‘വിമാനങ്ങള്‍ നിറയെ പച്ചനോട്ടുകള്‍’; ഒബാമ ഇറാനിലേക്ക് അയച്ചത് 400 മില്യണ്‍ ഡോളറോ?

ഒബാമ ഭരണകൂടം മധ്യേഷ്യയിലെ മുഴുവന്‍ അധികാരവും അവര്‍ക്ക് അടിയറവ് വെച്ചതായും ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പിട്ട ആണവ കരാര്‍ (JCPOA) അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഇടപാടായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ ഭരണകൂടം വിമാനങ്ങള്‍ നിറയെ പണം ഇറാനിലേക്ക് അയച്ചതായും മധ്യേഷ്യയിലെ മുഴുവന്‍ അധികാരവും അവര്‍ക്ക് അടിയറവ് വെച്ചതായും ട്രംപ് ആരോപിക്കുന്നു.

ഇറാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ഒബാമ ഭരണകൂടം ബോയിംഗ് 757 വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിവാക്കി പണം നിറച്ച് കടത്തിയെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. “വിര്‍ജീനിയ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ ബാങ്കുകളില്‍ നിന്നുള്ള പച്ച നോട്ടുകള്‍ വിമാനങ്ങളില്‍ നിറച്ച് അവര്‍ ഇറാനിലേക്ക് പറത്തി. ഒരു പ്രസിഡന്റിന് ഇത്രയും അധികാരം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു,” ട്രംപ് പരിഹസിച്ചു.

2016-ല്‍ നാല് അമേരിക്കന്‍ തടവുകാരെ ഇറാന്‍ മോചിപ്പിച്ചതിന് പിന്നാലെ 400 മില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സികള്‍ കൈമാറിയത് നേരത്തെ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഷായുടെ കാലഘട്ടത്തിലെ പരാജയപ്പെട്ട ആയുധ കരാറുമായി ബന്ധപ്പെട്ട് ഹേഗില്‍ നിലനിന്നിരുന്ന 1.7 ബില്യണ്‍ ഡോളറിന്റെ നിയമ തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ കൈമാറ്റമെന്നാണ് ഒബാമ അന്ന് വിശദീകരിച്ചിരുന്നത്. ഇത് അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ ലാഭം നേടുന്നതിനുള്ള തന്ത്രപരമായ വിജയമാണെന്നും ഒബാമ അവകാശപ്പെട്ടിരുന്നു.

ആണവ കരാറും പിന്‍വാങ്ങലും

2015-ല്‍ ഒബാമയുടെ നേതൃത്വത്തില്‍ നടന്ന കരാര്‍ പ്രകാരം ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2018-ല്‍ ഈ കരാര്‍ പിഴവുകളുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അമേരിക്കയെ അതില്‍ നിന്നും പിന്‍വലിച്ചു. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇറാന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ ആണവായുധം നേടുമായിരുന്നുവെന്നും അത് ഇസ്രയേലിനും മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

2025 ജൂണില്‍ ഇറാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ എന്ന സൈനിക നടപടിയെയും ട്രംപ് ന്യായീകരിച്ചു. ഇറാന്‍ ആണവായുധം നേടുന്നത് തടയാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ ഏകപക്ഷീയമായ ആക്രമണം നടത്തിയത്. ‘ഇറാന്‍ നമ്മളെ ആദ്യം ആക്രമിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഞങ്ങള്‍ മുന്‍കൂട്ടി നടപടിയെടുത്തു,’ ട്രംപ് പറഞ്ഞു.

ഒബാമയുടെ നയങ്ങള്‍ ഇറാന് കരുത്ത് പകര്‍ന്നപ്പോള്‍, തന്റെ കര്‍ക്കശമായ നിലപാടുകളാണ് മേഖലയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സുരക്ഷ ഉറപ്പാക്കിയതെന്നാണ് ട്രംപിന്റെ അവകാശവാദം.

Content Summary: Trump accuses Obama of flying 400 Million dollar in cash to Tehran

This post was last modified on March 5, 2026 4:23 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment