കൂടിക്കാഴ്ച്ച ആഢംബരമായി നടന്നു; പക്ഷേ ട്രംപ് ചൈന വിട്ടത് വിചാരിച്ചതൊന്നും നടക്കാതെ

നിര്‍ണായക വിഷയങ്ങളില്‍ ധാരണയാകാതെ ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ച സമാപിച്ചു

Trump Xi Jinping summit

ലോകം പ്രതീക്ഷിച്ച കാര്യങ്ങളിലൊന്നും തീരുമാനമാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം സമാപിച്ചു. രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള സൗഹൃദം ഉറപ്പുനല്‍കുന്ന പ്രഖ്യാപനങ്ങളും ആഡംബര പൂര്‍ണ്ണമായ ചടങ്ങുകളും സന്ദര്‍ശനത്തില്‍ ഉടനീളം ദൃശ്യമായെങ്കിലും, തന്ത്രപ്രധാനമായ വിഷയങ്ങളില്‍ വ്യക്തമായ പുരോഗതിയോ തീരുമാനങ്ങളോ ഉണ്ടാക്കാന്‍ ഇരുപക്ഷത്തിനും സാധിച്ചില്ല. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച ട്രംപ് ചൈനയില്‍ നിന്നും മടങ്ങി.

ഇറാനില്‍ തുടരുന്ന നീണ്ടുനില്‍ക്കുന്ന യുദ്ധം കാരണം രാഷ്ട്രീയമായി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ചയ്ക്ക് എത്തിയത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വേദികളില്‍ അമേരിക്കയുടെയും ട്രംപിന്റെയും സ്വാധീനം കുറയുന്നു എന്ന വിലയിരുത്തലുകള്‍ക്ക് മാറ്റം വരുത്താന്‍ ഈ സന്ദര്‍ശനത്തിന് സാധിച്ചില്ല. മറിച്ച്, കൂടിക്കാഴ്ചയില്‍ ഉടനീളം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് കൂടുതല്‍ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിയത്. സ്വയംഭരണ പ്രദേശമായ തായ്വാന്റെ ഭാവി പദവിയെക്കുറിച്ച് ഷി ജിന്‍പിങ് നടത്തിയ കടുത്ത പരാമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ പോലും ട്രംപ് മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്.

ബെയ്ജിങ്ങിലെ അവസാന പ്രസംഗത്തില്‍, യു.എസും ചൈനയും തമ്മില്‍ ‘അതിശയകരമായ വ്യാപാര കരാറുകളില്‍’ ഏര്‍പ്പെട്ടതായും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ചൈന അമേരിക്കയില്‍ നിന്ന് എണ്ണ, സോയാബീന്‍ എന്നിവയ്ക്ക് പുറമെ 200 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും, ഭാവിയില്‍ ഇത് 750 വിമാനങ്ങള്‍ വരെയായി ഉയര്‍ന്നേക്കാമെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും ചൈനീസ് അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ട്രംപിന്റെ മകന്‍ എറിക് ട്രംപ് എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ഈ ഉച്ചകോടി കേവലം പ്രകടനപരത മാത്രമായിരുന്നുവെന്നും തായ്വാന്‍, ഇറാന്‍, എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യയിലെ മത്സരങ്ങള്‍ എന്നിവയില്‍ ഒരു വഴിത്തിരിവും ഉണ്ടായില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈന വിടുന്നതിനിടെ വൈറ്റ് ഹൗസില്‍ 400 മില്യണ്‍ ഡോളറിന്റെ ബാള്‍റൂം നിര്‍മ്മിക്കാനുള്ള തന്റെ പഴയ പദ്ധതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘ചൈനയ്ക്ക് ഒരു ബാള്‍റൂം ഉണ്ട്, അത് അമേരിക്കയ്ക്കും വേണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിക്കുകയും ചെയ്തു.

