കാലാവസ്ഥ പ്രതിസന്ധി പരാമർശിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിനോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസിന്റെ വെബ്സൈറ്റിലെ സുപ്രധാന വിവരങ്ങൾ പിൻവലിക്കുകയും, ടൂളുകൾ പ്രവർത്തനരഹിതമായി തീരുകയും ചെയ്തു. ലോസാഞ്ചലസിലെ കാട്ടുത്തീയെ സംബന്ധിച്ച വിവരങ്ങളും വിലയിരുത്തലുകളും അപകടസാധ്യതകളും അടക്കം വെബ്സൈറ്റിൽ നിന്ന് നഷ്ടമായി. ഈ പേജ് ആക്സസ് ചെയ്യാനുള്ള അധികാരം നിങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്ന സന്ദേശവും ലഭിക്കുകയുണ്ടായി. ട്രംപ് ഭരണകൂടത്തിന്റെ ഫെഡറൽ ഏജൻസികളുടെ വിവര പ്രചരണ അധികാരങ്ങളുടെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസിലെ വിവരങ്ങൾ പിൻവലിച്ചത്. സ്ത്രീ-പുരുഷ ലിംഗങ്ങളെ മാത്രം ഉൾപ്പെടുത്തികൊണ്ടുള്ള സമൂഹം ലക്ഷ്യം വെച്ചു കൊണ്ട്, ലിംഗ വൈവിധ്യങ്ങളെ ബഹിഷ്കരിക്കുമെന്ന ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് ഈ വെബ്സൈറ്റ് നീക്കം ചെയ്യൽ.
ഫോറസ്റ്റ് സർവീസ് വെബ്സൈറ്റിലെ മാറ്റങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ്. കാലാവസ്ഥാ വ്യതിയാനത്തെ കേന്ദ്രീകരിച്ചുള്ള ലാൻഡിംഗ് പേജുകൾ തിരിച്ചറിയാനും വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കാനും ഉദ്യോഗസ്ഥർ ഏജൻസിയിലുടനീളമുള്ള വെബ്‌സൈറ്റ് മാനേജർമാരോട് നിർദ്ദേശിച്ചിട്ടുമുണ്ട്. വെബ്സൈറ്റിലെ വിവരങ്ങൾ രേഖപ്പെടുത്താനും വാരാന്ത്യത്തിൽ അവലോകനം നടത്താനും ഒരു സ്പ്രഡ്ഷീറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് യുഎസ്ഡിഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. യുഎസ്ഡിഎയുടെ പ്രാദേശിക കേന്ദ്രങ്ങളിലേക്കും മറ്റ് ഗവേഷക കേന്ദ്രങ്ങളിലേക്കും ബന്ധിപ്പിക്കുന്ന വെബ്സൈറ്റുകൾ ഇപ്പോഴും സജീവമാണെങ്കിലും കാലാവസ്ഥ പ്രതിസന്ധിയോട് പ്രതികരിക്കുന്നതിനുള്ള റോഡ് മാപ്പും കാലാവസ്ഥ പ്രവർത്തന ട്രാക്കറും പ്രവർത്തനരഹിതമാണ്. കാലാവസ്ഥ പ്രതിസന്ധിയുടെ ഫലങ്ങൾ ലഘൂകരിക്കാൻ സാധിക്കുന്ന മാർഗങ്ങളും പ്രധാന വിവരങ്ങളും ഉപകരണങ്ങളും സൈറ്റിൽ അവതരിപ്പിച്ചിരുന്നു.
കർഷകർ മുതൽ അഗ്നിശമന സേനാംഗങ്ങൾ വരെയുള്ള കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി സജ്ജീകരിച്ച ഡസൻ കണക്കിന് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഭരണകൂടം തടഞ്ഞിരിക്കുകയാണ്. ആഗോളതാപനം സംബന്ധിച്ച ഫെഡറൽ നയങ്ങൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. ജോ ബൈഡൻ നടപ്പിലാക്കിയ പരിസ്ഥിതി സംരക്ഷണ നിയമം വലിച്ച ട്രംപ്, പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറുകയും ചെയ്തു.
Content Summary: Trump directs USDA to remove references to climate crisis from its websites
Donald trump USDA climate crisis