June 03, 2026 |

‘ആക്ച്വലും വെർച്വലും’; എഐയെ പഴിക്കുന്ന പകൽമാന്യന്മാരും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സമൂഹവും

‘എഐ ഒരു കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്’

എഐ(ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) എന്ന പദം ഇന്ന് സമൂഹത്തിൽ വളരെ സുപരിചിതമായ ഒന്നായി മാറിക്കഴിഞ്ഞു. പുതിയൊരു സാങ്കേതികവിദ്യ ജനങ്ങൾക്കിടയിലേക്കെത്തി എന്ന കാര്യം എല്ലാവരും അം​ഗീകരിച്ചുവെന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം, മനുഷ്യർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം എഐയുടെ മുകളിൽ ചാർത്താനുള്ള ശ്രമം സമീപകാലത്തായി വർധിച്ചു വരുന്നുണ്ട്.
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഒരു പുകമറ സൃഷ്ടിക്കാനും യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുമുള്ള ഒരു തന്ത്രമായി ഈ പ്രവണത മാറിക്കൊണ്ടിരിക്കുന്നു. എഐയുടെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടുമ്പോൾ, അതിനെ ഒരു ബലിയാടാക്കി മാറ്റുന്നതിലെ അപകടങ്ങളെക്കുറിച്ചും നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

എഐയുടെ ദോഷവശങ്ങളുടെ ദുരുപയോ​ഗത്തെക്കുറിച്ചും ടെക്നോളജിയുടെ ആവശ്യകതയെക്കുറിച്ചും ടെക് വിദ​ഗ്ധനും അധ്യാപകനുമായ ഡോ. അമീർ സൽമാൻ അഴിമുഖത്തോട് പ്രതികരിച്ചു. ഒരു കുറ്റകൃത്യം മറച്ചുവെയ്ക്കാൻ എഐയെ വലിച്ചിഴയ്ക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ടെന്ന് ഡോ. അമീർ സൽമാൻ പറയുന്നു.

‘എഐയുടെ സാധ്യതകളെക്കുറിച്ചും ദുരുപയോ​ഗങ്ങളെക്കുറിച്ചുമെല്ലാം നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. ആധികാരികമല്ലാത്ത ഉള്ളടക്കങ്ങൾ കൊടുക്കുന്നു, ഡീപ് ഫേക്ക് പോലുള്ള കാര്യങ്ങൾ ചെയ്യുന്നു ഇവയെല്ലാം തന്നെ സാധാരണക്കാരായവർക്ക് പോലും ഇപ്പോൾ അറിയാവുന്ന കാര്യങ്ങളാണ്. അതേസമയം, ഒരു കണ്ടൻ്റ് നൽകിയ ശേഷം അത് എഐ ഉപയോ​ഗിച്ച് നി‍ർമിച്ചതാണോ അല്ലെയോ എന്ന് പറയാനുള്ള അറിവ് ഇപ്പോഴും പലർക്കുമില്ല. അത്രത്തോളം ഒരു എഐ സാക്ഷരതയിലേക്ക് നമ്മുടെ സാധാരണ സമൂഹം എത്തിയിട്ടില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ജനറേഷൻ ​ഗ്യാപ് ഇതിൽ വലിയൊരു ഘടകമാണ്. ഇന്നത്തെ തലമുറയെ പോലെ ആക്ച്വലും വെർച്വലും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്ന തരത്തിലേക്ക് പഴയ തലമുറ എത്തുന്നതേയുള്ളൂ.

