June 14, 2026 |
സുമ സണ്ണി
സുമ സണ്ണി
Share on

സാമ്പത്തിക ഞെരുക്കത്തില്‍ അമേരിക്ക; ട്രംപിന്റെ തന്ത്രത്തിന് പിന്നിലെന്ത്?

അമേരിക്കയുടെ ദേശീയ കടം 36 ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ ആണ്

കൈയയച്ച് ചെലവ് ചെയ്തിരുന്ന അമേരിക്കക്കാര്‍ പെട്ടെന്ന് കുത്തനെ ചെലവുകള്‍ വെട്ടി കുറച്ചിരിക്കുകയാണ്. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം മിച്ചം പിടിക്കാന്‍ സാധിക്കുന്ന രീതിയിലെല്ലാം പണം സൂക്ഷിക്കുന്ന ഒരു രീതിയിലേക്ക് പെട്ടെന്ന് സാധാരണ അമേരിക്കക്കാര്‍ നീങ്ങിയിരിക്കുന്നു. ജിഡിപി വളര്‍ച്ച മന്ദഗതിയിലാകുന്നു, ബിസിനസ് നിക്ഷേപം മന്ദഗതിയിലാണ്, ഉപഭോക്തൃ വികാരം വഷളായി, തൊഴിലില്ലായ്മ ക്ലെയിമുകള്‍ കൂടുന്നു, പണപ്പെരുപ്പം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെ ‘എവിടെ തിരിഞ്ഞു നോക്കിയാലും, അവിടെല്ലാം പ്രശ്‌നങ്ങള്‍ മാത്രം’ എന്ന അവസ്ഥയിലേക്ക് ആണ് അമേരിക്ക എത്തിയിരിക്കുന്നത്. ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ അനന്തര ഫലങ്ങള്‍ സമ്പദ് വ്യവസ്ഥ അനുഭവിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അമേരിക്കന്‍ നിത്യോപയോഗ സാധന വിപണി പിണങ്ങിത്തുടങ്ങി. ചുങ്കങ്ങളും സാമ്പത്തിക നയമാറ്റങ്ങളും കൊണ്ടുവരുന്നതിന് മുന്‍പേ തന്നെ അമേരിക്കയുടെ വളര്‍ച്ച കുറയുമെന്ന് ട്രംപ് മുന്‍കൂട്ടി കണ്ടിരുന്നോ? അതോ ‘അമേരിക്ക ഗ്രേറ്റ് എഗൈന്‍’ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കരുതിക്കൂട്ടി പ്രശ്‌നങ്ങളിലേക്ക് നയിച്ച ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സമ്പദ് വ്യവസ്ഥയെ ഒരുക്കുകയാണോ? Trump pushing America into recession?

കഴുത്തോളം കടം

അമേരിക്കയുടെ ദേശീയ കടം 36 ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ ആണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതുവരെ കാണാത്ത ഒരു നിലവാരമാണ് പണപ്പെരുപ്പ നിരക്കില്‍ ഉണ്ടായത്. പലിശ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണ് കടം ഇരട്ടിയായി വര്‍ദ്ധിച്ചത്. കടം-ജിഡിപി അനുപാതം നിലവില്‍ 120%-ല്‍ കൂടുതലാണ്. അതായത് കടം സമ്പദ്വ്യവസ്ഥയെ കവച്ചുവയ്ക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. ദേശീയ കടം ഓരോ 100 ദിവസത്തിലും 1 ട്രില്യണ്‍ ഡോളര്‍ വീതം വളരുകയാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അമേരിക്കന്‍ സര്‍ക്കാരിന്റെ കടം പെരുകുന്നതിനാല്‍ വരുമാനത്തില്‍ നിന്ന് ചെലവ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലെത്തി എന്ന് ചുരുക്കം.

Donald trump

സമ്മര്‍ദ്ദം കൂട്ടിയത്

നികുതി ഇളവുകള്‍, പ്രത്യേകിച്ച് മുന്‍ ഭരണകൂടങ്ങളുടെ കീഴില്‍ നടപ്പിലാക്കിയവ, സര്‍ക്കാര്‍ വരുമാനം കുറയ്ക്കുന്നതിനും കമ്മി വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. സാമൂഹിക സുരക്ഷ, മെഡികെയര്‍ തുടങ്ങിയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ദ്ധിക്കുന്നതും ജനങ്ങള്‍ക്ക് പ്രായമാകുന്നതും ഫെഡറല്‍ ബജറ്റില്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ പോലുള്ള പ്രധാന സംഘര്‍ഷങ്ങളും, 2008 ലെ സാമ്പത്തിക പ്രതിസന്ധി, കോവിഡ്-19 പാന്‍ഡെമിക് പോലുള്ള സാമ്പത്തിക മാന്ദ്യങ്ങളും, വായ്പയെടുക്കല്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി.

മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതിന്റെ പിന്നിലെ രഹസ്യം

ഉയര്‍ന്ന കടബാധ്യത മൂലം പലിശനിരക്കുകള്‍ ഉയരുന്നത് വീണ്ടും പ്രശ്‌നങ്ങള്‍ കൂട്ടുകയാണ്. ഇത് നിക്ഷേപത്തെയും സാമ്പത്തിക വളര്‍ച്ചയെയും സ്തംഭിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ കടബാധ്യതയുടെ ഭാരം കുറക്കാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു എന്ന തിയറികള്‍ക്ക് പ്രസക്തി ഏറി വരികയാണ്. സമ്പദ് വ്യവസ്ഥയില്‍ ചെറിയൊരു മാന്ദ്യം ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുകയുള്ളൂ. ചുങ്കങ്ങളും, ട്രംപ് കൈകൊണ്ട പുതിയ സാമ്പത്തിക നയങ്ങളും ഇത്തരത്തില്‍ കരുതിക്കൂട്ടി ഒരു ‘മാന്ദ്യ അവസ്ഥയിലേക്ക്’ അമേരിക്കയെ എത്തിക്കാന്‍ ശ്രമിക്കുന്നു എന്ന വാദഗതി ഇത്തരമൊരു ലെന്‌സിലൂടെ നോക്കുമ്പോള്‍ ശരിയാണ് എന്ന് തോന്നും. പലിശ നിരക്കുകള്‍ കുറച്ചാല്‍ സര്‍ക്കാരിന് പരോക്ഷമായി അത് നേട്ടമാകും എന്ന ആശയം മാനത്ത് കണ്ടാണ് ട്രംപ് ‘അമേരിക്ക ഫസ്റ്റ്’ എന്ന കാര്യം പറഞ്ഞുകൊണ്ട് കൃത്രിമമായി മാന്ദ്യം സൃഷ്ടിക്കുന്നത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വാദം. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന കടം ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും ഇത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാമെന്നും ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ മാന്ദ്യ സാധ്യതയില്‍, ‘കര്‍ശനമായ ക്രെഡിറ്റ് ആവശ്യകതകളും’ വര്‍ദ്ധിച്ചുവരുന്ന പലിശ നിരക്കുകളും കാരണം കടം തിരിച്ചടവ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറിയേക്കാം എന്ന മുന്നറിയിപ്പുകളും സാമ്പത്തിക ശാസ്ത്രജ്ഞര്‍ ട്രംപിന് നല്‍കിക്കഴിഞ്ഞു. കടം തിരിച്ചടവും, മാന്ദ്യവും തിരിഞ്ഞു കൊത്തുന്ന അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും ചില രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തിക്കാണിക്കുന്നു.

