ഒരു നെഞ്ചുവേദന വന്നാൽ… അത് ഗ്യാസ് ട്രബിളാണ് എന്ന് സ്വയം ആശ്വസിച്ച് അപകടകരമായ അലംഭാവം കാണിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഈ നിസ്സാരവൽക്കരണത്തിലൂടെ നിങ്ങൾ കളഞ്ഞുകുളിക്കുന്നത് ജീവൻ രക്ഷിക്കാൻ കഴിയുന്ന ഏറ്റവും നിർണ്ണായകമായ ‘ഗോൾഡൻ മണിക്കൂറുകളാണ്’ എന്ന് നാം മനസിലാക്കുന്നില്ല. ഒരു ഹൃദയാഘാതം സംഭവിക്കുമ്പോൾ, ഹൃദയ പേശികൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം ആശുപത്രിയിൽ എത്തേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ 85% ഹൃദയാഘാതം സംഭവിക്കുന്നവർക്കും സമയബന്ധിതമായി ചികിത്സ ലഭിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. എന്തുകൊണ്ട് ചികിത്സ വൈകുന്നു? ആരാണ് രോഗികളെ രക്ഷിക്കാൻ ബാധ്യസ്ഥർ? ജീവൻ നിലനിർത്താൻ ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന്, ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ അഴിമുഖത്തോട് വ്യക്തമാക്കുന്നു…
‘ഹൃദയസംബന്ധമായ രോഗലക്ഷണങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നെഞ്ചിൽ പെട്ടെന്നുണ്ടാകുന്ന അസ്വസ്ഥത, രാത്രികാലങ്ങളിലെ ദുസ്സഹമായ ബുദ്ധിമുട്ടുകൾ, മുമ്പൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള വേദനകൾ, ഒപ്പം ശ്വാസംമുട്ടൽ, തലകറക്കം, വയറുവേദന പോലുള്ള അസ്വാഭാവിക ലക്ഷണങ്ങൾ എന്നിവ അപ്രതീക്ഷിതമായി ഉണ്ടായാൽ ഒരു നിമിഷം പോലും പാഴാക്കരുത്. രോഗി ചെയ്യേണ്ടത് മറ്റൊന്നുമല്ല: ഏറ്റവും അടുത്തുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ഉടൻ എത്തുക എന്നുള്ളതാണ്’ ഡോ. ജോർജ് തയ്യിൽ പറയുന്നു.
ചികിത്സ വൈകരുത്: സ്വയം ചികിത്സ അരുത്
സ്വയം ചികിത്സിക്കാതിരിക്കുക, മുറിവൈദ്യമോ മറ്റ് ബദൽ ചികിത്സകളോ തേടാതിരിക്കുക, കയ്യിലുള്ള ഗുളികകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കാതിരിക്കുക. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന് കണ്ടുപിടിക്കേണ്ടതും രോഗനിർണയം നടത്തേണ്ടതും ഡോക്ടറുടെ ചുമതലയാണ്. അതിനുള്ള പരിജ്ഞാനം സാധാരണക്കാർക്കില്ല. ഒരുപക്ഷേ ആ രോഗി രക്തസമ്മർദ്ദത്തിനോ, പ്രമേഹത്തിനോ, അല്ലെങ്കിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റെന്തെങ്കിലും അസുഖങ്ങൾക്കോ മരുന്ന് കഴിക്കുന്ന വ്യക്തിയായിരിക്കാം.
