July 17, 2025 |

‘ഷിയുടെ ഭരണത്തിൽ നിരാശരെങ്കിൽ ഞങ്ങൾക്കൊപ്പം ചേരൂ’ ചാരപ്രവർത്തിക്കായി ചൈനീസ് പൗരന്മാരെ ക്ഷണിച്ച് സിഐഎ

ഷി ജിൻപിം​ഗിന്റെ ഭരണത്തിൽ നിരാശ പുലർത്തുന്ന ആളുകളെയാണ് സിഐഎ ലക്ഷ്യം വയ്ക്കുന്നത്

ചൈനീസ് പൗരൻമാരെ ​ക്ഷണിച്ച് യുഎസിലെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ. യുഎസിനോടൊപ്പം ചേർന്ന് ചൈനയ്ക്കെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്ന തരത്തിൽ വീഡിയോ സഹിതമാണ് സിഐഎ പങ്കു വച്ചിരിക്കുന്നത്.

ഷി ജിൻപിം​ഗിന്റെ ഭരണത്തിൽ നിരാശ പുലർത്തുന്ന ആളുകളെയാണ് സിഐഎ ലക്ഷ്യം വയ്ക്കുന്നത്. ജിൻപിം​ഗിന്റെ ഭരണത്തിൽ നിങ്ങൾക്ക് നിരാശ തോന്നുന്നുവെങ്കിൽ വരൂ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കൂവെന്ന് വീഡിയോയിലൂടെ സിഐഎ ആഹ്വാനം ചെയ്യുന്നു. രണ്ട് വീഡിയോകളാണ് ഇതിനായി പങ്ക് വച്ചിരിക്കുന്നത്. യൂട്യൂബിലും എക്സിലുമായി പങ്ക് വച്ച വീഡിയോകൾക്ക് ഒരു ദിവസം കൊണ്ട് തന്നെ 5 മില്യണോളം വ്യൂസും ലഭിച്ചിട്ടുണ്ട്. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഈ വീഡിയോയുടെ ഉദ്ദേശലക്ഷ്യം പങ്കു വച്ചു കൊണ്ട് രം​ഗത്തു വന്നിരുന്നു. ചൈനീസ് ഭാഷയിലാണ് വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. “Why I Contacted CIA: To Take Control of My Fate”, “Why I Contacted CIA: For a Better Life” എന്നീ തലക്കെട്ടുകളുള്ള വീഡിയോകൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രചരിപ്പിക്കുന്നത്. ചൈനീസ് ഉദ്യോഗസ്ഥർ സിഐഎയുമായി രഹസ്യമായി ബന്ധപ്പെടുന്നതും രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിൽ നിരാശ പ്രകടിപ്പിക്കുന്നതും അവരുടെ കുടുംബങ്ങളുടെ ഭാവി സംരക്ഷിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നതും വീഡിയോകളിൽ കാണാം. ചൈനീസ് ഉദ്യോ​ഗസ്ഥർ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് സി.ഐ.എയുമായി ബന്ധപ്പെടുന്നതായും വീഡിയോയിൽ കാണാം. സി.ഐ.എ ലോഗോയും ഏജൻസിയുടെ ഡാർക്ക് വെബ് കോൺടാക്റ്റ് വിശദാംശങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈന, ഇറാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്ന് ചാരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച സി.ഐ.എ തന്ത്രത്തിന്റെ ഭാഗമാണ് ഈ വീഡിയോകളും. ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നവർക്ക് ബന്ധപ്പെടാൻ സുരക്ഷിതമായ കോൺടാക്റ്റ് നിർദ്ദേശങ്ങൾ ഏജൻസി ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പോരാടാൻ കൂലിപ്പടയാളികളെ തിരയുന്ന റഷ്യൻ സൈനിക റിക്രൂട്ട്‌മെന്റ് വീഡിയോകൾ ചൈന സോഷ്യൽ മീഡിയ വഴി സമീപ ആഴ്ചകളിൽ പ്രചരിച്ചിരുന്നു. എന്നാൽ ചൈനീസ് ഉദ്യോ​ഗസ്ഥരുടെ സമ്മതത്തോടെയാണോ ഈ വീഡിയോകൾ പ്രചരിച്ചതെന്ന് വ്യക്തമല്ല. ചൈനയ്ക്കുള്ളിൽ ഒരു സിഐഎ ശൃംഖല കെട്ടിപടുക്കുന്നതിനായി യുഎസ് വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഷി അധികാരത്തിൽ വന്നതിന് ശേഷം ഈ ശ്രമങ്ങളെ വേരോടെ പിഴുത് കളഞ്ഞിരുന്നു. 2012 ൽ ചൈനയുടെ സംസ്ഥാന സുരക്ഷാ മന്ത്രാലയം യുഎസ് ആസ്ഥാനമായുള്ള ചാരസംഘടനയെ നിരോധിക്കുകയും സിഐഎ അം​ഗങ്ങളെ ജയിലിലടയ്ക്കുകയും വധിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ചൈന ചാരവൃത്തി വിരുദ്ധ നിയമങ്ങൾ ശക്തിപ്പെടുത്തുകയും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുഎസിന് എതിരെ ഏറ്റവും ഗുരുതരമായ സൈനിക, സൈബര്‍ ഭീഷണി ഉയർത്തുന്ന രാജ്യമാണ് ചൈനയെന്നാണ് വിലയിരുത്തൽ അതിനെ ചെറുക്കാനുള്ള നീക്കമാണ് യുഎസിന്റേത്.

content summary: CIA launches videos aimed at persuading discontented Chinese officials to spy on their own government

Tags:

Leave a Reply

Your email address will not be published. Required fields are marked *

×