പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ അഥിതി തൊഴിലാളികളായ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഹിറ്റാച്ചി ഓപ്പറേറ്ററായ ബിഹാര്‍ സ്വദേശി അജയ് റായി, ഇയാളുടെ സഹായി ഒഡീഷ സ്വദേശിയായ മഹാദേബ് പ്രധാൻ എന്നിവരാണ് മരിച്ചത്. പാറമടയുടെ മുകള്‍ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് ഹിറ്റിച്ചിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. എന്നാൽ കോന്നി പാറമട ഇതിന് മുൻപും തൊഴിലാളികളുടെ ജീവനെടുത്തിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. 24 വർഷങ്ങൾക്കു മുൻപായിരുന്നു അത്.
പയ്യാനാമൺ പ്ലാക്കാട്ട് ക്രഷർ ഗ്രാനൈറ്റില്‍ പാറ അടർന്നുവീണു പാറമടയുടെ അടിയിൽ ജോലിചെയ്തിരുന്ന മലയാളികളായ മൂന്നുപേരാണ് അന്ന് മരിച്ചത്. പയ്യനാമണ്ണിലെ അടുകാട് എഎസ് ഗ്രാനൈറ്റിന്റെ ക്രഷർ കമ്പനിയിൽ പാറ വീണ് രണ്ട് അതിഥി തൊഴിലാളികളും മരണപ്പെട്ടിരുന്നു. കോന്നി പഞ്ചായത്തിലെ ഏഴാം വാർഡ് ആണ് പയ്യനാമൺ. ഇവിടെയാണ് ഏഴോളം ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പാറമടകളിലും വന്‍ കിട ക്രഷര്‍ യൂണിറ്റുകളിലും ജോലി നോക്കുന്നവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളായതിനാൽ തന്നെ അവർക്കുണ്ടാകുന്ന അപകട വിവരം പലപ്പോഴും പുറംലോകത്തേക്ക് എത്താറില്ല.
കോന്നിയിലെ പാറമടയെ ചുറ്റിത്തിരിഞ്ഞ് പ്രദേശത്തെ ജനങ്ങള്‍ പരാതികള്‍ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ പണമെറിഞ്ഞും അധികാരികളുടെ സ്വാധീന വലയത്തിൽ കുടുങ്ങിയും അവയൊന്നും പുറത്തേക്കെത്തിയിരുന്നില്ല. പഞ്ചായത്ത് അധികൃതരുടെയും ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ഒത്താശയോടെയാണ് കോന്നിയിൽ പാറമട മാഫിയാ സംഘങ്ങൾ തഴച്ചു വളരുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രദേശവാസി അഴിമുഖത്തോട് പ്രതികരിച്ചു. പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി കലക്ടർ വരെയുള്ളവർക്ക് പലവട്ടം പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. ഏറ്റവും ഒടുവിലത്തെ ദുരന്തത്തോടെ പ്രദേശവാസികളുടെ പ്രതിഷേധം കൂടുതൽ മുറുകുകയാണ്.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികാരികൾ പലപ്പോഴും കണ്ണ് തുറക്കുന്നത്. പാറമടയുടെ അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാരിലൊരാൾ അഴിമുഖത്തോട് പറഞ്ഞു തുടങ്ങി…
”കോന്നി പഞ്ചായത്തിലെ 6 , 7 വാർഡുകളിലായി ഏറെ ഉയർന്ന ഭാഗത്ത് ആണ് ഈ പാറമട സ്ഥിതി ചെയ്യുന്നത്. 120 ഏക്കറിൽ പത്ത് വർഷത്തോളമായി പാറമട പ്രവർത്തിച്ച് വരുന്നു. ജൂൺ 30ന് പാറമടയിലെ ക്രഷറിന്റെ ലൈസൻസ് അവസാനിച്ചതാണ്, ലൈസെൻസ് കാലാവധി തിരുത്തിയാണ് പാറമടയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 15000 ടൺ ലോഡുകൾ കൊണ്ടുപോകാനാണ് അനുമതിയുള്ളത്. ഒരു മാസ കാലയളവിൽ 300-400 ലോഡിൽ കൂടുതൽ കൊണ്ടുപോകാനുള്ള വകുപ്പില്ല. എന്നാൽ ഇത് മറികടന്ന് 500 ലോഡുകൾ വരെ പോകുന്നുണ്ട്. അതിനർത്ഥം ബഫർ സോണിൽ അടക്കം കേറി ഇവർ പാറ പൊട്ടിക്കുന്നുണ്ട് എന്നാണ്. ഇതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. മാസപ്പടി കൃത്യമായി ലഭിക്കുന്നതിനാല്‍ ആരും നടപടിക്കും മുതിരുന്നില്ല. ജിയോളജി വകുപ്പ് അധികാരികൾ മുതൽ പഞ്ചായത്ത് സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥരും ഇതിനൊക്കെ കൂട്ട് നിക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഞങ്ങൾ നിരവധി തവണ പരാതി നൽകിയിരുന്നു. പരിശോധിക്കും എന്ന് പറയുന്നതല്ലാതെ ഇതുവരെയും അത്തരമൊരു നടപടി സ്വീകരിച്ചതായി അറിവില്ല. 24 ഏക്കർ സർക്കാർ ഭൂമിയും ഇവരുടെ കൈവശമുണ്ട്. അപകടം നടന്ന ഈ പാറമടയും അതിൽ ഉൾപ്പെടുന്നതാണ്. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങൾ അറിഞ്ഞത്.”
പാറമട ഉയർത്തുന്ന പാരിസ്ഥിതിക മലിനീകരണത്തെക്കുറിച്ചും പരാതി ഉയരുന്നുണ്ട്. പാറമട മാലിന്യവും കക്കൂസ് മാലിന്യവും ഒഴുകിയിറങ്ങി കിണറുകളിലെ വെള്ളം മലിനമാകുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പാറ പൊട്ടിക്കുന്ന വെടിമരുന്ന് കലർന്ന വെള്ളവും പാറപ്പൊടിയും വനത്തിലൂടെ ഒഴുകി വരുന്ന തോട്ടിൽ ഒഴുക്കിവിടുന്നു. കനത്ത മഴപെയ്താൽ മാലിന്യം പറമ്പിൽ ഒഴുകി പരക്കുകയും കിണറുകളിൽ നിറയുകയും ചെയ്യും. ഇതോടെ ആളുകളുടെ കുടിവെള്ളം മുട്ടും. കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ആളുകൾ കുളിക്കാനും കുടിക്കാനും ഉൾപെടെ ഉപയോഗിക്കുന്ന വെള്ളമാണ് തോട്ടിലേതും. തോട്ടിലൂടെ ഒഴുകുന്ന വെള്ളം ഒട്ടേറെ കുടിവെളള പദ്ധതികൾ ഉള്ള അച്ചൻ കോവിലാറ്റിലേക്കാണ് എത്തുന്നത്.
”പാറമടയുടെ അടിഭാഗത്തു നിന്നായി ഒരു തോട് ഒഴുകുന്നുണ്ട്, തോട്ടിലെ വെള്ളം പൂർണ്ണമായും മലിനമാണ്. എന്നാൽ ഇത് സംബന്ധിച്ച് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ അവർ ക്രിത്രിമത്വം കാണിച്ചു, ജലാശയം മലിനമല്ല എന്ന റിപ്പോർട്ടാണ് പഞ്ചായത്ത് അധികൃതർ നൽകിയത്. ഞങ്ങളുടെ കിണറ്റിലെയും തോടുകളിലെയും വെള്ളം സർക്കാർ ലാബിൽ തന്നെ പരിശോധിച്ചതാണ്. ടോയ്ലറ്റ് വേസ്റ്റും ക്വാറി വേസ്റ്റും ചേർന്ന് ജലാശയങ്ങളെല്ലാം പൂർണമായും മലിനമാണ്. ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നിട്ടാണിപ്പോൾ ജലാശയം മലിനമല്ല എന്ന റിപ്പോർട്ട് ആണ് മുകളിലേക്ക് പോയിരിക്കുന്നത്.”
