June 26, 2026 |
Share on

ഫ്ലഡിയെ തേടുന്നവർ ദയവായി ബന്ധപ്പെടുക

പ്രളയത്തില്‍ ഒഴുകിവന്ന നായ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു

ജോഷി സംവിധാനം ചെയ്ത ‘നരൻ’ എന്ന സിനിമയിൽ മലവെള്ള പാച്ചിലിൽ ഒരാട് ഒഴുകി വരുന്ന രംഗം ഉണ്ട്. നായകകഥാപാത്രമായ മോഹൻലാൽ ആടിനെ രക്ഷിക്കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്യുന്നു. ഓരോ കഠിനമായ അനുഭവങ്ങളും പലപ്പോഴും മഹത്തായ കൃതികൾക്കുള്ള ഹേതുവാകാറുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരി ദർശിച്ച കേരളീയരുടെ ജീവിതം പതിയെ മുന്നോട്ടു പോകുമ്പോൾ നൊമ്പരപ്പെടുത്തുന്ന, ചെറു ചിരി സമ്മാനിക്കുന്ന ഒത്തിരി ഒത്തിരി സംഭവ വികാസങ്ങളാൽ സമ്പന്നമാണ്.

പ്രളയത്തിൽ ഒഴുകി വന്ന ഒരു നായയെ കുറിച്ച് ഇന്ന് ഫെയ്‌സ്‌ബുക്കിൽ ഷിബി പീറ്റർ ഒരു പോസ്റ്റ് പങ്കു വെച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ദൂരെയെങ്ങോ നിന്ന് നീന്തി എത്തിയതുകൊണ്ട് ഫ്ലഡി (Floody) എന്നാണ് ഷിബിയും സുഹൃത്തുക്കളും ഈ അതിഥിയെ വിളിക്കുന്നത്.

“ആദ്യം മുതൽ തൊട്ടുരുമ്മിയും പിന്നാലെ നടന്നും ദീർഘകാല സൗഹൃദം പോലെ അവൻ എങ്ങോട്ടും പോകാതെ കൂടെ കൂടിയിരിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇങ്ങിനെയെങ്കിൽ അവന്റെ വീട്ടുകാർക്ക് ഫ്ലഡി എത്ര പ്രിയപ്പെട്ടവനായിരുന്നിരിക്കണം! ഇരുകൂട്ടരും അന്യോന്യം തേടുന്നുണ്ടാവില്ലേ?” ഷിബി പറയുന്നു.

ഫ്ലഡിയെ തേടുന്നവർ ദയവായി ബന്ധപ്പെടണം എന്ന് ഷിബി പീറ്റർ അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട വിലാസം: തിരുവല്ല, മഞ്ഞാടി. പെണ്ണമ്മ ഭവനം
മൊബൈൽ നമ്പർ: 6282352282 (അജയൻ)

Leave a Reply

Your email address will not be published. Required fields are marked *

×