ട്രംപ് തന്റെ ഏറ്റുമുട്ടല്‍ സമീപനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ തുടര്‍ന്നുവന്ന, ‘മൃദു ശക്തി’ എന്നു വിശേഷിപ്പിക്കുന്ന വിദേശ നയത്തില്‍ നിന്നുള്ള വിട്ടുമാറലാകും
ഡേവിഡ് നകമുറ, ജൂലിയറ്റ് എയ്ല്‍പേരിന്‍
ഡൊണാള്‍ഡ് ട്രംപ് മന്ത്രിസഭയില്‍ വിരമിച്ച സൈനിക ജനറല്‍മാരെക്കൊണ്ട് നിറച്ചിരിക്കുകയാണ്. പെന്റഗണിനായി കൂടുതല്‍ പണം ചെലവാക്കണമെന്നും നാവിക സേന വലുതാക്കണമെന്നും ആവശ്യമുന്നയിക്കുന്നു ട്രംപ്. ചൈനക്കും മെക്സിക്കോയ്ക്കും മേല്‍ തീരുവ ചുമത്തുമെന്നും യു.എസ് ആണവായുധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും സൂചന നല്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ ലക്ഷ്യം ട്രംപ് പറയുന്നത് “ശക്തിയിലൂടെ സമാധാനം” നേടുക എന്നാണ്.
ട്രംപ് തന്റെ ഏറ്റുമുട്ടല്‍ സമീപനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ തുടര്‍ന്നുവന്ന, ‘മൃദു ശക്തി’ എന്നു വിശേഷിപ്പിക്കുന്ന വിദേശ നയത്തില്‍ നിന്നുള്ള വിട്ടുമാറലാകും. പകരം ട്രംപ് വിദേശനയത്തെ ഒരിടപാടുരീതിയിലാണ് കാണുന്നതെന്ന് സഹായികള്‍ സൂചിപ്പിക്കുന്നു, ജയിക്കുക എന്നതാണു ലക്ഷ്യം.
എന്നാല്‍ ഇത്തരം വെല്ലുവിളിയും ഭീഷണിയും ട്വിറ്ററിലെ ഗുസ്തിയുമൊന്നുമല്ല അന്താരാഷ്ട്ര രംഗത്ത് വേണ്ടതെന്ന് ഒബാമ ഭരണത്തിലെ മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പറയുന്നു. അമേരിക്കന്‍ നേതൃത്വം, ജനാധിപത്യ മൂല്യങ്ങളുടെ പ്രോത്സാഹനത്തിനും കാലാവസ്ഥാ മാറ്റം, സാമ്പത്തിക വളര്‍ച്ച, ഭീകരത പോലുള്ള ആഗോള വെല്ലുവിളികള്‍ നേരിടാന്‍ യു.എസ് നേതൃത്വത്തിലുമുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ആകര്‍ഷണം കൂടി ഒരുക്കലാണ്. “നിങ്ങളുടെ മുദ്രാവാക്യം ‘ആദ്യം അമേരിക്ക’ എന്നാണെങ്കില്‍ മറ്റുള്ളവര്‍ ചിന്തിക്കും, ‘അപ്പോള്‍ ഞങ്ങളുടെ കാര്യം?’”, പ്രസിഡണ്ട് ബില്‍ ക്ലിന്‍റന് കീഴില്‍ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജോസഫ് നെയേ പറയുന്നു.
യു.എസിന്റെ സാംസ്കാരിക മേന്മ വിദേശത്ത് കാണിക്കാനും കമ്മ്യൂണിസ്റ്റ്, സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്ക് മേല്‍ തങ്ങള്‍ക്കുള്ള ധാര്‍മ്മിക മേന്മ പ്രദര്‍ശിപ്പിക്കാനും മുന്‍ പ്രസിഡണ്ടുമാര്‍ ‘മൃദു ശക്തി’ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. ഈ അടവുകള്‍ സൈനിക, സാമ്പത്തിക ‘കടുത്ത ശക്തി’ക്കു പകരമാകില്ലെങ്കിലും യു.എസിന്റെ ആഗോള കാഴ്ച്ചപ്പാടുകള്‍ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉദാഹരണത്തിന്, സാര്‍വലൌകിക മനുഷ്യാവകാശങ്ങളിലും നിയമവാഴ്ച്ചയിലും അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തെക്കുറിച്ച് പ്രസിഡണ്ട് ഒബാമ സംസാരിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം പാരീസ് കാലാവസ്ഥ ഉടമ്പടി, പസിഫിക് റിം സ്വതന്ത്ര വ്യാപാര കരാര്‍, ഇറാന്‍ ആണവ ധാരണ എന്നിവക്കായി പ്രയത്നിച്ചത്.
