June 04, 2026 |
Share on

നെറ്റ്ഫ്‌ളിക്സിനെ വഞ്ചിച്ചു; സംവിധായകന്‍ കാള്‍ എറിക് റിന്‍ഷ് കുറ്റക്കാരന്‍

സ്റ്റാര്‍ വാര്‍സും ഗെയിം ഓഫ് ത്രോണും പോലൊരു സീരീസ് ആയിരുന്നു റിന്‍ഷ് ആഗ്രഹിച്ചിരുന്നത്

നെറ്റ്ഫ്‌ളിക്‌സിനെ കബളിപ്പിച്ചെന്ന കേസില്‍ ഹോളിവുഡ് സംവിധായകന്‍ കാള്‍ എറിക് റിന്‍ഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നെറ്റ്ഫ്‌ളിക്സിനായി ഒരു സയന്‍സ് ഫിക്ഷന്‍ സീരീസിന്റെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന ഈ സംവിധായകന്‍, 11 മില്യണ്‍ ഡോളര്‍(ഏകദേശം 91.5 കോടി രൂപ) തട്ടിപ്പു നടത്തിയെന്നാണ് കേസ്. മാന്‍ഹട്ടനിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കേസിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്.

പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, 48 കാരനായ കാള്‍ എറിക് റിന്‍ഷ് 2018 മുതല്‍ 2020-ന്റെ തുടക്കം വരെ സീരീസിന്റെ പേരില്‍ നെറ്റ്ഫളിക്സില്‍ നിന്ന് ഫണ്ട് വാങ്ങിക്കൊണ്ടിരുന്നു. ‘വൈറ്റ് ഹോഴ്‌സ്’ എന്നായിരുന്നു പരമ്പരയ്ക്ക് ആദ്യം പേരിട്ടിരുന്നത്. ഇത് പിന്നീട് ‘കോണ്‍ക്വസ്റ്റ്’ എന്നാക്കി മാറ്റി. എന്നാല്‍, പരമ്പരയുടെ പേരില്‍ വാങ്ങിയ പണം സംവിധായകന്‍ ഒരു സ്വകാര്യ ബ്രോക്കറേജ് അക്കൗണ്ടിലിട്ട് ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു. റിന്‍ഷില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് 2021-ന്റെ തുടക്കത്തില്‍ പരമ്പരയുടെ നിര്‍മ്മാണം റദ്ദാക്കി.

നെറ്റ്ഫ്‌ലിക്‌സ് എക്‌സിക്യൂട്ടീവുകള്‍ക്ക് അയച്ച സന്ദേശങ്ങളിലും ഇമെയിലുകളിലും, റിന്‍ഷില്‍ അവകാശപ്പെട്ടിരുന്നത്, കോവിഡ്-19-ന്റെ രഹസ്യ പ്രസരണ സംവിധാനം താന്‍ കണ്ടെത്തിയെന്നായിരുന്നു. കൂടാതെ, ഭൂകമ്പങ്ങളും മിന്നലുകളും പ്രവചിക്കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം ഷോയുടെ നിര്‍മ്മാതാവ് കൂടിയായ ഭാര്യയോടും പറഞ്ഞിരുന്നു.

‘കോണ്‍ക്വസ്റ്റ്’ നുള്ള ഫണ്ടിംഗ് നിര്‍ത്തുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിച്ചതിനു ശേഷം റിന്‍ഷിന്‍ ചെയ്തത്, ശേഷിച്ച നിര്‍മ്മാണ ഫണ്ട് ധൂര്‍ത്തടിക്കുകയായിരുന്നു. ഈ പണത്തിലെ ഒരു പങ്ക് അദ്ദേഹം ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെയും സ്‌പെയിനിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാനും ചെലവാക്കി. അഞ്ച് റോള്‍സ് റോയ്‌സുകളും ഒരു ഫെരാരിയും ഈ പണത്തില്‍ നിന്നും വാങ്ങിയെന്നും പറയുന്നു. കൂടാതെ 439,000 ഡോളര്‍ വിലമതിക്കുന്ന കൈകൊണ്ട് നിര്‍മ്മിച്ച മെത്ത ഉള്‍പ്പെടെയുള്ള ആഢംബര ഫര്‍ണിച്ചറുകളും റിന്‍ഷില്‍ സ്വന്തമാക്കി. കാറുകളും ഫര്‍ണിച്ചറുകളും പരമ്പരയ്ക്കു വേണ്ടിയാണെന്നായിരുന്നു സംവിധായകന്റെ വാദം. എന്നാല്‍ ഇവയൊന്നും പരമ്പരയ്ക്ക് ആവശ്യമുള്ളതായിരുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്.

ലോസ് ഏഞ്ചല്‍സിലെ താമസക്കാരനായിരുന്ന റിന്‍ഷിനെ മാര്‍ച്ചില്‍ കാലിഫോര്‍ണിയയിലെ വെസ്റ്റ് ഹോളിവുഡില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയില്‍ സംവിധായകന്‍ തന്റെ ഭാഗം ന്യായീകരിച്ചു പറഞ്ഞത്, കൊറോണ മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും പരമ്പരയുടെ നിര്‍മ്മാണം മുടങ്ങാതിരിക്കാനും രണ്ടാമത്തെ സീസണിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയാണ് 11 മില്യണ്‍ ഡോളര്‍ താന്‍ ചെലവഴിക്കാന്‍ ഉദ്ദേശിച്ചതെന്നായിരുന്നു.

എന്നാല്‍ മുന്‍ നെറ്റ്ഫ്‌ളിക്‌സ് എക്‌സിക്യൂട്ടീവുകള്‍ മൊഴി നല്‍കിയത്, അവര്‍ ഒരു സീസണിന് മാത്രമായിരുന്നു സംവിധായകനുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നതെന്നും ആ സീസണിലെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് 11 മില്യണ്‍ ഡോളര്‍ നല്‍കിയതെന്നുമാണ്. ആ ഉത്തരവാദിത്തം പുലര്‍ത്താന്‍ റിന്‍ഷിന് സാധിച്ചില്ലെന്നും നെറ്റ്ഫ്‌ളിക്‌സ് വാദിച്ചു. അത്രയും പണം കൊടുത്തിട്ടും റിന്‍ഷ് സീരീസിന്റെ ഒരു എപ്പിസോഡ് പോലും നിര്‍മ്മിച്ചില്ല. ഇതോടെ പദ്ധതിക്കായി നെറ്റ്ഫ്‌ലിക്‌സ് ചെലവഴിച്ച 55 മില്യണ്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വന്നു.

വ്യാഴാഴ്ച മാന്‍ഹട്ടനിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ജൂറി സംവിധായകനുമേല്‍ ആരോപിച്ച വയര്‍ ഫ്രോഡ്, കള്ളപ്പണം വെളുപ്പിക്കല്‍, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ എന്നീ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ കുറ്റങ്ങള്‍ക്ക് സംവിധായകന് 90 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. എങ്കിലും ശിക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശിക്ഷകാലാവധി കുറയാനാണ് സാധ്യത.

മിസ്റ്റര്‍ റിന്‍ഷിന്റെ അഭിഭാഷകന്‍ ബെഞ്ചമിന്‍ സീമാന്‍ ഈ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി.

ഈ കേസ് വരുന്നതിന് മുമ്പു വരെ ഹോളിവുഡിലെ പ്രതിഭാധനനായ സംവിധായകനായാണ് കാള്‍ എറിക് റിന്‍ഷ് കണക്കാക്കപ്പെട്ടിരുന്നത്. ഹോളിവുഡ് ഇതിഹാസം റിഡ്ലി സ്‌കോട്ടിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. കൂടാതെ കീനു റീവ്‌സ് അഭിനയിച്ച ബിഗ് ബഡ്ജറ്റ് ഹോളിവുഡ് ആക്ഷന്‍ ചിത്രമായ ’47 റോണിന്‍’-ന്റെ സംവിധായകനുമാണ്. ‘കോണ്‍ക്വസ്റ്റിനെ’ ‘സ്റ്റാര്‍ വാര്‍സ്’ അല്ലെങ്കില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഒരു ഫ്രാഞ്ചൈസി ആക്കി മാറ്റാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും പറയുന്നു.

Content Summary: Hollywood Director Carl Erik Rinsch Is Convicted in $11 Million Scheme to Defraud Netflix. science-fiction series, “Conquest

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×