കലാപത്തീ അണയാത്ത രണ്ടു വര്‍ഷം

കേന്ദ്രം പറയുന്നതല്ല മണിപ്പൂരിലെ യഥാര്‍ത്ഥ്യം

മേയ് 3, മണിപ്പൂരില്‍ ഇന്നും അണയാത്ത കലാപ തീയ്ക്ക് രണ്ട് വര്‍ഷം തികയുന്നു. ഇന്നും ജനം അശാന്തിയിലാണ്. സംസ്ഥാനം ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ്. കനത്ത സുരക്ഷ പരിശോധനാണ് നടക്കുന്നത്. എന്നിട്ടും ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. രണ്ടു വര്‍ഷമായി ജനങ്ങള്‍ വിഭജനത്തിന്റെ രണ്ട് അതിരുകളിലായി നില്‍ക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും കൊടിയ മനുഷ്യദുരിതങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മണിപ്പൂര്‍.

വംശീയ കലാപത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ്‌തേയ് നിയന്ത്രണത്തിലുള്ള ഇംഫാല്‍ താഴ്വരയിലും കുക്കി ആധിപത്യമുള്ള കുന്നിന്‍ ജില്ലകളിലും ബന്ദ് സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. മെയ്‌തേയ് ഗ്രൂപ്പ് കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി (COCOMI) താഴ്വരയിലെ ജില്ലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തപ്പോള്‍, സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ZSF), കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (KSO) എന്നിവര്‍ കുന്നിന്‍ പ്രദേശങ്ങളില്‍ ബന്ദ് പ്രഖ്യാപിച്ചു.

2023ല്‍ ഈ ദിവസമാണ് മെയ്തികളും കുക്കികളും തമ്മില്‍ വംശീയ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. 260-ലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 1,500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 70,000-ത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു. യഥാര്‍ത്ഥ സംഖ്യകള്‍ ഇതില്‍ അധികമാകാനാണ് സാധ്യത.

രണ്ട് സമുദായങ്ങളില്‍ നിന്നും പുരുഷന്മാരെയും ആണ്‍കുട്ടികളെയും റിക്രൂട്ട് ചെയ്തുകൊണ്ട് കലാപം സായുധസംഘങ്ങളുടെ ഒരു പുതിയ നിരയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് മണിപ്പൂരില്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും പോലെ മതധ്രുവീകരണം പ്രതിഫലിക്കുന്ന ഹിന്ദു മെയ്‌ത്തേയ്, ക്രിസ്ത്യന്‍ കുക്കി-സോ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ഈ സംഘര്‍ഷവും പലപ്പോഴും നിസാരവല്‍ക്കരിക്കപ്പെടുന്നത്. കുക്കി-സോ സമുദായം ഏതാണ്ട് പൂര്‍ണമായും ക്രിസ്തുമത വിശ്വാസികളാണെങ്കിലും മെയ്‌ത്തേയ് വിഭാഗക്കാര്‍ ഹിന്ദുമതത്തിന്റെ സമന്വയരൂപവും തങ്ങളുടെ തദ്ദേശിയ വിശ്വാസ സമ്പ്രദായമായ സനാമഹിസവുമാണ് പിന്തുടരുന്നത്. മെയ്‌ത്തേയിലെ ചെറിയൊരു വിഭാഗം ക്രിസ്തുമതവും ഇസ്ലാം മതവും പിന്തുടരുന്നുണ്ട്.