കാരണങ്ങൾ എന്തൊക്കെയായിരുന്നാലും നിങ്ങൾക്ക് ഉണ്ടാകുന്ന അസ്വസ്ഥത അസഹനീയമായി വരികയും, അതോടൊപ്പം മരണഭീതി ഉളവാക്കുന്ന തരത്തിലുള്ള ഒരു തോന്നൽ ഉണ്ടാകുകയും ചെയ്താൽ, ഒരു നിമിഷം പോലും പാഴാക്കാതെ ഉടൻ ആശുപത്രിയിൽ എത്തുക. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, രോഗി എത്തിച്ചേരുന്ന ആശുപത്രി ഒരു വിദഗ്ദ്ധൻ ഉള്ള ആശുപത്രിയായിരിക്കണം എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയസംബന്ധമായ അടിയന്തിര സാഹചര്യങ്ങളിൽ, രോഗനിർണയം തെറ്റാതിരിക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനുമായി, വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും സൗകര്യവും ലഭ്യമായ ആശുപത്രികളിൽ ഉടൻ എത്തിച്ചേരുന്നത് രോഗിയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
ഹൃദയസംബന്ധമായ പ്രയാസങ്ങളുമായി ഒരാൾ ആശുപത്രിയിൽ എത്തിയാൽ, അവിടുത്തെ ഡോക്ടർമാർ രോഗിയുടെ അവസ്ഥയെക്കുറിച്ച് ഉടൻ മനസ്സിലാക്കുകയും അടിയന്തിരമായി ചെയ്യേണ്ട പ്രാഥമിക പരിശോധനയായ ഇസിജി എടുക്കുകയും മറ്റ് ആവശ്യമായ പരിശോധനകൾ (എക്സ്-റേ പോലുള്ളവ) നടത്തുകയും ചെയ്യാൻ ബാധ്യസ്ഥരാണ്. രോഗനിർണയം വേഗത്തിലാക്കുന്നതിനും വിദഗ്ദ്ധോപദേശം തേടുന്നതിനും, ഡ്യൂട്ടിയിലുള്ള ഡോക്ടർ ഉടനടി സീനിയർ ഡോക്ടറെ (ഓൺ കോൾ ഡോക്ടർ) വിവരമറിയിക്കേണ്ടതുണ്ട്. ഓൺ കോൾ ഡോക്ടർ എത്രയും പെട്ടെന്ന് എത്തി രോഗിയെ വിലയിരുത്തി ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെങ്കിൽ അതിന് ആവശ്യമായ അടിയന്തിര ചികിത്സ നൽകുകയുമാണ് ശരിയായ നടപടിക്രമം.
ഹൃദയാഘാതം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തേണ്ടതിൻ്റെ പ്രാധാന്യം നിലനിൽക്കുമ്പോഴും, രോഗികൾ പലപ്പോഴും ഗുരുതരമായ തടസ്സങ്ങൾ നേരിടാറുണ്ട്. പകൽ സമയങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൃത്യസമയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനം കിട്ടാനുള്ള പ്രയാസം ഒരു പ്രധാന വെല്ലുവിളിയാണ്. കൂടാതെ, നഗരപ്രദേശങ്ങളിലെ ശപിക്കപ്പെട്ട ഗതാഗതക്കുരുക്കുകൾ ആംബുലൻസുകളുടെ വേഗതയെ പോലും ബാധിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, നെഞ്ചുവേദനയെ ഒരു ‘ഗ്യാസ് ട്രബിൾ’ ആയിക്കണ്ട് രോഗിതന്നെ ലക്ഷണങ്ങളെ അവഗണിക്കുന്നതും ചികിത്സ വൈകാൻ കാരണമാകുന്നു. ഈ തടസ്സങ്ങളെ അതിജീവിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കേണ്ടത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
ICC പഠനം: 85% ആളുകൾക്കും കാലതാമസം
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജിയുടെ (ICC) സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ, 2013-2014 വർഷങ്ങളിൽ നടത്തിയ പഠനം ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘടകത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു: “നെഞ്ചുവേദന അനുഭവപ്പെട്ടാൽ ഒരു രോഗി എത്ര പെട്ടെന്നാണ് ആശുപത്രിയിൽ എത്തുന്നത്?
