താൻ അധികാരത്തിലിരിക്കുമ്പോൾ ചൈന തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉറപ്പുനൽകിയെന്ന് വ്യക്തമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരമാർശം.
ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ചൈന ഒരിക്കലും തായ്‌വാനെ ആക്രമിക്കില്ലെന്നാണ് ഷി ജിൻപിംഗ് പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഷി ജിൻപിംഗിന്റെ പരാമർശത്തിന് താൻ അഭിനന്ദനം അറിയിച്ചതായും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
ഞാനും ചൈനയും വളരെ ക്ഷമയുള്ളവരാണ്. ഞാൻ അമേരിക്കയുടെ പ്രസിഡന്റായി ഉളളടുത്തോളം കാലം ഇങ്ങനെയൊരു ആക്രമണം നടക്കില്ലെന്ന് എനിക്കും ഉറപ്പുണ്ട്, ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.
യുഎസ് പ്രസിഡന്റായുള്ള ട്രംപിന്റെ രണ്ടാം ടേമിൽ ട്രംപും ഷി ജിൻപിങ്ങും തമ്മിൽ ജൂണിൽ ഫോൺ സംഭാഷണം നടന്നിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഷി നേരത്തെ തന്നെ വിളിച്ചിരുന്നതായി ട്രംപ് ഏപ്രിലിൽ പരാമർശിച്ചെങ്കിലും എപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
തായ്‌വാനെ തങ്ങളുടെ പ്രദേശമായാണ് ചൈന കണക്കാക്കുന്നത്. എന്നാൽ ഈ അവകാശവാദത്തെ തായ്വാൻ നിരസിച്ചു. തായ്‌വാന്റെ പ്രധാന ആയുധ വിതരണക്കാരാണ് യുഎസ്. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമുണ്ടെന്നും സമാധാനപാത തുറക്കുമെന്നും പുടിൻ പ്രതികരിച്ചു. തുടർ ചർച്ചക്കായി റഷ്യയിലേക്ക് ട്രംപിനെ പുടിൻ ക്ഷണിച്ചു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.
Content Summary: Trump says Xi Jinping promised not to invade Taiwan during his presidency
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.