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടി(ബിജെപി) അംഗവും കലാപം തുടങ്ങുന്ന സമയത്ത് സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന എന്‍. ബൈരേണ്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും രാഷ്ട്രീയ സ്വേച്ഛാധിപത്യ മനോഭാവവും അതിമോഹവുമാണ് കലാപത്തിന് കാരണമായി റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവിന്റെ കണ്ടെത്തലില്‍ ആരോപിച്ചിരുന്നത്. കുക്കി-സോ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ എതിര്‍ത്തിട്ടും പട്ടിക വര്‍ഗ പദവി വേണമെന്ന മെയ്‌ത്തേയ് വിഭാഗത്തിന്റെ ആവശ്യമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം. മുഖ്യമന്ത്രിയുടെ നയങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ കാരണമായെന്ന് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി എന്‍. ബൈരേണ്‍ സിംഗിന്റെ ‘മയക്കുമരുന്നുകള്‍ക്കെതിരായ യുദ്ധം’, ‘സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളോടുള്ള ആശങ്ക’ തുടങ്ങിയ കടുത്ത മനോഭാവങ്ങള്‍ കലാപം ആളിപ്പടരാന്‍ കാരണമായതായും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന സേനകളുടെ മൗന പിന്തുണ, ക്രമസമാധാന സംവിധാനത്തിന്റെ തകര്‍ച്ച എന്നിവയും ഇപ്പോഴും തുടരുന്ന കലാപത്തിന് ശക്തിപകര്‍ന്നതായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മെയ്‌ത്തേയ് വിഭാഗത്തിനിടയിലുണ്ടായ പുതിയ ചിന്തകളാണ് സംഘട്ടനത്തിന്റെ മറ്റൊരു കാരണമായി പ്രസന്റേഷന്‍ ചൂണ്ടിക്കാട്ടുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഹിന്ദുമതം ആവിര്‍ഭവിക്കുന്നതിനും പിന്നീട് 1949ല്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിനും മുമ്പുള്ള സ്വത്വത്തിലേക്ക് തിരിച്ച് പോകാനുള്ള മെയ്‌ത്തേയ് വിഭാഗത്തിന്റെ ചരിത്രബോധമാണ് പുതിയ ചിന്തകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1930കളെ സനാമഹി പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിലേക്ക് ഈ ചെറുത്തുനില്‍പ്പ് വളരുകയും സായുധ പ്രസ്ഥാനത്തിന് അത് ഇന്ധനമാകുകയും ചെയ്തു. പുതിയ കാലഘട്ടത്തിലെ രണ്ട് മെയ്‌ത്തേയ് സംഘടനകളായ ലീപുന്‍, അറംബായ് ടെങ്കോള്‍ എന്നിവ സംഘര്‍ഷത്തിന് കരുത്ത് പകര്‍ന്നവയായും പ്രസന്റേഷനില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആരംഭം
നിലവിലെ കലാപത്തിന്റെ തീയായ ബൈറേണിന്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും പോപ്പി കൃഷിക്കും അനധികൃത കുടിയേറ്റത്തിനുമെതിരായ കടുത്ത നിലപാടുകളും കുക്കിലാന്‍ഡ്, മെയ്‌ത്തെയ് പുനുരുദ്ധാരണം എന്നീ ആവശ്യങ്ങളും ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്നവയാണ്.എന്നാല്‍ ഏപ്രിലില്‍ വീണ തീപ്പൊരി ഇതിനെ ആളിക്കത്തിച്ചു. അസം റൈഫിള്‍സിന്റെ പ്രസന്റേഷനില്‍ വിവരിക്കുന്ന ആരംഭഘട്ടം ഈ കാലഘട്ടമാണ്. ആ മാസത്തിന്റെ തുടക്കത്തില്‍ മെയ്‌ത്തെയ് വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഏറ്റവും വലിയ ഗോത്ര സംഘടനയായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഹ്വാനത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്വാധീനമുള്ള മലയോര ജില്ലകളായ സേനാപതി, ഉഖ്രുള്‍, കാംഗ്‌പോക്പി, തമെങ്‌ലോങ്, ചുരാചന്ദ്പുര്‍, ചന്ദല്‍, തെങ്‌നൗപെല്‍ എന്നിവിടങ്ങളില്‍ മെയ് 3ന് ഐക്യദാര്‍ഢ്യ റാലി നടന്നു. ചുരാചന്ദ്പുരില്‍ റാലി അവസാനിച്ചപ്പോള്‍ 1917-19 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കുക്കി പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ആംഗ്ലോ-കുക്കി സെന്റിനറി ഗേറ്റിന് മുന്നില്‍ ടയര്‍ കത്തിച്ചതായി വാര്‍ത്ത പരന്നു.

തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ആയുധങ്ങളുമായി ഗെയ്റ്റിന് മുന്നിലെത്തിയതായും തീവ്രവാദികള്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്നതായും വാര്‍ത്തകള്‍ പരന്നതായി ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം കുക്കി വിഭാഗക്കാര്‍ മെയ്‌ത്തെയ് വിഭാഗക്കാരുടെ വീടുകള്‍ ആക്രമിച്ചതായി വാര്‍ത്തകള്‍ പരന്നു. മെയ് മൂന്നിന് ആരംഭിച്ച കലാപം തീവ്രസ്വഭാവമുള്ളതും തെരഞ്ഞെടുത്ത ഇരകള്‍ക്കെതിരായതും തീവ്രവാദികള്‍ നയിച്ചതുമാണെന്ന് അസം റൈഫിള്‍സ് ഉദ്യോഗസ്ഥരുടെ പ്രസന്റേഷനില്‍ പറയുന്നു. അസം റൈഫിള്‍സിന്റെ കണക്കുകളില്‍ മെയ് മൂന്നിനും മെയ് 23നും ഇടയക്ക് 79 കുക്കി-സോ വിഭാഗക്കാരും 18 മെയ്‌ത്തെയ് വിഭാഗക്കാരും കൊല്ലപ്പെട്ടു. ഈ കാലഘട്ടത്തില്‍ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുകയും ആയുധങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. 5,668 ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്നാണ് അസം റൈഫിള്‍സ് വിലയിരുത്തുന്നത്.

