‘അവളെ പുറത്താക്കൂ…’ നെറ്റ്ഫ്‌ലിക്‌സിനെതിരെ വാളെടുത്ത് ട്രംപ്

അമേരിക്കൻ നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമാണ് സൂസൻ റൈസ്

പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ബോര്‍ഡ് അംഗവും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ സൂസന്‍ റൈസിനെതിരെ പരസ്യമായ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റൈസിനെ ബോര്‍ഡില്‍ നിന്ന് പുറത്താക്കണമെന്നും അല്ലാത്തപക്ഷം കമ്പനി കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നല്‍കി.

ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍, ട്രംപിന് വേണ്ടി വിടുപണി ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്കും വാര്‍ത്താ സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സൂസന്‍ റൈസ് ഒരു പോഡ്കാസ്റ്റില്‍ പ്രസ്താവിച്ചിരുന്നു. ‘പഴയ നിയമങ്ങള്‍ അനുസരിച്ചായിരിക്കില്ല ഡെമോക്രാറ്റുകള്‍ ഇനി പ്രവര്‍ത്തിക്കുക’ എന്ന റൈസിന്റെ വാക്കുകളാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ട്രംപിനോട് വിശ്വസ്തത പുലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റൈസ് പറഞ്ഞതിനെ, തന്നെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നീക്കമായാണ് ട്രംപ് പക്ഷം കാണുന്നത്. പാരാമൗണ്ട് ഗ്ലോബലിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകമായ ബിസിനസ്സ് നീക്കങ്ങളുമായി നെറ്റ്ഫ്‌ലിക്‌സ് മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ പോര്.

എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍ നേരത്തെ മാധ്യമ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളും ശക്തമാകുന്നുണ്ട്. കോര്‍പ്പറേറ്റ് തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത് വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നെറ്റ്ഫ്‌ലിക്‌സ് ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കമ്പനിയുടെ ഭാവി നയങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

ആരാണ് സൂസൻ റൈസ്?

അമേരിക്കൻ നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമാണ് സൂസൻ റൈസ്. ബരാക് ഒബാമയുടെ ഭരണകാലത്ത് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിർണായക ചുമതലകൾ വഹിച്ച റൈസ്, പിന്നീട് ജോ ബൈഡൻ ഭരണകൂടത്തിലും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നെറ്റ്ഫ്ലിക്സിന്റെ ബോർഡ് അംഗമാണ് അവർ. 2018 മുതല്‍ 2020 വരെ സൂസന്‍ റൈസ് നെറ്റ്ഫ്‌ലിക്‌സ് ബോര്‍ഡില്‍ ഉണ്ടായിരുന്നു. ബൈഡന്‍ ഭരണകൂടത്തിലെ സേവനത്തിന് ശേഷം 2023 ലാണ് അവര്‍ വീണ്ടും ബോര്‍ഡിലേക്ക് തിരിച്ചെത്തിയത്.

Content Summary: Trump’s pressure on Netflix to remove Susan Rice

This post was last modified on February 23, 2026 8:46 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment