June 04, 2026 |
Share on

‘റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മോദിയുടെ ഉറപ്പ് കിട്ടി’ ; ഇന്ത്യക്ക് ചുമത്തിയിരുന്ന നികുതി കുറച്ച് ട്രംപ്

ട്രംപിനെ പുകഴ്ത്തിയ മോദി, റഷ്യയില്‍ നിന്നും ഇനി എണ്ണ വാങ്ങില്ല എന്ന കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് തന്നതിന്റെ പുറത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

റഷ്യന്‍ അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ, ഇനി മുതല്‍ അവിടെ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മാസങ്ങളോളമായി അമേരിക്ക ചെലുത്തിവന്ന സമ്മര്‍ദ്ദത്തിന് ഒടുവിലാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കും,’ ട്രംപ് കുറിച്ചു. റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നും ഒരുപക്ഷേ വെനിസ്വേലയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറായതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന 25% നികുതി 18% ആയി കുറയ്ക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റ് തടസ്സങ്ങളും ‘പൂജ്യം’ആക്കി കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് മേല്‍ അമേരിക്ക ചുമത്തിയ 25% അധിക നികുതിയും ഇതോടെ പിന്‍വലിച്ചേക്കും.

നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ ‘അതിശയകരമായ വാര്‍ത്ത’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ട്രംപിന്റെ നേതൃത്വം ആഗോള സമാധാനത്തിന് അത്യാവശ്യമാണെന്നും ഇന്ത്യ അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും എക്‌സില്‍ കുറിച്ചു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നതിനെക്കുറിച്ച് മോദി തന്റെ പോസ്റ്റില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.

2022-ലെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തിയപ്പോള്‍, ഇന്ത്യ കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എണ്ണ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി മുതല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാമെന്ന് മോദി ഉറപ്പുനല്‍കിയതായും ട്രംപ് അവകാശപ്പെട്ടു. ‘മോദിയും ഞാനും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിവുള്ളവരാണ്. ഞങ്ങളുടെ ബന്ധം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Summary; Trump claimed PM modi agreed to stop buying oil from Russia, and US president announced plans to cut US tariffs on Indian exports

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×