പാകിസ്താനിലേക്ക് ട്രംപിന്റെ പ്രതിനിധികള്‍; നയതന്ത്ര പര്യടനവുമായി ഇറാന്‍

ഇസ്ലാമാബാദില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി വിറ്റ്കോഫും കുഷ്‌നറും ചര്‍ച്ചകള്‍ നടത്തും

Iran-US War Talk

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ മധ്യേഷ്യന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫിനെയും ജാരെഡ് കുഷ്‌നറെയും പാകിസ്ഥാനിലേക്ക് അയക്കുന്നു. വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവീറ്റ് വെള്ളിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്ലാമാബാദില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി വിറ്റ്കോഫും കുഷ്‌നറും ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലപ്രദമാവുകയും അത് സമാധാന കരാറിലേക്ക് വഴിവെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ലിവീറ്റ് വ്യക്തമാക്കി.

സമാധാന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍, റഷ്യ, ഒമാന്‍ എന്നിവിടങ്ങളിലൂടെ അരാഗ്ചി പര്യടനം നടത്തുകയാണ്. ഇറാനു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കയും ഇസ്രയേലും ഉറപ്പുനല്‍കുക എന്നത് ടെഹ്റാന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്. മുന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇത്തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നില്ലെങ്കിലും, ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായാല്‍ ഉടന്‍ ഇടപെടാന്‍ പാകത്തില്‍ അദ്ദേഹം ‘സ്റ്റാന്‍ഡ്ബൈ’ ആയി തുടരും. പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി എന്നിവര്‍ യുഎസില്‍ ഇരുന്ന് ചര്‍ച്ചകളുടെ പുരോഗതി നിരീക്ഷിക്കും. ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ച മുഹമ്മദ് ബാഗര്‍ ഘാലിബഫ് ഇത്തവണ പങ്കെടുക്കില്ലെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിന്റെ ഭരണക്രമത്തെക്കുറിച്ച് ഒമാനുമായി അരാഗ്ചി പ്രത്യേക ചര്‍ച്ചകള്‍ നടത്തുമെന്നും വിവരമുണ്ട്.

ഇറാനിയന്‍ തുറമുഖങ്ങളിലെ ഉപരോധം നീക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, തങ്ങളുടെ ആണവ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിക്കണമെന്നുമാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇതിനിടെ, ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് പുതിയൊരു ആശയം ചര്‍ച്ചയിലുണ്ട്. ഇതനുസരിച്ച്, ഇറാന്‍ തങ്ങളുടെ കൈവശമുള്ള 400 കിലോ യുറേനിയം ശേഖരം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിന് പകരമായി ഉപരോധങ്ങള്‍ നീക്കം ചെയ്യാനാണ് ആലോചന. കരാറിന്റെ ഗ്യാരണ്ടറായി ചൈനയെ ഉള്‍പ്പെടുത്താനും ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അരാഗ്ചി റഷ്യ സന്ദര്‍ശിക്കുമ്പോള്‍, ഇറാനിലെ ആണവ ശേഖരം റഷ്യയിലേക്ക് മാറ്റാനുള്ള പഴയൊരു വാഗ്ദാനം അവര്‍ വീണ്ടും മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ട്.

ആണവ വിഷയത്തേക്കാള്‍ ഉപരിയായി രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇറാനിയന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയി വ്യക്തമാക്കി. യുഎസ് മാത്രമല്ല, ചര്‍ച്ചയുടെ ഭാഗമല്ലാത്ത ഇസ്രയേലും ആക്രമണമില്ലാക്കുമെന്ന ഉറപ്പ് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് തങ്ങളുടെ ഭാഗത്തുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും, മുന്‍പ് ധാരണയായ കാര്യങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, പെന്റഗണ്‍ ബ്രീഫിങ്ങില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുഎസിന്റെ നിലപാട് കടുപ്പിച്ചു. തങ്ങള്‍ കരാറിനായി ധൃതി കാണിക്കുന്നില്ലെന്നും യുഎസിന് ധാരാളം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 34 കപ്പലുകളെ ഉപരോധത്തിന്റെ ഭാഗമായി തിരിച്ചയച്ചു. അടുത്ത ആഴ്ചയോടെ രണ്ടാമതൊരു വിമാനവാഹിനിക്കപ്പല്‍ കൂടി ഉപരോധത്തില്‍ പങ്കുചേരും. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ മൈനുകള്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ സൈനികമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷിയായ യൂറോപ്പിന്റെ സൈനികമായ നിഷ്‌ക്രിയത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു. അമേരിക്കന്‍ സൈന്യം ഏത് സമയത്തും യുദ്ധത്തിന് സജ്ജമാണെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ഡാന്‍ കെയ്നും അറിയിച്ചു.

യുഎഇയുടെ നയതന്ത്ര ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് ഇറാനെ രൂക്ഷമായി വിമര്‍ശിച്ചു. ഇറാനുമായുള്ള വിശ്വാസം തിരിച്ചുകിട്ടാന്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നും, ഇനിയുള്ള കാലത്ത് ഇറാന്‍ മേഖലയ്ക്ക് ഒരു വലിയ ഭീഷണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം രണ്ടാഴ്ച കൂടി നീളാന്‍ സാധ്യതയുണ്ടെങ്കിലും, ഇരുരാജ്യങ്ങളും ചര്‍ച്ചകളിലേക്ക് മടങ്ങിയെത്തുന്നത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Summary: Trump Sends Aides to Pakistan to Resume War Talks; Iran’s Foreign Minister Plans Tour of Pakistan, Russia, and Oman

This post was last modified on April 25, 2026 10:42 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment