July 14, 2026 |
Share on

‘ഒന്നുകില്‍ തകര്‍ക്കുക, അല്ലെങ്കില്‍ കരാറിലെത്തുക; ഇറാന്റെ നിര്‍ദേശം തള്ളി ട്രംപ്‌

പാകിസ്ഥാന്‍ മുഖേന ഇറാന്‍ മുന്നോട്ടുവച്ച് പുതിയ നിര്‍ദേശങ്ങളില്‍ താന്‍ തൃപ്തനല്ലെന്നാണ് ട്രംപ് പറയുന്നത്

യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ മധ്യസ്ഥത വഴി ഇറാന്‍ സമര്‍പ്പിച്ച് പുതിയ നിര്‍ദേശങ്ങള്‍ നിരാകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അവ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്. ‘ഒന്നുകില്‍ അവരെ തകര്‍ക്കുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക’ എന്നതാണ് തന്റെ മുന്നിലുള്ള വഴികളെന്നും, തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇറാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുദ്ധകാല നിയമപ്രകാരം കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ശത്രുത തുടരാനുള്ള 60 ദിവസത്തെ സമയപരിധി ട്രംപ് അവഗണിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഈ സമയപരിധിയെ മരവിപ്പിച്ചിരിക്കുകയാണെന്ന വൈറ്റ് ഹൗസിന്റെ വ്യാഖ്യാനം നിയമവിദഗ്ധര്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. വിയറ്റ്നാം യുദ്ധകാലത്തെ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ട്രംപ് ആരോപിച്ചു.

പാകിസ്ഥാന്‍ നടത്തിയ ഊര്‍ജ്ജിതമായ നയതന്ത്ര നീക്കങ്ങളുടെ ഫലമായാണ് പുതിയ നിര്‍ദ്ദേശം ഇറാന്റെ ഭാഗത്തുനിന്നുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഇറാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാകിസ്ഥാന് കൈമാറിയത്. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്ന സുപ്രധാന ദൗത്യമാണ് ഇസ്ലാമാബാദ് നിര്‍വ്വഹിക്കുന്നത്. ഒരു കരാര്‍ സാധ്യമാണെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, വിട്ടുവീഴ്ചയില്ലാത്ത അമേരിക്കയുടെ നിലപാടും ഇറാന്റെ കടുംപിടുത്തവും വെല്ലുവിളിയാകുന്നുണ്ട്.

യുദ്ധം മൂലം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ തകരുന്നതില്‍ ഇസ്ലാമാബാദ് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം കാരണം പാകിസ്ഥാന്റെ ഊര്‍ജ്ജ ഇറക്കുമതി ചെലവ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരണമോ അതോ നയതന്ത്ര പാത സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇറാനിലും ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മെയ് 14, 15 തീയതികളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ഇറാന്റെ നീക്കം.

ഏപ്രിലില്‍ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും കരാറിനടുത്തെത്തിയിരുന്നെങ്കിലും പിന്നീട് ബന്ധം വഷളായി. ആണവ പരിപാടി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ അംഗീകരിച്ചിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം 10 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനും നിലവിലുള്ള സ്റ്റോക്ക് റഷ്യയിലേക്ക് മാറ്റാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയിലുണ്ട്. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള സമ്പുഷ്ടീകരണത്തെപ്പോലും ട്രംപ് എതിര്‍ക്കുന്നത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്‍ ടോള്‍ പിരിക്കുന്നത് അംഗീകരിക്കില്ലെന്നും അത്തരം കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് ട്രഷറി മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മേഖലയിലെ വിവിധ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്നും സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Summary: Iran has passed a new proposal to Pakistani mediators in the latest effort to end the war with the US, but Donald Trump was not satisfied

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×