ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്കിടയില്‍ ഇറാന്‍ പ്രതിനിധികളെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പുറത്തു വന്നിരിക്കുന്നതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളെ വധിക്കുക എന്നത് ഇസ്രയേലിന്റെ ലക്ഷ്യമായിരുന്നുവെന്ന് യുഎസ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ് എന്നീ രണ്ട് നിര്‍ണായക നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ടായിരുന്നു.
ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു വധശ്രമം സമാധാന ചര്‍ച്ചകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് യുഎസ് ഭയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്, മേഖലയിലെ മറ്റ് രാജ്യങ്ങളോട് ഈ രണ്ട് ഇറാനിയന്‍ നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന വിവരം ഇറാനെ അറിയിക്കാന്‍ അമേരിക്ക ആവശ്യപ്പെടുക പോലുമുണ്ടായി. യുദ്ധം തീവ്രമായി നിന്നിരുന്ന സമയത്ത്, ഇറാനിലെ യാഥാസ്ഥിതിക സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അരഗ്ചിയും ഘാലിബഫിയും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളാകാമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനു ശേഷം, ഇറാനിയന്‍ നേതാക്കളെ വധിക്കാനുള്ള ഏത് ശ്രമവും ചര്‍ച്ചകള്‍ അവസാനിപ്പിക്കാനും വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നയിക്കാനും മാത്രമേ കാരണമാകൂ എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
ഫെബ്രുവരി 28-ന് യു.എസ് രഹസ്യാന്വേഷണ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വധിച്ച ഇസ്രയേല്‍ ആക്രമണത്തോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ നാവികസേനയിലും മിസൈല്‍ ശക്തികളിലും കേന്ദ്രീകരിച്ചപ്പോള്‍, ഇസ്രയേല്‍ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പരമാവധി ഉയര്‍ന്ന നേതാക്കളെയും പ്രധാന ഉദ്യോഗസ്ഥരെയും വധിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹിച്ചിരുന്ന, താരതമ്യേന മിതവാദികളായ ഇറാന്റെ മുന്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി, മുന്‍ വിദേശകാര്യ മന്ത്രി കമല്‍ ഖരാസി എന്നിവരെപ്പോലും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വധിച്ചു. ഇരുവരും അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ പങ്കാളികളായിരിക്കെയാണ് കൊല്ലപ്പെട്ടത്.
ഇരു നേതാക്കളെയും വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ സംശയങ്ങള്‍, യുദ്ധത്തിന്റെ തുടക്കത്തില്‍ ഒരുമിച്ച് നിന്ന യു.എസിന്റെയും ഇസ്രയേലിന്റെയും യുദ്ധലക്ഷ്യങ്ങള്‍ എത്ര പെട്ടെന്നാണ് പരസ്പരം വിഘടിച്ചതെന്ന് വ്യക്തമാക്കുന്നു. അമേരിക്ക ഒരു സമാധാന കരാര്‍ ആഗ്രഹിച്ചപ്പോള്‍, ആദ്യ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതു മുതല്‍ ഇസ്രയേല്‍ ഇക്കാര്യത്തില്‍ നിരാശരായിരുന്നു. ഏപ്രിലില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനോട് ഇസ്രയേല്‍ ഭരണകൂടം ഒട്ടും താത്പര്യം കാണിച്ചിരുന്നില്ല. അമേരിക്ക യുദ്ധം വളരെ നേരത്തെ അവസാനിപ്പിക്കുകയാണെന്ന പൊതുജനവികാരവും ഇസ്രയേലില്‍ ഉണ്ടായിരുന്നു. ഇസ്രയേല്‍ വിചാരിച്ചതുപോലെ ഇറാനിലെ ഭരണകൂടം തകരുന്നതിന് പകരം, കൂടുതല്‍ കടുത്ത നിലപാടുകളിലേക്ക് നീങ്ങുകയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) രാജ്യത്തിന്മേലുള്ള നിയന്ത്രണം ശക്തമാക്കുകയുമാണ് ചെയ്തത്.