“ഈ പഠനം വളരെ പ്രസക്തമാണ്. കാരണം, രോഗി ആശുപത്രിയിൽ എത്ര വേഗത്തിൽ എത്തുന്നുവോ, അത്രയും വേഗത്തിൽ ചികിത്സ തുടങ്ങാനും ഹൃദയ പേശികൾക്ക് സംഭവിക്കുന്ന നാശങ്ങൾ കുറയ്ക്കാനും സാധിക്കും. ഹൃദയാഘാത ചികിത്സയുടെ വിജയം പ്രധാനമായും സമയം എന്ന ഘടകത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു രോഗിക്ക് ഹൃദയാഘാതമാണ് എന്ന് സ്ഥിരീകരിച്ചാൽ, ഒരു ഹൃദ്രോഗ വിദഗ്ധൻ നൽകുന്ന പ്രധാന ചികിത്സയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. ഇതിനായി രോഗിയെ എത്രയും പെട്ടെന്ന് കാത്ത് ലാബിൽ പ്രവേശിപ്പിക്കുകയും, അവിടെ വെച്ച് ഒരു കത്തീറ്റർ ഉപയോഗിച്ച് ആൻജിയോഗ്രാം ചെയ്യുകയും വേണം. ഹൃദയാഘാതത്തിന് കാരണമായ ബ്ലോക്ക് ഏതാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ ആ ബ്ലോക്ക് മാറ്റുന്നതിനായുള്ള ആൻജിയോപ്ലാസ്റ്റി നടത്തുന്നു. ഈ പ്രക്രിയയിൽ, അടഞ്ഞുപോയ രക്തക്കുഴലിലൂടെയുള്ള രക്തയോട്ടം സുഗമമാക്കാൻ ഒരു സ്റ്റെൻ്റ് സ്ഥാപിക്കുന്നു. ഇതുവഴി, രക്തയോട്ടം തടസ്സപ്പെട്ടതിനാൽ രക്തദാരിദ്ര്യം നേരിട്ട ഹൃദയപേശികളിലേക്ക് രക്തയോട്ടം പുനഃസ്ഥാപിക്കാൻ സാധിക്കും. രോഗി ആശുപത്രിയിൽ എത്തുകയും, ഏകദേശം 90 മിനിറ്റിനുള്ളിൽ (ഒന്നര മണിക്കൂറിനുള്ളിൽ) ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്യുകയാണെങ്കിൽ, അത്ഭുതകരമായ ഫലമാണ് ലഭിക്കുക.
ഗോൾഡൻ അവർ: സമയം എന്ന ഹൃദയപേശി
ഈ ഒന്നര മണിക്കൂറാണ് ഹൃദയാഘാത ചികിത്സയിലെ ‘ഗോൾഡൻ അവർ’ എന്ന് അറിയപ്പെടുന്നത്. ഈ സമയത്തിനുള്ളിൽ ചികിത്സ ലഭിക്കുകയാണെങ്കിൽ, ഹൃദയ പേശികൾക്കുണ്ടാകുന്ന പല പ്രശ്നങ്ങളും, ഹൃദയത്തിൻ്റെ പരാജയങ്ങളും, മറ്റ് അപചയങ്ങളും വലിയൊരളവ് വരെ തിരിച്ചെടുക്കാനും ഒഴിവാക്കാനും സാധിക്കും. ഹൃദ്രോഗ ചികിത്സയിലെ അതിനിർണ്ണായകമായ ‘ഗോൾഡൻ അവർ’ നഷ്ടമാകുമ്പോഴാണ് ഹൃദയത്തിൻ്റെ പ്രവർത്തനം തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്ത രീതിയിൽ കേടുപാടുകൾ സംഭവിക്കുന്നത്. രോഗിയെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരിക.
ആശുപത്രിയിൽ എത്തിച്ച ശേഷം, വേണ്ട അടിയന്തര ചികിത്സ (പ്രൈമറി ആൻജിയോപ്ലാസ്റ്റി പോലുള്ളവ) ലഭിക്കാൻ വൈകുക ഈ കാലതാമസങ്ങൾക്കിടയിൽ ഹൃദയ പേശികൾക്ക് ഗുരുതരമായ ആഘാതം സംഭവിക്കുകയും, അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ സ്ഥിരമായി തകരാറിലാക്കുകയും ചെയ്യുന്നു. ഈ ഡാമേജ് സംഭവിച്ചു കഴിഞ്ഞാൽ, പിന്നീട് ചികിത്സ നൽകിയാലും ഹൃദയത്തിന്റെ പ്രവർത്തനം പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.ചുരുക്കത്തിൽ, സമയം എന്നത് ഹൃദയപേശികളാണ് (Time is Muscle) എന്ന തത്വം ഹൃദയാഘാത ചികിത്സയിൽ വളരെ പ്രധാനമാണ്.