” 500 അടി ഉയരത്തിലാണ് ഈ പാറമട പ്രവർത്തിക്കുന്നത്. പാറമട നമുക്ക് ആവശ്യമാണ്, എന്നാൽ ഇവിടെ നടക്കുന്നത് മുഴുവൻ അനാസ്ഥയാണ്. പാറ പൊട്ടിച്ച ഭാഗത്ത് വലിയ തടാകങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ കനത്താൽ ഇതിൽ വെള്ളം നിറഞ്ഞ് അപകടത്തിന് സാധ്യതയുണ്ട്. തീവ്രമഴ ഉണ്ടായാൽ മൂടിയില്ലാത്ത ഈ കുളങ്ങൾ കുത്തി ഒഴുകാൻ തുടങ്ങും, അങ്ങനെ വന്നാൽ അതേറ്റവും അധികം ബാധിക്കുക താഴെയുള്ള വീടുകളെയാണ്, അങ്ങേയറ്റം ഒരു നാടിൻറെ നാശത്തിനാണ് ഈ പാറമടകൾ വഴിവെക്കുക. ഇതിനെല്ലാം കാശു വാങ്ങി ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നു. ഒന്നന്വേഷിക്കാൻ പോലും ആരും വന്നു കണ്ടില്ല. പൂർണ്ണമായും ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടിയാണിത്.” കുന്നപ്പാറ കർമ്മല ചേരിക്കൽ നിവാസികളുടെ ആശങ്കയും അമർഷവും ആ വാക്കുകളിൽ പ്രതിധ്വനിച്ചിരുന്നു. ഇതിനെല്ലാം പുറമെ അപകടം നടന്ന പാറമടയോട് ചേർന്ന് 20 ഏക്കറിലായി വരുന്ന പുതിയ പാറമടയുടെ പ്രവർത്തനവും ആരംഭിക്കാനിരുന്നതായാണ് വിവരം. ഇതിനായി കഴിഞ്ഞ ഏപ്രിൽ 25 ന് പബ്ലിക് ഹിയറിങ് നടന്നിരുന്നു.
പാറമടയ്ക്കെതിരെ പ്രതിഷേധം തുടങ്ങിയ നാട്ടുകാരെ, പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് കയ്യേറിയാണ് ക്വാറി ഉടമ ഭീഷണിപ്പെടുത്തിയതെന്ന് നാട്ടുകാരിലൊരാൾ അഴിമുഖത്തോട് പറഞ്ഞു.
”പഞ്ചായത്ത് റോഡിന്റെ അവസാന ഭാഗത്താണ് പാറമട വരുന്നത്, റോഡിന് 1600 മീറ്റർ നീളമുണ്ട്. ഇതിന്റെ പകുതിയിലധികം ഭാഗവും പാറമടയ്ക്കായി ഉടമ പഞ്ചായത്തിന്റെ പക്കൽ നിന്ന് വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. ഞങ്ങൾ പ്രതിഷേധം തുടങ്ങിയപ്പോൾ, ക്വാറി ഉടമ റോഡ് ഗേറ്റ് വെച്ച് പൂട്ടി. പിന്നീട് നാട്ടുകാരെല്ലാവരും ചേർന്ന് അതിനെതിരെ പരാതി നൽകി റോഡ് അളക്കാൻ ഹൈക്കോടതി വിധിയും വന്നു. പക്ഷെ റോഡ് അളക്കാൻ ആളെത്തിയപ്പോൾ മുതലാളിയും മകനും വന്നത് തടസ്സപ്പെടുത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും പഞ്ചായത്തിന് ഇതൊന്നും അറിഞ്ഞ ഭാവമില്ല.”
content summary: quarry accident near Konni, Pathanamthitta
This post was last modified on July 10, 2025 8:04 am
Leave a Comment