സുസ്ഥിര സമ്പത്ത് വ്യവസ്ഥയിലേക്കുള്ള ഒരുക്കം

‘മാന്ദ്യം’ ആദ്യം കയ്ക്കുമെങ്കിലും പിന്നെ മധുരിക്കും എന്ന ചിന്താഗതി സാമ്പത്തിക ലോകത്തുണ്ട്. മാന്ദ്യത്തിന് ഹ്രസ്വകാലത്തില്‍ മോശം പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെങ്കിലും, ചില സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്, അവ ദീര്‍ഘകാല സാമ്പത്തിക ആരോഗ്യത്തിന് ആവശ്യമാണ് എന്നാണ്. അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഭാവി വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനും മാന്ദ്യം സഹായിക്കും എന്ന വാദഗതി ഉയര്‍ത്തുന്നവരാണ് ഇവര്‍. പല രീതിയിലുള്ള വാദഗതികളാണ് അവര്‍ മാന്ദ്യത്തിന്റെ ശക്തിയെ കുറിച്ച് പറയുമ്പോള്‍ വിശദീകരിക്കുന്നത്.

* ഡിമാന്‍ഡ് കുറച്ചുകൊണ്ടും വേതന വളര്‍ച്ച മന്ദഗതിയിലാക്കുന്നതിലൂടെയും പണപ്പെരുപ്പം കുറയ്ക്കാന്‍ മാന്ദ്യം സഹായിക്കും.

* ചില മേഖലകളിലെ ‘അമിത നിക്ഷേപം’ പോലുള്ള വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ സഹായിക്കും.

* അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, മാന്ദ്യം ഭാവിയില്‍ സുസ്ഥിരവും കൂടുതല്‍ സന്തുലിതവുമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.

മാന്ദ്യകാലത്ത് എന്താണ് പ്രതീക്ഷിക്കേണ്ടത്

രണ്ട് പാദത്തില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ചയില്‍ മുരടിപ്പ് ഉണ്ടാകുന്നതാണ് മാന്ദ്യം എന്നു പറയാമെങ്കിലും, അതില്ലാതെ തന്നെ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ അമേരിക്കയില്‍ കണ്ടു തുടങ്ങി. ഉത്പാദനം, ഉപഭോഗം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഇടിവാണ് മാന്ദ്യത്തിന്റെ പ്രത്യേകത. ബിസിനസുകള്‍ ബുദ്ധിമുട്ടുമ്പോള്‍, അവര്‍ ജോലികള്‍ വെട്ടിക്കുറച്ചേക്കാം, ഇത് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് നയിച്ചേക്കാം. അതുപോലെ മാന്ദ്യകാലത്ത് നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കുമ്പോള്‍ ഓഹരി വിലകള്‍ കുറയാന്‍ സാധ്യതയുണ്ട്. ഇതെല്ലാം സാമ്പത്തിക വ്യവസ്ഥയിലെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും അസ്ഥിരതയിലേക്ക് നയിക്കുകയും ചെയ്യും. അതുപോലെ മാന്ദ്യകാലത്ത് ബിസിനസുകള്‍ വേതനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസ്ഥകളിലൂടെ അമേരിക്കയെ കടത്തിവിടാനാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അനുമാനം. എന്നാല്‍ മാന്ദ്യം എപ്പോള്‍, എത്രത്തോളം രൂക്ഷമാകുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്.

ഇപ്പോള്‍ എടുക്കുന്ന നയങ്ങളെ ആശ്രയിച്ച് വരും മാസങ്ങളില്‍ മാന്ദ്യത്തിന്റെ ആഘാതം വ്യത്യാസപ്പെടാം. അതുപോലെ ഒരു മാന്ദ്യം ഉണ്ടായാല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ വ്യക്തികളും, കുടുംബങ്ങളും, ബിസിനസുകളും ബുദ്ധിമുട്ടും. എന്നാല്‍ മാന്ദ്യം വെല്ലുവിളി നിറഞ്ഞതാകാമെങ്കിലും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥിരതയുള്ളതും സുസ്ഥിരവുമായ ഒരു സമ്പദ്വ്യവസ്ഥയിലേക്ക് അമേരിക്കയെ നയിക്കും എന്ന വിശ്വാസമാണ് ട്രംപിന്
ഉള്ളത് എന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍.