ഹൃദയത്തിന്റെ പേശികളിൽ കോശങ്ങളിൽ രക്തത്തിന്റെ സഞ്ചാരം 24 മണിക്കൂറും സുഗമമായിരിക്കണം. ഒരു ഹൃദയ ധമനയിൽ ഒരു രക്തക്കട്ട വന്നു അത് അടഞ്ഞു ആ ഹൃദയ പേശിയിലേക്ക് രക്തം പോകാതെ വന്നാൽ ഏതാനും നിമിഷങ്ങൾക്ക് അകം ആ ഹൃദയ കോശങ്ങൾ ചത്തൊടുങ്ങുകയാണ് ചെയുന്നത്. പ്രാണവായുവും പോക്ഷക പദാർത്ഥങ്ങളും ലഭിക്കാതെ. അത് നിർജീവമായിരിക്കുന്ന കോശങ്ങളെ ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ ആ രക്ത സഞ്ചാരം വീണ്ടും സുഗമമാകുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും നിർജീവമായിരിക്കുന്ന കോശങ്ങളെ സജീവമാകുവാൻ സാധിക്കും.
ഞാൻ ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജിയുടെ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഞങ്ങൾ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലുണ്ടായിരുന്നു: ഹൃദയാഘാതം സംഭവിക്കുന്നവരിൽ 12 മുതൽ 14 ശതമാനം ആളുകൾക്ക് മാത്രമേ നിർണ്ണായകമായ ഈ ‘ഗോൾഡൻ അവറിൽ’ (ഒന്നര മണിക്കൂറിനുള്ളിൽ) ആശുപത്രിയിൽ എത്തിച്ചേരാൻ സാധിച്ചിരുന്നുള്ളൂ.
ഏകദേശം 85 ശതമാനം ആളുകൾക്കും പലവിധ തടസ്സങ്ങൾ കാരണം ഈ നിർണ്ണായക സമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല. ഇത് സംഭവിക്കുമ്പോൾ, തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്ത തരത്തിലുള്ള ആഘാതം ഹൃദയ പേശികൾക്ക് സംഭവിച്ചു കഴിഞ്ഞിരിക്കും. അങ്ങനെ സംഭവിക്കുന്ന അവസരത്തിൽ, ഡോക്ടർമാർ എത്ര ശ്രമിച്ചാലും രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട്, രോഗലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിയാനും സ്വയം ചികിത്സകനാകാതെ, ചികിത്സയും രോഗനിർണ്ണയവും ഒരു വിദഗ്ദ്ധ ഡോക്ടർക്ക് വിട്ടുകൊടുക്കാനും രോഗി തയ്യാറാകണം. ഇതിനായി, വിദഗ്ദ്ധനായ ഒരു ഡോക്ടറെ സമീപിക്കുകയും, അത്തരമൊരു ആശുപത്രിയിലേക്ക് മാത്രം പോവുകയും ചെയ്യുക. ഹൃദയാഘാതമാണെങ്കിൽ, ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യുക എന്നതാണ് ചികിത്സയിലെ ഏറ്റവും പ്രധാനം.
മാധ്യമങ്ങളിൽ പലപ്പോഴും വരുന്ന വാർത്തകൾ ഡോക്ടർമാരെ വ്യക്തിപരമായി അക്രമിക്കാനും കുറ്റപ്പെടുത്താനും ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ, സാധാരണക്കാർക്ക് ഹൃദയത്തിൻ്റെയും ഹൃദയ പേശികളുടെയും സമയ പരിധിയെക്കുറിച്ചോ ചികിത്സയുടെ സങ്കീർണ്ണതകളെക്കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരിക്കില്ല.
കേരളത്തിൽ 200-ൽ പരം കാത്ത് ലാബുകൾ നിലവിലുണ്ട്. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പോലും, ഹൃദയത്തിലേക്കുള്ള രക്തം കട്ടപിടിക്കുന്നത് തടഞ്ഞ് അത് അലിയിച്ചു കളയാനുള്ള മരുന്ന് നൽകുന്ന ചികിത്സാ സംവിധാനം പല ആശുപത്രികളിലുമുണ്ട്. പ്രൈമറി ആൻജിയോപ്ലാസ്റ്റിയുടെ അത്ര ഫലപ്രദമല്ലെങ്കിലും, ഇത് ഒരു പരിധി വരെ പ്രയോജനകരമാണ്.