അതൊരു വലിയ പ്രശ്നമാണ്. എഐ ദുരുപയോഗത്തിൻ്റെ രണ്ടാം തലമെന്ന് വേണമെങ്കിൽ നമുക്കിതിനെ പറയാം. ഒരു കുറ്റകൃത്യം ചെയ്ത ശേഷം അതിൽ എഐയെ പഴിചാരി രക്ഷപ്പെടുന്ന ഒരു പ്രവണതയും കണ്ടുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു നടനുമായി ബന്ധപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ തന്നെ ജനങ്ങൾക്കിടയിൽ സംശയത്തിൻ്റെ ഒരു പുകമറ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുന്നു. എഐയുടെ ദൂഷ്യവശത്തെ ദുരുപയോ​ഗം ചെയ്യുന്ന ഒരു പ്രവൃത്തിയാണത്.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസിൽ ശബ്ദരേഖ പുറത്തുവന്നപ്പോഴും ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ കാണിച്ചപ്പോഴും ഉയർത്തിക്കൊണ്ടുവന്നത് എഐയുടെ പേരായിരുന്നു. പലപ്പോഴും എഐ ഉപയോ​ഗിച്ച് നിർമിക്കുന്ന കണ്ടൻ്റുകളുടെ ക്രെഡിറ്റ് എഐയ്ക്ക് കൊടുക്കുന്നില്ലെങ്കിൽ പോലും അവയുടെ ഉത്തരവാദിത്തം എഐയുടെ മുകളിലിടുന്നുണ്ട്’, അമീർ സൽമാൻ പറഞ്ഞു.

കടന്നുപോകുന്നത് എഐ കാലഘട്ടം

ഓരോ ടെക്നോളജിയും ഓരോ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും അവയോട് പിൻതിരിഞ്ഞ് നിൽക്കാൻ സമൂഹത്തിനാകില്ലെന്നും അമീർ സൽമാൻ കൂട്ടിച്ചേർത്തു.

‘മറ്റുള്ളവയിൽ നിന്നും എഐ എന്തുകൊണ്ട് വ്യത്യസ്തമായിരിക്കുന്നു എന്ന് പറഞ്ഞാൽ, ഇതുവരെ നമ്മൾ ഉപയോ​ഗിച്ച് വന്ന ടൂളുകളെല്ലാം തന്നെ നമ്മുടെ പ്രവൃത്തികളെ എളുപ്പമാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു. എന്നാൽ, എഐയിലേക്ക് വരുമ്പോൾ നമുക്കെന്താണ് വേണ്ടതെന്ന ഒരു ചോദ്യം എഐയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അതിൽ എഐ ടൂളുകളെല്ലാം തരുന്ന ഔട്ട്പുട്ട് നമുക്ക് ശരിയായി തോന്നുന്നു. ശരിക്കും പറഞ്ഞാൽ എന്ത് ചെയ്യണം എങ്ങനെ പ്രവൃത്തിക്കണമെന്നുള്ള ആശയം തരുന്നത് തന്നെ എഐ ആണ്. അവിടെയാണ് എഐയും മറ്റ് ടൂളുകളും തമ്മിലുള്ള വ്യത്യാസം.

പല സ്രോതസുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ യുണീക്ക് ആയി ജനറേറ്റ് ചെയ്ത ശേഷം നമുക്ക് നൽകുന്നു. ഒരാളോട് എന്താണ് ചോദിക്കേണ്ടത് എന്നത് പോലും എഐയുടെ ഉപദേശം തേടിയ ശേഷമാണ് തീരുമാനിക്കുന്നത്.

എഐയെ പോസിറ്റീവ് ആയി ഉപയോ​ഗിക്കണമെന്ന് വാശിപിടിക്കുന്നത് ശരിക്കും ഏകപക്ഷീയമായ തീരുമാനമാകും. എങ്ങനെയാണ് എഐയുടെ കാര്യത്തിൽ പോസിറ്റീവ് എന്ന പദത്തിനെ നമ്മൾ വ്യാഖ്യാനിക്കുക? ഒരാൾക്ക് പോസിറ്റീവ് ആയത് മറ്റൊരാൾക്ക് പോസിറ്റീവ് ആകണമെന്നില്ല. ടെക്നോളജി എന്ന് പറയുന്നത് ഓരോ കാലഘട്ടത്തിൻ്റെയും ആവശ്യമാണ്. കമ്പ്യൂട്ടർ വന്നപ്പോൾ അന്ന് എതിർത്തുകൊണ്ട് സമരങ്ങൾ നടന്നിരുന്നില്ലേ? ഏതൊരു പുതിയ ടെക്നോളജി വരുമ്പോഴും സമൂഹത്തിൽ അതൊരു ചലനമുണ്ടാക്കും. എല്ലാ ആശയവിനിമയ സംവിധാനങ്ങളെയും അത് വെല്ലുവിളിക്കും. എന്നാൽ പിന്നീട് ആ സാങ്കേതികവിദ്യ സമൂഹത്തിൻ്റെ ഒരു ഭാ​ഗമായി മാറും. ഇപ്പോൾ കമ്പ്യൂട്ടർ നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാ​ഗമായി മാറിയതുപോലെ.

ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും എഐ അവരുടെ പോക്കറ്റുകൾക്കുള്ളിലായി കഴിഞ്ഞു. ഇനി ഇവ ഏതൊക്കെ മേഖലയിൽ എത്രത്തോളം വ്യാപകമായി വരുമെന്നാണ് നോക്കാനുള്ളത്. ​ഗൂ​ഗിൾ, യാഹൂ പോലുള്ള സെർച്ച് എഞ്ചിനുകൾ വന്നപ്പോൾ പുസ്തകം വായന തീർച്ചയായും കുറഞ്ഞിട്ടുണ്ട്. എന്നാൽ അറിവ് സമ്പാദനം കുറഞ്ഞു എന്ന് പറയാനാകില്ല. പുസ്തകം ഒരു കാലഘട്ടത്തിൻ്റെ മാധ്യമമാണ്, സെർച്ച് എഞ്ചിനുകൾ മറ്റൊരു കാലഘട്ടത്തിൻ്റെയും ഇപ്പോൾ അത് എഐ ആയിക്കൊണ്ടിരിക്കുന്നു’ അമീർ സൽമാൻ പറയുന്നു.

എഐയെ ഭയക്കണോ?

എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള സാമൂഹ്യപരമായ വെല്ലുവിളികളെക്കുറിച്ചും അമീർ സൽമാൻ അഴിമുഖത്തോട് സംസാരിച്ചു.

‘എഐ എന്നല്ല, ഏതൊരു ടെക്നോളജിയുടെയും ദോഷവശങ്ങളുടെ ഉപയോ​ഗം തുടക്കകാലഘട്ടത്തിൽ കൂടുതലായിരിക്കും. പിന്നീട് ഈ ദോഷവശങ്ങളെ മനസിലാക്കി കൂടുതൽ വളർച്ച നേടുകയാണ് ഒരു സമൂഹം ചെയ്യുന്നത്. ജനറേറ്റീവ് എഐ ആണല്ലോ ഇപ്പോഴുള്ളവർ ഉപയോ​ഗിക്കുന്നത്. ഇതിനപ്പുറത്തേക്ക് എജൻ്റിക് എഐയുണ്ട്. നമ്മൾ എന്താണെന്ന് മനസിലാക്കിയശേഷം നമ്മുടെ നിർദേശങ്ങളില്ലാതെ ആശയങ്ങൾ ജനറേറ്റ് ചെയ്യുകയും നമ്മുടെ ദൈന്യംദിന ജീവിതത്തെ മോണിറ്റർ‍ ചെയ്യുകയുമാണ് ജനറേറ്റീവ് എഐ ചെയ്യുന്നത്. ഇത് ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കും.

നിലവിൽ നിലനിൽക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഐ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത്. ഇപ്പോഴുള്ള ഹ്യൂമൻ ബയാസിസ് എല്ലാം തന്നെ അതിലേക്ക് വരുന്നു. ഒരു സുന്ദരിയായ യുവതിയുടെ ചിത്രം നൽകാൻ ആവശ്യപ്പെട്ടാൽ വെളുത്ത നിറവും ഉയരവും നീളൻ മുടിയുമുള്ള ഒരു യുവതിയുടെ ചിത്രമായിരിക്കും നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിലുള്ള പക്ഷാപാതപരമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും ഇത് വഴി കഴിയുന്നു. എഐ ജനറേറ്റീവ് മൊഡ്യൂളുകളിൽ സാമൂഹ്യപരവും ധാർമികവുമായ കാര്യങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ എഐ ഒരു ദുരന്തമായി മാറും. വരും കാലങ്ങളിൽ നമ്മൾ പോലുമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ഒന്നായി എഐ മാറാൻ സാധ്യതയേറെയാണ്, അമീർ സൽമാൻ അഴിമുഖത്തോട് പറഞ്ഞു.

എഐയുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകേണ്ടത് അത്യാവശ്യമാണ്.

Content Summary: Twisting Technology: Misusing AI for Personal Gain and Public Deception, Dr. Ameer Salman responds

Leave a Reply

Your email address will not be published. Required fields are marked *

×