നേരിടേണ്ട വെല്ലുവിളികള്‍

സാമ്പത്തിക മാന്ദ്യകാലത്ത്, കടം കൊടുക്കുന്നവര്‍ പലപ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കുകയും അവരുടെ വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്‌തേക്കാം. ഇത് വായ്പക്കാര്‍ക്ക് റീഫിനാന്‍സ് ചെയ്ത മോര്‍ട്ട്‌ഗേജുകള്‍ ഉള്‍പ്പെടെയുള്ള വായ്പകള്‍ക്ക് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാക്കും. സാമ്പത്തിക മാന്ദ്യകാലത്ത് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പലിശ നിരക്കുകള്‍ തുടക്കത്തില്‍ കുറഞ്ഞേക്കാം, എന്നാല്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുമ്പോള്‍ അവ ഉയരുകയും ചെയ്യാം; ഇത് കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാക്കിയേക്കാം എന്ന വാദഗതിയുണ്ട്. സാമ്പത്തിക മാന്ദ്യം തൊഴില്‍ നഷ്ടത്തിനും, വരുമാന അസ്ഥിരതയ്ക്കും ഇടയാക്കും. ഇത് വായ്പക്കാര്‍ക്ക് തിരിച്ചടവ് ബുദ്ധിമുട്ടാക്കുന്നു. കടങ്ങള്‍ ഏകീകരിക്കുന്നതിനും പലിശ ചെലവുകള്‍ കുറയ്ക്കുന്നതിനും പേയ്മെന്റുകള്‍ ലളിതമാക്കുന്നതിനും മാന്ദ്യം ഒരു നല്ല സമയമായിരിക്കാം. എന്നാല്‍ അനുകൂലമായ റീഫിനാന്‍സിംഗ് നിബന്ധനകള്‍ ഉറപ്പാക്കുന്നതിന് ശക്തമായ ക്രെഡിറ്റ് സ്‌കോര്‍ ഒരു പ്രധാന കാര്യമാണ്.

us stock wall street

കടം-വരുമാന അനുപാതത്തെ അടിസ്ഥാനമാക്കിയാണ് വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് കടം കൊടുക്കുന്നവര്‍ വിലയിരുത്തുന്നത്. അതിനാല്‍ കൈകാര്യം ചെയ്യാവുന്ന ഒരു കടം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ചുരുക്കി പറഞ്ഞാല്‍ മാന്ദ്യകാലത്ത്, തൊഴില്‍ സുരക്ഷ ആണ് ഏറ്റവും പ്രധാനമായ ഒരു കാര്യം. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുമ്പോള്‍, പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കാം. അതിനാല്‍ ഭാവിയില്‍ ഉയര്‍ന്ന പേയ്മെന്റുകള്‍ക്കുള്ള സാധ്യതയെക്കുറിച്ച് കടം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കണം

അടിത്തറ തോണ്ടിയുള്ള ലക്ഷ്യങ്ങള്‍

തെറ്റായ കണക്കുകൂട്ടലുകള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ അമേരിക്കയില്‍ ഏറെയാണ്. ട്രംപിനുള്ള പിന്തുണയും കുറയുന്നതായാണ് സോഷ്യല്‍ സര്‍വ്വേകള്‍ കാണിക്കുന്നത്. എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം, നിത്യോപയോഗ ചെലവുകള്‍ പോലും നടത്താന്‍ പോക്കറ്റില്‍ നിന്ന് കൂടുതല്‍ ചെലവിടേണ്ടി വരുമ്പോള്‍ ട്രംപിന് വോട്ട് ചെയ്തവരും മാറി ചിന്തിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. പൊതുജനങ്ങളുടെ വിശ്വാസം തകര്‍ത്തുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളും, ചുങ്കങ്ങളും അമേരിക്കയെ വീണ്ടും വളര്‍ത്തുമോ അതോ തളര്‍ത്തുമോ എന്ന് നോക്കിയിരുന്നു കാണാം.Trump pushing America into recession?

Content Summary: Trump pushing America into recession?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×