ഈ ചികിത്സയ്ക്ക് വിധേയനാകാനുള്ള കാലതാമസമാണ് ഹൃദയ പേശികളുടെ സംഘോചന ശേഷിയെ ബാധിക്കുകയും, അത് ഹൃദയസ്തംഭനത്തിലേക്കും ഹൃദയ പരാജയത്തിലേക്കും നയിക്കുകയും ചെയ്യുന്നത്. ഹൃദയ പേശികളുടെ സംഘോചന ശേഷി നശിക്കുമ്പോൾ, രക്തം കെട്ടിക്കിടന്ന് ശ്വാസതടസ്സം ഉണ്ടാകുന്നു. കൂടാതെ, ഹൃദയ സ്പന്ദന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. വൈകി ചികിത്സ തേടുന്നവർക്ക് മാരകമായ സ്പന്ദന വൈകല്യങ്ങൾ ഉണ്ടായി പെട്ടെന്ന് മരണം സംഭവിക്കാം.
ഡോക്ടർമാർ ദൈവങ്ങളല്ല; മാധ്യമവിചാരണകൾക്കെതിരെ
സമൂഹത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്, ഏതൊരവസ്ഥയിലും രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ ഡോക്ടർമാർ അവരെ സുഖമായി തിരികെ അയക്കും എന്ന ചിന്തയാണ്. എന്നാൽ എല്ലാ രോഗങ്ങളും രോഗസ്വഭാവങ്ങളും ഡോക്ടർമാരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവയല്ല. എത്ര വിദഗ്ദ്ധനായ ഡോക്ടർ ആണെങ്കിൽ പോലും, രോഗത്തിൻ്റെ തീവ്രതയും ഗുരുതരാവസ്ഥയും പരിമിതമാണ്.
ഒരു ഡോക്ടർ എന്നാൽ ദൈവമല്ല. അവർ പഠിച്ച അറിവിൻ്റെയും അനുഭവത്തിൻ്റെയും വെളിച്ചത്തിൽ തങ്ങൾക്കറിവുള്ള ചികിത്സാ വിദ്യ രോഗിയിൽ പ്രയോഗിക്കുകയും അതിലൂടെ ഫലം കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്നാൽ, ഡോക്ടറുടെ ഭാഗത്തുനിന്ന് ചികിത്സയിൽ പാളിച്ചകളോ അശ്രദ്ധയോ ഉണ്ടാകാൻ പാടില്ല എന്നതിൽ യാതൊരു സംശയവുമില്ല. തങ്ങളുടെ കഴിവിൻ്റെ പരമാവധി ശ്രദ്ധയോടെ ചികിത്സ നൽകാനുള്ള ധാർമ്മിക ഉത്തരവാദിത്തം എല്ലാ ഡോക്ടർമാർക്കുമുണ്ട്.
രോഗത്തിൻ്റെ ഗുരുതരാവസ്ഥയിൽ ഡോക്ടർക്ക് രോഗിയെ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല എന്ന യാഥാർത്ഥ്യം സമൂഹവും മനസ്സിലാക്കണം. ഹൃദയാഘാതത്തിൻ്റെ ഏറ്റവും ഗുരുതരമായ അവസ്ഥയായ കാർഡിയോജെനിക് ഷോക്ക് ഉണ്ടായാൽ, അമേരിക്കയിലെ ഏറ്റവും വലിയ മായോ ക്ലിനിക്കിൽ പോലും 85-90% വരെയാണ് മരണ സാധ്യത എന്ന് നാം ഓർക്കണം. ഡോക്ടർമാർ മരണത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ സഹായിക്കുന്നവർ മാത്രമാണെന്നും, അവർ ദൈവമല്ലെന്നും, അവരുടെ അറിവിൻ്റെയും അനുഭവപരിചയത്തിൻ്റെയും അടിസ്ഥാനത്തിലാണ് അവർ ചികിത്സിക്കുന്നതെന്നും പൊതുജനം മനസ്സിലാക്കണം.
content summary: Treatment Delayed for 85% of Heart Patients in Kerala as the ‘Golden Hour’ is Lost
This post was last modified on November 8, 2025 12:39 pm
Leave a Comment