അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തിയതിന് പിന്നാലെ, ശക്തമായ നടപടികളുമായി ഇന്ത്യ രംഗത്ത്. മറുപടിയായി, ഇന്ത്യ ഒരു പുതിയ വ്യാപാരതന്ത്രം പ്രഖ്യാപിച്ചു. യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ ഉയര്‍ന്ന തീരുവ, ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളായ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകല്‍, രാസവസ്തുക്കള്‍ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വിപണി വിപുലീകരിക്കും
നിലവില്‍ 220 ല്‍ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുത്ത 40 രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഗുണമേന്മയുള്ളതും സുസ്ഥിരവുമായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനാണ് വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നത്. ഈ 40 രാജ്യങ്ങള്‍ പ്രതിവര്‍ഷം 590 ബില്യണ്‍ ഡോളറിന്റെ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. നിലവില്‍ ഈ വിപണിയില്‍ ഇന്ത്യയുടെ വിഹിതം 5-6% മാത്രമാണ്. അതിനാല്‍, ഈ പുതിയ നീക്കം വലിയ വളര്‍ച്ചാ സാധ്യതകള്‍ തുറന്നു നല്‍കുമെന്ന് അധികൃതര്‍ പറയുന്നു.
ഇന്ത്യയുടെ വിപണി വിപുലീകരണ തന്ത്രത്തില്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകള്‍ (ഇപിസി) പ്രധാന പങ്ക് വഹിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അവര്‍ വിപണി സാധ്യതകള്‍ വിശകലനം ചെയ്യുകയും, ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ഇതിലൂടെ, സൂറത്ത്, പാനിപ്പത്ത്, തിരുപ്പൂര്‍, ഭദോഹി തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളെ പുതിയ 40 രാജ്യങ്ങളിലെ വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കും.
കൂടാതെ, അന്താരാഷ്ട്ര വ്യാപാര മേളകളിലും പ്രദര്‍ശനങ്ങളിലും ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഇപിസികള്‍ പ്രവര്‍ത്തിക്കും. ഒപ്പം, ‘ബ്രാന്‍ഡ് ഇന്ത്യ’ എന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക പ്രചാരണം നല്‍കും. കൂടാതെ, സ്വതന്ത്ര വ്യാപാര കരാറുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, കയറ്റുമതിക്ക് ആവശ്യമായ ആഗോള നിലവാരങ്ങളും സര്‍ട്ടിഫിക്കേഷനുകളും എങ്ങനെ നേടാമെന്നും കയറ്റുമതിക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കും.
പല രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നല്‍കുമെന്നും, ഇത് കയറ്റുമതി മേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് വഴി തുറക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
തുണി വ്യവസായം പ്രതിസന്ധിയില്‍
അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ തീരുവ കാരണം തുണി വ്യവസായം വലിയ പ്രതിസന്ധിയിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ദി ഏഷ്യ ഗ്രൂപ്പിന്റെ സീനിയര്‍ അഡൈ്വസറായ മാര്‍ക്ക് ലിന്‍സ്‌കോട്ട് ‘വലിയ തോല്‍വി’യിലേക്കുള്ള മാറ്റമെന്നാണ് വിശേഷിപ്പിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ കനത്ത ഇറക്കുമതി തീരുവ ഇന്ത്യയുടെ പ്രധാന മേഖലകളായ തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍ തുടങ്ങിയവയെ ഗുരുതരമായി ബാധിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തുണി, വസ്ത്ര മേഖലയുടെ മൂല്യം 179 ബില്യണ്‍ ഡോളറായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ 37 ബില്യണ്‍ ഡോളര്‍ കയറ്റുമതിയില്‍ നിന്നാണ്.
50% തീരുവ കാരണം ബംഗ്ലാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 30-31% വരെ അധിക ചെലവ് വരും. ഇത് ഇന്ത്യന്‍ തുണി വ്യവസായത്തെ, യുഎസ് വിപണിയില്‍ നിന്ന് പുറത്താക്കി. ഉപഭോക്താക്കള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറിയാല്‍ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിഥിലേശ്വര്‍ താക്കൂര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ നടപടികള്‍
യുഎസ് ഏര്‍പ്പെടുത്തിയ തീരുവയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി, ഈ ആഴ്ച വാണിജ്യ മന്ത്രാലയം രാസവസ്തുക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാരുമായി ചര്‍ച്ച നടത്തും. കൂടാതെ, കയറ്റുമതി വൈവിധ്യവല്‍ക്കരണത്തിനായി ‘എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ മിഷന്‍’ എന്ന ദീര്‍ഘകാല പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി, അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ടവരുമായി മന്ത്രാലയം കൂടിക്കാഴ്ച നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. Trump tariff; Brand India to be India’s response to the Us
Content Summary: Trump tariff; Brand India to be India’s response to the US
This post was last modified on August 27, 2025 6:11 pm
Leave a Comment