ഗാസയെ അമേരിക്ക ഏറ്റെടുത്താൽ എങ്ങനെയായിരിക്കും രൂപമാറ്റം സംഭവിക്കുക, പുതിയ ഗാസയുടെ എഐ ദൃശ്യാവതരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീനികളെ ഗാസയിൽ നിന്ന് മാറ്റി പാർപ്പിക്കാനും അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ട്രംപിന്റെ പദ്ധതിയുടെ ഭാഗമാണിത്. തകർന്ന ഗാസ തെരുവുകളിലൂടെ നടക്കുന്ന ആളുകളെയും തോക്കുധാരികളെയും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഗാസയിൽ അടുത്തത് എന്തെന്ന ചോദ്യത്തിൽ നിന്നാണ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ അത്യാഢംബരപൂർവ്വമായ ഗാസയിലേക്കുള്ള പരിണാമം വീഡിയോ കാണിക്കുന്നത്. ഈ ആഡംബരങ്ങൾ ആസ്വദിക്കുന്ന ട്രംപിന്റെ ഉപദേഷ്ടാവ് ഇലോൺ മസ്കിനെയും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വീഡിയോയിൽ കാണാം. 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പല തവണയായി ഇലോൺ മസ്കിനെ കാണിക്കുന്നുണ്ട്.
വീഡിയോയുടെ ഉറവിടം ഏതാണെന്നോ ആരാണ് നിർമ്മിച്ചതെന്നോ വ്യക്തമല്ല ഇത് സംബന്ധിച്ച വിവരങ്ങൾ ട്രംപ് പങ്ക് വച്ചിട്ടുമില്ല. വീഡിയോ ലിങ്കഡിൻ, എക്സ്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രചരിപ്പിക്കുന്നത്. ട്രംപ് സാമൂഹ്യമാധ്യമത്തിൽ പങ്ക് വച്ച വീഡിയോ ഫ്ലോറിഡ ആസ്ഥാനമായുള്ള വീഡിയോ പ്ലാറ്റ്ഫോമായ റംബിളിൽ നിന്ന് ഡൗൺലോഡ് ചെയ്തത് ആണെന്ന് വീഡിയോയിലുള്ള ആപ്പിന്റെ ലോഗോ വ്യക്തമാക്കുന്നു. പലസ്തീൻ ജനതയെ മാറ്റി പാർപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം അറബ് രാജ്യങ്ങളും പലസ്തീൻ ജനതയും പിൻതള്ളിയിരുന്നു. പലസ്തീനിലെ നിരവധി ആളുകളാണ് കിടപ്പാടം നഷ്ടപ്പെട്ട് അഭയമില്ലാതെ ടെൻ്റുകളിലും മറ്റുമായി താമസിക്കുന്നത്. യഥാർത്ഥമായി എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ട്രംപ് ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അന്തസോടെ ഇനിയുള്ള കാലം ജീവിക്കാൻ ഇസ്രയേലിനോട് ചേർന്ന് തന്നെ ഒരു സ്ഥലം നൽകുകയാണ് വേണ്ടതെന്ന് റഫയുടെ മേയറായ അഹമ്മദ് അൽ സൗഫി പറഞ്ഞു.
ഫെബ്രുവരി ആദ്യത്തോടെയാണ് ലക്ഷകണക്കിന് വരുന്ന പലസ്തീൻ ജനതയെ ഗാസയിൽ നിന്ന് കുടിയിറക്കി ജോർദ്ദാനിലേക്കും ഈജിപ്തിലേക്കും മാറ്റി പാർപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. യുഎസ് ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് പിന്നീട് ഗാസയിൽ അവകാശം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ നീക്കത്തിനെതിരെ യുഎസിന്റെ സഖ്യകക്ഷികളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ ട്രംപിന്റെ നീക്കത്തെ ഇസ്രായേൽ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ബലപ്രയോഗത്തിലൂടെ ഇത് നടപ്പിലാക്കാനാണ് ട്രംപിന്റെ പദ്ധതിയെങ്കിൽ മനുഷ്യാവകാശ ലംഘനമായേ ഇതിനെ പരിഗണിക്കാൻ സാധിക്കൂവെന്ന് വിദഗ്ധർ വ്യക്തമാക്കി. ഈജിപ്തിനെയും ജോർദ്ദാനെയും അനുനയിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പതിനഞ്ച് മാസത്തെ യുദ്ധത്തിന് ശേഷം ജനുവരി മുതൽ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലുണ്ട്. ഇസ്രയേലും ഹമാസും ബന്ദികളയും തടവുകാരെയും പരസ്പരം കൈമാറി കൊണ്ടിരിക്കെയാണ് ട്രംപ് ഗാസ ഏറ്റെടുക്കൽ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നത്.
content summary: Trump shared an AI-generated video that showed the wrecked Gaza Strip transformed into a lavish resort, featuring his name prominently displayed.
This post was last modified on February 27, 2025 11:46 am
Leave a Comment