June 13, 2026 |
Share on

ട്രംപിന്റെ ‘താല്കാലിക ത്യാഗം’എണ്ണ വില പഴയ നിലയിലാകാന്‍ എത്രനാള്‍ എടുക്കും?

എണ്ണവില പഴയ നിലയിലേക്ക് മടങ്ങുമെന്ന് ട്രംപ്

ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ക്കിടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്കും ആശങ്ക. ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ലക്ഷ്യം കണ്ടുകഴിഞ്ഞാല്‍ ഇന്ധനവില പഴയ നിലയിലേക്ക് മടങ്ങുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വിപണിയിലെ അനിശ്ചിതത്വവും ഈ പ്രതിസന്ധി ഉടനെങ്ങും അവസാനിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചാലുടന്‍ എണ്ണവില പഴയ നിലയിലേക്ക് മടങ്ങുമെന്ന് ട്രംപ് ഉറപ്പിച്ച് പറയുന്നു. ഇന്ധനവിലയിലെ നിലവിലെ വര്‍ദ്ധനവ് താല്‍ക്കാലികമാണെന്നും ഇറാനില്‍ നിന്നുള്ള ആണവ ഭീഷണി ഇല്ലാതാക്കാന്‍ നടത്തുന്ന താല്കാലിക ത്യാഗമാണിതെന്നുമായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. മാസങ്ങളല്ല, ആഴ്ചകള്‍ക്കുള്ളില്‍ പമ്പുകളില്‍ എണ്ണ വില കുറയുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

100 ഡോളര്‍ കടന്നു

എങ്കിലും, യുദ്ധത്തിന് മുമ്പ് ബാരലിന് 60 ഡോളര്‍ ആയിരുന്ന ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നത് സാധാരണക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ഗ്യാസ് വിലയും ഗാലണിന് 3 ഡോളറില്‍ നിന്നും 4 ഡോളറിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പ്രതിദിനം 50 ടാങ്കറുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് നിലവില്‍ ഒന്ന് പോലും പോകാത്ത അവസ്ഥയാണ്. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുമെന്നും ടാങ്കറുകള്‍ക്ക് തീയിടുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ ഈ ഭീഷണിയെ മറികടക്കാന്‍, യുഎസ് നാവികസേനയെ കടലിടുക്കില്‍ വിന്യസിക്കേണ്ടി വരും. മൈനുകള്‍ നീക്കം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും 1 മുതല്‍ 3 മാസം വരെ എടുത്തേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വില എപ്പോള്‍ കുറയും?

കടലിടുക്ക് തുറന്നാല്‍ പോലും എണ്ണ വില ഉടനെ കുറയുകയില്ല. മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളിലും എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ ഉത്പാദനം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കടലിടുക്ക് തുറക്കാതെ എണ്ണവില സാധാരണ നിലയിലാകില്ലെന്നും പ്രതിദിനം 15 ദശലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ നിന്ന് പുറത്തായിരിക്കുമ്പോള്‍ വില കുറയുക എന്നത് അസാധ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സൗദി അരാംകോ പോലുള്ള കമ്പനികള്‍ക്ക് ഉത്പാദനം പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ മതിയെങ്കിലും, വിതരണ ശൃംഖല സാധാരണ നിലയിലാകാന്‍ ആഴ്ചകള്‍ വേണ്ടിവരും. നിലവില്‍ സ്റ്റോറേജ് കേന്ദ്രങ്ങള്‍ പൂര്‍ണശേഷിയിലാണ് എന്നതും വെല്ലുവിളി ഉയര്‍ത്തുന്നു. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം, അടുത്ത രണ്ട് മാസം എണ്ണ വില ബാരലിന് 95 ഡോളറിന് മുകളില്‍ തുടരും. വേനല്‍കാലമാകുമ്പോഴേക്കും 80 ഡോളറിലേക്ക് താഴാമെന്നും ശരത്കാലത്ത് 70 ഡോളറിലേക്ക് കുറയാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി പൂര്‍ണമായും ഇല്ലാതാകുന്നത് വരെ എണ്ണ വിപണിയില്‍ ഈ റിസ്‌ക് പ്രീമിയം തുടരും. ട്രംപ് ഭരണകൂടം വേഗത്തിലുള്ള ആശ്വാസം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സമുദ്രപാതയിലെ സുരക്ഷയും സൈനിക നീക്കങ്ങളുടെ ദൈര്‍ഘ്യവും അനുസരിച്ചായിരിക്കും പമ്പുകളിലെ വില നിര്‍ണ്ണയിക്കപ്പെടുക.

വൈറ്റ് ഹൗസ് പറയുന്നതുപോലെ ആഴ്ചകള്‍ക്കുള്ളില്‍ ആശ്വാസം ലഭിക്കുമോ, അതോ വിദഗ്ധര്‍ ഭയപ്പെടുന്നതുപോലെ മാസങ്ങളോളം ഉയര്‍ന്ന വില തുടരുമോ എന്നത് വരും ദിവസങ്ങളിലെ സൈനിക നീക്കങ്ങളെയും നയതന്ത്ര തീരുമാനങ്ങളെയും ആശ്രയിച്ചിരിക്കും.

Content Summary: Trump vows rapid gas price drop post-Iran conflict

Leave a Reply

Your email address will not be published. Required fields are marked *

×