June 23, 2026 |
Share on

ട്രംപിന്റെ ഭീഷണികളും ഇറാന്റെ ഇറങ്ങിപ്പോക്കും; സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ഇറാന്‍ സംഘത്തിന്റെ ഇറങ്ങിപ്പോക്ക് ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തിയെങ്കിലും, യു.എസ്, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവരുള്‍പ്പെടുന്ന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടരുകയാണ്.

യു.എസും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി ഇറാന്‍ പ്രതിനിധി സംഘത്തിന്റെ ‘ ഇറങ്ങിപ്പോക്ക്’. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികളില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ സംഘം ചര്‍ച്ചകളില്‍ നിന്ന് താല്‍ക്കാലികമായി ഇറങ്ങിപ്പോയത്. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച മെമ്മോറാണ്ടത്തിലെ ‘പരസ്പര ആക്രമണ വിരുദ്ധ’ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവനകളെന്നാണ് ഇറാന്റെ പരാതി. ഇറാനുമേലുള്ള ഉപരോധങ്ങള്‍ നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ ചില അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍.

ഒരു അന്തിമ കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്‍ വീണ്ടും ആക്രമിക്കപ്പെടുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയും ഫോക്‌സ് ന്യൂസിലൂടെയും ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നും അവിടെ പ്രവേശിക്കുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ തുടങ്ങുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ചര്‍ച്ചാ സംഘത്തെ നേരിട്ട് ലക്ഷ്യമിട്ടും ട്രംപ് ഭീഷണിയുടെ ഭാഷ ഉപയോഗിച്ചു. ഈ പ്രസ്താവനകള്‍ തങ്ങളുടെ വ്യക്തിപരമായ സുരക്ഷയ്ക്ക് പോലുമുള്ള ഭീഷണിയാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ട്രംപിന്റെ ഈ ഭീഷണികളെ ഇറാന്‍ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. തങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ അമേരിക്കന്‍ മുന്നറിയിപ്പുകള്‍ക്ക് കഴിയില്ലെന്നും, വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഇറാന്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന മുഖാമുഖ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന്, ഈ ചര്‍ച്ചകള്‍ നിലച്ചു പോകാതിരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തറും പാകിസ്ഥാനും തീവ്രമായി ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. ഇറാന്റെ വോക്കൗട്ട് ഇപ്പോഴത്തെ ചര്‍ച്ചകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുമോ, അതോ ഒരു പ്രതിഷേധം മാത്രമാണോ എന്ന് വ്യക്തമായിട്ടില്ല.

ഇറാന്‍ പ്രതിനിധി സംഘത്തില്‍ ദേശീയ എണ്ണക്കമ്പനിയുടെയും സെന്‍ട്രല്‍ ബാങ്കിന്റെയും തലവന്മാര്‍ കൂടി ഉള്‍പ്പെട്ടിരുന്നത് ഉപരോധങ്ങള്‍ നീക്കുന്നതിനാണ് ടെഹ്‌റാന്‍ മുന്‍ഗണന നല്‍കുന്നത് എന്നതിന്റെ തെളിവാണ്. ഇറാന്‍ ആണവ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായ എണ്ണ കയറ്റുമതിക്കുമേലുള്ള യു.എസ് ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനും, വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ ലഭ്യമാക്കുന്നതിനുമുള്ള ഒരു കരട് കരാറില്‍ ഇരുപക്ഷവും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ട്രംപ് കടുത്ത ഭാഷ ഉപയോഗിക്കുമ്പോഴും, യു.എസ് പ്രതിനിധി സംഘത്തെ നയിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് തികച്ചും വ്യത്യസ്തമായ നിലപാടാണ് ചര്‍ച്ചകളില്‍ സ്വീകരിക്കുന്നത്. ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വാന്‍സ് പറയുന്നത്, ഇറാനുമായി ഒരു ‘പുതിയ അധ്യായം’ കുറിക്കാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ്. ഇറാന്‍ തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കുകയും മേഖലയിലെ അസ്ഥിരതകള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ ബന്ധം മെച്ചപ്പെടുത്താന്‍ യു.എസ് തയ്യാറാണ്. ലെബനനിലെ അക്രമസംഭവങ്ങള്‍ ഏതൊരു ചര്‍ച്ചകള്‍ക്കിടയിലും ഉണ്ടാകാവുന്ന സാധാരണ കാര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെമ്മോറാണ്ടത്തിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇസ്രയേല്‍ ലെബനനില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാദം യു.എസ് തള്ളിക്കളഞ്ഞു. വാരാന്ത്യത്തില്‍ ഡസന്‍കണക്കിന് കപ്പലുകള്‍ യാതൊരു തടസ്സവുമില്ലാതെ കടലിടുക്കിലൂടെ കടന്നുപോയതായി യു.എസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ബി.ബി.സി പുറത്തുവിട്ട മാരിടൈം ട്രാക്കിംഗ് വിവരങ്ങളും കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ തുടരുന്നതായാണ് കാണിക്കുന്നത്.

ഇറാന്‍ സംഘത്തിന്റെ ഇറങ്ങിപ്പോക്ക് ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തിയെങ്കിലും, യു.എസ്, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവരുള്‍പ്പെടുന്ന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടരുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആര്‍മി ചീഫും, ഖത്തര്‍ പ്രധാനമന്ത്രിയും നേരിട്ട് ചര്‍ച്ചാ വേദിയില്‍ സന്നിഹിതരാണ്. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷക തലവന്‍ റാഫേല്‍ ഗ്രോസിയും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ടെങ്കിലും, ഉപരോധങ്ങളുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടാകുന്നത് വരെ ആണവ പരിശോധനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കരാര്‍ അന്തിമമാക്കാനുള്ള 60 ദിവസത്തെ സമയപരിധി നിലനില്‍ക്കുന്നുണ്ടെങ്കിലും ലെബനന്‍ വിഷയം, ഹോര്‍മുസ് കടലിടുക്ക്, ആണവ കരാര്‍ എന്നിവയില്‍ കൃത്യമായൊരു പരിഹാരത്തില്‍ ഇരുരാജ്യങ്ങളും ഇനിയും എത്തിച്ചേരേണ്ടതുണ്ട്.

Content Summary; US-Iran talks in Switzerland face disruption after the Iranian delegation staged a walkout in protest against threats made by US President Donald Trump regarding the Strait of Hormuz

Leave a Reply

Your email address will not be published. Required fields are marked *

×