യുക്രെയ്ന്‍ മുഴുവന്‍ കീഴടക്കാനാണ് വ്‌ളാഡിമിര്‍ പുടിന്റെ പദ്ധതിയെങ്കില്‍, അതിന്റെ പ്രത്യാഘാതം റഷ്യയുടെ പതനമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്ളാഡിമിര്‍ പുടിനുമായി എനിക്ക് എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. അവന്‍ തികച്ചും വെറിപിടിച്ചവനായി!, അയാള്‍ അനാവശ്യമായി ധാരാളം ആളുകളെ കൊല്ലുന്നു, ഞാന്‍ സൈനികരെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്,തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയും ട്രംപ് പങ്കുവയ്ക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തലിന് അമേരിക്ക ഇടപെടല്‍ നടത്തിവരവേ യുക്രേനിയന്‍ നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ശക്തമായി തുടരുകയാണ്. റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ പ്രകോപനപരമായ പ്രവര്‍ത്തിയാണ് ട്രംപിന്റെ ചൊടിപ്പിക്കുന്നത്. റഷ്യ ചെയ്യുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഗൗരവമായി ആലോചിക്കുന്നുണ്ടോ’ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍, ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘തീര്‍ച്ചയായും, അവന്‍ ധാരാളം ആളുകളെ കൊല്ലുകയാണ്. അവന് എന്താണ് സംഭവിച്ചത്?’
ഞായറാഴ്ച്ചത്തെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പുടിനു പുറമെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയെയും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. സെലെന്‍സികിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തികളിലൂടെ തന്റെ രാജ്യത്തിന് ഒരു ഉപകാരവും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.
‘അവന്റെ വായില്‍ നിന്ന് വരുന്നതെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്, എനിക്ക് അത് ഇഷ്ടമല്ല, അത് നിര്‍ത്തുന്നതാണ് നല്ലത്.’ ട്രംപ് കുറിക്കുന്നു.
മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയിലെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ നടത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായ രണ്ടാം രാത്രിയില്‍ നടന്ന വന്‍ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടു. ഇത്ര വലിയ ആക്രമണം നടത്തിയിട്ടും ഉണ്ടായ ‘അമേരിക്കയുടെ നിശബ്ദത’യെ സെലെന്‍സ്‌കി അപലപിച്ചിരുന്നു. 298 ഡ്രോണുകളും 69 മിസൈലുകളും ഉപയോഗിച്ച് റഷ്യ തങ്ങളുടെ രാജ്യത്ത് പ്രയോഗിച്ചുവെന്ന് യുക്രെയ്ന്‍ അധികാരികള്‍ സ്ഥിരീകരിച്ചിരുന്നു. റഷ്യ നടത്തുന്ന ഓരോ തീവ്രവാദി ആക്രമണങ്ങളും അവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള മതിയായ കാരണമാണെന്നാണ് സെലെന്‍സ്‌കി പറയുന്നത്.
താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ, 24 മണിക്കൂറിനുള്ളില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഈ അവകാശവാദം ഇപ്പോഴും നടപ്പില്‍ വരത്താന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല. പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയും സെലെന്‍സ്‌കിയെ വാഷിംഗ്ടണില്‍ വിളിച്ചു വരുത്തിയുമൊക്കെ ട്രംപ് പല നാടകീയ സംഭവങ്ങളും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ശാശ്വതമായ ഒന്നിനും കഴിഞ്ഞിട്ടില്ല. Trump warns Putin: Conquering Ukraine would be disastrous for Russia
Content Summary; Trump warns Putin: Conquering Ukraine would be disastrous for Russia
This post was last modified on May 26, 2025 1:13 pm
Leave a Comment