ട്രംപാണെങ്കില്‍ പ്രചാരണവേളയിലോ വിജയിച്ചതിന് ശേഷമോ അത്തരം ധാരണകളെക്കുറിച്ച് സംസാരിച്ചിട്ടില്ല. അമേരിക്കക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് പറഞ്ഞു ഒബാമ ഏര്‍പ്പെട്ട അത്തരം കരാറുകളെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. ഐക്യരാഷ്ട്രസഭ വെറും നേരമ്പോക്കിനുള്ള സ്ഥലമാണെന്ന് ഈയിടെ അദ്ദേഹം ട്വീറ്റ് ചെയ്തു. വികസന സഹായത്തിലോ മനുഷ്യാവകാശത്തിലോ അനുഭവസമ്പത്തുള്ള ഒരു വിദേശനയ വിദഗ്ദ്ധനെ ട്രംപ് ഇനിയും നിയമിച്ചിട്ടില്ല. കാലാവസ്ഥാ മാറ്റത്തെ തടയാന്‍ ആഗോള ഹരിതവാതക താപനം കുറക്കേണ്ടതിന്റെ ആവശ്യകതയെ ട്രംപ് നിരന്തരം ചോദ്യം ചെയ്യുന്നു. ഒബാമയുടെ വിദേശനയത്തിന്റെ കേന്ദ്ര അജണ്ടകളിലൊന്ന് അതായിരുന്നു.
ട്രംപിന്റെ ഭരണസംഘം മുഴുവന്‍ ‘കര്‍ക്കശക്കാരായ കക്ഷികളും കാര്‍ക്കശ്യവുമാണ്,’ എന്നാണ് ഒബാമയുടെ കീഴില്‍ അന്താരാഷ്ട്ര സംഘടനകളുടെ വിദേശകാര്യ സഹ സെക്രട്ടറിയായിരുന്ന സൂസന്ന നോസല്‍ പറയുന്നത്. ഇപ്പോള്‍ ഒരു സ്വതന്ത്രാഭിപ്രായ സംഘമായ PEN America-യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സൂസന്‍ പറയുന്നത് “ദുര്‍ബ്ബലര്‍ക്ക് വേണ്ടിയുള്ള ആഗോള നേതൃത്വം യു.എസ് കയ്യൊഴിയുമെന്ന് ആഗോളതലത്തില്‍ ആശങ്കയുണ്ട്” എന്നാണ്.
ഇറാനും ക്യൂബയും പോലുള്ള ‘തെമ്മാടി രാഷ്ട്രങ്ങളു’മായി പാലം പണിയാന്‍ ഒബാമ നടത്തിയ ശ്രമങ്ങളെ തിരുത്തുമെന്നാണ് ട്രംപിന്റെ സംഘം പറയുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്ള യു.എസ് സൈനിക നടപടികളിലും ‘ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ ’ എന്ന മുന്‍ പ്രസിഡണ്ട് ബുഷിന്റെ നയത്തിലും തിരുത്തലുകള്‍ വരുത്തുമെന്ന് വാഗ്ദാനം ചെയ്താണ് ഒബാമ അധികാരത്തിലെത്തിയത്.
മുസ്ലീം ലോകവുമായി പരസ്പരവിശ്വാസം കെട്ടിപ്പടുക്കാനും തങ്ങളുടെ ‘മുഷ്ടികള്‍ അയയ്ക്കാന്‍’ അവര്‍ തയ്യാറാണെങ്കില്‍ ഏകാധിപതികളുമായും ചര്‍ച്ചകള്‍ നടത്താനും ഒബാമ സന്നദ്ധത പ്രകടിപ്പിച്ചു. ബര്‍മ്മയിലും ക്യൂബയിലുമുള്ള സമഗ്രാധിപത്യ ഭരണകൂടങ്ങളുമായി ഏതാണ്ട് അരനൂറ്റാണ്ടു കാലത്തിനുശേഷം ഒബാമ സര്‍ക്കാര്‍ നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു.
ഇറാനുമായുള്ള ആണവക്കരാറും, യു.എസിന്റെ ചില സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതടക്കം ഹവാനയുമായി നയതന്ത്ര ബന്ധവും പുനഃപരിശോധിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാനെക്കുറിച്ച് തീര്‍ത്തും നിഷേധാത്മക സമീപനമുള്ള നിരവധി മുന്‍ജനറല്‍മാരെ തന്റെ സംഘത്തില്‍ ട്രംപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്‍ സൈനിക ലെഫ്റ്റനന്‍റ് ജനറല്‍ മൈക്കല്‍ ടി ഫ്ലിന്നും ഇക്കൂട്ടത്തില്‍പ്പെടും.
ഒബാമ, “സിദ്ധാന്തത്തില്‍ ഉയര്‍ന്നതും, പ്രായോഗികതയില്‍ പിറകിലുമായിരുന്നു,” എന്നാണ് ബുഷ് ഭരണകാലത്ത് പെന്റഗണ്‍ വക്താവും ട്രംപിന്റെ പ്രചാരണവേളയില്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ജെ.ഡി ഗോര്‍ഡന്‍ പറഞ്ഞത്. “ശത്രു ഭരണകൂടങ്ങള്‍ അദ്ദേഹത്തിന്റെ സമാധാന അഭ്യര്‍ത്ഥനയുടെ ആനുകൂല്യം മുതലെടുക്കുകയും തിരിച്ചൊന്നും നല്‍കാതിരിക്കുകയും ചെയ്തു… ട്രംപ് ഒന്നും വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നില്ല, മെച്ചപ്പെട്ട ധാരണകള്‍ക്ക് മാത്രമാണു ശ്രമിക്കുന്നത്.”
എന്നാല്‍ “ഈ പ്രസ്താവനകള്‍ ചില ആശങ്കകകള്‍ ഉയര്‍ത്തുന്നുണ്ട്. പൊതു മൂല്യങ്ങള്‍ക്കും ബഹുതല ഘടനക്കും കുറഞ്ഞ പ്രാധാന്യമാണ് ഇവ നല്‍കുന്നത്” എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യൂറോപ്യന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞത്.
ബലപ്രയോഗത്തിലൂടെയല്ലാതെ, കൂടുതല്‍ ഉദാരമായ ഒരു അമേരിക്കന്‍ ശക്തിയെ വളര്‍ത്താനുള്ള വഴിയിലാണ് മുന്‍ പ്രസിഡണ്ടുമാര്‍ മിക്കവരും മറ്റു രാഷ്ട്രങ്ങളെ യു.എസ് ലക്ഷ്യങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് ബുഷ് സര്‍ക്കാരിലെ ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ ഫീവര്‍ പറഞ്ഞു.
പോളണ്ടിലെ സോളിഡാരിറ്റി മുന്നേറ്റത്തിന് പിന്തുണ കൊടുത്തതുപോലുള്ള ബദല്‍ സാധ്യതകള്‍ മുന്നോട്ടുവച്ച് സോവിയറ്റ് യൂണിയനെതിരെ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ ഈ തന്ത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് ഫീവര്‍ പറയുന്നു. ആഫ്രിക്കയിലെ AIDS ഭീഷണിയെ ചെറുക്കാന്‍ വലിയ നീക്കങ്ങളും വ്യാപകമായ ധനസഹായ പരിപാടികളും പ്രസിഡണ്ട് ജോര്‍ജ് ബുഷും നടപ്പാക്കിയിരുന്നു. എന്നാല്‍ വിദേശ സഹായങ്ങള്‍ക്കെതിരെയുള്ള ഒരു വിഭാഗം റിപ്പബ്ലിക്കന്‍ കക്ഷിയില്‍ എന്നുമുണ്ടായിരുന്നു.
ബുഷിന്റെ കാലത്തെ സൈനിക ഇടപെടലുകളെ അംഗീകരിക്കാത്ത ട്രംപ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള തീവ്രവാദ ഭീഷണികളെ സൂചിപ്പിക്കാന്‍ ‘തീവ്ര ഇസ്ലാം’ പോലുള്ള വിശേഷണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ഒബാമയുടെ ജാഗ്രതയും അദ്ദേഹം പങ്കുവെക്കുന്നില്ല.
ഇത്തരം പ്രയോഗങ്ങള്‍ മതസംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനുള്ള ഭീകരവാദികളുടെ ലക്ഷ്യത്തെ ഉത്തേജിപ്പിക്കുമെന്നും പശ്ചിമേഷ്യയിലെ നിരാശരായ കൂടുതല്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്കിയിരുന്നു. ബുഷ് ഭരണത്തെ അപേക്ഷിച്ച് ഒബാമയുടെ കാലത്താണ് യൂറോപ്പിലും ഏഷ്യയിലും യു.എസിനെ കൂടുതല്‍ അനുഭാവത്തോടെ കാണുന്നതെന്നാണ് അഭിപ്രായ കണക്കെടുപ്പുകള്‍ കാണിക്കുന്നത്. പശ്ചിമേഷ്യയില്‍ ഒബാമ ഉയര്‍ത്തിയ ആദ്യ ആവേശം നിലനിന്നില്ല.
ബെര്‍ലിന്‍ ആക്രമണത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിനു മേല്‍ ഇസ്ലാമികതയുടെ ആക്രമണമായാണ് ട്രംപ് വിശേഷിപ്പിച്ചത്. പ്രചാരണക്കാലത്ത്, യു.എസിലേക്കുള്ള മുസ്ലീങ്ങളുടെ വരവ് നിരോധിക്കണമെന്നു പറയുകയും ഭീകരവാദ സംശയമുള്ളവരെ പീഡിപ്പിച്ച് ചോദ്യം ചെയ്യുന്നത് അംഗീകരിക്കുകയും ചെയ്തിരുന്നു ട്രംപ്.
ഒബാമയെക്കാള്‍ ശക്തനായ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനെപ്പോലെയുള്ള ഏകാധിപതികളോട് ട്രംപിനുള്ള ആരാധന മനുഷ്യാവകാശ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
വിജയത്തിനുശേഷം ട്രംപിനേ അഭിനന്ദനനമറിയിച്ചു വിളിച്ചതില്‍ ഒരാള്‍ ഫിലിപ്പീന്‍ പ്രസിഡണ്ട് റോഡ്രീഗോ ദുറ്റെര്‍ത്തെ ആണ്. മയക്കുമരുന്ന് കള്ളക്കടത്തുകാരെന്നു സംശയിക്കുന്നവരെ വിചാരണ കൂടാതെ കൊല്ലുന്നു എന്ന ആരോപണം നേരിടുകയാണയാള്‍. അദ്ദേഹവുമായുള്ള ഉഭയകക്ഷി സംഭാഷണം ഒബാമ റദ്ദാക്കിയപ്പോള്‍ ട്രംപ് അയാളെ വൈറ്റ് ഹൌസിലേക്ക് ക്ഷണിച്ചിരിക്കുന്നു.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ന്യൂനപക്ഷ വേട്ടയെ ട്രംപ് എതിര്‍ത്തേക്കും എന്നാണ് മുന്‍ സ്പീക്കര്‍ ന്യൂട് ഗിന്‍ജ്രിച്ച് പറയുന്നത്. സിറിയയില്‍ റഷ്യയും സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദുമായി ധാരണയിലെത്താനും അങ്ങനെ ആഭ്യന്തര യുദ്ധത്തിന്നു അറുതിവരുത്താനും ട്രംപിന് കഴിയുമെന്ന് ഗിന്‍ജ്രിച്ച് പറയുന്നു.
അസദിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്വന്തം പൌരന്‍മാര്‍ക്കെതിരെ രാസായുധങ്ങള്‍ ഉപയോഗിച്ചതിന്റെയും പശ്ചാത്തലത്തില്‍ അത്തരമൊരു സാധ്യതയെ ഒബാമ നിഷേധിച്ചിരുന്നു.
“സിറിയയില്‍ കുറച്ചാളുകള്‍ മാത്രം കൊല്ലപ്പെടണമെന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചതെങ്കില്‍ നിങ്ങള്‍ അസദിനെ പിന്തുണയ്ക്കുമായിരുന്നു,” ഗിന്‍ജ്രിച്ച് പറഞ്ഞു. “അസദ് വേഗം വിജയിച്ചിരുന്നുവെങ്കില്‍, കുറച്ചുപേരെ കൊല്ലപ്പെടുമായിരുന്നുള്ളൂ എന്നതാണ് വാസ്തവം.”