തേക്കുമരങ്ങള്‍ക്ക് പേരുകേട്ട നാടായ നിലമ്പൂര്‍ രാഷ്ട്രീയ അഭിനിവേശത്തിന്റെയും അക്രമത്തിന്റെയും കൂടി വിളനിലമായിരുന്നു. അന്‍വര്‍, ആര്യാടന്‍ എന്നീ പേരുകള്‍ നിലമ്പൂരിന്റെ പര്യായമാകുന്നതിന് വളരെ മുമ്പുതന്നെ ഈ മണ്ഡലം കുഞ്ഞാലിയുടെയും സഖാക്കളുടെയും വേരിറങ്ങിയ മണ്ണായിരുന്നു.
നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 1965 ല്‍ മഞ്ചേരിയില്‍ നിന്ന് വേര്‍പെടുത്തിയാണ് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചത്.
1965 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെയായിരുന്നു മണ്ഡലം ചുവന്നത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം ദീര്‍ഘകാലം ചെലവഴിച്ച കരിക്കാടന്‍ കുഞ്ഞാലി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമായിരുന്നു നാട്ടിലേക്ക് മടങ്ങി വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലും പിന്നീട് സിപിഐ(എം) ലും പ്രവര്‍ത്തിച്ചത്. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളില്‍ ഒരാളായി മാറി. 1967 ല്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പിലും കുഞ്ഞാലി തന്നെ വിജയിച്ചു.
പശ്ചിമഘട്ടത്തിന്റെ നിഴല്‍ ചേര്‍ന്ന് കിടക്കുന്ന നിലമ്പൂരിന്റെ ഇടവഴികളില്‍ 1969 ജൂലൈ 26 ന്, രാത്രി വെട്ടത്തിന്റെ നിശബ്ദതയില്‍ കുഞ്ഞാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 28 ന് കുഞ്ഞാലി ആശുപത്രി കിടക്കയില്‍ മരിച്ചു. അങ്ങനെ കുഞ്ഞാലിയുടെ അരുംകൊലയ്ക്ക് മണ്ഡലം മൂകസാക്ഷിയായി. നിലമ്പൂരിന്റെ ആദ്യ എംഎല്‍എ വെടിയേറ്റ് മരിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരു എംഎല്‍എ വെടിയേറ്റ് മരിച്ചതിന് സാക്ഷ്യംവഹിച്ച മണ്ഡലം കൂടിയാണ് നിലമ്പൂര്‍. കുഞ്ഞാലി വെടിയേറ്റ് മരിച്ച കേസില്‍ ആര്യാടന്‍ മുഹമ്മദായിരുന്നു ഒന്നാം പ്രതി. ഒമ്പത് മാസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ആര്യാടനെ വിട്ടയച്ചു.
രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ കുഞ്ഞാലിയുടെ മരണത്തോടെ 1970 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനെ കൈവിട്ടു. എംപി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം 77 ലും 80 ലും വലതിനൊപ്പം തന്നെ നിന്നു. എന്നാല്‍ 1982 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 ല്‍ ദേവദാസ് പൊട്ടക്കാടിനെ പരാജയപ്പെടുത്തി ആര്യാടന്‍ മുഹമ്മദ് ശക്തമായി തിരിച്ചുവന്നു.
1987 മുതല്‍ യുഡിഎഫിന്റെ വിജയക്കുതിപ്പിനാണ് നിലമ്പൂര്‍ സാക്ഷിയായത്. തുടര്‍ന്ന് 2011 വരെ നിലമ്പൂരിന്റെ മനസ്സ് യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ആറ് തവണ തുടര്‍ച്ചയായി മണ്ഡലം കീഴടക്കിയ ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് മുന്നേറ്റത്തിന് അടിത്തറപാകി. 2016 ല്‍ ആര്യാടന്‍ മുഹമ്മദ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും മകന്‍ ആര്യാടന്‍ ഷൗക്കത്തിന്, അടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍ 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ നിലമ്പൂരിലും അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയില്‍ പോരിനിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രന്‍ പിവി അന്‍വറിലൂടെ മണ്ഡലം ഇടതുപക്ഷത്തേക്ക് എത്തി. 47.91 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു പിവി അന്‍വര്‍ മണ്ഡലം ഇടതുപക്ഷത്തിന് നേടിക്കൊടുത്തത്. മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ദീര്‍ഘകാല സ്വാധീനമാണ് അതോടെ തകര്‍ന്നടിഞ്ഞത്. 2021 ലും അന്‍വറിനൊപ്പം തന്നെ നിലമ്പൂര്‍ ഉറച്ചുനിന്നു.
2025 ജനുവരി 13 ന് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് കേരള ഡെമോക്രാറ്റിക് മൂവ്‌മെന്റ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മണ്ഡലം മറ്റൊരു ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുക്കുന്നത്. 1970 ല്‍ കുഞ്ഞാലിയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിന് അനുകൂലമായ സഹതാപ തരംഗമുണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരന്‍ സിപിഐഎമ്മിന്റെ വി.പി. അബൂബക്കറിനെ അട്ടിമറിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം സ്വന്തമാക്കി. 1980 ലായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. ആര്യാടന്‍ മുഹമ്മദിന് വഴിയൊരുക്കുന്നതിനായി, തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം കോണ്‍ഗ്രസ് (യു) നേതാവായിരുന്ന സി ഹരിദാസ് എംഎല്‍എ സ്ഥാനം രാജിവച്ചതോടെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് നിലമ്പൂരില്‍ രാഷ്ട്രീയ പോരിനിറങ്ങുന്ന പി.വി. അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് മൂന്നാം ഉപതിരഞ്ഞെടുപ്പ് അങ്കത്തിന് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്.
നിലമ്പൂരിന്റെ രാഷ്ട്രീയ ആഖ്യാനം എക്കാലവും ചലനാത്മകമാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി കടുത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന മണ്ഡലം കൂടിയാണ് നിലമ്പൂര്‍. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷത്തിന് മണ്ഡലം തിരികെ നേടിക്കൊടുത്ത പിവി അന്‍വര്‍, ഇന്ന് എല്‍ഡിഎഫിന്റെ മുഖ്യ ശത്രുകൂടിയാണ്. 2016 ലെ ഇടതുതരംഗത്തില്‍ കൈവിട്ടുപോയ മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അനിവാര്യമാകുമ്പോള്‍ പാര്‍ട്ടിയെയും പിണറായിയെയും തള്ളപ്പറഞ്ഞ അന്‍വറിന്റെ അഭാവത്തിലും മണ്ഡലം നിലനിര്‍ത്തേണ്ടത് ഇടതുപക്ഷത്തിന്റെ അഭിമാനപ്രശ്‌നം കൂടിയാണ്. Nilambur not only to anvar; from kunjali to anvar
Content Summary: Nilambur not only to anvar; from kunjali to anvar