‘തോക്കേന്തി’ ട്രംപ്; ഇറാനെതിരേ പുതിയ ഭീഷണി

ചാള്‍സ് രാജാവിന്റെ പിന്തുണ തനിക്കുണ്ടെന്നും ട്രംപിന്റെ അവകാശവാദം

Trump -War Hero-Iran fresh Threat

ഇറാനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ എത്രയും വേഗം വിവേകപൂര്‍വ്വം ചിന്തിക്കണമെന്നും ആണവേതര കരാറില്‍ ഒപ്പിടാന്‍ തയ്യാറാകണമെന്നുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ പട്ടണങ്ങള്‍ ബോംബിട്ട് തകര്‍ക്കുന്ന ചിത്രത്തോടൊപ്പം, തോക്കേന്തി നില്‍ക്കുന്ന സ്വന്തം ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ പുതിയ താക്കീത്. ‘ഇനി മാന്യത പ്രതീക്ഷിക്കണ്ട’ എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇറാന്‍ കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്നും അവര്‍ക്ക് ഒരു കരാറില്‍ ഒപ്പിടാന്‍ അറിയില്ലെന്നും ട്രംപ് വിമര്‍ശിച്ചു.

ഇറാനെതിരെയുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇറാനിയന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീട്ടാനും ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്.

സമാധാന ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായതും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുന്നതും കണക്കിലെടുത്താണ് ഉപരോധം തുടരാന്‍ ട്രംപ് തീരുമാനിച്ചത്. മറ്റ് മാര്‍ഗങ്ങളേക്കാള്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഏറ്റവും അനുയോജ്യം തുറമുഖങ്ങള്‍ വഴിയുള്ള ഉപരോധമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യോഗങ്ങളിലും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തില്‍ വീണ്ടും ബോംബാക്രമണം നടത്തുന്നതോ അല്ലെങ്കില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുന്നതോ വലിയ അപകടസാധ്യതകള്‍ക്ക് കാരണമാകുമെന്ന് ട്രംപ് വിശ്വസിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഏപ്രില്‍ 13 മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ള കപ്പല്‍ ഗതാഗതം അമേരിക്കന്‍ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണ്.

ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്ന തന്റെ നിലപാടിനോട് ചാള്‍സ് രാജാവും യോജിക്കുന്നുവെന്നാണ് ട്രംപ് ഇപ്പോള്‍ അവകാശപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന വിരുന്നിലാണ് ട്രംപ് ഇക്കാര്യം പരസ്യമാക്കിയത്. താന്‍ വിശ്വസിക്കുന്നതിനേക്കാള്‍ ശക്തമായി ചാള്‍സ് തന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന ട്രംപിന്റെ വാക്കുകള്‍ രാജകുടുംബത്തിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാത്ത രാജാവിന്റെ അഭിപ്രായങ്ങള്‍ പുറത്തുവന്നത് കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കി.

ഇറാന്‍ വിഷയത്തില്‍ തങ്ങള്‍ സൈനികമായി മുന്നേറുകയാണെന്നും ആ രാജ്യം ഒരിക്കലും ആണവായുധം നേടില്ലെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം വളരെ സൂക്ഷ്മമായ പ്രതികരണമാണ് നല്‍കിയത്. ആണവായുധ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടരുന്ന ദീര്‍ഘകാലമായുള്ള നയങ്ങളെക്കുറിച്ച് രാജാവ് ബോധവാനാണെന്ന് കൊട്ടാരം വക്താവ് വ്യക്തമാക്കി.

Content Summary: US President Donald Trump issues new threat to Iran and will extend the blockade of Hormuz. ‘No More Mr. Nice Guy’

This post was last modified on April 29, 2026 6:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment