July 15, 2025 |

‘സമരങ്ങൾ ഞങ്ങൾക്ക് ശീലമായി’; കാലടി സർവകലാശാലയുടെ ഉത്തരവിനെതിരെ പൊരുതാനുറച്ച് വിദ്യാർത്ഥികൾ

വിദ്യാ‍ത്ഥികൾക്ക് പിന്തുണയുമായി അധ്യാപക‍ർ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അടുത്തിടെ പുറത്തിറക്കിയ സർക്കുലറിനെതിരെ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി അധ്യാപകർ. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അധ്യാപകർ ഒരു പ്രസ്താവനയിറക്കിയിരുന്നു. ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പാക്കുന്നതിനു വേണ്ടി സർവകലാശാല നിശ്ചയമായും നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അതിൻ്റെ പേരിൽ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ തടയരുതെന്നും പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾ
കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. ​

ഗവർണർ നിയമിച്ച വൈസ് ചാൻസലറായത് കൊണ്ട് തീരുമാനം വിദ്യാർത്ഥികൾക്ക് വിരുദ്ധമായിരിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നും തങ്ങൾ ഉയർത്തിപ്പിടിക്കുന്നത് വ്യക്തിയെന്ന നിലയിലെ അവകാശങ്ങളാണെന്നും സംഘടനാ പ്രവർത്തകരായ വിദ്യാർത്ഥികൾ അഴിമുഖത്തോട് പ്രതികരിച്ചു. ഒരു തരത്തിലും നിലവിലെ നിയമങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികളെ ഹോസ്റ്റലിനുള്ളിൽ പൂട്ടിയിട്ടുകൊണ്ടല്ല ലഹരി വിമുക്ത പ്രവർത്തനം നടത്തേണ്ടതെന്ന് സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ അം​ഗവും വിദ്യാർത്ഥിയുമായ കാസ്ട്രോ അഴിമുഖത്തോട് പറഞ്ഞു.

‘സർക്കുലർ വന്നതിന് ശേഷം കഴിഞ്ഞ മാസം 30ന് ഞങ്ങൾ അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റ് സമിതിയിലെ അം​ഗങ്ങൾ സ്ഥലത്തില്ലാതിരുന്നതിനാൽ ചർച്ച മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് ഞങ്ങളെ ചർച്ചയ്ക്ക് വിളിക്കാതിരുന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. ജൂലൈ ഏഴിന് വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നാണ് ഏറ്റവും അവസാനമായി കിട്ടിയ വിവരം. അതിന് മുൻപ് ഇന്ന്  അധ്യാപകരോടായി ഒരു വിശദീകരണ യോ​ഗം സിൻഡിക്കേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അവകാശങ്ങൾ
സമരത്തിലൂടെ നേടിയെടുക്കുക എന്നത് കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഒരു ശീലമായി മാറി എന്ന് വേണം പറയാൻ. വിദ്യാർത്ഥികളെ പൂട്ടിയിട്ടല്ലല്ലോ ലഹരി വിമുക്ത ക്യാമ്പസിനായി പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്നാണ് ഞങ്ങൾ ചോദിക്കുന്നത്’, കാസ്ട്രോ അഴിമുഖത്തോട് പറഞ്ഞു.

ഐഡി കാർഡ് കാണിക്കുന്നതിനോ വാഹനങ്ങൾ തിരിച്ചറിലാൻ എംബ്ലം വെക്കുന്നതിനോ തങ്ങൾ എതിരല്ലെന്നും എസ്എഫ്ഐയിലെ മറ്റൊരു അം​ഗവും പിജി വിദ്യാർത്ഥിയുമായ അദ്വൈത് അഴിമുഖത്തോട് പറഞ്ഞു. ‘ഹോസ്റ്റൽ ഫീസ് വർദ്ധനവിനെയും കർഫ്യൂവിനെയും അധികൃതർക്ക് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. പെട്ടെന്നുള്ള ഫീസ് വർദ്ധന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് തന്നെയാണ്. മറ്റൊന്ന് ഞങ്ങൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളല്ല സിൻഡിക്കേറ്റ് അം​ഗങ്ങൾ പരി​ഗണിച്ചിട്ടുള്ളത് എന്നതാണ്. ലൈബ്രറി പ്രശ്നം, ​ഗ്രേസ് മാർക്ക് ഇവയൊന്നും എന്തുകൊണ്ട് അവർ പറയുന്നില്ല. ​ഗവർണർ – വിസി പ്രശ്നങ്ങളിലേക്ക് ഇത് എത്തുമെന്ന് ഞാൻ കരുതുന്നില്ല. കലാലയത്തിലെ അധ്യാപകർ സിൻഡിക്കേറ്റ് അം​ഗങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഞങ്ങൾ കരുതുന്നത്. അല്ലെങ്കിൽ സദാചാരപരമായ ഒരു തീരുമാനം അവർ കൈക്കൊള്ളില്ല. എന്തൊക്കെ സംഭവിച്ചാലും പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് വിദ്യാർത്ഥികളുടെ തീരുമാനം’, അദ്വൈത് അഴിമുഖത്തോട് പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോ​ഗം വർദ്ധിക്കുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്നും വിദ്യാർത്ഥികളുടെ അഭിപ്രായം കേൾക്കാൻ തയ്യാറാണെന്നും സിൻഡിക്കേറ്റ് അം​ഗം അഡ്വക്കേറ്റ് കെ. എസ് അരുൺകുമാർ അഴിമുഖത്തോട് പറഞ്ഞു.

‘ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളല്ലാത്തവർ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം വലിയ രീതിയിൽ കൂടുന്നുവെന്ന തരത്തിൽ പ്രദേശവാസികളിൽ നിന്ന് പരാതിയും ലഭിച്ചിരുന്നു. ഹോസ്റ്റലുകളിലടക്കം ക്യാമ്പസിൽ പഠിക്കാത്തവർ പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നുവെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് പരിശോധിക്കുമ്പോൾ ലഭിച്ച കണക്കുകൾ വളരെ ​ഗൗരവമുള്ളതാണ്. ക്യാമ്പസിനുള്ളിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടൽ കുറയ്ക്കാനും കുട്ടികൾക്ക് അനുകൂലമായ രീതിയിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് നടപടിയിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. എക്സൈസ്, പോലീസ്, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാുക പ്രതിനിധികൾ എല്ലാവരും ചേർന്ന് മാർച്ചിൽ ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തിരുന്നു. അതിലെടുത്ത തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതായി സർക്കുലറിലൂടെ അറിയിച്ചിട്ടുള്ളത്. ക്യാമ്പസിലേക്ക് വരുന്നവരുടെ ഐഡി കാർഡ് ചെക്ക് ചെയ്യണം, അത് ഇല്ലാത്തവർ എന്ത് ആവശ്യത്തിനാണ് കേളേജിലെത്തിയതെന്ന് എഴുതി തരണം, ഹോസ്റ്റലിലെ കർഫ്യൂ സമയം 9.30 എന്ന നിബന്ധന തുടങ്ങിയ കാര്യങ്ങളാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്.

ഈ ഉത്തരവ് പാലിക്കാൻ കഴിയില്ലെന്ന് അറിയിച്ച വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന കവാടം അടയ്ക്കാൻ അനുവദിക്കാതെ രണ്ട് ദിവസമായി സമരം നടത്തുകയാണ്. പുറത്ത് നിന്നുള്ള ശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ് എന്നുള്ള കാര്യം വിദ്യാർത്ഥികൾ മനസിലാക്കേണ്ടതാണ്. ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും വിദ്യാർത്ഥികൾക്കുണ്ട്. അത് ലംഘിക്കാനല്ല സർവകലാശാല ശ്രമിക്കുന്നത്. ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമാണിത്. കോളേജിന് പരിസരത്തുള്ളവർ നിരന്തരമായി കുട്ടികളുടെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്.

150 രൂപയാണ് ഹോസ്റ്റൽ ഫീസാക്കിയത്. അതായത് ഒരു ദിവസം അഞ്ച് രൂപ മാത്രം. ആപ്ലിക്കേഷൻ ഫീസ് നൂറ് രൂപയാണ്. മാത്രമല്ല ക്വാഷന്റ് ഡെപ്പോസിറ്റ് തിരിച്ച് കൊടുക്കുകയും ചെയ്യും. ഇതൊന്നും ആർക്കും താങ്ങാവുന്നതിനും അപ്പുറമുള്ളതല്ല. ഒരു ചായ കുടിക്കുകയാണെങ്കിൽ പോലും 12 രൂപയാണിപ്പോൾ, അങ്ങനെ നോക്കുമ്പോൾ ദിവസവും അഞ്ച് രൂപ എന്നത് വലിയൊരു ഫീസൊന്നുമല്ല. ഫെല്ലോഷിപ്പ് ബോണ്ടുമായി ബന്ധപ്പെട്ടാണ് മറ്റൊരു വിഷയം വിദ്യാർത്ഥികൾ ഉന്നയിച്ചത്. അതിനെക്കുറിച്ച് പഠിക്കാൻ സിൻഡിക്കേറ്റിന്റെ മറ്റൊരു സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. അവർ അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും ലഹരി ഉപയോ​ഗം നിയന്ത്രിക്കാൻ ഹോസ്റ്റൽ നിയമങ്ങളിൽ മാറ്റം കൊണ്ടുവരാനുമുള്ള നിർദേശങ്ങളാണ് എന്നെ ചുമതലപ്പെടുത്തിയത്. ഞങ്ങൾ അഞ്ചം​ഗ സമിതി അതിൽ തീരുമാനമെടുക്കുകയും ചെയ്തു. അതാണ് ഇപ്പോൾ സിൻഡിക്കേറ്റ് ഉത്തരവായി വന്നിരിക്കുന്നത്. ഞങ്ങളുടെ തീരുമാനത്തെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയും ചെയ്തിരുന്നു. 150 രൂപ വലിയൊരു ഫീസല്ലെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് വിദ്യാർത്ഥി പ്രതിനിധികൾ സമ്മതിക്കുകയും ചെയ്തതാണ്. ഹോസ്റ്റൽ കർഫ്യൂവിന്റെ കാര്യത്തിൽ എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അത് ഞങ്ങളെ എഴുതിയറിയിക്കാനും വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്. അത്യാവശ്യമായി പുറത്ത് പോകുന്നവർക്ക് അനുമതിയോടെ പോകാൻ സാധിക്കും. അതുപോലെ കോളേജ് സമയം കഴിഞ്ഞ് ക്ലാസിലിരിക്കണമെങ്കിൽ ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ അനുവാദം വാങ്ങുകയും വേണം. സത്യസന്ധമായിട്ടുള്ള എല്ലാ ആവശ്യങ്ങളും ഞങ്ങൾ പരി​ഗണിക്കും. വരുന്ന തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് യോ​ഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സദാചാരമെന്ന കാര്യം സിൻഡിക്കേറ്റോ അധ്യാപകരോ ആരും തന്നെ പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് മാത്രമാണ് കണ്ടത്. സർവകലാശാലയ്ക്ക് ഒരു നിയമമുണ്ട്, അതിൽ മാറ്റം വരുത്താൻ കഴിയില്ല. നിയമത്തെ എതിർക്കുന്നതിനുള്ള കാരണം കേൾക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. വൈസ് ചാൻസലറും രജിസ്ട്രാറും അധ്യാപകരുമെല്ലാം ചേർന്ന് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്,’കെ. എസ് അരുൺകുമാർ അഴിമുഖത്തോട് പറഞ്ഞു.

ലഹരി ഉപയോ​ഗം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി 9.30ക്ക് ശേഷം വിദ്യാർത്ഥികൾക്ക് കോളേജ് ഹോസ്റ്റലുകളിൽ പ്രവേശനമുണ്ടാകില്ലെന്നും ക്ലാസുകൾ കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്റൂമുകളിൽ തുടരാനും സർവകലാശാലയിൽ രാത്രിയിൽ നിൽക്കാനും അനുവാദമില്ലെന്നുമുള്ള ഉത്തരവാണ് സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

Content Summary: Kalady University curfew circular; Teachers express support for students’ protest

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×