രണ്ടാം ഘട്ടം
മെയ് അവസാനത്തോടെ കലാപത്തിന്റെ സ്വഭാവം മാറിയെന്നാണ് അസം റൈഫിള്‍സിന്റെ പ്രസന്റേഷനില്‍ പറയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തിയ സമയമാണ് ഇത്. അപ്പോഴേക്കും ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ പോലീസ്, സുരക്ഷാ പ്രവര്‍ത്തനങ്ങളുടെയും ചുമതല നല്‍കി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. സംസ്ഥാനത്തെ പോലീസിനെയും ഫെഡറല്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും സൈന്യത്തെയും ഈ ഉദ്യോഗസ്ഥന് കീഴിലാക്കി.

ഭരണഘടനാ സംവിധാനം പരാജയപ്പെട്ടുവെന്ന് വന്നാല്‍ ഫെഡറല്‍ സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. ബാഹ്യആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര കലാപങ്ങളില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ഭരണഘടന ആവശ്യപ്പെടുന്നു. എന്നാല്‍ ഇവിടെ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയും ഈ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെ വാദം തെറ്റുന്നു
കഴിഞ്ഞ നവംബര്‍ മുതല്‍ മണിപ്പൂര്‍ ശാന്തമാണെന്നായിരുന്നു ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ അവകാശവാദം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ചുമത്തിയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 4 ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. നവംബര്‍ മുതല്‍ യാതൊരു കലാപവും മണിപ്പൂരില്‍ ഉണ്ടായിട്ടില്ലെന്നാണ് ഷാ സഭയില്‍ പറഞ്ഞത്.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതല്ല, മണിപ്പൂരിലെ യാഥാര്‍ത്ഥ്യം. 2024 നവംബറിനും 2025 ഡിസംബറിനും ഇടയിലായി മണിപ്പൂരില്‍ 34 മരണങ്ങള്‍ കലാപത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ടെന്നാണ് ദി വയ്ര് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 21 പേര്‍ കലാപത്തിന്റെ നേരിട്ടുള്ള ഇരകളാണ്. ബാക്കി 13 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരായിരുന്നു. കലാപത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്ന മനുഷ്യര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാകാതെ വന്നതിന്റെ ഫലമാണ് 13 മരണങ്ങളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ കുട്ടികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, ഗ്രാമീണരായ സന്നദ്ധ പ്രവര്‍ത്തകര്‍, അതുപോലെ പ്രക്ഷോഭകാരികള്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

കണക്കുകള്‍ പറയുന്നത്, ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനുശേഷവും മനുഷ്യജീവിതം സുരക്ഷിതമായിട്ടില്ലെന്നാണ്. അമിത് ഷായുടെ വാക്കും, മണിപ്പൂരിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ പറയാം;

2024 നവംബര്‍ 11, മാസങ്ങള്‍ക്കിടയില്‍ മണിപ്പൂര്‍ സാക്ഷ്യം വഹിച്ച ഏറ്റവും മോശമായൊരു ദിവസമായിരുന്നു. ജിരിബാം ജില്ലയില്‍, ബോറോബെക്ര ദുരിതാശ്വാസ ക്യാമ്പിന് സമീപമുള്ള മെയ്തി വീടുകള്‍ കുക്കി വിമതര്‍ ആക്രമിച്ചു. ഇതിനു പിന്നാലെ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ഒരു മെയ്തി കുടുംബത്തിലെ ആറ് പേരെയാണ് കാണാതായത്. ഇവരെ പിന്നീട് കണ്ടെത്തി, അസമിലെ ബരാക് നദിക്കരിയില്‍, കത്തിക്കരിഞ്ഞും അഴുകിയതുമായ മൃതദേഹങ്ങളായി.

