June 04, 2026 |
Share on

യുകെ യാത്രയ്ക്ക് ഇനി ഡിജിറ്റല്‍ പൂട്ട്; എന്താണ് ഇലക്‌ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍?

ഇരട്ട പൗരത്വമുള്ളവര്‍ക്ക് തിരിച്ചടി

ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങളിലൊന്ന് നടപ്പിലാക്കിക്കൊണ്ട് യുണൈറ്റഡ് കിംഗ്ഡം (UK) തങ്ങളുടെ പുതിയ യാത്രാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ETA) സംവിധാനം, യുകെയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ നിരീക്ഷണത്തിന് കീഴിലാക്കും. അമേരിക്ക, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള 85 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ യുകെയില്‍ പ്രവേശിക്കാനാവില്ല.

യുകെയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരുന്ന വിദേശ പൗരന്മാര്‍ക്ക് യാത്രയ്ക്ക് മുന്നോടിയായി ലഭിക്കേണ്ട ഡിജിറ്റല്‍ അനുമതിയാണ് ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍. ടൂറിസം, ബിസിനസ് മീറ്റിംഗുകള്‍, ആറുമാസത്തില്‍ താഴെയുള്ള ഹ്രസ്വകാല പഠനം എന്നിവയ്ക്കായി വരുന്നവര്‍ക്ക് ഇത് നിര്‍ബന്ധമാണ്. ഒരിയ്ക്കല്‍ ലഭിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാലാവധി തീരുന്നത് വരെ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന് സാധുതയുണ്ടാകും. ഈ കാലയളവിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്ര തവണ വേണമെങ്കിലും യുകെയിലേക്ക് വരാനും പോകാനും സാധിക്കും.
ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്റെ അപേക്ഷാ ഫീസ് 16 പൗണ്ട് (ഏകദേശം 1,700 രൂപ) ആണ്. ഭാവിയില്‍ ഇത് 20 പൗണ്ടായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

യാത്രക്കാര്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പ്രത്യേകം ആപ്പുകള്‍ ലഭ്യമാണ്. അപേക്ഷകന്‍ തന്റെ പാസ്പോര്‍ട്ട് വിവരങ്ങള്‍ സ്‌കാന്‍ ചെയ്യുകയും ആപ്പിലൂടെ തന്നെ തത്സമയ ഫോട്ടോ എടുത്ത് നല്‍കുകയും വേണം.

ഇരട്ട പൗരന്മാരുടെ നിയമക്കുരുക്ക്

പുതിയ പരിഷ്‌കാരം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് യുകെ പൗരത്വവും ഒപ്പം മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ടും കൈവശമുള്ള ഇരട്ട പൗരന്മാരെയാണ്. ഇവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് യുകെയിലേക്ക് തിരികെ വരണമെങ്കില്‍ ഒന്നുകില്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടോ അല്ലെങ്കില്‍ ‘റൈറ്റ് ഓഫ് അബോഡ്’ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റോ കൈവശം ഉണ്ടാകണം.

അതേസമയം, ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് ഏകദേശം 100 പൗണ്ടും, റൈറ്റ് ഓഫ് അബോഡ് സര്‍ട്ടിഫിക്കറ്റിന് 589 പൗണ്ടും (ഏകദേശം 62,000 രൂപ) ചിലവാകുന്നു എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി യുകെയില്‍ താമസിക്കുന്നവര്‍ക്ക് പോലും ഈ തുക താങ്ങാവുന്നതിലും അധികമാണ്.

ആര്‍ക്കൊക്കെയാണ് ഇടിഎ ആവശ്യമില്ല?

ബ്രിട്ടീഷ്/ഐറിഷ് പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് ഉപയോഗിച്ച് സാധാരണ പോലെ യാത്ര ചെയ്യാം. കൂടാതെ, നിലവില്‍ യുകെ വിസ കൈവശമുള്ളവര്‍ക്കും, യുകെയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ളവര്‍ക്കും ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ എടുക്കേണ്ടതില്ല. യുകെ അതിര്‍ത്തി കടക്കാതെ വിമാനത്താവളം വഴി മാത്രം ട്രാന്‍സിറ്റ് ചെയ്യുന്നവര്‍ക്ക് (അതിര്‍ത്തി പരിശോധന ആവശ്യമില്ലാത്തവര്‍ക്ക്) ഇടിഎ ആവശ്യമില്ല.

യാത്രയ്ക്കായി ചെക്ക്-ഇന്‍ ചെയ്യുന്ന സമയത്ത് തന്നെ വിമാന, ഷിപ്പിംഗ് കമ്പനികള്‍ യാത്രക്കാരന് സാധുവായ ഇടിഎ ഉണ്ടോ എന്ന് ഡിജിറ്റലായി പരിശോധിക്കും. ഇടിഎ ഇല്ലാത്തവര്‍ക്ക് യാത്ര നിഷേധിക്കപ്പെടും.

ഇമിഗ്രേഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുമാണ് ഈ മാറ്റമെന്ന് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കി. 2023 മുതല്‍ ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സന്ദര്‍ശകര്‍ക്ക് ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Content Summary: Traveling to Britain? new mandatory digital permits launch for 85 countries

Leave a Reply

Your email address will not be published. Required fields are marked *

×