അമേരിക്കയിലേക്ക് മടങ്ങുന്ന ട്രംപിനെ കാത്തിരിക്കുന്നത് ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന വലിയ രാഷ്ട്രീയ തലവേദനകളാണ്. ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായ ചൈനയോട്, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക ആവശ്യപ്പെടുന്നുണ്ടോ എന്നും അതിന് ബെയ്ജിങ് തയ്യാറാകുമോ എന്നതുമാണ് പ്രധാന ചോദ്യം. ഇറാന്‍ വിഷയം ചര്‍ച്ച ചെയ്തതായും ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും കടലിടുക്ക് തുറക്കണമെന്നാണ് തങ്ങളുടെയും നിലപാടെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ടത് ഊര്‍ജ്ജ വിതരണത്തിന് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ധനം വാങ്ങുന്നത് തുടരുന്നതിനായി അവരുടേ മേലുള്ള ഉപരോധം നീക്കുന്ന കാര്യം ആലോചിക്കുമെന്ന് ട്രംപ് പിന്നീട് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ചൈന ഇറാന് സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി ഉറപ്പുനല്‍കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും ഇറാനില്‍ വെടിനിര്‍ത്തല്‍ വേണമെന്നുമാണ് ചൈനയുടെയും ആവശ്യം. കാരണം ചൈനയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ പകുതിയും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി ചൈനയുടെ ഉത്തരവാദിത്തമല്ലെന്നാണ് ബെയ്ജിങ്ങിലെ പൊതുവികാരം. ‘ഞാന്‍ എന്തിനാണ് നിങ്ങളുടെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നത്?’ എന്ന ചൈനീസ് പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് സിംഗ്ഹുവ സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഷൗ ബോ അമേരിക്കന്‍ നിലപാടിനെ പരിഹസിച്ചു.

തായ്വാന്‍ വിഷയമാണ് കൂടിക്കാഴ്ചയില്‍ ചൈന ഏറ്റവും പ്രധാനമായി ഉയര്‍ത്തിയത്. തായ്വാന്‍ വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. തായ്വാനോടുള്ള അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ വര്‍ഷം തായ്വാന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന 14 ബില്യണ്‍ ഡോളറിന്റെ വലിയ ആയുധ പാക്കേജ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന സൂചനയും നല്‍കി. ചൈനയെ പ്രകോപിപ്പിക്കാതിരിക്കാന്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ വൈറ്റ് ഹൗസ് ഈ ആയുധക്കരാര്‍ മരവിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ കാര്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായില്ലെങ്കിലും, ചൈനയില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ മോചിപ്പിക്കുന്ന കാര്യം ചൈന പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരു അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ചൈനയുടെ ‘മഹത്തായ പുനരുജ്ജീവനവും’ ട്രംപിന്റെ ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ നയവും കൈകോര്‍ത്തു മുന്നോട്ട് പോകുമെന്ന് ഷി ജിന്‍പിങ് വിരുന്നിനിടെ പറയുകയുണ്ടായി.

മുന്‍കാലങ്ങളില്‍ അമേരിക്ക ചൈനയ്ക്ക് മേല്‍ എപ്പോഴും മേധാവിത്വം പുലര്‍ത്തിയിരുന്ന സ്ഥാനത്ത്, ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തിബാലന്‍സ് തുല്യനിലയില്‍ എത്തിയിരിക്കുകയാണെന്ന് ചൈനീസ് ഗവണ്‍മെന്റ് ഉപദേശകനായ പ്രൊഫസര്‍ വു സിന്‍ബോ നിരീക്ഷിക്കുന്നു. ബെയ്ജിങ്ങിലെ ജനങ്ങള്‍ക്കിടയില്‍ ട്രംപിനെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹം ‘പ്രവചനാതീതനായ’ ഒരു നേതാവാണ് എന്നത് മാത്രമാണ്. ട്രംപ് പറയുന്നത് പോലെയാകില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ എന്നാണ് ബെയ്ജിങ് നിവാസികള്‍ വിലയിരുത്തുന്നത്.

Content Summary: US President Donald Trump concludes his high-stakes China summit with Xi Jinping without major breakthroughs.

This post was last modified on May 16, 2026 9:47 am

അഴിമുഖം ഡെസ്‌ക്:
Leave a Comment