‍ നടത്തി ഉഗ്രന്‍ ടൂര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കി. ഇന്നും ഏറെ വ്യത്യാസങ്ങളില്ലാതെ അത് പിന്തുടരുന്നു എന്നത് അവരുടെ കണക്കുകൂട്ടലുകളുടെ വിജയം തന്നെയാണ്. സെമിനാര്‍ മാസിക നടത്തിയിരുന്ന രമേശ് താപ്പറും രാജ് താപ്പറും നെഹ്‌റു കുടുംബത്തോട് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. രാവിലെ ഓഫീസിലെത്തുന്ന അവര്‍ ഉച്ചയോടെ മടങ്ങും. സെമിനാര്‍ മാസികയുടെ ഓഫീസ് പിന്നീടുള്ള മണിക്കൂറുകള്‍ സി. ബി. കുമാറിനും പിതാവിനും സ്വന്തം. യാത്രാ പരിപാടികളുടെ ആശയങ്ങള്‍ പലപ്പോഴും രൂപപ്പെട്ടതും ചര്‍ച്ചചെയ്തതും അവിടെ വെച്ചായിരുന്നു.
പിതാവിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പാക്കേജ് ടൂറുകളുടെ ഒരുക്കങ്ങളുടെയും പഴയ കഥ ഇവിടെ ഓര്‍ത്തെടുത്തത് ഇന്നും സമാനമായ രീതിയില്‍ തന്നെയാണ് പാക്കേജുകള്‍ പണിക്കേഴ്‌സ് ട്രാവല്‍സ് തുടരുന്നത് എന്നത് പറയുവാനാണ്. അതുപോലെ തന്നെയാണ് മിക്ക ടൂര്‍ ഓപ്പറേറ്റര്‍മാരും പാക്കേജ് തയ്യാറാക്കുന്നത്. ആദ്യകാലങ്ങളില്‍ ഉണ്ടായതിനെക്കാള്‍ ചെറിയ മാറ്റങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്ത് സാങ്കേതികവിദ്യ വളര്‍ന്നതും ഗതാഗത സൗകര്യങ്ങളുടെ വളര്‍ച്ചയും മാറ്റങ്ങള്‍ക്ക് കാരണമായി. മുന്‍പ് ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് എത്തിയിരുന്ന സമയത്തിന്റെ പകുതി സമയം മതി ഇന്ന് റോഡ് മാര്‍ഗ്ഗം എത്തിച്ചേരുവാന്‍. സമയത്തിനൊത്ത് മാറ്റം വരുത്തുക അത്യാവശ്യവും ആണല്ലോ.
വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം എടുത്ത് വിനോദയാത്രകള്‍ ചെയ്യുന്ന വ്യക്തികളാണ് ഭൂരിപക്ഷവും. അപരിചിതമായ പ്രദേശത്ത് എത്തുകയും സ്വന്തം നിലയില്‍ ആ പ്രദേശം ചുറ്റി കാണുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നവരും ധാരാളമായി ഉണ്ട്. പ്രദേശത്തെ കുറിച്ച് വളരെ നന്നായി അറിയാമെങ്കിലും ആ പ്രദേശം ഒരിക്കല്‍ കൂടി കാണുമ്പോള്‍ സ്വന്തം നിലയ്ക്ക് പോകാം എന്ന് തീരുമാനമെടുക്കുന്ന വരും വിരളമല്ല. ആവശ്യത്തിലേറെ സമയം നമുക്ക് ഉണ്ടെങ്കില്‍ സ്വന്തം നിലയില്‍ പോകുന്നതില്‍ തെറ്റും കാണുന്നില്ല. എന്നാല്‍ സമയകുറവും എല്ലാം കാണുകയും വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് എപ്പോഴും ഒരു പാക്കേജ് ആവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ഓരോ സ്ഥലങ്ങളിലും എത്തേണ്ട സമയക്രമം ട്രാവല്‍ ഏജന്റുമാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയത്ത് കാണേണ്ട കാഴ്ചകള്‍ ഒക്കെ കാണുവാന്‍ ഒരു യാത്രികന് സാധിക്കുന്നു എന്നുള്ളതാണ് പാക്കേജ് ടൂര്‍ കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം.
ഏതൊരു യാത്രയ്ക്ക് പോകുമ്പോഴും ടൂര്‍ ഓപ്പറേറ്റര്‍ വഴി പോകുകയാണെങ്കില്‍ ഒരു പാക്കേജ് സ്വീകരിക്കണം. ഒറ്റയ്ക്കാണ് പോകുന്നതെങ്കില്‍ നമ്മള്‍ സ്വയം ഒരു പാക്കേജ് ഉണ്ടാക്കണം. ഓരോ ദിവസവും കാണേണ്ട സ്ഥലങ്ങള്‍, ചിലവഴിക്കേണ്ട സമയം, തൊട്ടടുത്ത കേന്ദ്രത്തിലെത്താനുള്ള ദൂരം, ഭക്ഷണത്തിന്റെ സമയം തുടങ്ങി കൃത്യമായ സമയക്രമം തയ്യാറാക്കുന്നത് ഏതൊരു യാത്രയുടെ വിജയത്തിനും അത്യാവശ്യമാണ്. ഒരു മുന്‍കരുതലും, തയ്യാറെടുപ്പുകളും, സമയക്രമവും ഇല്ലാതെ ഒരു പാക്കേജ് ഉണ്ടാക്കാന്‍ സാധിക്കില്ല. ഇങ്ങനെ ഒരു പാക്കേജ് ഇല്ലാതെ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ക്ക് നഷ്ടപ്പെടുന്നത് അച്ചടക്കമാണ്. ഈ നഷ്ടപ്പെടുന്ന അച്ചടക്കത്തിലൂടെ നഷ്ടപ്പെടുന്നത് കാണുവാനുള്ള പ്രദേശങ്ങളെ ഒഴിവാക്കേണ്ട നിലയിലേക്ക് നമ്മള്‍ എത്തുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ എല്ലാ യാത്രകളും ഒരു ടൈംടേബിള്‍ പ്രകാരം ആകുന്നത് യാത്രാ വിജയത്തിന്റെ പ്രധാന ഘടകമായി കാണേണ്ടതുണ്ട്.travelers to essential for make a tour package
Content Summary: travelers to essential for make a tour package