യു.എസുമായുള്ള വെടിനിര്‍ത്തലിനും ശാശ്വതമായ സമാധാനത്തിനുമായി വിവിധ പ്രാദേശിക രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അരഗ്ചിയും ഘാലിബഫുമാണ്. ജൂണ്‍ മാസത്തില്‍ യു.എസും ഇറാനും തമ്മില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തുടര്‍ച്ചര്‍ച്ചകള്‍ക്കുമായി ഒരു താത്കാലിക കരാറില്‍ എത്തിയിരുന്നു. എന്നാല്‍ ഈ കരാര്‍ ഇസ്രയേലിലെ ഉദ്യോഗസ്ഥരും നിരീക്ഷകരും ഒരു ദുരന്തമായാണ് വീക്ഷിച്ചത്. കാരണം, ഇറാന്റെ ഭരണം അട്ടിമറിക്കുക, അവരുടെ സഖ്യ ശക്തികളെ നശിപ്പിക്കുക, മിസൈല്‍ ശേഷി തകര്‍ക്കുക തുടങ്ങിയ ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളൊന്നും ഈ കരാറിലൂടെ സാധ്യമായില്ല. മാത്രമല്ല, ഈ കരാര്‍ ഇറാനിലേക്ക് കോടിക്കണക്കിന് ഡോളര്‍ എത്തിക്കുമെന്നും, ആണവ മോഹങ്ങള്‍ക്ക് കാര്യമായ നിയന്ത്രണമില്ലാതെ യുദ്ധാനന്തരം രാജ്യം വേഗത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ അവരെ സഹായിക്കുമെന്നും ഇസ്രയേല്‍ ആശങ്കപ്പെടുന്നു. എന്നാല്‍ വാഷിംഗ്ടണിലെ ഇസ്രയേല്‍ എംബസി വക്താവ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഇസ്രയേലിന്റെ പദ്ധതികളെക്കുറിച്ചും ഇറാനുള്ള മുന്നറിയിപ്പിനെക്കുറിച്ചും ചോദിച്ചപ്പോള്‍, അമേരിക്കന്‍-ഇറാനിയന്‍ പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നറും ഖത്തറില്‍ വിജയകരമായ കൂടിക്കാഴ്ചകള്‍ നടത്തിയതായും, സമാധാന പ്രക്രിയ മുന്നോട്ട് പോകാനാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ പട്ടികയില്‍ അരഗ്ചിയും ഘാലിബഫും ഉണ്ടായിരുന്നുവെന്നും എന്നാല്‍ യു.എസ് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ താല്‍ക്കാലികമായി ഇവരെ ഒഴിവാക്കിയതായും കഴിഞ്ഞ മാര്‍ച്ചില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഘാലിബഫ് ഇസ്രയേലിന്റെ പട്ടികയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഭരണകൂടം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതായി യു.എസ്, മിഡില്‍ ഈസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്.
2025 ജൂണില്‍ ഇറാനും ഇസ്രയേലും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിലും, ഈ വര്‍ഷം ഉണ്ടായ യുദ്ധത്തിലും ഘാലിബഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരു മലനിരയ്ക്കടിയിലെ ഭൂഗര്‍ഭ ബങ്കറില്‍ നടന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യ യോഗ സ്ഥലം ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ രണ്ട് തവണയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഘാലിബഫിനെ രക്ഷപ്പെടുത്തിയത്. കടുത്ത സുരക്ഷാ ഭീഷണികള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഘാലിബഫും അരഗ്ചിയും ചര്‍ച്ചാ സംഘവും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി മുന്നോട്ട് പോകുന്നതെന്നും ഇത് രാഷ്ട്രീയ തന്ത്രമല്ല, യഥാര്‍ത്ഥ ത്യാഗമാണെന്നും ഇറാന്റെ പാര്‍ലമെന്റ് അംഗം മൊഹ്‌സിന്‍ സങ്കനേഹ് പറയുകയുണ്ടായി.
ഇസ്രയേല്‍ ആക്രമണങ്ങള്‍ തടയാന്‍ ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഏപ്രിലില്‍ ഇസ്ലാമാബാദില്‍ വെച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്താന്‍ ഘാലിബഫ് നിശ്ചയിച്ചിരുന്നെങ്കിലും, ചര്‍ച്ചകള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ വധശ്രമം നടത്തിയേക്കുമെന്ന് ഇറാന്‍ ഭയന്നു. ഇസ്രയേല്‍ രഹസ്യ ഓപ്പറേഷനുകള്‍ നടത്തില്ലെന്ന് ഉറപ്പാക്കാന്‍ പാകിസ്ഥാന്‍, ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ യു.എസില്‍ നിന്ന് ഗ്യാരണ്ടി തേടിയിരുന്നു. ഇസ്ലാമാബാദിലേക്കും തിരിച്ചുമുള്ള യാത്രയില്‍ 70 പേരടങ്ങുന്ന ഇറാന്‍ പ്രതിനിധി സംഘത്തിന്റെ വിമാനത്തിന് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചു.
എന്നിട്ടും, ടെഹ്റാനിലേക്കുള്ള മടക്കയാത്രയില്‍ ഇസ്രയേലിന്റെ സുരക്ഷാ ഭീഷണി ഉയര്‍ന്നു. ഘാലിബഫ് സഞ്ചരിച്ച വിമാനത്തെ ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായും രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഇറാഖ് അതിര്‍ത്തി വഴി ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും ഇറാന്റെ സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചു. ഘാലിബഫിന്റെ മുതിര്‍ന്ന ഉപദേശകന്‍ മഹ്ദി മുഹമ്മദി ഈ സംഭവം സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമാനം പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മഷ്ഹദ് നഗരത്തില്‍ അടിയന്തരമായി ഇറക്കുകയും, പ്രതിനിധി സംഘം എട്ട് മണിക്കൂറിലധികം റോഡ് മാര്‍ഗം യാത്ര ചെയ്താണ് ടെഹ്റാനില്‍ തിരിച്ചെത്തിയതും. ഈ കടുത്ത ഭീഷണികള്‍ക്കിടയിലും മെയ് മാസത്തില്‍ ഇരുവരും ഖത്തറിലും, ജൂണില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും എത്തി ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്.
Content Summary; US officials feared Israel plotted to assassinate Iran’s top negotiators, Abbas Araghchi and Mohammad Bagher Ghalibaf, to derail delicate peace talks, diverging from Washington’s war aims
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.