നവംബര്‍ 11 ഉച്ച കഴിഞ്ഞാണ്, സായുധ സംഘം സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുന്നത്. സൈന്യം തിരിച്ചടിച്ചു. കുക്കി സായുധസംഘാംഗങ്ങളെന്നു കരുതുന്ന 11 പേരാണ് സിആര്‍പിഎഫ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ കലാപകാരികള്‍ എന്നായിരുന്നു സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കുക്കി-സോ കൗണ്‍സില്‍ അവകാശപ്പെടുന്നത്, അവര്‍ ഗ്രമ പ്രതിരോധ പ്രവര്‍ത്തകരായിരുന്നുവെന്നാണ്. ഇവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ കുന്നിന്‍ മേഖലയിലെ എല്ലാ ജില്ലകളിലും 13 മണിക്കര്‍ ബന്ദ് നടത്തിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു 20 കാരന്റെ കൊലപാതത്തിന് കൂടി മണിപ്പൂര്‍ സാക്ഷ്യം വഹിച്ചു. ജിരബാമിലായിരുന്നു സംഘര്‍ഷത്തിന്റെ ഭാഗമായി നിന്നിരുന്ന കെ അതൗബ എന്ന ചെറുപ്പക്കാരന്‍ സുരക്ഷ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ മണിപ്പൂരിന്റെ മണ്ണില്‍ വീണത്, ജീവിക്കാന്‍ വഴിതേടിയെത്തിയ രണ്ട് ബിഹാറികളുടെ ചോരയായിരുന്നു. ഗോപാല്‍ഗഞ്ജ് സ്വദേശികളായ സുനലാല്‍ കുമാറും, ദശരഥ് കുമാറും- ഒരാള്‍ക്ക് പ്രായം 18, മറ്റേയാള്‍ക്ക് 17- അന്നത്തെ പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. കാക്ചിംഗ് ജില്ലയിലെ കെയ്റാക്കില്‍ വച്ച് ഇരുവരും ആക്രമിക്കപ്പെടുകയും അവിടെയവരുടെ ജീവിതം അവസാനിക്കുകയും ചെയ്തു. ആരാണവരെ അക്രമിച്ചത്, എന്തിനാണവരെ കൊന്നത്? ഒരുത്തരവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേ മാസം തന്നെയാണ് മുഖ്യമന്ത്രിയായിരുന്ന എന്‍. ബിരേന്‍ സിംഗ് ഒരു പൊതുമാപ്പ് എഴുതിയത്. സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ ഏറ്റു പറച്ചിലായിരുന്നു അത്.

ബിരേന്‍ സിംഗിന്റെ രാജിക്ക് പിന്നാലെ പകരമൊരാളെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ്, 2025 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശം നല്‍കുന്നത്. ഒരാണ്ടും പിന്നിട്ട് തുടരുന്ന കലാപത്തിന് ആശ്വാസം കണ്ടെത്താന്‍ ഉപകാരപ്പെടുമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിച്ച നീക്കം. പക്ഷേ, ഒന്നിനും മാറ്റം വന്നില്ല, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിട്ടും കലാപവും കൊലപാതകങ്ങളും മണിപ്പൂരില്‍ തുടര്‍ന്നു.

മാര്‍ച്ച് 8, ആ ദിവസത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. മെയ്ത്തികള്‍ക്കും കുക്കികള്‍ക്കും ആധിപത്യമുള്ള താഴ്വരകള്‍ക്കും കുന്നിന്‍ മേഖലകള്‍ക്കുമിടയില്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറ്റി സ്വതന്ത്ര സഞ്ചാരത്തിനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുന്നത് അന്നായിരുന്നു. അതേ ദിവസം തന്നെയാണ് ഒരു കുക്കി വിഭാഗക്കാരന്‍ കൊല്ലപ്പെടുന്നത്, 48 കുക്കികള്‍ക്ക് പരിക്കേല്‍ക്കുന്നത്. സുരക്ഷ സേനയിലെ 27 പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസും അവകാശപ്പെട്ടു.

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ മറ്റൊരു പ്രതിസന്ധി, ദുരിതാശ്വാസ ക്യാമ്പുകളിലെ അതിജീവനമാണ്. കുക്കി ഖാന്‍ഗ്ലായി ലാമ്പി(കെകെഎല്‍) എന്ന സംഘടന പറയുന്നത്, കുക്കി-സോ വിഭാഗത്തില്‍പ്പെട്ട, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 13 പേരെങ്കിലും കഴിഞ്ഞ നവംബര്‍ മുതല്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്. ആവശ്യമായ ചികിത്സ ലഭ്യമാകാത്തതാണ് കാരണമെന്നും കെകെഎല്‍ കുറ്റപ്പെടുത്തുന്നു.

ഈ കണക്കുകളും വിവരങ്ങളും വ്യക്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്; കേന്ദ്ര സര്‍ക്കാര്‍ ആവകാശപ്പെടുന്നതുപോലെ മണിപ്പൂര്‍ ശാന്തമായിട്ടില്ല. അവിടെ ഇപ്പോഴും തീ കത്തിക്കൊണ്ടിരിക്കുകയാണ്.  Two years of Manipur ethnic conflict

Content Summary; Two years of Manipur ethnic conflict

This post was last modified on September 12, 2025 1:50 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment