July 17, 2025 |

ഗ്രാമസഭയില്‍ നിയമവിരുദ്ധ ഒപ്പ് ശേഖരണം; ലക്ഷ്യം മുസ്ലീം വ്യാപാരികളുടെ ബഹിഷ്‌കരണം

കാനിഫ്‌നാഥ് ക്ഷേത്രത്തിലെ വാർഷിക മാധി മേളയിൽ നിന്ന് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ പ്രമേയം പാസാക്കി ​ഗ്രാമത്തലവൻ

മഹാരാഷ്ട്രയിലെ അഹല്യനഗറിലെ പതാർഡി താലൂക്കിലെ മാധി ഗ്രാമത്തിൽ ഒരു പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു. പ്രധാൻമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഭവന നിർമാണത്തിന് അർഹതയുള്ളവരുടെ പട്ടികയെക്കുറിച്ച് ചർച്ച ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ അജണ്ട. എന്നാൽ ഈ അജണ്ടയിൽ ചേർന്ന യോ​ഗത്തിൽ ശേഖരിച്ച ഒപ്പുകൾ മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കുന്നതിനായി ഉപയോ​ഗിച്ചതായി റിപ്പോർട്ടുകൾ പുറത്ത്.

ചരിത്ര പ്രസിദ്ധമായ കാനിഫ്‌നാഥ് ക്ഷേത്രത്തിലെ വാർഷിക മാധി മേള വരാനിരിക്കുകയാണ്. ഈ മേളയിൽ മുസ്ലീം വ്യാപാരികൾ പ്രവേശിക്കുന്നത് ബഹിഷ്‌കരിക്കുന്നതിനാണ് ഈ ഒപ്പുകൾ ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗ്രാമത്തലവനായ സഞ്ജയ് മർകാടിന്റെ നേതൃത്വത്തിൽ നടന്ന ഈ കപട നാടകം മാധി ഗ്രാമത്തെയാകെ അസ്വസ്ഥമാക്കി. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഗ്രാമസഭയിൽ ഇത്തരമൊരു പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമ്മതമില്ലാതെ തങ്ങളുടെ ഒപ്പുകൾ ഈ ആവിശ്യത്തിനായി ഉപയോഗിച്ചതായി പല ആളുകളും ആരോപിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ശിവാജി കാംബ്ലെയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. എന്നാൽ തന്റെ പ്രാഥമിക അന്വേഷണത്തിൽ ഗ്രമസഭാ യോഗത്തിൽ മുസ്‌ലീം കമ്മ്യൂണിറ്റിയെ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച കണ്ടെത്താനായില്ലെന്നും, യോഗത്തിന്റെ അജണ്ട ഭവന പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതായി കാംബ്ലെ വ്യക്തമാക്കി. എന്നാൽ ജില്ലാ കലക്ടർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

ഹിന്ദുത്വ ഗ്രൂപ്പുകളുമായും ആർഎസ്എസുമായും മറ്റ് അനുബന്ധ പാർട്ടികളുമായും ബന്ധം പുലർത്തുന്ന ആളാണ് സഞ്ജയ് മർക്കട്. മുൻവർഷങ്ങളിലുണ്ടായ ക്രിമിനൽ കുറ്റങ്ങൾ കണക്കിലെടുത്താണ് മുസ്ലീങ്ങളെ വിലക്കുന്ന തീരുമാനമെടുത്തതെന്നാണ് ഇയാളുടെ വിശദീകരണം. ഹോളി മുതൽ ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന ഉത്സവവേളയിൽ മുസ്ലീം സമുദായത്തിൽപ്പെട്ട നിരവധി വ്യാപാരികൾ മോഷണവും, ചൂതാട്ടവും പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി മർക്കട് പറഞ്ഞു.

മുസ്ലീം സമുദായത്തിൽപ്പെട്ട ആളുകൾ കുങ്കുമം വിൽക്കുന്നതിന് എത്തും എന്നാൽ നമ്മുടെ സ്ത്രീകൾ എങ്ങനെയാണ് മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് കുങ്കുമം വാങ്ങി അണിയുക എന്നും സഞ്ജയ് ചോദിച്ചു.

അഹല്യനഗറിൽ (മുൻപ് അഹമ്മദ്‌നഗർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) നിന്ന് 50 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷത്രം പല നാടോടി സമുദായങ്ങൾക്കും മതപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ്. എന്നാൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തീവ്ര ഹിന്ദുത്വ സംഘങ്ങളുടെ സ്വാധീനം വർധിച്ചതോടെ ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നുള്ള അവകാശവാദങ്ങൾ ഉയർന്ന് വന്നിരുന്നു.

മാധിയിലെ 200 വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കാനിഫ്‌നാഥ് ഉത്സവത്തിൽ പങ്കെടുക്കാനായി നിരവധി നാടോടികളും കാൽനടയായി എത്താറുണ്ട്.

content summary; Maharashtra Gram Sabha Passes Illegal Resolution to Boycott Muslim Traders

Leave a Reply

Your email address will not be published. Required fields are marked *

×